2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

വിഷാംശമില്ലാത്ത പച്ചക്കറി ഉത്പാദിപ്പിക്കാന്‍ കേരള കര്‍ഷകസംഘവും


കേരള കര്‍ഷകസംഘം കേരളത്തിലുള്ള എല്ലാ യൂണിറ്റുകളിലും അംഗങ്ങളുടെ വീട്ടുമുറ്റത്ത് പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. തമിഴ്‌നാട്ടില്‍നിന്നു വന്നാലേ, അവരോടു വിധേയരായിരുന്നാലേ, കേരളത്തിലെ വീടുകളില്‍ പച്ചക്കറി കഴിക്കാനാവൂ എന്ന അവസ്ഥയും വിഷമടിച്ച പച്ചക്കറികള്‍ വരുത്തിവയ്ക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും പരിഗണിച്ചുകൊണ്ടാണ് ഈ തീരുമാനമെന്ന് അയര്‍ക്കുന്നം ഏരിയാ സെക്രട്ടറി ശ്രീ ജയന്‍ വ്യക്തമാക്കി. ഈ തീരുമാനമനുസരിച്ച് അയര്‍ക്കുന്നം ഏരിയായിലെ അറുനൂറു കുടുംബങ്ങള്‍ക്ക് വിഷാംശമില്ലാത്ത പച്ചക്കറി ഉത്പാദിപ്പിക്കാന്‍ വേണ്ട എല്ലാ സഹായങ്ങളും സംഘം ഈ വര്‍ഷം നല്കുന്നതാണെന്ന് അദ്ദേഹം വിശദീകരിച്ചു.
പദ്ധതിയുടെ ഭാഗമായി നടത്തപ്പെട്ട ശില്പശാലയില്‍ സ്വാഗതപ്രസംഗം നടത്തുകയായിരുന്നു ശ്രീ ജയന്‍. 


അയര്‍ക്കുന്നം ഏരിയാ കമ്മറ്റി പ്രസിഡന്റ് ശ്രീ ഗോപാലകൃഷ്ണന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.
 

ശില്പശാലയ്ക്ക് റിട്ട. കൃഷി ഓഫീസറും കര്‍ഷകസംഘം പൂഞ്ഞാര്‍ ഏരിയാ പ്രസിഡന്റും ആയ ശ്രീ സി. കെ. ഹരിഹരന്‍ നേതൃത്വം നല്കി. മണ്ണിര കമ്പോസ്റ്റ് മുതല്‍ ഇ-എം ലായനി, ജീവാമൃതം, പഞ്ചഗവ്യം മുതലായ സൂക്ഷ്മാണുവളങ്ങള്‍ മണ്ണിലെ സൂക്ഷ്മാണുക്കളെയും മിത്ര കീടങ്ങളെയും വളര്‍ത്തിക്കൊണ്ടുള്ള കൃഷിരീതികള്‍ എന്നിങ്ങനെ കാര്‍ഷിക സര്‍വകലാശാലകള്‍ ഒരു കാലത്ത് നിഷേധിച്ചിരുന്നതും ഇന്ന് അംഗികരിക്കുന്നതുമായ പലേക്കറുടെ സീറോ ബജറ്റ് ഫാമിങ് വരെയുള്ള കര്‍ഷകര്‍ അറിഞ്ഞിരിക്കേണ്ട നിരവധികാര്യങ്ങളടങ്ങിയതായിരുന്നു ശ്രീ ഹരിഹരന്റെ ക്ലാസ്. കേരളത്തിലെ കൃഷി അഭിമുഖീകരിക്കുന്ന ഭീഷണികളും അവയെ നേരിടുന്നതിന് ഓരോ കര്‍ഷകനും വഹിക്കേണ്ട പങ്കും വ്യക്തമാക്കിക്കൊണ്ട് ജൈവകൃഷിയിലെ വിവിധ സങ്കേതങ്ങളെപ്പറ്റി നടത്തപ്പെട്ട വിശദമായ ക്ലാസ്സ് രണ്ടരമണിക്കൂറോളം ഉണ്ടായിരുന്നു. ക്ലാസ്സിനുശേഷം ക്ലാസ്സില്‍ പങ്കെടുത്ത അറുപതോളം കര്‍ഷകരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും അദ്ദേഹം നല്കി. ക്ലാസ്സിനുശേഷം പങ്കെടുത്തവര്‍ക്കെല്ലാം പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്യുകയും ചെയ്തു.
NB
അദ്ദേഹത്തിന്റെ ക്ലാസ്സ് വോയ്‌സ് റിക്കാര്‍ഡുചെയ്തിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ അതിനെ അടിസ്ഥാനമാക്കിയുള്ള കുറിപ്പുകളും ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കണം എന്നു കരുതുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