2013, ജൂൺ 29, ശനിയാഴ്‌ച

ഭക്ഷ്യ- ആരോഗ്യ സ്വരാജ് കൂടിയാലോചന - തൃശൂര്‍

തൃശൂര്‍ ഗാന്ധിപീസ് ഫൗണ്ടേഷന്‍ ഹാളില്‍ വച്ച് മാര്‍ച്ച് 9 ന് NAPM വിളിച്ചു ചേര്‍ത്ത ഭക്ഷ്യ- ആരോഗ്യ സ്വരാജ് കൂടിയാലോചനയുടെ സംക്ഷിപ്തറിപ്പോര്‍ട്ട്

സണ്ണി പൈകട 

യോഗത്തില്‍ പങ്കെടുത്തവര്‍:
പി.ടി. എം ഹുസൈന്‍ (തൃശൂര്‍) കൃഷ്ണകുമാര്‍ ( പാലക്കാട്), ചെന്താമര ( പാലക്കാട്), ഡോ.ആര്‍.എം .പ്രസാദ് (തൃശൂര്‍), കെ.ജി.ജഗദീശന്‍ (ആലപ്പുഴ), കെ. ഗോപാലകൃഷ്ണന്‍ (തൃശൂര്‍), ജോര്‍ജ് മുല്ലക്കര (കോട്ടയം), റോണി. പി.മാത്യു (തൃശൂര്‍), തോമസ് കളപ്പുര (കണ്ണൂര്‍), സജി ജോസ് (കാസറഗോഡ്), പി.കെ.ലാല്‍ (കാസറഗോഡ്), ഇന്ദിര വി.എം (തൃശൂര്‍), റോബിന്‍ കേരളീയം (തൃശൂര്‍), കെ. സഹദേവന്‍ (കണ്ണൂര്‍), എന്‍ .പി. ജോണ്‍സണ്‍ (എറണാകുളം), കെ.പരമേശ്വരശര്‍മ്മ (തൃശൂര്‍), ഡോ. എം. പി. പരമേശ്വരന്‍ (തൃശ്ശൂര്‍), ജിയോ ജോസ് (എറണാകുളം), ജോബി വര്‍ഗീസ് (ആലപ്പുഴ), രാജീവ് മുരളി (ആലപ്പുഴ), ശ്രീജ ആറങ്ങോട്ടുകര (തൃശ്ശൂര്‍), നിപുണ്‍ വര്‍ഗീസ് (എറണാകുളം), ഡേവിസ് വളര്‍കാവ് (തൃശ്ശൂര്‍), സണ്ണി പൈകട (കാസഗോഡ്).

അസൗകര്യം മൂലം യോഗത്തിന് എത്തില്ലെന്നും ഇക്കാര്യത്തില്‍ സഹകരണവും പങ്കാളിത്തവും ഉണ്ടാവുമെന്നും നിരവധിപേര്‍ അറിയിച്ചിരുന്നു.

യോഗത്തില്‍ ഉയര്‍ന്നു വന്ന പ്രധാന നിരീക്ഷണങ്ങളം അഭിപ്രായങ്ങളും ഇവയാണ് :

ഭക്ഷണം, ആരോഗ്യം, കൃഷി എന്നീ കാര്യങ്ങളെ കൂടുതല്‍ സമഗ്രതയോടെ നോക്കിക്കാണണം. ജനകേന്ദ്രീകൃതമായി ഇക്കാര്യം വികസിപ്പിച്ചുകൊണ്ടുവരാനുള്ള അനുകൂല സാഹചര്യം ഇന്ന് കേരളത്തിലുണ്ട്. ഭക്ഷണം കഴിക്കുന്നവരെല്ലാം ഭക്ഷ്യോല്‍പ്പാദനത്തില്‍ പങ്കാളികളാവണമെന്നത് കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ ഉയര്‍ത്തേണ്ട മൗലികതയുള്ള മുദ്രാവാക്യമാണ്. കിഴങ്ങുവര്‍ഗത്തിനും ഇലക്കറികള്‍ക്കും പ്രാമുഖ്യം ലഭിക്കുന്ന ഭക്ഷണ സമീപനങ്ങള്‍ക്കാണ് ഇനി കേരളത്തില്‍ കൂടുതല്‍ സാധ്യതകള്‍. കോര്‍പ്പറേറ്റ് കൃഷി, ഭക്ഷണത്തെ വില്‍ക്കാനും വാങ്ങാനുമുള്ള ചരക്കായി കാണുന്ന സമീപനം തുടങ്ങിയവ ആപത്താണ്.

