അനൂപ് ചന്ദ്രന്‍ (ചെയര്‍മാന്‍ )
സണ്ണി പൈകട
(കണ്‍വീനര്‍ )
ആമുഖം
1908-ല്‍ ഗാന്ധിജി എഴുതിയ ഗ്രന്ഥമാണ് ഹിന്ദ് സ്വരാജ്.ആധുനിക നാഗരികതയോടുള്ള ഗാന്ധിജിയുടെ വിയോജനക്കുറിപ്പാണ് ഈ ഗ്രന്ഥം. ഗാന്ധിജി പില്‍ക്കാലത്ത് പ്രസംഗങ്ങളിലൂടെയും എഴുത്തുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും വ്യാഖ്യാനിച്ചത് ഈ ചെറു ഗ്രന്ഥത്തിലൂടെ അദ്ദേഹം ലോകത്തോടു പറഞ്ഞ ദര്‍ശനങ്ങളാണ്. ഹിന്ദ്‌സ്വരാജിന്റെ ശതാബ്ദിയോടനുബന്ധിച്ച് 2008-ല്‍ കേരളത്തില്‍ ഈ ഗ്രന്ഥം വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നതിനുള്ള ചില ശ്രമങ്ങള്‍ നടന്നിരുന്നു. ഏതാനും ചില ഗാന്ധിമാര്‍ഗ്ഗ പ്രവര്‍ത്തകരും സോഷ്യലിസ്റ്റുകളും സാംസ്‌കാരിക പ്രവര്‍ത്തകരും മുന്‍കൈയെടുത്ത് രൂപീകരിച്ച ഹിന്ദ്‌സ്വരാജ് ശതാബ്ദി സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു ആ ശ്രമങ്ങള്‍. ശതാബ്ദി സമിതിയുടെ ഒരു സംസ്ഥാനതല ക്യാമ്പ് തൃശ്ശൂര്‍ ജില്ലയിലെ കുഴിക്കാട്ടുശ്ശേരി ഗ്രാമികയില്‍ വച്ച് നടന്നപ്പോള്‍ അവിടെയുണ്ടായ ചര്‍ച്ചകള്‍ക്കിടയില്‍ ഉയര്‍ന്നു വന്നതാണ് ഭക്ഷ്യ-ആരോഗ്യസ്വരാജ് എന്ന മുദ്രാവാക്യം. കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഹിന്ദ് സ്വരാജിലെ ദര്‍ശനങ്ങള്‍ ഏതൊക്കെ വിധത്തില്‍ ജനജീവിതവുമായി വിളക്കിച്ചേര്‍ക്കാം എന്നതിന്റെ സൂചനയാണ് ആ മുദ്രാവാക്യം.
ഭക്ഷ്യ- ആരോഗ്യസ്വരാജ് എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി കേരളത്തില്‍ഒരു കാമ്പയിന്‍ വികസിപ്പിക്കുന്നതിനെക്കുറിച്ച് പല ആലോചനകള്‍ തുടര്‍ന്നു നടന്നതിന്റെ അടിസ്ഥാനത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ നടന്നു വരുന്നു. പ്രവര്‍ത്തനങ്ങള്‍ ആസൂത്രിതമായി വികസിപ്പിക്കുന്നതിന് സംസ്ഥാനതലത്തില്‍ ഭക്ഷ്യ-ആരോഗ്യസ്വരാജ് ഏകോപനസമിതിക്ക് രൂപം കൊടുത്തിട്ടുണ്ട്. കൂടാതെ ജില്ലകൡ ഭക്ഷ്യ-ആരോഗ്യസ്വരാജ് സംഘാടക സമിതികളും രൂപീകരിച്ചുവരുന്നു. ഈ പ്രവര്‍ത്തനത്തില്‍ ഒട്ടേറെ സംഘടനകള്‍ ഇതിനോടകം പങ്കാളികളായിട്ടുണ്ട്. ഒരോ സംഘടനയ്ക്കും അവരുടെ സ്വന്തം പ്രവര്‍ത്തന പരിപാടികളില്‍ ഈ വിഷയം ഉള്‍പ്പെടുത്താനും അതെ സമയം തന്നെ പല സംഘടനകള്‍ ചേര്‍ന്ന് കൂട്ടായി ചിലത് ചെയ്യാനുമുള്ള സാധ്യതകള്‍ ഈ രംഗത്തുണ്ട്.
