2014, ജനുവരി 31, വെള്ളിയാഴ്‌ച

ഭക്ഷ്യ-ആരോഗ്യസ്വരാജ് സംസ്ഥാന ഏകോപനസമിതി - സര്‍ക്കുലര്‍

ബഹുമാന്യസുഹൃത്തേ,
ഡിസംബര്‍ 28 ന് കോഴിക്കോട് ചേര്‍ന്ന സംസ്ഥാന ഏകോപനസമിതിയോഗത്തില്‍ തിരുവനന്തപുരം, കോട്ടയം, മലപ്പുറം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ നിന്നായി പതിനേഴു പേര്‍ പങ്കെടുത്തു. യോഗത്തില്‍ താഴെപ്പറയുന്ന തീരുമാനങ്ങളുണ്ടായി.
1. . ഭക്ഷ്യ-ആരോഗ്യസ്വരാജ് ഏകോപനസമിതിയുടെ പൊതുവായ പ്രവര്‍ത്തന സമീപനം എന്തായിരിക്കണം?
സംഘടനാപരമായ ചിട്ടവട്ടങ്ങളോ അതിര്‍വരമ്പുകളോ ഇല്ലാതെ വളരെ അയഞ്ഞതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു വേദിയായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമുള്ള ഭക്ഷ്യ-ആരോഗ്യസ്വരാജ് ഏകോപനസമിതികള്‍ പ്രവര്‍ത്തിക്കണം. ഒരു ചെറുസംഘം കൊണ്ടുടക്കുന്ന മൗലികവാദ പ്രസ്ഥാനമായി ഈ നീക്കം വിലയിരുത്തപ്പെടാനുള്ള സാഹചര്യമുണ്ടാകരുത്. മുഖ്യധാരാ പ്രസ്ഥാനങ്ങളെയും പഞ്ചായത്ത്, കൃഷിഭവന്‍, കുടുംബശ്രീ പോലുള്ള സംവിധാനങ്ങളെയും ഈ കാമ്പയിനില്‍ അണിനിരത്താന്‍ ശ്രമിക്കണം.
ഭക്ഷ്യ-ആരോഗ്യസ്വരാജ് കര്‍മ്മപരിപാടികളില്‍ ഏതെങ്കിലും ചില കാര്യങ്ങളില്‍ . ഈ കാമ്പയിനില്‍ സഹകരിക്കുന്ന ചെറുതും വലുതുമായ പ്രസ്ഥാനങ്ങളുടെ ഐഡന്റിറ്റി ഒരു പോലെ അംഗീകരിക്കപ്പെടണം. ഈ വിഷയം സംബന്ധിച്ച അറിവുകളും അനുഭവങ്ങളും കൈമാറ്റം ചെയ്യുന്നതിനാണ് ഊന്നല്‍ നല്‌കേണ്ടത്. സംസ്ഥാന-ജില്ലാതലത്തില്‍ പൊതുവായ ഏകോപനം ഉണ്ട്ാവുക എന്നതിനപ്പുറത്ത് ഭക്ഷ്യ-ആരോഗ്യസ്വരാജിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ ആരും ആരുടെയും നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുന്ന ശൈലി ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്. ഏതാനും വര്‍ഷങ്ങള്‍ നീണ്ടുനില്ക്കുന്ന