ഭക്ഷണം എത്ര അകലെനിന്നാണ് ലഭ്യമാകുന്നത് എന്നതിന്റെ മാനദണ്ഡമായി വിശേഷിപ്പിക്കപ്പെടുന്ന ഫുഡ് മൈല്‍ സങ്കല്പം കേരളീയ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ.് ഭക്ഷണകാര്യങ്ങളില്‍ മലയാളിക്കുമുന്നിലുള്ള അനിശ്ചിതത്വങ്ങളും ഇന്ധനനഷടമുള്‍പ്പെടെയുള്ളപാഴ്‌ചെലവുകളും വിലക്കയറ്റവും ഭക്ഷ്യവസ്തുക്കളുടെ ഗുണശോഷണവും ഫുഡ് മൈല്‍ സങ്കല്പത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തപ്പെടണം.
കേരളത്തിന്റെ ഭക്ഷ്യോല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി ഇവിടെ വളര്‍ന്നുവരുന്ന കെട്ടിട നിര്‍മ്മാണ വ്യവസായമാണ്. അവശേഷിക്കുന്ന പാടങ്ങള്‍ ഇല്ലാതാവുന്നതിനും ജലസ്രോതസ്സുകള്‍ നശിക്കുന്നതിനും ഭൂപ്രകൃതിയില്‍ത്തന്നെ വിനാശകരമായ രൂപമാറ്റങ്ങള്‍ ഉണ്ടാവുന്നതിനും കാലാവസ്ഥയില്‍ പോലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതിനും ഈ വ്യവസായം കാരണമാവുന്നു. ലോണുകളുടെ ലഭ്യത ഭക്ഷണമുള്‍പ്പെടെയുള്ള ജീവിതശൈലിയേ രൂപപ്പെടുത്തുന്ന കാലഘട്ടമാണിത്. ഭക്ഷണവൈവിധ്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനുള്ള ജാഗ്രത ഭക്ഷ്യ-ആരോഗ്യസ്വരാജിന്റെ ഭാഗമാണ്. 

ഭക്ഷണത്തിന്റെ സൗന്ദര്യാത്മകതലവും ഏറെ പ്രധാനമാണ്.

കര്‍ഷകര്‍ ഭക്ഷ്യോല്‍പ്പാദനരംഗത്തുനിന്ന് മാറി നില്‍ക്കുന്നതിന്റെ കാരണമന്വേഷിക്കണം. മറ്റ് രംഗത്തുള്ളവരുടെ ജീവിതസ്വപ്നങ്ങള്‍തന്നെ കര്‍ഷകര്‍ക്കുമുണ്ടാകുന്നത് സ്വാഭാവികമാണ്. കൃഷി അതിനുതകില്ലെങ്കില്‍ അവര്‍ മറ്റ് മാര്‍ഗങ്ങളന്വേഷിക്കുന്നതും സ്വാഭാവികമാണെന്ന് പൊതുസമൂഹം മനസ്സിലാക്കണം. സമൂഹത്തിന് നല്ല ഭക്ഷണം ഉല്‍പ്പാദിപ്പിച്ച് നല്‍കാനുള്ള ബാധ്യത കര്‍ഷകന്റെ മാത്രം ചുമലില്‍ വയ്ക്കരുത്. അഗ്രികള്‍ച്ചറല്‍ ഇന്‍ഡസ്ട്രി, ഫുഡ് പ്രോസ്സസ്സിംഗ് ഇന്‍ഡസ്ട്രി തുടങ്ങിയവ ഹെല്‍ത്ത് ഇന്‍ഡസ്ട്രിയിലേക്ക് വഴി തുറക്കുന്നവയാണ്, ആരോഗ്യത്തിന് ഭീഷണിയും.
ഇന്നത്തെ പാചകരീതികളെക്കുറിച്ച് പുനര്‍വിചിന്തനം ആവശ്യമാണ്. പാചകം ചെയ്യാത്ത വിഭവങ്ങള്‍ ഭക്ഷണത്തിലുള്‍പ്പെടുത്തേണ്ടതും പ്രധാനമാണ്.

