2013, ഒക്‌ടോബർ 26, ശനിയാഴ്‌ച

ആഹാരം സ്വയം ഉത്പാദിപ്പിക്കാന്‍ തയ്യാറായാലേ കേരളീയരുടെ ആരോഗ്യം മെച്ചപ്പെടൂ - അനൂപ് ചന്ദ്രന്‍

ഈരാറ്റുപേട്ടയില്‍ ഭക്ഷ്യ ആരോഗ്യസ്വരാജ് കോട്ടയം ജില്ലാ കണ്‍വന്‍ഷനില്‍ അധ്യക്ഷതവഹിച്ചു കൊണ്ട് സംസാരിക്കുകുയായിരുന്നു ഭക്ഷ്യആരോഗ്യ സ്വരാജ് സംസ്ഥാന ഏകോപനസമിതി ചെയര്‍മാനും പ്രശസ്ത നടനുമായ ശ്രീ അനൂപ് ചന്ദ്രന്‍.
ഭക്ഷ്യ സുരക്ഷയും തൊഴിലുറപ്പും പോലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ബഹുരാഷ്ട്ര ഭീമന്മാരുടെ താത്പര്യമനുസരിച്ചല്ലേ കൊണ്ടുവരുന്നതെന്ന ഒരു ചോദ്യവും അദ്ദേഹം  ഉന്നയിച്ചു. വിഷം കലരാത്ത ഭക്ഷണം തരാമെന്ന ഉറപ്പല്ല ഭക്ഷ്യസുരക്ഷാ പദ്ധതി വിഭാവനം ചെയ്യുന്നതെന്നും ജനങ്ങള്‍ സ്വയം വിഷാംശമില്ലാത്ത ആഹാരസാധനങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനു പ്രോത്സാഹനം നല്കുന്നതിനു പകരം ദരിദ്രര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ആഹാരം ലഭ്യമാക്കാമെന്നാണ് വാഗ്ദാനം ചെയ്യുന്നതെന്നും നാം ശ്രദ്ധിക്കണം. തൊഴിലുറപ്പു പദ്ധതിയില്‍ നമ്മുടെ ഭൂമിയിലെ അടിക്കാടുകള്‍ നശിപ്പിക്കാന്‍ മാത്രം ഫണ്ടു നല്കുന്നതും ഭൂമി ഏറ്റെടുക്കല്‍ ബില്‍കൊണ്ടുവന്നിരിക്കുന്നതും ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം ബഹുരാഷ്ട്രകുത്തകളെ ഏല്പിക്കുന്നതിന്‍റെ മുന്നോടിയായയല്ലേ എന്നു നാം സംശയിക്കേണ്ടതുണ്ട്. ഇതിനെയെല്ലാം പ്രതിരോധിക്കാന്‍ ഓരോരുത്തരും സ്വന്തം ഭക്ഷണത്തിന്‍റെ 20 ശതമാനമെങ്കിലും സ്വയം ഉത്പാദിപ്പിച്ചുകൊണ്ട് നടപ്പില്‍ വരുത്താവുന്ന ഭക്ഷ്യസ്വരാജാണ് ഏറ്റവും നല്ലമാര്‍ഗമെന്ന് അദ്ദേഹം വിശദീകരിച്ചു. നാട്ടറിവുകളെ അടിസ്ഥാനമാക്കിയുള്ള ഒരു ജനീകീയ കാര്‍ഷിക സര്‍വകലാശാലയും ഭക്ഷ്യ സ്വരാജിന്‍റെ ഭാഗമായി താന്‍ വിഭാവനം ചെയ്യുന്നുണ്ടെന്നും ഇവിടെ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത സി. റോസും ലൂക്കാച്ചേട്ടനും മറ്റും അതിലെ പ്രൊഫസര്‍മാരാകാന്‍ യോഗ്യതയുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

2013, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

ഭക്ഷ്യ ആരോഗ്യ സ്വരാജ് - കോട്ടയം ജില്ലാ കണ്‍വന്‍ഷന്‍ - 2013ഒക്ടോബര്‍ 26 ശനി 10 am-ന്



ഈരാറ്റുപേട്ട വ്യാപാരഭ%Iവന്‍ ഹാളില്‍

പൂഞ്ഞാര്‍ ഭൂമികയുടെ ഡി. പങ്കജാക്ഷക്കുറുപ്പ് പുരസ്കാര സമര്‍പ്പണത്തോടനുബന്ധിച്ചാണ് ഈ പരിപാടി

ഭൂമിക പ്രസിഡന്‍റ് ശ്രീ കെ. ഇ ക്ലമനന്‍റിന്‍റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ശ്രീ അനൂപ് ചന്ദ്രന്‍  
(ഭക്ഷ്യ ആരോഗ്യസ്വരാജ് ചെയര്‍മാന്‍, കര്‍ഷകന്‍, സിനിമാനടന്‍) ഉദ്ഘാടനം ചെയ്യും,
ശ്രീ ജോര്‍ജ് മൂലേച്ചാലില്‍ അനുസ്മരണപ്രഭാഷണം നടത്തും, പ്രകൃതിജീവനപ്രചാരകനും ജൈവകര്‍ഷകനുമായ 
ശ്രീ റോയി പ്ലാത്തോട്ടത്തിന് 
ദര്‍ശനം പത്രാധിപര്‍ ഡോ. പി രാധാകൃഷ്ണന്‍ പുരസ്കാരം സമര്‍പ്പിക്കും.

തുടര്‍ന്നു നടത്തുന്ന ഭക്ഷ്യ ആരോഗ്യ തുടര്‍വിചാരത്തില്‍ ശ്രീ അനൂപ് ചന്ദ്രന്‍ അധ്യക്ഷതവഹിക്കും.
പ്രഭാഷണം: ശ്രീ കെ. ജി. ജഗദീശന്‍ (സെക്രട്ടറി, ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രം, മാരാരിക്കുളം)
വിഷയം: വിപല്‍ കാലഘട്ടത്തിലെ ബദല്‍ജീവിത സാധ്യതകള്‍

ഭക്ഷണത്തിന്‍റെയും ആരോഗ്യത്തിന്‍റെയും നിയന്ത്രണം ഓരോരുത്തര്‍ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ഒട്ടനവധി സംഘടനകളും സാമൂഹികപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തുന്ന കൂട്ടായ ഒരു പ്രവര്‍ത്തനമാണ് ഭക്ഷ്യ ആരോഗ്യ സ്വരാജ്. ഭക്ഷണം കഴിക്കുന്നവരെല്ലാം ഭക്ഷ്യോത്പാദനത്തില്‍ പങ്കാളിയാവുക എന്ന ലളിതവും എന്നാല്‍ ശക്തവുമായ ഒരു പ്രവര്‍ത്തനത്തെ വികസിപ്പിക്കുംപോഴാണ് ഭക്ഷ്യ ആരോഗ്യ സ്വരാജ് സാധ്യമാവുന്നത്.

ഈ പ്രവര്‍ത്തനസംവിധാനത്തിന്‍റെ കോട്ടയം ജില്ലാ കണ്‍വന്‍ഷനിലേക്ക് ഏവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

വില്‍ക്കാനുണ്ട് ഗോമൂത്രം



രാസകീടനാശിനി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള തിരിച്ചറിവാണ് ജൈവകൃഷിക്ക് തുടക്കമായത്. അവനവനുവേണ്ട പച്ചക്കറിയെങ്കിലും ജൈവരീതിയില്‍ ഉത്പാദിപ്പിക്കാന്‍ തയ്യാറായി വരുന്നവര്‍ ഏറെ. ജൈവ പച്ചക്കറികൃഷിയിലെ കീടരോഗനിയന്ത്രണവും വളപ്രയോഗവും ഇന്നും തുടക്കക്കാരുടെ മുന്നിലെ ചോദ്യചിഹ്നങ്ങളാണ്. ചാണകവും ഗോമൂത്രവുമില്ലാതെ ജൈവകൃഷി സാധ്യമല്ലെന്നത് നമ്മുടെ അനുഭവം.

ചാണകം എങ്ങനെയെങ്കിലും സംഘടിപ്പിക്കാമെങ്കിലും ഗോമൂത്രത്തിന്റെ കാര്യത്തില്‍ ക്ഷീരകര്‍ഷകര്‍പോലും കൈമലര്‍ത്തും. ഇതിനൊരു പരിധിവരെ പരിഹാരം കാണുകയാണ് കാസര്‍കോട് സര്‍ക്കാര്‍ വിത്തുത്പാദന കേന്ദ്രം. ലിറ്ററിന് 15 രൂപ നിരക്കില്‍ ഗോമൂത്രം വില്‍പ്പനയ്‌ക്കെത്തിച്ച് ചരിത്രം കുറിക്കുകയാണ് സീനിയര്‍ കൃഷിഓഫീസര്‍ സത്യനാരായണ. ഗുണമേന്മയേറിയ കാസര്‍കോടന്‍ നാടന്‍ ഇനത്തില്‍പ്പെട്ട പശുവിന്റെ മൂത്രമാണ് ഇവിടെ പാക്കറ്റിലാക്കിയിരിക്കുന്നത്.