കേവലം ശരീരപോഷണവുമായി ബന്ധപ്പെട്ട് മാത്രം ഉയര്‍ന്നുവരേണ്ട ഒന്നല്ല ഭക്ഷണചിന്തകള്‍. ഭക്ഷണം കൃഷിയുമായും കാലാവസ്ഥയുമായും സ്വാതന്ത്ര്യവുമായും സംസ്‌കാരവുമായുമെല്ലാം ബന്ധപ്പെട്ടതാണ്.മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളില്‍ പ്രഥമസ്ഥാനത്തുള്ള ഭക്ഷണത്തിന്റെ മേല്‍ ഒരു സമൂഹത്തിന് നിയന്ത്രണം നഷ്ടമാവുമ്പോള്‍ അടിസ്ഥാനപരമായ പലതും അതോടൊപ്പം നഷ്ടപ്പെടുന്നുണ്ട്. നഷ്ടപ്പെടുന്നവയെക്കുറിച്ചുള്ള വിലാപങ്ങള്‍ ഇന്ന് ഏറെ ഉയരുന്നു
ണ്ട്. വിലാപങ്ങള്‍ പലപ്പോഴും സമരാത്മകമാവാറുണ്ട്. ഈ സമരാത്മകതയെ നഷ്ടപ്പെട്ടവ തിരികെ പിടിക്കാനുള്ള നിര്‍മ്മാണാത്മകതയാക്കി വികസിപ്പിക്കേണ്ടതുണ്ട്. ഭക്ഷണത്തില്‍നിന്നു തന്നെയാണ് ആ തിരിച്ചുപിടിക്കല്‍ ആരംഭിക്കേണ്ടത്. ഭക്ഷ്യ-ആരോഗ്യസ്വരാജ് എന്ന ആശയം ആ നിലയ്ക്കാണ് മനസ്സിലാക്കപ്പെടേണ്ടത്.
ഭക്ഷ്യ- ആരോഗ്യസ്വരാജിന്റെ അര്‍ത്ഥം
സ്വരാജ് എന്നാല്‍ സ്വയംഭരണം എന്നാണര്‍ത്ഥം. സ്വയംഭരണം സ്വന്തം ജീവിതത്തിനുമേലുള്ള സ്വന്തം നിയന്ത്രണം തന്നെയാണ്. സ്വന്തം ഭക്ഷണവും ആരോഗ്യവും ആരാന്റെ നിയന്ത്രണത്തിലായാല്‍ പിന്നെങ്ങനെ സ്വരാജ് യാഥാര്‍ത്ഥ്യമാവും? ഭക്ഷണവും ആരോഗ്യവും ജീവിതമാകെയും ഇന്ന് ആരാന്റെ നിയന്ത്രണത്തിലായിരിക്കുന്നു എന്ന ബോധ്യമാണ് സ്വരാജ് എന്ന ബഹുമുഖ അര്‍ത്ഥതലങ്ങളുള്ള ഒരു പദത്തെ ഭക്ഷണ-ആരോഗ്യകാര്യങ്ങളോട് ചേര്‍ത്ത് വയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. അങ്ങനെ ചേര്‍ത്തുവയ്ക്കുമ്പോള്‍ ഭക്ഷ്യ-ആരോഗ്യ കാര്യങ്ങളുടെ അര്‍ത്ഥതലങ്ങളും വികസിക്കും.
