2014, ഡിസംബർ 21, ഞായറാഴ്‌ച

ഒരു പ്രവർത്തന മാതൃക

 
അടുത്ത മൂന്ന് വര്‍ഷംകൊണ്ട് 50 മുതല്‍ 75 ശതമാനം വരെ ഭക്ഷ്യസ്വയം പര്യാപ്തത നേടിയെടുക്കുന്നതിന് ഓരോ വാര്‍ഡിലും 10 കുടുംബങ്ങളെയെങ്കിലും സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഭക്ഷ്യ - ആരോഗ്യസ്വരാജ് കാമ്പയിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ തുടങ്ങിയിട്ടുള്ള ഊര്‍ജ്ജിത പ്രവര്‍ത്തനകേന്ദ്രങ്ങളില്‍ തലപ്പുലം പഞ്ചായത്തിലെ നരിയങ്ങാനം, പനയ്ക്കപ്പാലം, ആറാം മൈൽ, മേലമ്പാറ ദീപ്തി, മേലമ്പാറ ചൈതന്യം, കളത്തൂക്കടവ് ഗ്രീന്‍വാലി, എന്നീ റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളുടെ നാലാമത്തെ യോഗം ഡിസംബര്‍ 21 ഞായറാഴ്ച വൈകിട്ട് 5- 30 മുതൽ ശ്രീ ജോണി തോപ്പിലിന്റെ  വസതിയിൽ ചേർന്നു.  വിതരണം ചെയ്തിരുന്ന വിത്തുകളുടെ വളർച്ചയും  നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യുകയും സർവേ ഫോറം പൂരിപ്പിച്ചു വാങ്ങുകയുമായിരുന്നു മുഖ്യോദ്ദേശ്യം. എല്ലാ മാസവും നടത്തുന്ന ഇതുപോലെയുള്ള ഏകോപന യോഗങ്ങളും ആഴ്ചതോറും ഓരോ സമിതിയിലും നടത്തുന്ന കൂട്ടായ്മകളും ഈ പരിപാടിയുടെ ആഹാരവും പ്രാണവായുവുമാണ്.പത്തുപേരെ മാത്രം പ്രതീക്ഷിച്ച ഈ പ്രതിനിധിയോഗത്തിൽ 20 പേരോളം പങ്കെടുത്തു. ശ്രീ രാജീവ്‌ മുതലക്കുഴി ജീവാമൃതനിർമാണം എങ്ങനെയെന്നു വിശദീകരിക്കുകയും ഈ കൂട്ടായ്മയിൽ സഹകരിക്കുന്നവർക്കുവേണ്ടി വേണ്ടത്ര ജീവാമൃതം ലിറ്ററിന് 10  രൂപാ നിരക്കിൽ നല്കാൻ  തയ്യാറാണെന്ന് അറിയിക്കുകയും വേണ്ടവരുടെ ലിസ്റ്റ് വാങ്ങുകയും ചെയ്തു.  ശ്രീ ജോസ് വരിക്കയാനിക്കൽ കീടനിയന്ത്രണത്തെപ്പറ്റി വിശദീകരിക്കയും ശ്രീ  ജോണി തോപ്പിൽ ph പരിശോധനയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് അത് എങ്ങനെ ആവാം എന്ന് കാണിക്കുകയും ചെയ്തു. ശ്രീ മനോജ്‌ വരിക്കപ്ലാക്കൽ തലപ്പുലം പഞ്ചായത്തിൽ ജനങ്ങൾക്കിടയിൽ വൻതോതിൽ പച്ചക്കറി കൃഷിയിൽ താത്പര്യം വർധിച്ചിട്ടുള്ളതായി കൃഷി ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഭക്ഷ്യസ്വരാജിനു ഇനിയും പലതും അനായാസം ചെയ്യാൻ കഴിയുമെന്നും വ്യക്തമാക്കി. ആതിഥേയർ നല്കിയ ഇഞ്ചിക്കാപ്പിയും നാടൻ ഏത്തപ്പഴം പുഴുങ്ങിയതും പരിപാടിയുടെ ചൈതന്യം വർധിപ്പിച്ചു.