നൈട്രജന്‍, സള്‍ഫര്‍, ഫോസ്ഫറസ് തുടങ്ങി ധാരാളം പോഷകങ്ങള്‍ ഗോമൂത്രത്തില്‍ അടങ്ങിയിട്ടുണ്ട്. കാസര്‍കോടന്‍ നാടന്‍ ഇനത്തില്‍പ്പെട്ട പശുവിന്റെ ഗോമൂത്രത്തിലാകട്ടെ സൂക്ഷ്മാണുക്കളുടെ അളവ് പതിന്മടങ്ങുണ്ട്. സര്‍ക്കാര്‍ ഫാമില്‍ വളര്‍ത്തുന്ന കാസര്‍കോടന്‍ നാടന്‍ ഇനത്തിന്റെ ഗോമൂത്രം കര്‍ഷകരിലെത്തിക്കുന്നതിലൂടെ ജൈവകൃഷിക്ക് ഇത് പ്രോത്സാഹനമാകുമെന്ന് പ്രതീക്ഷിക്കാം.

പ്രാചീന കൃഷിശാസ്ത്രഗ്രന്ഥമായ 'കൃഷിസൂക്തി'യില്‍ ഗോമൂത്രത്തിന്റെ രോഗശമനസ്വഭാവത്തെക്കുറിച്ച് പറയുന്നുണ്ട്. മൃദുലശരീരമുള്ള ഇലതീനി പുഴുക്കളെ നിയന്ത്രിക്കാന്‍ ഒരു ലിറ്റര്‍ ഗോമൂത്രം 10 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചതില്‍ 30 ഗ്രാം കാന്താരിമുളക് അരച്ചുചേര്‍ത്ത ലായനി തളിച്ചാല്‍ മതി. ഒരു ഭാഗം ഗോമൂത്രം എട്ടിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ചത് എഫിസുകള്‍ക്കെതിരെയും തുരപ്പന്‍ പുഴുക്കള്‍ക്കെതിരെയും ഫലപ്രദമാണ്. കായം, മഞ്ഞള്‍പ്പൊടി, വേപ്പിലച്ചാറ് എന്നിവ ചേര്‍ത്ത ഗോമൂത്രലായനിക്ക് കീടനാശക സ്വഭാവമേറും.

ചാണകം, ഗോമൂത്രം, പാല്, തൈര്, നെയ്യ് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന പഞ്ചഗവ്യം ജൈവ കൃഷിയിലെ താരമാണ്. പഞ്ചഗവ്യത്തില്‍ ഉപയോഗിക്കുന്ന ഗോമൂത്രം നാടന്‍പശുവിന്റെതാണെങ്കില്‍ ഗുണമേന്മയേറുമെന്നത് കര്‍ഷകരുടെ അനുഭവം. 10 കിലോഗ്രാം പച്ചച്ചാണകവും 10 ലിറ്റര്‍ ഗോമൂത്രവും ഒരു കിലോഗ്രാം വീതം വെല്ലവും കടലമാവും വരമ്പത്തെ രണ്ട് പിടിമണ്ണും ചേര്‍ത്ത് തയ്യാറാക്കുന്ന ജീവാമൃതത്തിലെ പ്രധാന കണ്ണിയും ഗോമൂത്രമാണ്. ഒരുലിറ്റര്‍ ജീവാമൃതം 19 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുന്നതും തടത്തില്‍ ഒഴിച്ചുകൊടുക്കുന്നതും ഉത്പാദനം കൂട്ടും.

പച്ചക്കറികൃഷിയില്‍ ഗോമൂത്രം എട്ടിരട്ടി നേര്‍പ്പിച്ച് ആഴ്ചയിലൊരിക്കല്‍ ഒഴിച്ചുകൊടുക്കുന്നത് രോഗത്തെ അകറ്റാനും വിളദൈര്‍ഘ്യം കൂട്ടാനും ഉത്തമം. അടുക്കളത്തോട്ടത്തിലേക്കുള്ള വളക്കൂട്ട് വീട്ടില്‍ത്തന്നെ തയ്യാറാക്കാം. ഇതിനായി കാല്‍ക്കിലോഗ്രാംവീതം മുളപ്പിച്ച വന്‍പയര്‍ അരച്ചതും പഴുത്തുകേടായ ഏതെങ്കിലും പഴവും ഒരുകിലോഗ്രാം പുതിയ ചാണകവും ഒരുലിറ്റര്‍ ഗോമൂത്രവും ഒരുപിടി മണ്ണും 20ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കുക.

മൂന്നാംദിവസം ഒരുലിറ്റര്‍ ലായനി 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ച് അടുക്കളത്തോട്ടത്തിലെ പച്ചക്കറികൃഷിക്ക് ചേര്‍ത്തുകൊടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍- 04994 230510.

വീണാ റാണി ആര്‍.

http://www.mathrubhumi.com/agriculture/story-391712.html

2013, ഒക്‌ടോബർ 22, ചൊവ്വാഴ്ച

നാടിന്റെ സ്വന്തം കുട്ടി കര്‍ഷകന്‍ - Manorama Online | Environment | Green Heroes |

അഞ്ചാംക്ലാസുകാരന്‍ ജോസ് തന്റെ പച്ചക്കറിത്തോട്ടത്തില്‍  പച്ച പുതച്ച പീച്ചില്‍ പന്തലിനു താഴെ കായ് നീണ്ടു വളരാന്‍ ചെറിയ കല്ലു കെട്ടുകയായിരുന്നു. കുരുന്നു വിരലുകളുടെ കണിശതയും മുഖത്തും കണ്ണിലും പ്രതിഫലിക്കുന്ന സൂക്ഷ്മതയും ഒരു അഞ്ചാം ക്ലാസുകാരന്റേതല്ല. മറിച്ച് ഇരുത്തം വന്ന കര്‍ഷകന്റെ നിഴലാട്ടം പത്തു വയസ്സുകാരന്റെ ഓരോ ചലനത്തിലുമുണ്ട്.

കുമ്പളങ്ങി സെന്റ് ആന്‍സ് സ്‌കൂള്‍ വിദ്യാര്‍ഥിയായ ജോസിനെ തേടി അതിനുള്ള അംഗീകാരമെത്തി. കൃഷി വകുപ്പ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ക്കായി നടത്തിയ പച്ചക്കറി കൃഷിത്തോട്ട മല്‍സരത്തില്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം കണ്ടക്കടവ് റോഡിലുള്ള കോച്ചേരി ഷിബു-മേരി ദമ്പതിമാരുടെ ഏക മകനായ ജോസിനാണ്. ജോസ് വീട്ടുവളപ്പില്‍ വലിയൊരു വിസ്മയം ഒരുക്കിയിട്ടുണ്ട്.

വളര്‍ന്നു നില്‍ക്കുന്ന എണ്ണമറ്റ വെണ്ട തോട്ടത്തില്‍ നിന്നു കായ് ധൈര്യമായി ഒടിച്ചു വായില്‍ വയ്ക്കാം. കാരണം, ഇവിടെ കൃഷി പൂര്‍ണമായും ജൈവ രീതിയിലാണ്. വെണ്ട ഒന്നു കടിച്ചാല്‍ കൈവിട്ടു പോയ നാടന്‍ കൃഷിയുടെ ഓര്‍മകള്‍ തികട്ടി വരും.  

കര്‍ഷകനായ പിതാവ് ഷിബുവാണു ജോസിന്റെ പ്രചോദനം. തന്റെ ഒന്നര ഏക്കര്‍ കൃഷിയിടത്തില്‍ സൂചി കുത്താന്‍ പോലുമുള്ള ഇടം പാഴാക്കാതെ കൃഷി ചെയ്യുന്ന ഷിബു പാലക്ക് ചീര വിളവെടുത്തു കഴിഞ്ഞപ്പോള്‍ കുറച്ചു സ്ഥലം മകനു നല്‍കി. അവന്‍ സ്‌കൂളില്‍ നിന്നു ലഭിച്ച വിത്ത് അനുഭവ പാഠം ചേര്‍ത്തു മണ്ണില്‍ കുഴിച്ചിട്ടു. 
'മനതാരിലാശകള്‍ പോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചു വന്നു... 

പീച്ചില്‍ പന്തലിന്റെ തണുപ്പില്‍ കുളിര്‍ കാഴ്ചയായി പീച്ചിങ്ങകള്‍, പൊള്ളുന്ന വെയിലിനെ പോലും വെല്ലുവിളിച്ചു വീണ്ടും വീണ്ടും വളരുന്ന വെണ്ടയ്ക്ക. വിളവെടുപ്പിനു ശേഷവും കായ് പൊഴിക്കുന്ന വഴുതന ച്ചെടിക ള്‍. വിവിധ തരം മുളകുകള്‍ , ഇതിനെല്ലാം പുറമെ ഷിബുവിന്റെ വീടിനു പിന്നില്‍ വിളയുന്ന പച്ചക്കറികള്‍ കുമ്പളങ്ങിക്കാരുടെ ഇഷ്ട വിഭവമാണ്. 