കൂട്ടായ പരിശ്രമങ്ങള്‍ ഇക്കാര്യത്തിലുണ്ടാവേണ്ടതാണെന്ന യാഥാര്‍ഥ്യബോധത്തോടെ മുന്നോട്ടു പോകാന്‍ കഴിയണം. ഭക്ഷ്യ-ആരോഗ്യസ്വരാജ് എന്നത് വളരെ വലിയ സ്വപ്നമാണ്. ഈ വലിയ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ നമ്മള്‍ ചെറിയ മനുഷ്യരുടെ അമിതാവേശം കൊണ്ടാവില്ല. ചെറുതും വലുതുമായ പ്രസ്ഥാനങ്ങളുടെയും വ്യക്തി
കളുടെയും വിശാലമായ കൂട്ടായ്മയാണ് വേണ്ടതെന്ന ബോധ്യത്തോടെ മുന്നോട്ടു പോകാന്‍ കഴിയണം. ഇപ്പോള്‍ ജൈവകൃഷി, സുരക്ഷിത ഭക്ഷണം തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സംഘടനയ്ക്ക്ു പകരമാവാനല്ല, മറിച്ച്് ഇത്തരം വിഷയങ്ങള്‍ക്ക് വേണ്ടത്ര ഊന്നല്‍ നല്കാത്ത പ്രസ്ഥാനങ്ങളുടെ അജണ്ടയില്‍ ഭക്ഷ്യ-ആരോഗ്യസ്വരാജ് കാര്യങ്ങള്‍ ഉള്‍പ്പെടുത്തുവാനുള്ള ഏകോപിതവും ആസൂത്രിതവുമായ പ്രവര്‍ത്തനങ്ങളാണ് ഈ കാമ്പയിനില്‍ ഉണ്ടാവേണ്ടത്.
2. ഭക്ഷ്യ-ആരോഗ്യ സ്വരാജിന്റെ ദിശയില്‍ നടന്നിട്ടുള്ള സാമൂഹികമായ ഇടപെടലുകള്‍ സംബന്ധിച്ച അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും ഭാവികേരളത്തിലെ കൃഷി-ഭക്ഷണ സാധ്യതകളും വെല്ലുവിളികളും വിലയിരുത്തുന്നതിനുമായി ഒരു ത്രിദിന ശില്പശാല ഏപ്രില്‍ മാസത്തില്‍ നടത്തുന്നതിന് നിശ്ചയിച്ചു.
കോഴിക്കോട് ജില്ലയിലെ ചേലിയ കെ. കെ. കിടാവ് മെമ്മോറിയല്‍ യു.പി. സ്‌കൂള്‍ ഈ ശില്പശാലയുടെ ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 25, 26, 27 തീ.തികളില്‍ ശില്പശാല സംഘടിപ്പിക്കാനാണ് ഇപ്പോള്‍ തിരുമാനിച്ചിട്ടുള്ളതെങ്കിലും പൊതുതെരഞ്ഞെടുപ്പു് തീയതി പ്രഖ്യാപിക്കപ്പെട്ടതിനുശേഷമേ ശില്പശാല ശാല തീയതി അന്തിമമായി തീരുമാനിക്കുകയുള്ളു.
                                                                                                        (തുടരും)