ഭക്ഷ്യ സുരക്ഷയും ഭക്ഷ്യ-ആരോഗ്യ സ്വരാജും
എല്ലാ ജനങ്ങള്‍ക്കും ന്യായവിലക്ക് ഭക്ഷ്യവസ്തുക്കളെത്തിക്കാനുള്ള ഇന്നത്തെ ഭക്ഷ്യസുരക്ഷാ മുദ്രാവാക്യം യാഥാര്‍ത്ഥ്യമാക്കാന്‍ ജനിതകമാറ്റം വരുത്തിയ വിത്തുകളും കോര്‍പ്പറേറ്റ് കൃഷി സംരഭങ്ങളുമാവും രംഗപ്രവേശം ചെയ്യുക. ജനങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ച് നിശ്ശബ്ദത പുലര്‍ത്തികൊണ്ട് ഭക്ഷണകാര്യത്തില്‍ ഭരണകൂടം ഉത്തരവാദിത്വമേല്‍ക്കുന്നത് സാമ്പത്തികമായും രാഷ്ട്രീയമായും ശരിയല്ല. കാരണം ഏതൊരു ജീവിയുടെയും സുരക്ഷയുടെ പ്രാഥമിക ഉത്തരവാദിത്വം അതിനു തന്നെയാണ്. ആ ഉത്തരവാദിത്വം മറ്റൊരു എജന്‍സി ഏറ്റെടുക്കുന്നത് ആ ജീവിയുടെ ശരിയായ വളര്‍ച്ചക്ക് സഹായകരമാവില്ല. ഇന്ന് നടക്കുന്ന ഭക്ഷ്യസുരക്ഷ ചര്‍ച്ചകള്‍ ജനങ്ങളുടെ പങ്കാളിത്തത്തോടെയും ഉത്തരവാദിത്വത്തോടെയും ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്നതിനെക്കുറിച്ചല്ല എന്നതാണ് സംശയകരമാവുന്നത്. എന്നാല്‍ ഭക്ഷ്യ- ആരോഗ്യ സ്വരാജ് എന്ന മുദ്രാവാക്യം ഭക്ഷ്യശീലങ്ങളെക്കുറിച്ചും ഭക്ഷണലഭ്യതയെക്കുറിച്ചും യാഥാര്‍ത്ഥ്യബോധത്തോടെയുള്ള നിലപാടും പ്രവര്‍ത്തനപദ്ധതികളും മുന്നോട്ടു വയ്ക്കുന്നു.
ബഹുമുഖ കര്‍മ്മ പരിപാടികള്‍കൊണ്ടെ ഭക്ഷ്യ-ആരോഗ്യസ്വരാജ് ആശയത്തിന് പ്രായോഗിക ആവിഷ്‌കാരം നല്‍കാനാവു. ഇതിനായുള്ള കര്‍മ്മ പരിപാടികളൊന്നും പുതിയവയല്ല. അതുപോലെ തന്നെ കര്‍മ്മ പരിപാടികളൊന്നും അവയില്‍ത്തന്നെ പൂര്‍ണ്ണവുമല്ല. എല്ലാ കര്‍മ്മ പരിപാടികളും പര്‍സ്പരം ചേര്‍ത്ത് വയ്ക്കുമ്പോഴാണ് ഓരോന്നിനും അര്‍ത്ഥവ്യാപ്തിയുണ്ടാവുന്നത്. എന്തുകൊണ്ടെന്നാല്‍ സ്വരാജ് എന്നത് സര്‍വ്വതല സ്പര്‍ശിയായ ഒരു കാഴ്ചപ്പാടാണ്. ഭക്ഷ്യ-ആരോഗ്യസ്വരാജിലേക്കുള്ള കര്‍മ്മപഥങ്ങള്‍
1. ഭക്ഷണം കഴിക്കുന്നവരെല്ലാം ഭക്ഷ്യോല്‍പ്പാദനത്തില്‍ പങ്കാളികളാവുക.