കേന്ദ്ര ഭക്ഷ്യമന്ത്രി കെ.വി. തോമസ് തന്നെയാണു ഷിബുവിന്റെ വിളകളുടെ ബ്രാന്‍ഡ് അബാസഡര്‍ . മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശിവദത്തന്റെ സ്‌കൂട്ടറില്‍ കയറി ഭക്ഷ്യമന്ത്രിയുടെ തോപ്പുംപടിയിലെ വീട്ടിലെ അടുക്കളയില്‍ ഷിബുവിന്റെ പച്ചക്കറികള്‍ എത്തും. പച്ചക്കറികള്‍ക്കു പുറമെ തെങ്ങ്, കവുങ്ങ്, വാഴ, കരിമീന്‍, കോഴി, താറാവ്, പോത്ത്, പശു, എരുമ എന്നു വേണ്ട സര്‍വതും കോച്ചേരി വീട്ടിലുണ്ട്. 
വളത്തിനായി പ്രത്യേക മണ്ണിര കമ്പോസിറ്റ് യൂണിറ്റുമുണ്ട്. ജൈവ വിളകള്‍ മാത്രം വില്‍ക്കുന്ന ചില കടകള്‍ കുമ്പളങ്ങിയിലുണ്ട്. വില അല്‍പം കൂടുമെങ്കിലും രാസവളവും അപകടകാരികളായ കീട നാശിനികളും കോച്ചേരി വീടിന്റെ വളപ്പില്‍ കയറ്റില്ലെന്നു കുമ്പളങ്ങിക്കാര്‍ക്ക് അറിയാം.

Manorama Online | Environment | Green Heroes |:

'via Blog this'

2013, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

സ്വന്തം വീട്ടുമുറ്റത്ത് ജൈവപച്ചക്കറിക്കൃഷി - വിപ്ലവകരമായ ഒരു പ്രവര്‍ത്തനം


സി. കെ. ഹരിഹരന്‍ 
അയര്‍ക്കുന്നത്ത് കേരള കര്‍ഷകസംഘം സംഘടിപ്പിച്ച പച്ചക്കറി കൃഷി ശില്പശാലയില്‍ ക്ലാസ്സെടുത്ത റിട്ട. കൃഷി ഓഫീസര്‍ സി. കെ. ഹരിഹരന്‍ കര്‍ഷകസംഘത്തിന്‍റെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്. അതിനാല്‍ത്തന്നെ അദ്ദേഹം ക്ലാസ്സിന്‍റെ ആമുഖമായി പറഞ്ഞ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധേയമായിരുന്നു:
''കഴിഞ്ഞ വര്‍ഷം ചില ഏരിയായകളില്‍ മാത്രം നടപ്പിലാക്കിയ ഈ പരിപാടി ഈ വര്‍ഷം കേരളത്തിലെങ്ങും ഗ്രാസ്സ് റൂട്ടു തലത്തില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നതിന് വിപ്ലവകരമായ ഒരു മാനം കൂടിയുണ്ട്. ഈ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയിട്ടുള്ള ഭക്ഷ്യസുരക്ഷാബില്ലും ഭൂമി ഏറ്റെടുക്കല്‍ ബില്ലും നമ്മെ ബഹുരാഷ്ട്രക്കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള ഒരു വലിയ അജണ്ടയോടെ പാസ്സാക്കിയിട്ടുള്ളവയാണെന്നാണ് കരുതേണ്ടിയിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാബില്‍ ഇന്ത്യയിലെ ദരിദ്രര്‍ക്കല്ലാം കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്കാമെന്നല്ലാതെ അവ നമ്മുടെ ജീവനും ആരോഗ്യത്തിനും യാതൊരു സുരക്ഷിതത്ത്വവും ഉറപ്പു നല്കുന്നില്ല. കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭ്യമാക്കണമെങ്കില്‍ ബഹുരാഷ്ട്ര കുത്തകകളെ കൃഷി ഏല്പ്പിച്ചാലേ സാധിക്കൂ എന്നു പറഞ്ഞ് നമ്മുടെ കൃഷിഭൂമിയെല്ലാം വലിയ വിലയ്ക്ക് ഏറ്റെടുത്ത് അവര്‍ക്കു നല്കാന്‍ വേണ്ടിയാണ് ഭൂമിയേറ്റെടുക്കല്‍ ബില്ല് ഉണ്ടാക്കിയിട്ടുള്ളത്. ഇതൊക്കെ കാണാനും അതിനെ പ്രതിരോധിക്കാനും കേരളത്തിലെ സാധാരണക്കാര്‍ക്കു സാധിക്കും. കാരണം അന്യസംസ്ഥാനങ്ങളില്‍ നിന്ന് വിഷാംശം കലര്‍ന്ന ആഹാരസാധനങ്ങള്‍ വലിയ വില കൊടുത്ത് വാങ്ങി വലിയരോഗങ്ങള്‍ക്ക് അടിപ്പെടേണ്ടിവരുന്ന കേരളത്തിലെ സാധാരണക്കാര്‍ സര്‍ക്കാര്‍ തരുന്നു എന്നു കരുതി ആഹാരം സുരക്ഷിതമാകണമെന്നില്ല എന്ന് അനുഭവിച്ചറിയുന്നവരാണ്. പച്ചക്കറിയുടെ തീപിടിച്ച വിലയെയും അവയിലെ വിഷത്തെയും കുറിച്ച് അറിയാവുന്നതിനാലാണ് സാധാരണക്കാര്‍ സ്വയം വീട്ടുമുറ്റങ്ങളില്‍ പച്ചക്കറി കൃഷി തുടങ്ങിയിട്ടുള്ളത്. അത് രാഷ്ട്രീയമാനമുള്ള ഒരു പ്രവര്‍ത്തനമായി വളരാതിരിക്കാനാണ് മനോരമ ആഴ്ചപ്പതിപ്പിലൂടെ പച്ചക്കറി വിത്തും മറ്റും സൗജന്യമായി നല്കിക്കൊണ്ടിരിക്കുന്നത്. തികഞ്ഞ സാമൂഹ്യബോധത്തോടെ നടപ്പാക്കേണ്ട ഒരു പ്രവര്‍ത്തനമായാണ് കേരള കര്‍ഷക സംഘം ഈ പ്രവര്‍ത്തനത്തെ കാണുന്നതെന്ന് ആദ്യം തന്നെ വ്യക്തമാക്കാന്‍ ഞാനാഗ്രഹിക്കുന്നു.
വിഷാംശമുള്ള പച്ചക്കറികളിലെ വിഷാംശം എങ്ങനെ നീക്കം ചെയ്യാമെന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന ഈ ക്ലാസ്സ് ചെറ്റക്കുടിലില്‍ കഴിയുന്നവര്‍ക്കുപോലും സ്വന്തം വീട്ടുമുറ്റത്ത് ശാസ്ത്രീയമായി ജൈവപച്ചക്കറിക്കൃഷി എങ്ങനെ നടത്താമെന്ന് ലളിതമായി വിശദീകരിച്ചുകൊണ്ടും പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തുകൊണ്ടുമായിരിക്കും സമാപിക്കുക. ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ വിളിച്ചു ചോദിക്കാന്‍ ഞാന്‍ എന്‍റെ മൊബൈല്‍ ഫോണ്‍ നംപരും നിങ്ങള്‍ക്ക് തരുന്നതാണ്.''

2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

വിഷാംശമില്ലാത്ത പച്ചക്കറി ഉത്പാദിപ്പിക്കാന്‍ കേരള കര്‍ഷകസംഘവും


കേരള കര്‍ഷകസംഘം കേരളത്തിലുള്ള എല്ലാ യൂണിറ്റുകളിലും അംഗങ്ങളുടെ വീട്ടുമുറ്റത്ത് പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. തമിഴ്‌നാട്ടില്‍നിന്നു വന്നാലേ, അവരോടു വിധേയരായിരുന്നാലേ, കേരളത്തിലെ വീടുകളില്‍ പച്ചക്കറി കഴിക്കാനാവൂ എന്ന അവസ്ഥയും വിഷമടിച്ച പച്ചക്കറികള്‍ വരുത്തിവയ്ക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും പരിഗണിച്ചുകൊണ്ടാണ് ഈ തീരുമാനമെന്ന് അയര്‍ക്കുന്നം ഏരിയാ സെക്രട്ടറി ശ്രീ ജയന്‍ വ്യക്തമാക്കി. ഈ തീരുമാനമനുസരിച്ച് അയര്‍ക്കുന്നം ഏരിയായിലെ അറുനൂറു കുടുംബങ്ങള്‍ക്ക് വിഷാംശമില്ലാത്ത പച്ചക്കറി ഉത്പാദിപ്പിക്കാന്‍ വേണ്ട എല്ലാ സഹായങ്ങളും സംഘം ഈ വര്‍ഷം നല്കുന്നതാണെന്ന് അദ്ദേഹം വിശദീകരിച്ചു.
പദ്ധതിയുടെ ഭാഗമായി നടത്തപ്പെട്ട ശില്പശാലയില്‍ സ്വാഗതപ്രസംഗം നടത്തുകയായിരുന്നു ശ്രീ ജയന്‍. 