കൃഷിയുടെ സംസ്‌കാരം വീണ്ടെടുക്കണം ജൈവകൃഷിരീതികളിലെ ചിലവൈരുദ്ധ്യങ്ങളും കിടമത്സരങ്ങളും പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ചക്കപോലുള്ള ഫലവര്‍ഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഭക്ഷണ സമ്പ്രദായമാവശ്യമാണ്. ഭക്ഷ്യ ഉത്പന്നങ്ങളും വിത്തുകളും ചൂഷണരഹിതമായി കൈമാറ്റം ചെയ്യാനുള്ള സംവിധാനങ്ങളു്ണ്ടാകണം. ഡിപ്പാര്‍ട്ടുമെന്റലിസത്തിന്റെയും കക്ഷിരാഷ്ട്രീയത്തിന്റെയും സ്വാധീനത്തില്‍പ്പെടാത്ത വിധത്തില്‍ ജനകീയമുന്‍കൈയില്‍ നിലനില്‍ക്കുന്ന ഓര്‍ഗാനിക് സഹകരണ സംരംഭങ്ങളെക്കുറിച്ചാലോചിക്കണം. 
മൗലികവാദ സമീപനങ്ങള്‍ ഗുണം ചെയ്യില്ല. എല്ലാ സമ്പ്രദായങ്ങളോടും സംവാദാത്മകമായ തുറന്ന സമീപനം വേണം.

ഭക്ഷ്യ- ആരോഗ്യസ്വരാജ് സങ്കല്പം സംബന്ധിച്ച് ഹ്രസ്വകാലാടിസ്ഥാനത്തിലും ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള പ്രവര്‍ത്തനപരിപാടികളാവശ്യമാണ്. ആശയതലത്തിലുള്ള അന്വേഷണങ്ങളും പ്രായോഗിക തലത്തിലുള്ള ഇടപെടലുകളും നിരന്തരമുണ്ടാവണം. ഇത്തരം കാര്യങ്ങളില്‍ ഗൗരവതര ചിന്തകളുള്ളവരുടെ ജില്ലാ- സംസ്ഥാനതലക്കൂടിച്ചേരലുകള്‍ ഇടയ്ക്കിടെ സംഘടിപ്പിക്കണം.

ഇനിയെന്ത്?

തൃശ്ശൂര്‍ യോഗത്തിന്റെ തുടര്‍ച്ചയായി അടുത്ത ചുവടുവയ്പ്പ് എന്താവണമെന്നതിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാന്‍ സമയം ലഭിച്ചില്ലെങ്കിലും ഈ വിഷയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലാവണം അടുത്ത കൂടിയാലോചനകള്‍ എന്ന് നിശ്ചയിക്കപ്പെട്ടു. അതനുസരിച്ച് തിരുവനന്തപുരം ജില്ലയിലെ ചപ്പാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശാന്തിഗ്രാമില്‍ വച്ച് അടുത്ത കൂടിച്ചേരല്‍ നടത്താന്‍ തീരുമാനിച്ചു. ശാന്തിഗ്രാമിന്റെ
ആഭിമുഖ്യത്തില്‍ മൂന്നു പഞ്ചായത്തുകളില്‍ നടന്നു വരുന്ന ഭക്ഷ്യ- ആരോഗ്യ രംഗത്തെ ഇടപെടലുകളും തിരുവനന്തപുരത്തുള്ള കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണ കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങളും മനസ്സിലാക്കാനും ഉതകുന്ന വിധത്തില്‍ അടുത്ത കൂടിച്ചേരല്‍ നടത്താന്‍ നിശ്ചയിച്ചു.

തൃശ്ശൂര്‍യോഗത്തിലെ നിര്‍ദ്ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് കൃത്യമായ കര്‍മ്മപരിപാടികളുടെ ഒരു രൂപരേഖ അടുത്ത കൂടിച്ചേരലില്‍ ചര്‍ച്ചക്ക് വയ്ക്കാനും ഈ ആശയത്തിന്റെ ചുവടുപിടിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ കോ-ഓര്‍ഡിനേഷന്‍ നടത്താനും ഡോ. എം. പി. പരമേശ്വരന്‍, ഡോ. ആര്‍. എം. പ്രസാദ്, തോമസ് കളപ്പുര, ശ്രീജ ആറങ്ങോട്ടുകര, രാജീവ് മുരളി, സണ്ണി പൈകട എന്നിവരെ ചുമതലപ്പെടുത്തിക്കൊണ്ടാണ് തൃശ്ശൂര്‍ യോഗം പര്യവസാനിച്ചത്.

