2013, ഒക്‌ടോബർ 22, ചൊവ്വാഴ്ച

നാടിന്റെ സ്വന്തം കുട്ടി കര്‍ഷകന്‍ - Manorama Online | Environment | Green Heroes |

അഞ്ചാംക്ലാസുകാരന്‍ ജോസ് തന്റെ പച്ചക്കറിത്തോട്ടത്തില്‍  പച്ച പുതച്ച പീച്ചില്‍ പന്തലിനു താഴെ കായ് നീണ്ടു വളരാന്‍ ചെറിയ കല്ലു കെട്ടുകയായിരുന്നു. കുരുന്നു വിരലുകളുടെ കണിശതയും മുഖത്തും കണ്ണിലും പ്രതിഫലിക്കുന്ന സൂക്ഷ്മതയും ഒരു അഞ്ചാം ക്ലാസുകാരന്റേതല്ല. മറിച്ച് ഇരുത്തം വന്ന കര്‍ഷകന്റെ നിഴലാട്ടം പത്തു വയസ്സുകാരന്റെ ഓരോ ചലനത്തിലുമുണ്ട്.

കുമ്പളങ്ങി സെന്റ് ആന്‍സ് സ്‌കൂള്‍ വിദ്യാര്‍ഥിയായ ജോസിനെ തേടി അതിനുള്ള അംഗീകാരമെത്തി. കൃഷി വകുപ്പ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ക്കായി നടത്തിയ പച്ചക്കറി കൃഷിത്തോട്ട മല്‍സരത്തില്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം കണ്ടക്കടവ് റോഡിലുള്ള കോച്ചേരി ഷിബു-മേരി ദമ്പതിമാരുടെ ഏക മകനായ ജോസിനാണ്. ജോസ് വീട്ടുവളപ്പില്‍ വലിയൊരു വിസ്മയം ഒരുക്കിയിട്ടുണ്ട്.

വളര്‍ന്നു നില്‍ക്കുന്ന എണ്ണമറ്റ വെണ്ട തോട്ടത്തില്‍ നിന്നു കായ് ധൈര്യമായി ഒടിച്ചു വായില്‍ വയ്ക്കാം. കാരണം, ഇവിടെ കൃഷി പൂര്‍ണമായും ജൈവ രീതിയിലാണ്. വെണ്ട ഒന്നു കടിച്ചാല്‍ കൈവിട്ടു പോയ നാടന്‍ കൃഷിയുടെ ഓര്‍മകള്‍ തികട്ടി വരും.  

കര്‍ഷകനായ പിതാവ് ഷിബുവാണു ജോസിന്റെ പ്രചോദനം. തന്റെ ഒന്നര ഏക്കര്‍ കൃഷിയിടത്തില്‍ സൂചി കുത്താന്‍ പോലുമുള്ള ഇടം പാഴാക്കാതെ കൃഷി ചെയ്യുന്ന ഷിബു പാലക്ക് ചീര വിളവെടുത്തു കഴിഞ്ഞപ്പോള്‍ കുറച്ചു സ്ഥലം മകനു നല്‍കി. അവന്‍ സ്‌കൂളില്‍ നിന്നു ലഭിച്ച വിത്ത് അനുഭവ പാഠം ചേര്‍ത്തു മണ്ണില്‍ കുഴിച്ചിട്ടു. 
'മനതാരിലാശകള്‍ പോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചു വന്നു... 

പീച്ചില്‍ പന്തലിന്റെ തണുപ്പില്‍ കുളിര്‍ കാഴ്ചയായി പീച്ചിങ്ങകള്‍, പൊള്ളുന്ന വെയിലിനെ പോലും വെല്ലുവിളിച്ചു വീണ്ടും വീണ്ടും വളരുന്ന വെണ്ടയ്ക്ക. വിളവെടുപ്പിനു ശേഷവും കായ് പൊഴിക്കുന്ന വഴുതന ച്ചെടിക ള്‍. വിവിധ തരം മുളകുകള്‍ , ഇതിനെല്ലാം പുറമെ ഷിബുവിന്റെ വീടിനു പിന്നില്‍ വിളയുന്ന പച്ചക്കറികള്‍ കുമ്പളങ്ങിക്കാരുടെ ഇഷ്ട വിഭവമാണ്. 

കേന്ദ്ര ഭക്ഷ്യമന്ത്രി കെ.വി. തോമസ് തന്നെയാണു ഷിബുവിന്റെ വിളകളുടെ ബ്രാന്‍ഡ് അബാസഡര്‍ . മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശിവദത്തന്റെ സ്‌കൂട്ടറില്‍ കയറി ഭക്ഷ്യമന്ത്രിയുടെ തോപ്പുംപടിയിലെ വീട്ടിലെ അടുക്കളയില്‍ ഷിബുവിന്റെ പച്ചക്കറികള്‍ എത്തും. പച്ചക്കറികള്‍ക്കു പുറമെ തെങ്ങ്, കവുങ്ങ്, വാഴ, കരിമീന്‍, കോഴി, താറാവ്, പോത്ത്, പശു, എരുമ എന്നു വേണ്ട സര്‍വതും കോച്ചേരി വീട്ടിലുണ്ട്. 
വളത്തിനായി പ്രത്യേക മണ്ണിര കമ്പോസിറ്റ് യൂണിറ്റുമുണ്ട്. ജൈവ വിളകള്‍ മാത്രം വില്‍ക്കുന്ന ചില കടകള്‍ കുമ്പളങ്ങിയിലുണ്ട്. വില അല്‍പം കൂടുമെങ്കിലും രാസവളവും അപകടകാരികളായ കീട നാശിനികളും കോച്ചേരി വീടിന്റെ വളപ്പില്‍ കയറ്റില്ലെന്നു കുമ്പളങ്ങിക്കാര്‍ക്ക് അറിയാം.

Manorama Online | Environment | Green Heroes |:

'via Blog this'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