അയര്‍ക്കുന്നം ഏരിയാ കമ്മറ്റി പ്രസിഡന്റ് ശ്രീ ഗോപാലകൃഷ്ണന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.
 

ശില്പശാലയ്ക്ക് റിട്ട. കൃഷി ഓഫീസറും കര്‍ഷകസംഘം പൂഞ്ഞാര്‍ ഏരിയാ പ്രസിഡന്റും ആയ ശ്രീ സി. കെ. ഹരിഹരന്‍ നേതൃത്വം നല്കി. മണ്ണിര കമ്പോസ്റ്റ് മുതല്‍ ഇ-എം ലായനി, ജീവാമൃതം, പഞ്ചഗവ്യം മുതലായ സൂക്ഷ്മാണുവളങ്ങള്‍ മണ്ണിലെ സൂക്ഷ്മാണുക്കളെയും മിത്ര കീടങ്ങളെയും വളര്‍ത്തിക്കൊണ്ടുള്ള കൃഷിരീതികള്‍ എന്നിങ്ങനെ കാര്‍ഷിക സര്‍വകലാശാലകള്‍ ഒരു കാലത്ത് നിഷേധിച്ചിരുന്നതും ഇന്ന് അംഗികരിക്കുന്നതുമായ പലേക്കറുടെ സീറോ ബജറ്റ് ഫാമിങ് വരെയുള്ള കര്‍ഷകര്‍ അറിഞ്ഞിരിക്കേണ്ട നിരവധികാര്യങ്ങളടങ്ങിയതായിരുന്നു ശ്രീ ഹരിഹരന്റെ ക്ലാസ്. കേരളത്തിലെ കൃഷി അഭിമുഖീകരിക്കുന്ന ഭീഷണികളും അവയെ നേരിടുന്നതിന് ഓരോ കര്‍ഷകനും വഹിക്കേണ്ട പങ്കും വ്യക്തമാക്കിക്കൊണ്ട് ജൈവകൃഷിയിലെ വിവിധ സങ്കേതങ്ങളെപ്പറ്റി നടത്തപ്പെട്ട വിശദമായ ക്ലാസ്സ് രണ്ടരമണിക്കൂറോളം ഉണ്ടായിരുന്നു. ക്ലാസ്സിനുശേഷം ക്ലാസ്സില്‍ പങ്കെടുത്ത അറുപതോളം കര്‍ഷകരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും അദ്ദേഹം നല്കി. ക്ലാസ്സിനുശേഷം പങ്കെടുത്തവര്‍ക്കെല്ലാം പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്യുകയും ചെയ്തു.
NB
അദ്ദേഹത്തിന്റെ ക്ലാസ്സ് വോയ്‌സ് റിക്കാര്‍ഡുചെയ്തിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ അതിനെ അടിസ്ഥാനമാക്കിയുള്ള കുറിപ്പുകളും ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കണം എന്നു കരുതുന്നു.

2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ചെലവില്ലാ പ്രകൃതികൃഷി വിശേഷങ്ങള്‍ - YouTube

ടെക്‌സ്‌റ്റൈല്‍ എന്‍ജിനീയറിങ് പ്രൊഫഷന്‍ ഉപേക്ഷിച്ച് പ്രകൃതികൃഷി നടത്തുന്ന പാലക്കാട് കഞ്ചിക്കോട് സ്വദേശി മനോജ്കുമാറിന്റെ ചെലവില്ലാ പ്രകൃതികൃഷി വിശേഷങ്ങള്‍ 
Zero Budget Farming - YouTube:

'via Blog this'

2013, ഒക്‌ടോബർ 13, ഞായറാഴ്‌ച

വീട്ടിലെ പാഠംManorama Online | Malayalam News | Sunday |

 അബിന്‍ ജോസഫ് 

സ്‌കൂളില്‍ പോകാന്‍ മടിയുള്ള കുട്ടികളേ, വിഷമിക്കണ്ട. 'ഹോം സ്‌കൂളിങ് നിങ്ങളുടെ കൂടെയുണ്ട്.

സിലബസും പരീക്ഷയും ഗൃഹപാഠത്തിന്റെ പീഡനവുമൊന്നും തീരെയില്ലാത്ത പഠനരീതി പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മ. പ്രകൃതിയും ജീവിതപരിസരങ്ങളും പകര്‍ന്നുനല്‍കുന്ന പാഠങ്ങളിലൂടെ ആര്‍ജിച്ചെടുക്കുന്ന അറിവാണ് കുട്ടികള്‍ നേടേണ്ടത് എന്ന ചിന്തയാണ് ഈ ആശയത്തിന്റെ അടിത്തറ. കുട്ടികളെ അവരുടെ ചുറ്റുപാടുകളിലേക്കു സ്വതന്ത്രമായി വിടുക. ഓരോ സാഹചര്യത്തിലും ജീവിക്കാനാവശ്യമായ കാര്യങ്ങള്‍ അവര്‍ സ്വയം പഠിച്ചെടുക്കും.

പുണെ ആസ്ഥാനമാക്കിയാണ് ഹോം സ്‌കൂളിങ് പ്രവര്‍ത്തിക്കുന്നത്. ഒരു സാധാരണ സംഘടനയുടെ ചട്ടക്കൂടിനു പുറത്താണ് ഹോം സ്‌കൂളിങ് (സ്‌കൂള്‍രഹിത വിദ്യാഭ്യാസം). നമ്മുടെ കുട്ടികള്‍ എന്തുപഠിക്കണം എന്നു തീരുമാനിക്കേണ്ടത് തലസ്ഥാനത്തിരിക്കുന്ന കുറച്ചുപേരല്ല എന്നു ചിന്തിച്ച ചില മാതാപിതാക്കളുടെ കൂട്ടായ്മ.

ലോകമേ ഗുരുകുലം...
രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശി ഷമ്മി നന്ദ അവിചാരിതമായാണ് ഹോം സ്‌കൂളിങ്ങിന്റെ പ്രചാരകനാകുന്നത്. പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സിനിമറ്റോഗ്രഫി പഠിക്കുന്ന കാലത്ത്, ഈ വിദ്യാഭ്യാസ സമ്പ്രദായം പ്രോത്സാഹിപ്പിക്കുന്ന ചിലരെ പരിചയപ്പെട്ടു. ഫിലിം ഇന്‍സ്റ്റിറ്റിയുട്ടിലെ പഠനശേഷം ഡോക്യുമെന്ററി നിര്‍മാണവും സാമൂഹിക പ്രവര്‍ത്തനവുമായി നടക്കുമ്പോള്‍ ഭാവിയിലേക്കുള്ള തലമുറയെ വാര്‍ത്തെടുക്കേണ്ടത് സ്‌കൂള്‍രഹിത വിദ്യാഭ്യാസം വഴിയാണെന്ന ചിന്ത മനസ്സിലുറച്ചു.

രാജസ്ഥാനിലെ ഉദയ്പൂരില്‍ സ്‌കൂള്‍രഹിത വിദ്യാഭ്യാസം പരീക്ഷിക്കുന്ന ഒരു സമൂഹമുണ്ടായിരുന്നു-ശിക്ഷാന്തര്‍ . മുംബൈയിലേക്കു കുടിയേറിയ അവരില്‍ ചിലരുമായി ഷമ്മി അടുത്തു. ഓരോരുത്തരും സ്വന്തം കഴിവുകള്‍ സ്വയം കണ്ടെത്തുന്നരീതി ഏതു സിലബസിനെക്കാളും മികച്ചതാണെന്നു ബോധ്യപ്പെട്ടു. ഹോം സ്‌കൂളിങ് രീതിയില്‍ മക്കളെ വളര്‍ത്തുന്ന ഒരു കുടുംബത്തെക്കുറിച്ച് 'ലീപ് ഓഫ് ഫെയ്ത് എന്നപേരില്‍ ഡോക്യുമെന്ററി നിര്‍മിച്ചു. മൂന്ന് ഭാഗമുള്ള ഡോക്യുമെന്ററിയില്‍ സ്‌കൂള്‍രഹിത വിദ്യാഭ്യാസം മാത്രമല്ല, മറ്റു രണ്ട് ആശയങ്ങള്‍കൂടിയുണ്ട്. 1. കൃത്രിമവളങ്ങളും കീടനാശിനികളും ഉപയോഗിക്കാത്ത ജൈവകൃഷി 2. മരുന്നുകള്‍ ഉപയോഗിക്കാത്ത ജീവിതരീതി. ശരീരത്തിന്റെ അവശതകളും അസുഖങ്ങളും മറികടക്കാന്‍ പ്രകൃതിതന്നെ പ്രതിരോധസംവിധാനം ശരീരത്തില്‍ സൃഷ്ടിക്കും എന്ന് വിശ്വസിക്കുന്ന ജീവിതശൈലി.

