2013, ഒക്‌ടോബർ 13, ഞായറാഴ്‌ച

വീട്ടിലെ പാഠംManorama Online | Malayalam News | Sunday |

 അബിന്‍ ജോസഫ് 

സ്‌കൂളില്‍ പോകാന്‍ മടിയുള്ള കുട്ടികളേ, വിഷമിക്കണ്ട. 'ഹോം സ്‌കൂളിങ് നിങ്ങളുടെ കൂടെയുണ്ട്.

സിലബസും പരീക്ഷയും ഗൃഹപാഠത്തിന്റെ പീഡനവുമൊന്നും തീരെയില്ലാത്ത പഠനരീതി പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മ. പ്രകൃതിയും ജീവിതപരിസരങ്ങളും പകര്‍ന്നുനല്‍കുന്ന പാഠങ്ങളിലൂടെ ആര്‍ജിച്ചെടുക്കുന്ന അറിവാണ് കുട്ടികള്‍ നേടേണ്ടത് എന്ന ചിന്തയാണ് ഈ ആശയത്തിന്റെ അടിത്തറ. കുട്ടികളെ അവരുടെ ചുറ്റുപാടുകളിലേക്കു സ്വതന്ത്രമായി വിടുക. ഓരോ സാഹചര്യത്തിലും ജീവിക്കാനാവശ്യമായ കാര്യങ്ങള്‍ അവര്‍ സ്വയം പഠിച്ചെടുക്കും.

പുണെ ആസ്ഥാനമാക്കിയാണ് ഹോം സ്‌കൂളിങ് പ്രവര്‍ത്തിക്കുന്നത്. ഒരു സാധാരണ സംഘടനയുടെ ചട്ടക്കൂടിനു പുറത്താണ് ഹോം സ്‌കൂളിങ് (സ്‌കൂള്‍രഹിത വിദ്യാഭ്യാസം). നമ്മുടെ കുട്ടികള്‍ എന്തുപഠിക്കണം എന്നു തീരുമാനിക്കേണ്ടത് തലസ്ഥാനത്തിരിക്കുന്ന കുറച്ചുപേരല്ല എന്നു ചിന്തിച്ച ചില മാതാപിതാക്കളുടെ കൂട്ടായ്മ.

ലോകമേ ഗുരുകുലം...
രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശി ഷമ്മി നന്ദ അവിചാരിതമായാണ് ഹോം സ്‌കൂളിങ്ങിന്റെ പ്രചാരകനാകുന്നത്. പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സിനിമറ്റോഗ്രഫി പഠിക്കുന്ന കാലത്ത്, ഈ വിദ്യാഭ്യാസ സമ്പ്രദായം പ്രോത്സാഹിപ്പിക്കുന്ന ചിലരെ പരിചയപ്പെട്ടു. ഫിലിം ഇന്‍സ്റ്റിറ്റിയുട്ടിലെ പഠനശേഷം ഡോക്യുമെന്ററി നിര്‍മാണവും സാമൂഹിക പ്രവര്‍ത്തനവുമായി നടക്കുമ്പോള്‍ ഭാവിയിലേക്കുള്ള തലമുറയെ വാര്‍ത്തെടുക്കേണ്ടത് സ്‌കൂള്‍രഹിത വിദ്യാഭ്യാസം വഴിയാണെന്ന ചിന്ത മനസ്സിലുറച്ചു.

രാജസ്ഥാനിലെ ഉദയ്പൂരില്‍ സ്‌കൂള്‍രഹിത വിദ്യാഭ്യാസം പരീക്ഷിക്കുന്ന ഒരു സമൂഹമുണ്ടായിരുന്നു-ശിക്ഷാന്തര്‍ . മുംബൈയിലേക്കു കുടിയേറിയ അവരില്‍ ചിലരുമായി ഷമ്മി അടുത്തു. ഓരോരുത്തരും സ്വന്തം കഴിവുകള്‍ സ്വയം കണ്ടെത്തുന്നരീതി ഏതു സിലബസിനെക്കാളും മികച്ചതാണെന്നു ബോധ്യപ്പെട്ടു. ഹോം സ്‌കൂളിങ് രീതിയില്‍ മക്കളെ വളര്‍ത്തുന്ന ഒരു കുടുംബത്തെക്കുറിച്ച് 'ലീപ് ഓഫ് ഫെയ്ത് എന്നപേരില്‍ ഡോക്യുമെന്ററി നിര്‍മിച്ചു. മൂന്ന് ഭാഗമുള്ള ഡോക്യുമെന്ററിയില്‍ സ്‌കൂള്‍രഹിത വിദ്യാഭ്യാസം മാത്രമല്ല, മറ്റു രണ്ട് ആശയങ്ങള്‍കൂടിയുണ്ട്. 1. കൃത്രിമവളങ്ങളും കീടനാശിനികളും ഉപയോഗിക്കാത്ത ജൈവകൃഷി 2. മരുന്നുകള്‍ ഉപയോഗിക്കാത്ത ജീവിതരീതി. ശരീരത്തിന്റെ അവശതകളും അസുഖങ്ങളും മറികടക്കാന്‍ പ്രകൃതിതന്നെ പ്രതിരോധസംവിധാനം ശരീരത്തില്‍ സൃഷ്ടിക്കും എന്ന് വിശ്വസിക്കുന്ന ജീവിതശൈലി.