2014, ജനുവരി 26, ഞായറാഴ്‌ച

നമ്മുടെ കൃഷിയിടങ്ങളും വിദേശ റിയൽ എസ്റ്റേറ്റ് ഭീമന്മാര്‍ക്ക് തീറെഴുതുമോ?-:Marunadan Malayali:

Central Government plans for FDI deposit scheme in Agricultural fields
കൃഷിഭൂമിയില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

സ്വന്തംലേഖകന്‍ ന്യൂഡല്‍ഹി: കൃഷിഭൂമിയില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്.ഡി.ഐ) അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് വിദേശ അതികായന്മാര്‍ക്ക് കടന്നുവരാന്‍ വഴിതുറക്കുന്നതാകും ഇത്. നഗരവികസന മന്ത്രാലയം മുന്നോട്ടുവെച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിദേശ നിക്ഷേപത്തിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ മൂന്നംഗ മന്ത്രിസഭാ ഉപസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. കേന്ദ്ര ധനമന്ത്രി പി. ചിദംബരം, നഗരവികസന മന്ത്രി കമൽനാഥ്, വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക സമിതിയാണ് ഇക്കാര്യത്തില്‍ വിലയിരുത്തല്‍ നടത്തുന്നത്. 

പുതിയ നിര്‍ദേശത്തിന് അനുസൃതമായി എഫ്.ഡി. ഐ ചട്ടം ഭേദഗതി ചെയ്യുóതിന്റെ വഴികള്‍ ഉപസമിതി നിര്‍ദേശിക്കും. ടൗണ്‍ഷിപ്പുകള്‍ , ഹൗസിങ് കോളനികള്‍ എന്നിവക്കെല്ലാം പൂര്‍ണതോതില്‍ പ്രത്യക്ഷ വിദേശ നിക്ഷേപത്തിന് ഇതിനകം തന്നെ അനുവാദമുണ്ട്. പക്ഷേ, ഇതിനായി കൃഷിഭൂമി ഏറ്റെടുക്കാന്‍ പറ്റില്ല. എന്നാല്‍, വന്‍കിടക്കാര്‍ കൃഷിഭൂമിയും ഇത്തരത്തില്‍ അനധികൃതമായി വാങ്ങുന്നുവെന്നത് വിസ്മരിക്കാനാകില്ല. 

നഗരവികസനത്തിന് ഇപ്പോള്‍ തന്നെ കൃഷിഭൂമി ഏറ്റെടുക്കുന്നുവെന്ന വാദമുയര്‍ത്തിയാണ് എഫ്.ഡി.ഐ നിക്ഷേപം സ്വീകരിക്കാമെന്ന നിര്‍ദേശം നഗരവികസനമന്ത്രാലയം മുന്നോട്ടുവെച്ചത്. വിദേശ സംരംഭകരെ അനുവദിച്ചാല്‍ നഗര വികസനത്തിനും ടൗണ്‍ഷിപ്പ് നിര്‍മാണത്തിനും കൂടുതല്‍ ധനസമാഹരണം നടത്താനാവും.

കൃഷിഭൂമിയില്‍ എഫ്.ഡി.ഐക്ക് പൂര്‍ണ നിരോധമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. വിദേശ നിക്ഷേപരെ ഒഴിച്ചാല്‍ ഇവിടുത്തെ റിയല്‍ എസ്റ്റേറ്റ് ഭീമന്‍മാര്‍ക്കു കൂടി കൃഷിഭൂമി വാങ്ങി റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനായി വായ്പ ലഭിക്കില്ല. അത്തരത്തിലാണ് നിലവിലുള്ള ഇന്ത്യന്‍ ബാങ്കിങ് ചട്ടം. വന്‍കിട പദ്ധതികള്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ഇളവ് ലഭിക്കുന്നതും. ഭൂമിയുടെ ഊഹക്കച്ചവടവും തിരിമറി ലാഭവുമൊക്കെ തടഞ്ഞ്, വില ഊതിപ്പെരുപ്പിക്കുന്നതു തടയാനും കൃഷിഭൂമി സംരക്ഷിക്കാനും ഉദ്ദേശിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 


ഭൂമി വിദേശ സംരംഭകര്‍ ഏറ്റെടുത്താല്‍ പോലും അതിന്റെ വഴിവിട്ട ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാറിന് സാധിക്കുമെന്ന വാദമുഖം നഗരവികസന മന്ത്രാലയം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, വ്യവസായ നയ പ്രോല്‍സാഹന വകുപ്പ് ഇതിനോട് വിയോജിക്കുകയാണ് ചെയ്തത്. റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ നിലപാടു സ്വീകരിക്കണമെന്നും അഭിപ്രായപ്പെട്ടു. 