ദിവസം ഇരുപത് സിഗരറ്റു വലിക്കുന്ന ആളായിരുന്നു ഷമ്മി. ആസ്മയുടെ ആക്രമണം കടുത്തതോടെ വലി നിര്‍ത്തി. കൃത്രിമപദാര്‍ഥങ്ങള്‍ അടങ്ങിയ ഭക്ഷണം ഉപേക്ഷിച്ചു. അങ്ങനെയാണ്, പ്രകൃതിയുമായി കൂടുതല്‍ ഇണങ്ങിനിന്നാല്‍ അതിജീവനത്തിനുള്ള ആരോഗ്യം പ്രകൃതിയില്‍നിന്നുതന്നെ ആര്‍ജിച്ചെടുക്കാമെന്ന പാഠംപഠിച്ചത്.

ഡോക്യുമെന്ററികൊണ്ടു ഷമ്മി നിര്‍ത്തിയില്ല. ഈ മൂന്നുരീതികളിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരാന്‍ ശ്രമംതുടങ്ങി. രാജ്യമാകെ സഞ്ചരിച്ച് ക്ലാസെടുത്തു. ഹോം സ്‌കൂളിങ്ങില്‍ താല്‍പര്യപ്പെട്ടുവന്ന മാതാപിതാക്കള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കി. ജൈവകൃഷിയിലേക്കു തിരിയാന്‍ കര്‍ഷകര്‍ക്കു പ്രചോദനമേകി. ശരീരത്തിന് ഒരു തരത്തിലും ദോഷകരമാകാത്ത ഭക്ഷണരീതികള്‍ പ്രോത്സാഹിപ്പിക്കാന്‍ പ്രചാരണം നടത്തി.
'ക്ലാസുകളില്‍ വരുന്ന ചിലര്‍ ഈ രീതികളെക്കുറിച്ച് ആദ്യം കേള്‍ക്കുകയായിരുന്നു. സ്‌കൂളിലും കോളജിലും വിടാതിരുന്നാല്‍ മക്കളുടെ ഭാവി എന്താകുമെന്നായിരുന്നു എല്ലാവരുടെയും ഭയം. കുട്ടികള്‍ സ്വന്തം കഴിവു സ്വയം കണ്ടെത്തി വളരേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചപ്പോള്‍ പലരും ഹോം സ്‌കൂളിങ്ങിലേക്കു തിരിഞ്ഞു-ഷമ്മി നന്ദ പറയുന്നു.

പുണെയിലെ അടുക്കള
മധ്യപ്രദേശിലൂടെ നടത്തിയ യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട ദീപക് സച്‌ദേവ് എന്ന കര്‍ഷകന്‍ ഷമ്മിക്കു ജൈവകൃഷിയെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ നല്‍കി. സ്വന്തം കൃഷിസ്ഥലത്ത് അദ്ദേഹം പരീക്ഷിച്ചുവിജയിച്ച രീതിയായിരുന്നു ഇത്. പിന്നീടു ഷമ്മിയുടെ ശ്രദ്ധ ജൈവകൃഷിയിലേക്കു തിരിഞ്ഞു. ആസ്മയുടെ അസ്വസ്ഥതകള്‍ ശരീരത്തെ ബാധിച്ചതുകൊണ്ടാണ് താന്‍ കര്‍ഷകനാകാതിരുന്നതെന്നു ഷമ്മി പറഞ്ഞു. എങ്കിലും മറ്റുപലരുടെയും സഹായത്തോടെ ഈ രീതി പ്രാവര്‍ത്തികമാക്കി.

ജൈവകൃഷിക്കു പിന്തുണയുമായി ഷമ്മിയെ സമീപിച്ചവര്‍ ഏറെയും വിദ്യാര്‍ഥികളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഈ ശൈലിക്കു വേരുറപ്പിക്കാന്‍ കഴിയുക എന്നു മനസ്സിലായപ്പോള്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റിയുട്ടില്‍ തിരിച്ചെത്തി. ഹോസ്റ്റല്‍ ഭക്ഷണശാല നടത്തിപ്പിന്റെ ചുമതല ഏറ്റെടുത്തു; ചില്ലിക്കാശ് പ്രതിഫലം വാങ്ങാതെ! വിദ്യാര്‍ഥികളുടെ കൂട്ടുകിട്ടിയതോടെ ജൈവകൃഷിയില്‍ നൂറുമേനി. വെള്ളവും മണ്ണില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളും മാത്രം വലിച്ചെടുത്ത് പച്ചക്കറികളും പഴങ്ങളും ഷമ്മിയുടെ പരീഷണം വിജയിപ്പിച്ചു.

'എന്നാല്‍ ഫിലിം ഇന്‍സ്റ്റിറ്റിയുട്ടിലെ മറ്റൊരുപറ്റം വിദ്യാര്‍ഥികള്‍ പുതിയ ജീവിതരീതി ശീലിച്ചവരായിരുന്നു. അവര്‍ക്ക് ഫാസ്റ്റ്ഫുഡും സോഫ്റ്റ് ഡ്രിങ്കും മതി. അവര്‍ എന്റെ ഭക്ഷണരീതി എതിര്‍ത്തു. കുട്ടികളുടെ നന്മയ്ക്കുവേണ്ടിയാണു ഞാന്‍ പ്രതിഫലംപോലും വാങ്ങാതെ പാചകശാല ഏറ്റെടുത്തത്. പക്ഷേ, അത് എല്ലാവരും മനസ്സിലാക്കുന്നില്ല എന്നു വന്നപ്പോള്‍, ഇന്‍സ്റ്റിറ്റിയുട്ടിനോടു വിടപറഞ്ഞു-ഷമ്മി പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നുള്ള രണ്ടാമത്തെ വിടവാങ്ങല്‍ പക്ഷേ, പുതിയൊരു തീരുമാനത്തോടെയായിരുന്നു.

സംഗീതംപോലെ, അപരന്റെ സ്വരം
ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി താന്‍ ചെയ്ത നല്ലകാര്യം അവര്‍ മനസ്സിലാക്കാതെപോയത് എന്തുകൊണ്ടാണെന്നു ചിന്തിച്ചപ്പോഴാണ്, മനുഷ്യര്‍ തമ്മിലുള്ള ആശയവിനിമയത്തിന് പരിമിതികളുണ്ടെന്നു ബോധ്യപ്പെട്ടത്. നോണ്‍ വയലന്റ് കമ്യൂണിക്കേഷന്‍(അക്രമരഹിത ആശയവിനിമയം) എന്ന ആശയം തലച്ചോറില്‍ കത്തിയത്് അങ്ങനെയാണ്.

'മറ്റുള്ളവര്‍ നമ്മോടു പറയുന്ന കാര്യം ക്ഷമയോടെ കേള്‍ക്കാനും അവരുടെ പക്ഷത്തുനിന്ന് ആലോചിക്കാനും കഴിഞ്ഞാല്‍ വഴക്കും പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ കഴിയും. ഓരോരുത്തര്‍ക്കും അവരവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. മറ്റുള്ളവരുടെ വാക്കുകളിലെ നന്മ മനസ്സിലാക്കണം. അതിനു കഴിഞ്ഞാല്‍ അക്രമങ്ങളും പ്രതിസന്ധികളും ഉണ്ടാകില്ല- ഷമ്മി പറഞ്ഞു.
ഈ ആശയം പകരണം എന്ന ചിന്തയാണ് വീണ്ടും യാത്രകളിലേക്കു തിരിയാന്‍ പ്രേരിപ്പിച്ചത്.

'നമ്മള്‍ കണ്ടുമുട്ടുന്ന ആളുകള്‍, സഹപ്രവര്‍ത്തകര്‍, കുടുംബാംഗങ്ങളുമായൊക്കെ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുക്കും. അതൊരു വഴക്കിലേക്കു നീട്ടരുത്. നമ്മുടെ ശരികളെക്കുറിച്ചുമാത്രം ആലോചിക്കരുത്. ഓരോ മനുഷ്യനും ഓരോശരിയാണ്. അങ്ങനെ ചിന്തിച്ചാല്‍ ഭിന്നതയുടെ പ്രശ്‌നം അനായാസമായി പരിഹരിക്കാം. -തന്റെ ആശയത്തെക്കുറിച്ച് ഷമ്മിയുടെ വാക്കുകള്‍.