2013, ജൂൺ 28, വെള്ളിയാഴ്‌ച

ഭക്ഷ്യ-ആരോഗ്യ സ്വരാജ് കാമ്പയിന്റെ തുടക്കം ഇങ്ങനെ

സണ്ണി പൈകട

1908-ല്‍ ഗാന്ധിജി എഴുതിയ ഗ്രന്ഥമാണ് ഹിന്ദ് സ്വരാജ്. പേജുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ ഇതൊരു ചെറിയ പുസ്തകമാണെങ്കിലും ഗാന്ധിദര്‍ശനങ്ങളുടെ കാമ്പ് ഈ ഗ്രന്ഥത്തില്‍നിന്ന് വായിച്ചെടുക്കാം. ആധൂനിക നാഗരികതയോടുള്ള ഗാന്ധിജിയുടെ വിയോജനക്കുറിപ്പാണ് ഈ ഗ്രന്ഥം. ഗാന്ധിജി പില്‍ക്കാലത്ത് പ്രസംഗങ്ങളിലൂടെയും എഴുത്തുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും വ്യാഖ്യാനിച്ചത് ഈ ചെറുഗ്രന്ഥത്തിലൂടെ അദ്ദേഹം ലോകത്തോടു പറഞ്ഞ ദര്‍ശനങ്ങളാണ്.

ഈ ഗ്രന്ഥം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഇന്ന് സാമൂഹികചിന്തകന്മാരുടെ സജീവ ചര്‍ച്ചാവിഷയമാണ്. ആധൂനിക നാഗരികതയുടെ ഭാഗമായി വികസിച്ചു വന്ന ജീവിതശൈലികളും വിവിധ സാമൂഹിക സമ്പ്രദായങ്ങളും ഇനി ഏറെക്കാലം ഇതേ രീതിയില്‍ മുന്നോട്ടു പോകില്ല എന്ന തിരിച്ചറിവാണ് ചിന്തകന്മാരെ ഹിന്ദ് സ്വരാജിലേക്ക് ആകര്‍ഷിക്കുന്നത്.

ഹിന്ദ് സ്വരാജിന്റെ ശതാബ്ദിയോടനുബന്ധിച്ച് 2008-ല്‍ കേരളത്തില്‍ ഈ ഗ്രന്ഥം ചര്‍ച്ചചെയ്യപ്പെടുന്നതിനുള്ള ചില ശ്രമങ്ങള്‍ നടന്നിരുന്നു. ഏതാനും ചില ഗാന്ധിമാര്‍ഗ്ഗ പ്രവര്‍ത്തകരും, സോഷ്യലിസ്റ്റുകളും സാംസ്‌കാരിക പ്രവര്‍ത്തകരും മുന്‍കൈയെടുത്ത് രൂപീകരിച്ച ഹിന്ദ് സ്വരാജ് ശതാബ്ദി സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു ആ പ്രവര്‍ത്തനങ്ങള്‍. 2008 മുതല്‍ 2010 വരെയുള്ള രണ്ടു വര്‍ഷം നടന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഹിന്ദ് സ്വരാജ് എന്ന ഗ്രന്ഥത്തെ മലയാളി വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. ആ കാലയളവില്‍ ഹിന്ദ് സ്വരാജിന്റെ മലയാളം പരിഭാഷയുടെ 25000 കോപ്പികള്‍ വിറ്റഴിഞ്ഞു എന്നതു തന്നെ ചെറുതെങ്കിലും ആ പ്രവര്‍ത്തനങ്ങള്‍ കേരളീയസമൂഹം ശ്രദ്ധിച്ചു എന്നതിന്റെ തെളിവാണ്.