ഭക്ഷ്യ വസ്തുക്കളുടെ ഉല്‍പ്പാദനരംഗത്ത് കുട്ടികളും വൃദ്ധജനങ്ങളും അദ്ധ്യാപകരും പുരോഹിതരും മന്ത്രിയും കലക്ടറും സാംസ്‌കാരിക നേതാക്കളും വ്യവസായികളുമെല്ലാം അല്പ സമയം ചിലവഴിക്കുക എന്ന ആശയത്തിന് വിപ്ലവകരമായ സാംസ്‌കാരിക- രാഷ്ട്രീയ ആദ്ധ്യാത്മിക മൂല്ല്യമുണ്ട്. നമ്മുടെ പക്കല്‍ നിന്ന് എല്ലാ അര്‍ത്ഥത്തിലും നിയന്ത്രണം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു അടിസ്ഥാന ആവശ്യത്തിന്റെ കാര്യത്തിലുള്ള നമ്മുടെ വ്യക്തിഗതപങ്കാളിത്തം വഴി ഉണ്ടാവുന്ന സൃഷ്ടിപര ഊര്‍ജ്ജം വലിയ ചലനങ്ങള്‍ക്ക് അടിസ്ഥാനമിടും. സ്വന്തം ഭക്ഷ്യവസ്തുക്കള്‍ സാധ്യമായത്ര സ്വന്തമായി കൃഷിചെയ്ത് ഉല്‍പ്പാദിപ്പിച്ച് ഉപയോഗിക്കുന്നതിലെ സംതൃപ്തിയും ആസ്വാദ്യതയും, അതേ സമയം തന്നെ അതിന്റെ ബദ്ധപ്പാടുകളും എല്ലാവരും അറിയേണ്ടതുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ശരിയായ മൂല്ല്യമറിയാന്‍ ഇതാവശ്യമാണ്. ഈ മുദ്രാവാക്യം പ്രായോഗികമാക്കാന്‍ ഒരു ബദ്ധപ്പാടുമില്ല. കൃഷിസ്ഥലമില്ലാത്തവര്‍ക്ക് പോലും സ്വന്തം താമസസ്ഥലത്ത് ചെടിച്ചട്ടികളിലും ചാക്കുകളിലും മറ്റും മണ്ണ് നിറച്ച് ചില ഭക്ഷ്യവിളകള്‍ കൃഷി ചെയ്യാനാവും. വീടുകളില്‍ മാത്രമല്ല ഓഫീസുകൡും വിദ്യാലയങ്ങളിലും ദേവാലയങ്ങളിലുമെല്ലാം സാഹചര്യങ്ങള്‍ക്ക് ചേര്‍ന്ന വിധത്തില്‍ ഇത് പ്രായോഗികമാക്കണം.
2. നമ്മുടെ ഭക്ഷണ- കൃഷി സങ്കല്പത്തില്‍ മാറ്റം വരുത്തുക.
ഉല്‍പ്പാദിപ്പിച്ച് വില്‍ക്കുക എന്നതാണ് നമ്മുടെ കാര്‍ഷിക സമീപനം. വാങ്ങി ഉപയോഗിക്കുക എന്നതാണ് ഭക്ഷ്യ സമീപനം. ഇതു രണ്ടും മാറണം. ഉപയോഗിക്കാനുള്ളത് ഉല്‍പ്പാദിപ്പിക്കുക, ഉല്‍പ്പാദിപ്പിക്കാവുന്നത് ഉപയോഗിക്കുക എന്നീ സമീപനങ്ങളിലേക്കാണ് മാറേണ്ടത്. അതിനായി താഴെ പറയുന്ന കര്‍മ്മപരിപാടികള്‍ സ്വീകരിക്കാവുന്നതാണ്.
a. പ്രകൃതി സൗഹൃദകൃഷിരീതികള്‍ സ്വീകരിക്കുക.
b. കിഴങ്ങുവര്‍ഗ്ഗത്തിന്റെ പ്രധാന്യം ഉള്‍ക്കൊണ്ട് അവ കൃഷി ചെയ്യുകയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും വേണം.
c. ഭക്ഷ്യമൂല്യമുള്ള ഫലങ്ങള്‍ നല്‍കുന്ന വൃക്ഷ വിളകളുടെ വ്യാപനവും ഉപയോഗവും
d. ഇലവര്‍ഗ്ഗങ്ങളുടെ പ്രാധാന്യം തിരിച്ചറിയലും അവയുടെ ഉപയോഗം ശീലിക്കലും.
e. വിപണനത്തിനുവേണ്ടി മാത്രമല്ലാതെ ഉപയോഗിക്കാന്‍ വേണ്ടി കൂണ്‍കൃഷിയും തേന്‍ ഉല്‍പ്പാദനവും വ്യാപകമാക്കുക
3. നമ്മുടെ പാചക രീതികള്‍ ആരോഗ്യകരമാക്കുക.