കൗണ്‍സലിങ്ങിന്റെ സ്വഭാവം പ്രകടിപ്പിക്കുന്ന ക്ലാസുകളാണ് അക്രമരഹിത ആശയവിനിമയത്തിന് സംഘടിപ്പിക്കുന്നത്. ഈ ആശയം ആസ്പദമാക്കി ഡോക്യുമെന്ററി ഒരുക്കാനും പദ്ധതിയുണ്ട്. അതിനുവേണ്ടിയുള്ള ഗവേഷണത്തിലാണ് ഷമ്മിയിപ്പോള്‍. ജനുവരിയില്‍ ഈ വിഷയത്തെക്കുറിച്ചുള്ള ഷമ്മിയുടെ ക്ലാസ് തിരുവനന്തപുരത്തു നടക്കും. കലാപങ്ങള്‍ക്കും അക്രമങ്ങള്‍ക്കുംശേഷം വീടും സ്ഥാപനങ്ങളും പുനരുദ്ധരിക്കുന്നതോടൊപ്പം മനുഷ്യന്റെ മനസ്സുകൂടി പുതുക്കിപ്പണിയണം. അതാണ് ഷമ്മിയുടെ പ്രത്യയശാസ്ത്രം. 

Manorama Online | Malayalam News | Sunday |:

'via Blog this'

2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

കാര്‍ഷിക വിദ്യാര്‍ത്ഥികള്‍ അര്‍പ്പണബോധം കാണിക്കണം : അനൂപ് ചന്ദ്രന്‍

ആലപ്പുഴ നിന്ന് അയച്ചുകിട്ടിയ ഏതാനും ഫോട്ടോകളും വാര്‍ത്തകളും  
താഴെ കൊടുക്കുന്നു.
ഫോട്ടോ - എസ്.എല്‍.പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തില്‍ നടന്ന ഭക്ഷ്യ ആരോഗ്യ സ്വരാജ് സമ്മേളനത്തില്‍ പ്രശസ്ത സിനിമാതാരം അനൂപ് ചന്ദ്രന്‍ സംസാരിക്കുന്നു. 

കാര്‍ഷിക വിദ്യാര്‍ത്ഥികള്‍ അര്‍പ്പണബോധം കാണിക്കണമെന്ന് പ്രശസ്ത സിനിമാതാരവും ഭക്ഷ്യ - ആരോഗ്യസുരക്ഷാ സംസ്ഥാന ഏകോപന സമിതി ചെയര്‍മാനുമായ അനൂപ് ചന്ദ്രന്‍ ആവശ്യപ്പെട്ടു. കൃഷി ഒരു വ്യവസായം അല്ലെന്നും അത് ഒരു സംസ്‌കാരമാന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിസ്മാരക ഗ്രാമ സേവാകേന്ദ്രത്തിന്റെയും ജില്ലാതല ഗാന്ധിജയന്തി വാരാഘോഷ കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടക്കു വാരാചരണ പരിപാടിയുടെ ഭാഗമായുള്ള ഭക്ഷ്യ-സ്വരാജ് സമ്മേളത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു, അദ്ദേഹം. എസ്.എല്‍.പുരം ഗാന്ധിസ്മാരക ഗ്രാമ സേവാകേന്ദ്രത്തില്‍ നടന്ന കര്‍ഷക സംഗമത്തില്‍ ഡോ.ആര്‍.ആര്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക സര്‍വ്വകലാശാല കുമരകം ഗവേഷണ കേന്ദ്രത്തിലെ പ്രൊഫ: ഡോ. എന്‍. കെ ശശിധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള ഗാന്ധിസ്മാരക നിധിയുടെ സെക്രട്ടറി കെ.ജി. ജഗദീശന്‍ ഭക്ഷ്യ-ആരോഗ്യ സ്വരാജ് എന്ന വിഷയം അവതരിപ്പിച്ചു. കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കല്‍, നാളികേര വികസനബോര്‍ഡിലെ പി.വി. പ്രീതികുമാരി, പി. ശശി, പി.എസ്. മനു, പി.ജെ ജോസഫ് എന്നിവര്‍ സംബന്ധിച്ചു. സമ്മേളനത്തെ തുടര്‍ന്ന് ഭക്ഷ്യ- ആരോഗ്യ സ്വരാജ് എന്ന വിഷയത്തില്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. 200 -ല്‍ പരം കര്‍ഷകര്‍ യോഗത്തില്‍ പങ്കെടുത്തു. 


ഭക്ഷ്യ - ആരോഗ്യ സ്വരാജ് പ്രസ്ഥാനം ജില്ലാ ഏകോപന സമിതി രൂപീകരിച്ചു.

ആലപ്പുഴ : എസ്.എല്‍.പുരം ഗാന്ധിസ്മാരക ഗ്രാമ സേവാകേന്ദ്രത്തില്‍ നടന്ന കര്‍ഷകരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും യോഗത്തില്‍വെച്ച് ഭക്ഷ്യ-ആരോഗ്യ സ്വരാജ് ആലപ്പുഴ ജില്ലാ സമിതി രൂപീകരിച്ചു. ചെയര്‍മാനായി പോള്‍ ജോസഫിനേയും (കുട്ടനാട്) കണ്‍വീനറായി പി.എസ്. മനുവിനെയും (ഗാന്ധിസ്മാരക ഗ്രാമ സേവാകേന്ദ്രം, എസ്.എല്‍.പുരം ) തിരഞ്ഞെടുത്തു. ബിജു. പി. (പുറക്കാട്), പി. ജഗദീശ് (അമ്പലപ്പുഴ), ശ്രീധരന്‍ നായര്‍ (കാര്‍ത്തികപ്പള്ളി), രാധാകൃഷ്ണന്‍ നായര്‍ (കാര്‍ത്തികപ്പള്ളി), എസ്. നന്ദകുമാര്‍ (ചേര്‍ത്തല), അനിതകുമാരി (ചേര്‍ത്തല), കെ.ജി. മോഹനന്‍പിള്ള (കുട്ടനാട്), എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു. യോഗത്തില്‍ കാര്‍ഷിക സര്‍വ്വകലാശാല റിട്ട. അസോസിയേറ്റ് ഡയറക്ടര്‍ ഡോ.ആര്‍.ആര്‍. നായര്‍, ഗാന്ധിസ്മാരക ഗ്രാമ സേവാകേന്ദ്രം ജനറല്‍ സെക്രട്ടറി കെ.ജി. ജഗദീശന്‍, ഭക്ഷ്യ-ആരോഗ്യ സംസ്ഥാന ഏകോപനസമിതി ചെയര്‍മാന്‍ ശ്രീ. അനൂപ് ചന്ദ്രന്‍, സമിതി അംഗം പി.ജെ. ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

2013, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

സംസ്ഥാനകാര്‍ഷിക നയത്തിന്റെ രൂപരേഖ

നാം ചര്‍ച്ചചെയ്യണമെന്നു നിര്‍ദ്ദേശിച്ചിരുന്ന (.....കേരളസര്‍ക്കാര്‍ നിയമിച്ച കൃഷ്ണന്‍കുട്ടി കമ്മിറ്റി തയ്യാറാക്കിയിട്ടുള്ള സംസ്ഥാനകാര്‍ഷിക നയത്തിന്റെ രൂപരേഖ ഏറെ പോരായ്മകള്‍ നിറഞ്ഞവയാണെന്നും അതു സംബന്ധിച്ച് വിശദമായ ഒരു പഠനം ആവശ്യമാണെന്നും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി. .... http://bhakshyaswaraj.blogspot.in/2013/10/blog-post_7.html) സംസ്ഥാനകാര്‍ഷിക നയത്തിന്റെ രൂപരേഖയുടെ സംഗ്രഹം കേരളകര്‍ഷകനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. അതാണ് താഴെ:
ഇംഗ്ലീഷിലുള്ള പൂര്‍ണരൂപം താത്പര്യമുള്ളവര്‍ക്ക് ഇ-മെയിലില്‍ അയച്ചുതരാം.








2013, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

മാതൃഭൂമിക്കുവേണ്ടി അനൂപ് ചന്ദ്രന്‍


കാന്‍സറിന് ആഹാരത്തിലൂടെയുള്ള ചികിത്സയാണ് ഏറ്റവും ശാസ്ത്രീയം

കാന്‍സറിന് ആഹാരത്തിലൂടെയുള്ള ചികിത്സയാണ് ഏറ്റവും ശാസ്ത്രീയമെന്ന് RCC യിലെ ഒരു അലോപ്പതി ഡോക്ടറോടു ശ്രീ മോഹനന്‍ വൈദ്യര്‍ വിശദീകരിക്കുന്ന വീഡിയോ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ സെലക്ടു ചെയ്ത് ക്ലിക്കു ചെയ്താല്‍ യു ട്യൂബില്‍ കാണാം.
https://www.youtube.com/watch?v=k6kw-InXBBY

മോഹനന്‍ വൈദ്യരുടെ വീഡിയോകളുടെ ലിങ്കുകള്‍ ഭക്ഷ്യസ്വരാജില്‍ കൊടുക്കുന്നത് ഇതു സന്ദര്‍ശിക്കുന്ന ഒരോരുത്തരും ഇവ ഡൗണ്‍ലോഡു ചെയ്ത്  ഓഫ്‌ലൈനായി ഗൃഹസദസ്സിലും നാട്ടില്‍ നടത്തപ്പെടുന്ന ഭക്ഷ്യസ്വരാജ് പ്രചാരണ യോഗങ്ങളിലും പ്രദര്‍ശിപ്പിച്ച് ഈ ആശയപ്രചാരണത്തില്‍ സ്വന്തം പങ്ക് നിര്‍വഹിക്കാന്‍ വേണ്ടിയാണ്. മോഹനനന്‍ വൈദ്യര്‍ ചെയ്തുകൊണ്ടിരിക്കുന്ന അസാധാരണമായ ഈ സേവനത്തിന് നന്ദിപറയുന്നതോടൊപ്പം അദ്ദേഹത്തിന്റെ ഈ വീഡിയോകള്‍ ഉപയോഗിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹത്തെ അറിയിക്കുന്നതിനും വായനക്കാര്‍ ശ്രദ്ധിക്കുമല്ലോ.