ഹിന്ദ് സ്വരാജ് ശതാബ്ദി സമിതിയുടെ ഒരു സംസ്ഥാനതല ക്യാമ്പ് തൃശ്ശൂര്‍ ജില്ലയിലെ കുഴിക്കാട്ടുശ്ശേരി ഗ്രാമികയില്‍ വച്ച് നടന്നപ്പോള്‍ അവിടെയുണ്ടായ ചര്‍ച്ചകള്‍ക്കിടയില്‍ ഉയര്‍ന്നു വന്നതാണ് ഭക്ഷ്യ-ആരോഗ്യസ്വരാജ് എന്ന മുദ്രാവാക്യം. 
കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഹിന്ദ് സ്വരാജിലെ ദര്‍ശനങ്ങള്‍ ഏതൊക്കെ വിധത്തില്‍ ജനജീവിതവുമായി വിളക്കിച്ചേര്‍ക്കാം എന്നതിന്റെ സൂചനയാണ് ആ മുദ്രാവാക്യം. 

പുസ്തകങ്ങളെ ജീവിതത്തിലേക്ക് വിവര്‍ത്തനം ചെയ്യേണ്ടതുണ്ട്. ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ ജീവിതഗന്ധികളാണെന്നതിനാല്‍ അത്തരമൊരു വിവര്‍ത്തനം എളുപ്പവുമാണ്. ഏതു പ്രദേശത്തും കാലഘട്ടത്തിലും അത്തരം വിവര്‍ത്തനത്തിനായി ജീവിതവായനയ്ക്ക് സഹായിക്കുന്ന വിധത്തിലുള്ള പുസ്തകപുനര്‍വായന സാധ്യമാകണമെന്ന നിഷ്‌കര്‍ഷയോടെയാണ് താനൊരു ഇസവും അവശേഷിപ്പിച്ചു കൊണ്ടല്ല കടന്നുപോകുന്നത്എന്ന് ഗാന്ധിജി പറഞ്ഞത്. 

ഇന്നത്തെ കേരളീയ സാമൂഹിക സാഹചര്യം ഓരോ മലയാളിയുടെയും ജീവിതത്തിനുമേലുള്ള സ്വന്തം നിയന്ത്രണം കൈമോശം വന്നുകൊണ്ടിരിക്കുന്നതിന്റെതാണ്. സ്വന്തം ജീവിതം തിരികെ പിടിക്കാനുള്ള സമരം സ്വന്തം ഭക്ഷണം തിരികെ പിടിക്കാനുള്ള പരിശ്രമത്തിലൂടെ തുടങ്ങാനാകും. ചര്‍ക്ക തിരിക്കുന്നതിലൂടെ, ഉപ്പ് കുറുക്കുന്നതിലൂടെ, ഗാന്ധിജി നടത്തിയ പരിശ്രമവും അതായിരുന്നു. 

ചുരുക്കത്തില്‍ ഭക്ഷ്യ-ആരോഗ്യ സ്വരാജ് എന്ന മുദ്രാവാക്യം കുറച്ച് പച്ചക്കറികളും പഴങ്ങളും കിഴങ്ങുകളും ജൈവരീതിയില്‍ ഉത്പാദിപ്പിക്കാനുള്ള ഒരു ലളിത സമവാക്യമല്ല; മറിച്ച് മലയാളിയുടെ നെഞ്ചില്‍ നിന്നുയരേണ്ട ജീവിത സമരവാക്യമാണ്. 