ദിവസം ഇരുപത് സിഗരറ്റു വലിക്കുന്ന ആളായിരുന്നു ഷമ്മി. ആസ്മയുടെ ആക്രമണം കടുത്തതോടെ വലി നിര്‍ത്തി. കൃത്രിമപദാര്‍ഥങ്ങള്‍ അടങ്ങിയ ഭക്ഷണം ഉപേക്ഷിച്ചു. അങ്ങനെയാണ്, പ്രകൃതിയുമായി കൂടുതല്‍ ഇണങ്ങിനിന്നാല്‍ അതിജീവനത്തിനുള്ള ആരോഗ്യം പ്രകൃതിയില്‍നിന്നുതന്നെ ആര്‍ജിച്ചെടുക്കാമെന്ന പാഠംപഠിച്ചത്.

ഡോക്യുമെന്ററികൊണ്ടു ഷമ്മി നിര്‍ത്തിയില്ല. ഈ മൂന്നുരീതികളിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരാന്‍ ശ്രമംതുടങ്ങി. രാജ്യമാകെ സഞ്ചരിച്ച് ക്ലാസെടുത്തു. ഹോം സ്‌കൂളിങ്ങില്‍ താല്‍പര്യപ്പെട്ടുവന്ന മാതാപിതാക്കള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കി. ജൈവകൃഷിയിലേക്കു തിരിയാന്‍ കര്‍ഷകര്‍ക്കു പ്രചോദനമേകി. ശരീരത്തിന് ഒരു തരത്തിലും ദോഷകരമാകാത്ത ഭക്ഷണരീതികള്‍ പ്രോത്സാഹിപ്പിക്കാന്‍ പ്രചാരണം നടത്തി.
'ക്ലാസുകളില്‍ വരുന്ന ചിലര്‍ ഈ രീതികളെക്കുറിച്ച് ആദ്യം കേള്‍ക്കുകയായിരുന്നു. സ്‌കൂളിലും കോളജിലും വിടാതിരുന്നാല്‍ മക്കളുടെ ഭാവി എന്താകുമെന്നായിരുന്നു എല്ലാവരുടെയും ഭയം. കുട്ടികള്‍ സ്വന്തം കഴിവു സ്വയം കണ്ടെത്തി വളരേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചപ്പോള്‍ പലരും ഹോം സ്‌കൂളിങ്ങിലേക്കു തിരിഞ്ഞു-ഷമ്മി നന്ദ പറയുന്നു.

പുണെയിലെ അടുക്കള
മധ്യപ്രദേശിലൂടെ നടത്തിയ യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട ദീപക് സച്‌ദേവ് എന്ന കര്‍ഷകന്‍ ഷമ്മിക്കു ജൈവകൃഷിയെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ നല്‍കി. സ്വന്തം കൃഷിസ്ഥലത്ത് അദ്ദേഹം പരീക്ഷിച്ചുവിജയിച്ച രീതിയായിരുന്നു ഇത്. പിന്നീടു ഷമ്മിയുടെ ശ്രദ്ധ ജൈവകൃഷിയിലേക്കു തിരിഞ്ഞു. ആസ്മയുടെ അസ്വസ്ഥതകള്‍ ശരീരത്തെ ബാധിച്ചതുകൊണ്ടാണ് താന്‍ കര്‍ഷകനാകാതിരുന്നതെന്നു ഷമ്മി പറഞ്ഞു. എങ്കിലും മറ്റുപലരുടെയും സഹായത്തോടെ ഈ രീതി പ്രാവര്‍ത്തികമാക്കി.

ജൈവകൃഷിക്കു പിന്തുണയുമായി ഷമ്മിയെ സമീപിച്ചവര്‍ ഏറെയും വിദ്യാര്‍ഥികളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഈ ശൈലിക്കു വേരുറപ്പിക്കാന്‍ കഴിയുക എന്നു മനസ്സിലായപ്പോള്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റിയുട്ടില്‍ തിരിച്ചെത്തി. ഹോസ്റ്റല്‍ ഭക്ഷണശാല നടത്തിപ്പിന്റെ ചുമതല ഏറ്റെടുത്തു; ചില്ലിക്കാശ് പ്രതിഫലം വാങ്ങാതെ! വിദ്യാര്‍ഥികളുടെ കൂട്ടുകിട്ടിയതോടെ ജൈവകൃഷിയില്‍ നൂറുമേനി. വെള്ളവും മണ്ണില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളും മാത്രം വലിച്ചെടുത്ത് പച്ചക്കറികളും പഴങ്ങളും ഷമ്മിയുടെ പരീഷണം വിജയിപ്പിച്ചു.