2013, ഒക്‌ടോബർ 7, തിങ്കളാഴ്‌ച

ഭക്ഷ്യ-ആരോഗ്യസ്വരാജ് -- മൂന്നാമത് സംസ്ഥാനതലകൂടിയാലോചനായോഗം റിപ്പോര്‍ട്ട്


ഭക്ഷ്യ-ആരോഗ്യസ്വരാജ് സങ്കല്‍പ്പം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചാലോചിക്കാന്‍ ആദ്യം തൃശൂരും രണ്ടാമത് തിരുവനന്തപുരത്തും സംസ്ഥാനതലത്തിലുള്ള ആലോചനായോഗങ്ങള്‍ ചേരുകയും അവിടെയുണ്ടായ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ കൂറെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചെയ്തല്ലോ. ഇക്കഴിഞ്ഞ ചിങ്ങം ഒന്നിന് ഏഴുജില്ലകളില്‍ വ്യത്യസ്തങ്ങളായ പരിപാടികളോടെ പൊതുസമൂഹത്തിനുമുന്നില്‍ ഭക്ഷ്യ-ആരോഗ്യസ്വരാജ് പ്രവര്‍ത്തങ്ങള്‍ക്ക് ഔപചാരികമായ തുക്കവും കുറിച്ചു. അതിന്റെയെല്ലാം ഊര്‍ജ്ജവുമായാണ് സെപ്റ്റംബര്‍ 29-ാം തീതി ഞായറാഴ്ച്ച ആലപ്പുഴ എസ്. എല്‍ പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തില്‍ മുന്നാമത് സംസ്ഥാനതല കൂടിയാലോചനകള്‍ക്കായി ജില്ലകളില്‍നിന്നായി അൻപതിലേറെ പേർ ഒത്തുകൂടി .

1. എബി ഇമ്മാനുവേൽ   ഭൂമിക, പൂഞ്ഞാർ 
2. സുബ്രഹ്മണ്യൻ  പി., ആലപ്പുഴ
3. വിജയപ്പൻ , തേജസ്സ് സ്വാശ്രയസംഘം, ആലപ്പുഴ
4. വി.വി. ഓംപ്രകാശ്, ആലപ്പുഴ
5. പി.കെ കമലാസനൻ, മഹാത്മാഫാര്‍മേഴ്‌സ് ക്ലബ്ബ്, കിടങ്ങറ
6. പി.പി. അനന്തൻ, സീഡ്, എസ്. എല്‍ പുരം
7. തോമസ് കളപ്പുര, ഫെയര്‍ട്രോഡ് അലയന്‍സ് കേരള, കണ്ണൂർ
8. ഫാ. റൊമാൻസ് ആന്റണി, കേരള സോഷ്യൽ  സര്‍വ്വീസ് ഫോറം, കോട്ടയം
9. ഡോ. ആർ. എം. പ്രസാദ്, തൃശ്ശൂർ
10. സജീവന്‍ കാവുങ്കര, ജൈവസംസ്‌കൃതി, കണ്ണൂർ
11. അഡ്വ. ജോൺ ജോസഫ്, ആന്റികറപ്ഷൻ പീപ്പിൾസ് മൂവ്‌മെന്റ് കേരള, എറണാകുളം
12. ബേബി സെബാസ്റ്റ്യൻ , ശനിക്കൂട്ടം, കട്ടപ്പന
13. ഷാജി തുണ്ടത്തിൽ ,സീറോബഡ്ജറ്റ് നാച്ചുറൽ  ഫാമിംഗ് മൂവ്‌മെന്റ് ഇടുക്കി
14. കെ.സി. തങ്കച്ചൻ , സന്ധ്യ ഡവലപ്പ്‌മെന്റ് സൊസൈറ്റി. കൊടുമ്പിടി;കോട്ടയം
15. ഔസേപ്പച്ചൻ , ആലപ്പുഴ
16. ഇന്ദിര വി. എം., കൊടകര, തൃശ്ശൂര്‍
17. പി. ആര്‍. രാമചന്ദ്രൻ , വെളിയനാട്, ആലപ്പുഴ.
18. മനോഹരന്‍ പി. സി, എസ്. എല്‍ പുരം, ആലപ്പുഴ
19. പി. എസ് . മനു, ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം കാർഷികവിഭാഗം, എസ്. എൽ പുരം
20. സുനിൽ കുമാർ കെ. ഓച്ചിറ, കൊല്ലം
21 പി. ചന്ദ്രൻ, കണ്ടല്ലൂർ.
22. പി.കെ. ലാൽ , സ്വരാജ്, കാസർഡ്
23. പി.ജെ. ജോൺസൺ, ആലപ്പുഴ
24. കെ.കനകപ്പൻ, മുഹമ്മ
25. ബി.രാജപ്പൻ നായർ, ആലപ്പുഴ
26. അനൂപ് ചന്ദ്രൻ, ചേർത്തല
27. ടി. എസ്. വിശ്വൻ, ആലപ്പുഴ
28. വല്‍സല വിശ്വൻ, ആലപ്പുഴ
30. പി.കെ രാജേന്ദ്രൻ, ആലപ്പുഴ
31. ആശാലത എൻ. എ, ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം, എസ്. എൽ പുരം
32. രാജീവ് മുരളി ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം. എസ്. എൽ  പുരം
33. സി.ജി. പ്രകാശൻ മായിത്തറ
34. സി. മന്മഥൻ നായർ ആലപ്പുഴ
35. രവി പാലത്തിങ്കൽ ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം, എസ്.എൽ പുരം
36. കെ. ജി ജഗദീശൻ,
കേരളഗാന്ധിസ്മാരക നിധി
37. വി. കെ ശ്രീധരൻ ,
സേർച്ച്,  തൃശ്ശൂർ
38. ഷാജു ആന്റണി, ആലപ്പുഴ
39. എം. ജെ. ഉമ്മച്ചൻ, ആലപ്പുഴ
40. പി.ജെ.ജോസഫ് ആലപ്പുഴ
41. ഗിരിജ സുമിത്ത്, സൈൻ കേരള കാസർഗോഡ്
42. സുമിത്ത്‌ലാൽ  വി. എം, കാസർഗോഡ്
43. ആർ. അനിൽകുമാർ ആലപ്പുഴ
44. കെ. എസ് അനിൽകുമാർ, ആലപ്പുഴ
45. മണിയമ്മ, ആലപ്പുഴ,
46. എൻ.യു ജോൺ, ജനകീയകൂട്ടായ്മ, തൊടുപുഴ
47എൽ. പങ്കജാക്ഷൻ, ശാന്തിഗ്രാം, തിരുവനന്തപുരം
48. ജോസാന്റണി, 'അന്നധന്യത', കോട്ടയം
49. കെ.പി. നാരായണൻ, മായിത്തറ.
50. സാജൻ എസ്. ചാരമംഗലം
51. സണ്ണി പൈകട, കാസർഗോഡ്

തീരുമാനങ്ങള്‍
1. മഴ കുറയുന്ന മുറക്ക് കേരളത്തിലെ എല്ലാ ജില്ലകളിലും ഭക്ഷ്യ-ആരോഗ്യ സ്വരാജ് സങ്കല്‍പ്പമനുസരിച്ചുള്ള മാതൃകാകൃഷിയിടങ്ങള്‍ ഒരുക്കുന്നതിനുള്ള ശ്രമങ്ങളാരംഭിക്കുക. കുറെ ജില്ലകളിൽ അതിനുള്ള
സ്ഥലങ്ങൾ യോഗത്തിൽ നിര്‍ദ്ദേശിക്കപ്പെട്ടു.
 

2. ലഘുലേഖ, പോസ്റ്റർ സെറ്റ്, സീഡികൾ തുടങ്ങിയവ തയ്യാറാക്കണമെന്ന് നിശ്ചയിച്ചു.
 