ഗ്രാമിക ക്യാമ്പില്‍നിന്നുയര്‍ന്ന ഭക്ഷ്യ- ആരോഗ്യസ്വരാജ് എന്ന മുദ്രാവാക്യത്തെ മനസ്സില്‍നിന്ന് മണ്ണില്‍ കുരുപ്പിക്കാന്‍ ആദ്യശ്രമം നടത്തിയത് തിരുവനന്തപുരം ജില്ലയിലെ ചപ്പാത്ത് എന്ന ഗ്രാമം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശാന്തിഗ്രാം എന്ന സന്നദ്ധ സംഘടനയാണ്. അവര്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയിലെ, 3 സെന്റു മുതല്‍ 10 സെന്റ് വരെയുള്ള തുണ്ടു ഭൂമികളില്‍ വിട് വച്ചുതാമസിക്കുന്നവരുടെ ഇടയില്‍ ഈ മുദ്രാവാക്യം പ്രായോഗികമാക്കാന്‍ ശ്രമിക്കുകയും നല്ല ഫലം ഉണ്ടാക്കുകയും ചെയ്തു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ മുദ്രാവാക്യം ആശയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ചര്‍ച്ചകളില്‍ പങ്കെടുത്തവരില്‍ ചിലര്‍ വ്യക്തിഗതമായി ഈ മുദ്രാവാക്യം മണ്ണില്‍ നട്ടുനനച്ചിട്ടുണ്ടാവാം. ഇത്തരത്തിലുള്ള ചില ശ്രമങ്ങളുടെ തുടര്‍ച്ചയായി ഭക്ഷ്യ-ആരോഗ്യസ്വരാജ് മുദ്രാവാക്യത്തിന്റെ സാധ്യതകള്‍ സംബന്ധിക്കുന്ന ഒരു രേഖ ഹിന്ദ് സ്വരാജ് ശതാബ്ദിസമിതിയുടെ കണ്‍വീനറായിരുന്ന സണ്ണി പൈകട തയ്യാറാക്കുകയും വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നാല്പതോളം പേര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. പാഠഭേദം, കേരളീയം, ലിറ്റില്‍ മാസിക, പൂര്‍ണോദയ, അസ്സീസ്സി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ആ രേഖയുടെ സംക്ഷിപ്തരൂപം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇന്നത്തെ കേരളത്തില്‍ വളരെ പ്രസ്‌ക്തമായ കാര്യങ്ങളാണ് ആ രേഖയില്‍ പറഞ്ഞിരിക്കുന്നതെന്ന അഭിപ്രായം പൊതുവില്‍ ഉണ്ടായതിന്റെ കൂടി വെളിച്ചത്തില്‍ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (NAPM) കേരളാഘടകം 2013 മാര്‍ച്ച് 9 ന് തൃശ്ശൂര്‍ വച്ച് ആ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഒരു യോഗം വിളിച്ചുകൂട്ടി. വിവിധ ആശയധാരകളിലും പ്രവര്‍ത്തന മേഖലകളിലും നിന്ന് വന്ന ഇരുപത്തിനാലുപേര്‍ പങ്കെടുത്ത പ്രസ്തുത യോഗം ഭക്ഷ്യ- ആരോഗ്യസ്വരാജ് എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി കേരളത്തില്‍ ഒരു കാമ്പയിന്‍ വികസിപ്പിക്കാന്‍ ധാരണയിലെത്തി.

ഒരു സംഘടനയുടെയും പ്രത്യേക ആഭിമുഖ്യത്തിലല്ല ഈ കാമ്പയിന്‍ മുന്നോട്ടു കൊണ്ടുപോകുന്നത് എന്നത് ഒരു പ്രത്യേകതയാണ്. ഈ കാമ്പയിന്‍ നടത്തുന്നതിന് പ്രത്യേകമായി ഒരു സമിതിയും രൂപീകരിച്ചിട്ടില്ല. എല്ലാ സംഘടനകളുടെയും അജണ്ടയില്‍ ഉള്‍പ്പെടേണ്ട ഒരു കാര്യമെന്നനിലയില്‍ ഈ വിഷയം എല്ലാവരുടെയും ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. തികച്ചും സ്വതന്ത്രമായി ആര്‍ക്കും ഈ കാമ്പയിനില്‍ പങ്കാളിയാവാം. ആര്‍ക്കും സ്വന്തം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഇതില്‍ ഒരദ്ധ്യായം കൂട്ടിച്ചേര്‍ക്കാനാവുന്ന വിധത്തില്‍ ഈ മുദ്രാവാക്യം പൂര്‍ത്തിയാവാത്ത ഒരു പുസ്തകമായി തുറന്നു വച്ചിരിക്കുന്നു. വരൂ, താങ്കളുടെ കൈപ്പടയില്‍ ഏതാനും വരികളെങ്കിലും ജീവിതഗന്ധിയായ ഈ പ്രായോഗികഗ്രന്ഥത്തില്‍ എഴുതി ചേര്‍ക്കൂ. നിങ്ങളുടെ കൈയ്യൊപ്പും കൂടി ഈ ഗ്രന്ഥത്തില്‍ ചാര്‍ത്തുക എന്നത് നിങ്ങളുടെ അവകാശവും ഉത്തരവാദിത്വവുമാണ്.