'എന്നാല്‍ ഫിലിം ഇന്‍സ്റ്റിറ്റിയുട്ടിലെ മറ്റൊരുപറ്റം വിദ്യാര്‍ഥികള്‍ പുതിയ ജീവിതരീതി ശീലിച്ചവരായിരുന്നു. അവര്‍ക്ക് ഫാസ്റ്റ്ഫുഡും സോഫ്റ്റ് ഡ്രിങ്കും മതി. അവര്‍ എന്റെ ഭക്ഷണരീതി എതിര്‍ത്തു. കുട്ടികളുടെ നന്മയ്ക്കുവേണ്ടിയാണു ഞാന്‍ പ്രതിഫലംപോലും വാങ്ങാതെ പാചകശാല ഏറ്റെടുത്തത്. പക്ഷേ, അത് എല്ലാവരും മനസ്സിലാക്കുന്നില്ല എന്നു വന്നപ്പോള്‍, ഇന്‍സ്റ്റിറ്റിയുട്ടിനോടു വിടപറഞ്ഞു-ഷമ്മി പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നുള്ള രണ്ടാമത്തെ വിടവാങ്ങല്‍ പക്ഷേ, പുതിയൊരു തീരുമാനത്തോടെയായിരുന്നു.

സംഗീതംപോലെ, അപരന്റെ സ്വരം
ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി താന്‍ ചെയ്ത നല്ലകാര്യം അവര്‍ മനസ്സിലാക്കാതെപോയത് എന്തുകൊണ്ടാണെന്നു ചിന്തിച്ചപ്പോഴാണ്, മനുഷ്യര്‍ തമ്മിലുള്ള ആശയവിനിമയത്തിന് പരിമിതികളുണ്ടെന്നു ബോധ്യപ്പെട്ടത്. നോണ്‍ വയലന്റ് കമ്യൂണിക്കേഷന്‍(അക്രമരഹിത ആശയവിനിമയം) എന്ന ആശയം തലച്ചോറില്‍ കത്തിയത്് അങ്ങനെയാണ്.

'മറ്റുള്ളവര്‍ നമ്മോടു പറയുന്ന കാര്യം ക്ഷമയോടെ കേള്‍ക്കാനും അവരുടെ പക്ഷത്തുനിന്ന് ആലോചിക്കാനും കഴിഞ്ഞാല്‍ വഴക്കും പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ കഴിയും. ഓരോരുത്തര്‍ക്കും അവരവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. മറ്റുള്ളവരുടെ വാക്കുകളിലെ നന്മ മനസ്സിലാക്കണം. അതിനു കഴിഞ്ഞാല്‍ അക്രമങ്ങളും പ്രതിസന്ധികളും ഉണ്ടാകില്ല- ഷമ്മി പറഞ്ഞു.
ഈ ആശയം പകരണം എന്ന ചിന്തയാണ് വീണ്ടും യാത്രകളിലേക്കു തിരിയാന്‍ പ്രേരിപ്പിച്ചത്.

'നമ്മള്‍ കണ്ടുമുട്ടുന്ന ആളുകള്‍, സഹപ്രവര്‍ത്തകര്‍, കുടുംബാംഗങ്ങളുമായൊക്കെ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുക്കും. അതൊരു വഴക്കിലേക്കു നീട്ടരുത്. നമ്മുടെ ശരികളെക്കുറിച്ചുമാത്രം ആലോചിക്കരുത്. ഓരോ മനുഷ്യനും ഓരോശരിയാണ്. അങ്ങനെ ചിന്തിച്ചാല്‍ ഭിന്നതയുടെ പ്രശ്‌നം അനായാസമായി പരിഹരിക്കാം. -തന്റെ ആശയത്തെക്കുറിച്ച് ഷമ്മിയുടെ വാക്കുകള്‍.

കൗണ്‍സലിങ്ങിന്റെ സ്വഭാവം പ്രകടിപ്പിക്കുന്ന ക്ലാസുകളാണ് അക്രമരഹിത ആശയവിനിമയത്തിന് സംഘടിപ്പിക്കുന്നത്. ഈ ആശയം ആസ്പദമാക്കി ഡോക്യുമെന്ററി ഒരുക്കാനും പദ്ധതിയുണ്ട്. അതിനുവേണ്ടിയുള്ള ഗവേഷണത്തിലാണ് ഷമ്മിയിപ്പോള്‍. ജനുവരിയില്‍ ഈ വിഷയത്തെക്കുറിച്ചുള്ള ഷമ്മിയുടെ ക്ലാസ് തിരുവനന്തപുരത്തു നടക്കും. കലാപങ്ങള്‍ക്കും അക്രമങ്ങള്‍ക്കുംശേഷം വീടും സ്ഥാപനങ്ങളും പുനരുദ്ധരിക്കുന്നതോടൊപ്പം മനുഷ്യന്റെ മനസ്സുകൂടി പുതുക്കിപ്പണിയണം. അതാണ് ഷമ്മിയുടെ പ്രത്യയശാസ്ത്രം. 

Manorama Online | Malayalam News | Sunday |:

'via Blog this'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