ഇക്കാര്യത്തില്‍ സര്‍ക്കാറില്‍തന്നെയുള്ള അഭിപ്രായ ഭിന്നതകള്‍ കണക്കിലെടുത്താണ് മന്ത്രിസഭാ ഉപസമിതിയെ വെക്കാന്‍ തീരുമാനിച്ചത്. നിര്‍മാണമേഖലയില്‍ എഫ്.ഡി.ഐ ചട്ടങ്ങള്‍ ഉദാരമാക്കണമെന്ന മറ്റൊരു നിര്‍ദേശത്തിലെ വിവാദങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഇതെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.
-:Marunadan Malayali:- - Central Government plans for FDI deposit scheme in Agricultural fields:



'via Blog this'

2014, ജനുവരി 8, ബുധനാഴ്‌ച

കൃഷിക്കായി ജോലി ഉപേക്ഷിച്ച് യുവദമ്പതിമാര്‍

Posted on: 03 Jan 2014
കെ.കെ രമേഷ് കുമാര്‍



കല്പറ്റ: എറണാകുളത്തെ മള്‍ട്ടി നാഷണല്‍ കമ്പനിയുടെ തിരക്കില്‍പ്പെട്ട മാര്‍ക്കറ്റിങ് ലോകം. എന്തിനും ഏതിനും വിലപേശല്‍ നടത്തിക്കിട്ടുന്ന ജീവിത വരുമാനം. ചെറുകര ആറുവാളില്‍ തോട്ടോളി അയൂബ്, സാബിറ യുവകര്‍ഷക ദമ്പതിമാരുടെ ഓര്‍മകള്‍ എട്ടുവര്‍ഷം മുമ്പുള്ള താളുകളിലേക്ക് മറിഞ്ഞു. താമസ സൗകര്യവും തരക്കേടില്ലാത്ത വരുമാനവും വിലാസവുമെല്ലാം കിട്ടിയിട്ടും ഇതൊക്കെ കൃഷിയെന്ന വലിയ ലോകത്തിനുവേണ്ടി മാറ്റിവെച്ചാണ് ഈ കുടുംബം സ്വന്തം കൃഷിയിടത്തിലേക്ക് മടങ്ങിയത്. സാമ്പത്തിക ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ബിരുദധാരികളായ ഈ യുവകര്‍ഷക കുടുംബം ഇന്നൊരു മാതൃകയാണ്. കാര്‍ഷിക ജീവിതം വിട്ട് മെട്രോപ്പൊളിറ്റന്‍ സൗഭാഗ്യങ്ങളിലേക്ക് പറന്നുപോയവര്‍ക്ക് തിരികെയുള്ള യാത്രയ്ക്ക് ഒരു വഴികാട്ടിയും.

150 വര്‍ഷമെങ്കിലും പഴക്കമുള്ള കൃഷി പാരമ്പര്യമുള്ള കുടുംബത്തിലെ പുതിയ തലമുറയിലെ പ്രതിനിധിയായാണ് അയൂബ് എന്ന യുവകര്‍ഷകന്‍. കൃഷി ചെയ്യാന്‍ മണ്ണു വേണ്ടാത്ത ഹൈടെക് കര്‍ഷകനല്ല. അതിരാവിലെ എഴുന്നേറ്റ് അര്‍പ്പണബോധത്തോടെ കൃഷിക്ക് വേണ്ടിമാത്രം പകലുകള്‍ ചെലവഴിക്കുന്ന പുതുതലമുറയിലെ ഒരു വ്യത്യസ്തന്‍. വരും തലമുറയില്‍നിന്ന് കടംകൊണ്ടതാണ് ഈ മണ്ണ് എന്ന് ഓര്‍മപ്പെടുത്തുന്നു, സ്വന്തം കൃഷിപാഠശാലയുള്ള കര്‍ഷകന്‍.