3.ഇനിയും ഈ കാമ്പയിനില്‍ പങ്കുചേരാത്ത ചില സംഘടനകളെ കൂടി ഈ സംരംഭവുമായി ബന്ധപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തണമെന്ന് തീരുമാനിച്ചു.
 

4. കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാതല കൂടിച്ചേരലുകള്‍ സംഘടിപ്പിച്ച് ഭക്ഷ്യ-ആരോഗ്യസ്വരാജ് ജില്ലാതല ഏകോപന സമിതികള്‍ രൂപീകരിക്കുന്ന പ്രവര്‍ത്തനം നവംബര്‍ ഒന്നിനകം പൂര്‍ത്തിയാക്കണമെന്ന് തീരുമാനിച്ചു. ഓരോ ജില്ലയിലും ഈ പ്രവര്‍ത്തനത്തിന്റെ ചുമതല വഹിക്കാനുള്ളവരെ യോഗം നിശ്ചയിച്ചു.
 

5. സംസ്ഥാനതലത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഭക്ഷ്യ-ആരോഗ്യസ്വരാജ് ഏകോപനസമിതിക്ക് യോഗം രൂപം നല്‍കി. സിനിമാ നടനും കര്‍ഷകനുമായ ശ്രീ.അനൂപ് ചന്ദ്രനെ ഏകോപനസമിതി ചെയര്‍മാനായും സണ്ണി പൈകടയെ കണ്‍വീനറായും നിശ്ചയിച്ചും. ഇതുവരെ ഈ പരിപാടിയുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ സംഘടനകളുടെയും ഓരോ പ്രതിനിധികള്‍ ഏകോപനസമിതിയില്‍ അംഗമാകും. കൂടാതെ ജില്ലകളില്‍ രൂപീകരിക്കുന്ന സംഘാടകസമിതി ഭാരവാഹികളെയും ഇനി ഈ കാമ്പയിനില്‍ പങ്കാളികളാവാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന സംഘടനാ പ്രതിനിധികളെയും ഏകോപനസമിതിയില്‍ അംഗങ്ങളാക്കാവുന്നതാണ്.
 

6. ഈ കാമ്പയിന്റെ വിവിധ കര്‍മ്മപരിപാടികളുമായി ബന്ധപ്പെട്ട് ട്രെയിനിങ് (ഉദാ: ഇലയറിവ്, ചക്ക വിഭവങ്ങള്‍, വേവിക്കാത്ത ഭക്ഷണം etc..) നല്‍കാന്‍ ശേഷിയുള്ളവരുടെ ടീം ഓരോ ജില്ലയിലും ഉണ്ടാവുന്നത് ലക്ഷ്യം വച്ച് ട്രെയിനേഴ്‌സ് ട്രെയിനിങ് നടത്തുക, പഠന സഹായികളായ പോസ്റ്ററുകള്‍ സി.ഡികള്‍ തുടങ്ങിയവ തയ്യാറാക്കുക, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കാന്‍ സംസ്ഥാനതല റിസോഴ്‌സ് ടീമിനെ നിശ്ചയിച്ചു. ശ്രീ. സജീവന്‍ കാവുങ്കര കണ്‍വീനറും ശ്രീമതി. ഗിരിജാ സുമിത്ത്, ശ്രീ. പി. ജെ ജോസഫ് എന്നിവര്‍ ജോയിന്റ് കണ്‍വീനറുമായി പ്രസ്തുത റിസോഴ്‌സ് ടീമില്‍ മേല്‍ സൂചിപ്പിച്ച അറിവുകളുള്ള സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏതാനും പേരെ അംഗങ്ങളാക്കാന്‍ നിശ്ചയിച്ചു. യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്നു തന്നെ ഏതാനും പേരെ ഈ ടീമില്‍ അംഗങ്ങളാക്കുകയും ചെയ്തു.
 

7. പുതിയ തലമുറയെ ഭക്ഷ്യ-ആരോഗ്യസ്വരാജിനെപ്പറ്റി ബോധ്യപ്പെടുത്തുന്നതിന് സഹായകരമായ വിധത്തില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങളും കലാപരിപാടികളും മറ്റും ഉപയോഗപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ കൈയെടുക്കാന്‍ ശ്രീ. ജോസാന്റണി കണ്‍വീനറും ശ്രീ. എം. ജെ. ഉമ്മച്ചന്‍ (മജീഷ്യന്‍) ജോയിന്റ് കണ്‍വീനറുമായി സോഷ്യല്‍ മീഡിയാ ടീമിനെയും യോഗം ചുമതലപ്പെടുത്തി.
 

8. ഭക്ഷ്യ-ആരോഗ്യസ്വരാജ് സ്വരാജ് പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഏകോപനത്തിന്റെ സാമ്പത്തികകാര്യങ്ങള്‍ യോഗം ചര്‍ച്ചചെയ്തു. ഇതുവരെയുള്ള വരവ്-ചെലവു കണക്കുകള്‍ യോഗത്തില്‍ റിപ്പോര്‍ട്ടു ചെയ്തു. യാത്ര, ഫോണ്‍ ചെലവുകള്‍ ഒഴിവാക്കിയാല്‍ 2500 രൂപാ ഇതിനോടകം ചെലവായതായും ശ്രീ. ഷാജന്‍ സ്‌കറിയ സംഭാവന ചെയ്ത 10000 രൂപയില്‍ 7500 രൂപാ അവശേഷിച്ചിട്ടുള്ളതായും വ്യക്തമാക്കപ്പെട്ടു. പ്രാഥമിക
ചെലവുകള്‍ക്ക് ഈ തുക മതിയാവുമെങ്കിലും ലഘുലേഖ അച്ചടി തുടങ്ങിയ കാര്യങ്ങള്‍ക്ക് ഒരു മാസത്തിനുശേഷം 40000-50000 രൂപാ കണ്ടെത്തേണ്ടിവരുമെന്ന് യോഗം വിലയിരുത്തി. ചെയര്‍മാന്റെയും കണ്‍വീനറുടെയോ പകരം ഈ രംഗത്തുള്ള മറ്റൊരാളുടെയോ പേരില്‍ ഒരു ജോയിന്റ് അക്കൗണ്ട് തുടങ്ങി സംഘടനകളില്‍നിന്നും വ്യക്തികളില്‍നിന്നും സംഭാവനകള്‍ സ്വീകരിച്ച് പ്രവര്‍ത്തനാവശ്യങ്ങള്‍ക്കുള്ള തുക കണ്ടെത്താന്‍ നിശ്ചയിച്ചു.

കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയിരിക്കുന്ന ഭക്ഷ്യസുരക്ഷാ ബില്‍, കുറഞ്ഞ
വിലയ്ക്ക് ഭക്ഷ്യധാന്യ ലഭ്യത വലിയൊരു വിഭാഗം ജനങ്ങളുടെ അവകാശമായി മാറ്റിയിട്ടുണ്ടെങ്കിലും ഭക്ഷ്യധാന്യോല്‍പ്പാദനത്തിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്ന കാര്യത്തിലെ നിശബ്ദത കോര്‍പ്പറേറ്റ് ഫാമിംഗിനും, ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളുടെയും രാസവള-വിഷപ്രയോഗങ്ങളും അനിവാര്യമാക്കുന്ന അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെന്ന് യോഗത്തില്‍ അഭിപ്രായങ്ങളുണ്ടായി. കേരളസര്‍ക്കാര്‍ നിയമിച്ച കൃഷ്ണന്‍കുട്ടി കമ്മിറ്റി തയ്യാറാക്കിയിട്ടുള്ള സംസ്ഥാനകാര്‍ഷിക നയത്തിന്റെ രൂപരേഖ ഏറെ പോരായ്മകള്‍ നിറഞ്ഞവയാണെന്നും അതു സംബന്ധിച്ച് വിശദമായ ഒരു പഠനം ആവശ്യമാണെന്നും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി.
 

എസ്. എല്‍ പുരം ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രം ആതിഥേയത്വം വഹിച്ച സംസ്ഥാനതലകൂടിയാലോചനായോഗത്തില്‍ ശ്രീ. കെ. ജി. ജഗദീശന്‍ ആദ്ധ്യക്ഷതവഹിച്ചു. ശ്രീ. പി. എസ്. മനു സ്വാഗതവും ശ്രീ. സണ്ണി പൈകട നന്ദിയും പറഞ്ഞു. പങ്കെടുത്തവര്‍ക്കെല്ലാം തികഞ്ഞ ആത്മവിശ്വാസവും ആവേശവും പകര്‍ന്നു കിട്ടിയ ഒന്നായിരുന്നു ആലപ്പുഴ യോഗം. തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
സംസ്ഥാന തല ഏകോപനസമിതിക്കുവേണ്ടി
അനൂപ് ചന്ദ്രന്‍ (ചെയര്‍മാന്‍ )
സണ്ണി പൈകട (കണ്‍വീനര്‍ )


05/10/2013
കൊന്നക്കാട്