പത്തേക്കര്‍ വിസ്തൃതിയുള്ള പച്ചപ്പ് നിറഞ്ഞ കൃഷിത്തോട്ടത്തിന് നടുവിലാണ് ഇന്ന് ഈ കുടുംബം. സ്വന്തമായി രണ്ട് ഏക്കര്‍ സ്ഥലം മാത്രം. ബാക്കി സ്ഥലം സഹോദരങ്ങളില്‍ നിന്ന് കൃഷി നടത്താന്‍ ഏറ്റെടുത്തത്. പിതാവ് ഇബ്രാഹിം ഹാജി ബാക്കിവെച്ച കൃഷിയുടെ ശീലങ്ങള്‍ തുടരുകയെന്ന ലക്ഷ്യമായിരുന്നു കമ്പനിയില്‍ നിന്ന് രാജിവെക്കാന്‍ കാരണമായത്. ഭാര്യ സാബിറയും ഈ തീരുമാനത്തിന് പിന്തുണ നല്‍കി. ഏഴാം ക്ലാസുകാരിയായ മകള്‍ സിത്താരയും, ആനിയെയും ചെറിയ മകള്‍ ഇസബെല്ലയുമെല്ലാം ഇപ്പോള്‍ ഈ കൃഷിയിടങ്ങളുമായി ഇണങ്ങിച്ചേര്‍ന്നിരിക്കുന്നു.

കൃഷിയിടമാകെ വലകൊണ്ട് വേര്‍തിരിച്ച് വിവിധയിനം കോഴികള്‍, ഗ്രാമപ്രിയയും ഗ്രാമശ്രീയും ടര്‍ക്കിയുമെല്ലാമുണ്ട്. തൊട്ടുതാഴെയുള്ള വയലുകള്‍ നിറയെ വിവിധയിനം പച്ചക്കറികള്‍, രാസവള വിമുക്തമായ കൃഷിയിടം. കാബേജും, ചോളവും, മത്തനും, പയറും തുടങ്ങി പതിനഞ്ചോളം വിളകളുടെ തോട്ടത്തില്‍ ഓരോന്നിനും പ്രത്യേകമായ ഇടമുണ്ട്. ഏതു സീസണിലും വിളവെടുക്കാന്‍ പാകത്തില്‍ ഇടവേളയില്ലാതെ തുടര്‍കൃഷിയുണ്ട്. പച്ചക്കറിയുടെ ആവശ്യക്കാര്‍ക്കായി വിപണിയും കൃഷിയിടത്തില്‍ ത്തന്നെയുണ്ട്. സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങി സ്ഥിരം ആവശ്യക്കാര്‍ ജൈവ ഉത്പന്നങ്ങള്‍ തേടി ഇവിടെയെത്തുന്നു.

ചാണകവും കടലപ്പിണ്ണാക്കും ചേര്‍ത്ത് പുളിപ്പിച്ചെടുത്ത ലായനിയാണ് ഈ തോട്ടങ്ങളുടെ മുഖ്യവളം. അതിരാവിലെ തന്നെ ഇത് വിളകളുടെ ചുവട്ടിലൊഴിക്കും. പരമാവധി ആറുമാസംവരെ ഈ ചെടികളില്‍ നിന്ന് വിളവെടുക്കാന്‍ കഴിയുമെന്നാണ് അനുഭവപാഠം. രാസകൃഷിയില്‍ മൂന്നുമാസമാണ് പച്ചക്കറികളുടെ വിളവെടുപ്പ് കാലം. സാമ്പത്തികമായും ജൈവ കൃഷി ലാഭമെന്നത് ഇത് അടിവരയിടുന്നു. എന്നാല്‍, നേന്ത്രവാഴകൃഷിയില്‍ അല്പം രാസവളപ്രയോഗമില്ലെങ്കില്‍ കാര്യങ്ങള്‍ നടക്കില്ലെന്നും അയൂബ് പറയുന്നു. നേന്ത്രവാഴയുടെ എട്ടിനങ്ങള്‍ ഈതോട്ടത്തിലുണ്ട്.

കൊളുബ്രിയന്‍ (ഇീഹൗയൃശമി) എന്ന ബ്രസീലിയന്‍ കാട്ടു ചെടിയില്‍ ഗ്രാഫ്റ്റ് ചെയ്ത കുരുമുളക് വള്ളികള്‍ തോട്ടത്തിലാകെ താങ്ങുമരങ്ങളില്‍ പടര്‍ന്നു കയറിയിട്ടുണ്ട്. നഴ്‌സറിയൊരുക്കി ദീര്‍ഘവീക്ഷണത്തോടെയുള്ള കൃഷി സമ്പ്രദായമാണ് ഇവിടെ നടപ്പാവുന്നത്. വീട്ടുമുറ്റത്തൊരുക്കിയ പോളി ഹൗസിനുള്ളില്‍ മണിതക്കാളിയും മറ്റ് അനേകം ചെടികളുമുണ്ട്. അസോളയുടെ ടാങ്കുകളും ഒരുക്കിയിട്ടുണ്ട്. ഇതൊരു കാര്‍ഷിക പരീക്ഷണശാലയായി ഒറ്റനോട്ടത്തില്‍ തോന്നും. മിക്കപ്പോഴും പകല്‍ കൃഷിയിടങ്ങളില്‍ ചെലവഴിച്ചിട്ട് വീട്ടിലെത്തിയാല്‍ രാത്രിയായാലും ചെടികളിലെ ഗ്രാഫ്റ്റിങ്ങും മറ്റും നടത്താന്‍ ഈ കുടുംബം സമയം കണ്ടെത്തുന്നു.

ശാസ്ത്രമുന്നേറ്റങ്ങള്‍ക്കൊപ്പം കൃഷികൂടെ കൊണ്ടുവന്നാല്‍ നഷ്ടമില്ല എന്നാണ് അയൂബിന്റെ കുടുംബം തെളിയിക്കുന്നത്. രാസകീട നാശിനികള്‍ക്ക് പകരമായി ജൈവ അണുനാശിനികള്‍ ഫലപ്രദമാണ്. എറ്റമോണ്‍ കെണിയടക്കം ഇതിനായി ഉപയോഗപ്പെടുത്താം. കപ്പക്കൃഷി നടത്തുമ്പോള്‍ പയര്‍കൃഷികൂടി ചെയ്യുന്നത് ചെലവു കുറയ്ക്കാം. മാംസ ഉത്പന്നങ്ങള്‍ക്കു പ്രിയമുള്ള ഇക്കാലത്ത് മുയല്‍ വളര്‍ത്തലും ആദായകരമാണ്. മത്സ്യങ്ങളെ വളര്‍ത്തുന്നതും വരുമാന മാര്‍ഗമാണ്. ജൈവ വിളകള്‍ക്ക് പ്രാധാന്യം വന്നതോടെ അയൂബിന്റെ കൃഷിയിടങ്ങള്‍ തേടി ഇക്കോ ഷോപ്പുകാരും എത്തിത്തുടങ്ങി. ടണ്‍ കണക്കിന് ഉത്പന്നങ്ങളാണ് ഇവിടെ നിന്നും പ്രതിമാസം കയറ്റിപ്പോകുന്നത്. കൃഷി പാഠശാലയെന്ന വിലാസം വന്നതോടെ പഠിതാക്കളുടെ എണ്ണവും കൂടി. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്ന കര്‍ഷകര്‍ വരെ ഇവിടത്തെ വിദ്യാര്‍ഥികളാണ്. കൃഷിയില്‍ നിന്നും കിട്ടുന്ന അറിവുകളെല്ലാം പങ്കുവെക്കുന്നതിനും ഈ യുവകര്‍ഷക കുടുംബം മടി കാണിക്കാറില്ല. മിക്ക ദിവസവും കൃഷിയിടങ്ങളില്‍ അതിഥികളുണ്ടാവും. രാവിലെയാണെങ്കില്‍ കുത്തരിയുടെ കഞ്ഞിയും കാച്ചില്‍ പുഴുങ്ങിയതുമെല്ലാം നല്‍കി സാബിറ സത്കരിക്കും. നാട്ടുകാരുടെ നന്മകള്‍ കൂടിയാണ് ഇവര്‍ മറ്റുള്ളവരുമായി കൃഷിയിലൂടെ പങ്കിടുന്നത്. ഒഴുകിപ്പോകുന്ന മേല്‍മണ്ണിനെക്കുറിച്ചും മാറിയ കാലാവസ്ഥയെക്കുറിച്ചുമൊക്കെ ഇവര്‍ക്ക് ആകുലതകളുണ്ട്. ഇതൊക്കെ മനസ്സിലാക്കിവേണം കൃഷിയിലിറങ്ങാന്‍ എന്ന് പുതിയ തലമുറകളോട് ഒരു ഉപദേശവും നല്‍കാനുണ്ട്.

പ്രദേശത്തെ സാംസ്‌കാരിക കൂട്ടായ്മയായ ബോധി ചെറുകരയുടെ പ്രവര്‍ത്തകനായിരുന്നു അയൂബ്. അറിയപ്പെടുന്ന നാടക രചയിതാവുമാണ്. കൃഷി പുതിയൊരു വിലാസമെത്തിച്ചതോടെ ഇതിനൊന്നും ഇപ്പോള്‍ നേരമില്ല. ഭാര്യ സാബിറ കിട്ടിയ ബാങ്ക് ജോലി പോലും വേണ്ടെന്നു വെച്ചു. 'പണിക്കാര്‍ക്കെല്ലാം ഭക്ഷണം പാകം ചെയ്തു കൊടുക്കല്‍ തന്നെ ഒരു ജോലിയാണ്. അതിനിടയില്‍ കൃഷിയിടത്തിലും ഓരോ കാര്യങ്ങള്‍ക്കുവേണ്ടി ഓടി നടക്കണം.'-സാബിറ പറയുന്നു.

കുടുംബ കൃഷിയുടെ അന്താരാഷ്ട്ര വര്‍ഷമായി ഐക്യരാഷ്ട്ര സംഘടന 2014 ആചരിക്കുമ്പോള്‍ ഹരിത വിപ്ലവത്തിന്റെ നായകന്‍ ഡോ: എം.എസ്. സ്വാമിനാഥനില്‍ നിന്ന് ഒരു അവാര്‍ഡ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഈ കുടുംബം. വെല്ലുവിളികളെല്ലാം ഏറ്റെടുത്ത് കൃഷിയിടത്തില്‍ തിരിച്ചെത്തി ഒമ്പത് വര്‍ഷത്തിനിടയില്‍ ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം. ഇതിനു മുമ്പ് ആത്മമിത്രകര്‍ഷകന്‍ അവാര്‍ഡ്, പഞ്ചായത്തിലെ മികച്ച കര്‍ഷകന്‍ അവാര്‍ഡ്, മികച്ച മത്സ്യകര്‍ഷകന്‍ അവാര്‍ഡ് എന്നിവയെല്ലാം നേടിയിട്ടുണ്ട്. തുടക്കത്തില്‍ മറ്റ് ഏതൊരുജോലിയേക്കാളും വെല്ലുവിളിയും പിന്നീട് ആത്മസംതൃപ്തിയും നല്‍കുന്നതാണ് കാര്‍ഷിക രംഗം. മണ്ണിന്റെ മനസ്സറിഞ്ഞാല്‍ ഒന്നും വെറുതെയാവില്ല. കാര്‍ഷിക ജീവിതത്തോട് മുഖം തിരിക്കുന്നവര്‍ക്കെല്ലാം ഈ കുടുംബം നല്‍കുന്ന ജീവിതപാഠം മാതൃകയാണ്. ഒരു ജൈവ ലോകത്തെ വീണ്ടെടുത്തതു പോലെ മനോഹരമാണ് ഇവരുടെ ലോകം. ഒന്നിനോടും പരിഭവമില്ലാത്ത, തനി നാടന്‍ കര്‍ഷകന്റെ നന്മകള്‍ ഇവിടെ വിളയുന്നു.
http://www.mathrubhumi.com/agriculture/story-419139.html