ആരോഗ്യകരമായ പാചകരീതികളാണോ നാം ഇന്ന് സ്വീകരിച്ചിട്ടുള്ളത് എന്ന ഒരു പുനര്‍വിചിന്തനം നടത്തേണ്ട സമയമാണിത്.
a. നമ്മുടെ തനതു ഭക്ഷണവിഭവങ്ങള്‍ തിരികെ കൊണ്ടുവരാനും അവ പാചകം ചെയ്യാനുമുള്ള അറിവുകള്‍ പഴയതലമുറയില്‍പ്പെട്ടവരില്‍ നിന്ന് പുതുതലമുറ നേടിയെടുക്കണം.
b. മുമ്പ് പാചക രംഗത്ത് ഏറെ ഉപയോഗിച്ചിരുന്ന മഞ്ഞള്‍ പോലുള്ള ചില ചേരുവകളുടെ ഔഷധമൂല്ല്യവും ആരോഗ്യ പ്രധാന്യവും വേണ്ട വിധത്തില്‍ മനസ്സിലാക്കാനും പ്രചരിപ്പിക്കാനും കഴിയണം.
c. വേവിക്കാത്ത ഭക്ഷണവിഭവങ്ങള്‍ തയ്യാറാക്കുന്നതും പാചകകലയുടെ ഭാഗമാണെന്നതിന് പുറമേ അവ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നതും മനസ്സിലാക്കപ്പെടണം.
4. ചില ഭക്ഷണ പാനീയങ്ങളുടെ നിയന്ത്രണവും നിരാകരണവും
ആരോഗ്യകരമായ ഭക്ഷണ- പാചക രീതികള്‍ സ്വീകരിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അനാരോഗ്യകരമായ ഭക്ഷണ പാനീയങ്ങള്‍ നിയന്ത്രിക്കുന്നതും ചിലത് സമ്പൂര്‍ണ്ണമായി നിരാകരിക്കുന്നതും. അവ ഏതെല്ലാമെന്ന് പരിശോധിക്കാം
a. മാംസഭക്ഷണം ഉപയോഗിക്കുന്നതിന്റെ അളവ് നിയന്ത്രിക്കപ്പെടണം.ഗുണമേന്മ ഉറപ്പ് വരുത്തണം
b. ഹോട്ടലുകളും ബേക്കറികളും സ്വന്തം അടുക്കളക്ക് പകരമല്ല
c. മൈദ ഉല്‍പ്പന്നങ്ങള്‍ വേണ്ടെന്നുവയ്ക്കുക.
d. പായ്ക്കറ്റ് ഭക്ഷണത്തിനെതിരെ ജഗ്രത പുലര്‍ത്തുക.
5. ആരോഗ്യക്കമ്പോളത്തിലെ അടിയൊഴുക്കുകള്‍ തിരിച്ചറിയണം.
ആരോഗ്യം എന്നത് കമ്പോളത്തില്‍ വില്ക്കാന്‍ വിച്ചിരിക്കുന്ന ഒരു ചരക്കാണ് എന്ന പ്രതീതിയാണ് ഇവിടെയുള്ളത്. യാഥാര്‍ത്ഥ്യബോധത്തോടെ മലയാളി സമൂഹം ആരോഗ്യരക്ഷയെക്കുറിച്ച് ആലോചിച്ച് പ്രവര്‍ത്തിച്ചു തുടങ്ങേണ്ടതുണ്ട്. എന്തൊക്കെ ചെയ്തു തുടങ്ങാം?
a. കായികാദ്ധ്വാനം ശരീര ധര്‍മ്മമാണെന്ന ചിന്ത പുതിയ തലമുറയില്‍ വളര്‍ത്തിയെടുക്കുക.
b. ഗൃഹവൈദ്യത്തിന് പ്രധാന്യം നല്‍കുക. ഔഷധസസ്യങ്ങള്‍ വളര്‍ത്തുകയും അവയുടെ ഉപ യോഗം സാമാന്യമായി മനസ്സിലാക്കുകയും ചെയ്യുക.
c. നാട്ടുവൈദ്യ രംഗത്തെ അറിവുകളെ മാനിക്കുകയും സമാഹരിക്കുകയും ജനകീയമാക്കുകയും ചെയ്യുക.
d. വൈദ്യ ശുശ്രൂഷാരംഗത്തെ അമിത സ്ഥാപനവല്‍ക്കരണത്തെ നിരുത്സാഹപ്പെടുത്തുക.സ്ഥാപനവത്ക്കരണം അധികാരനിര്‍മ്മിതി കൂടിയാണെന്നറിയുക.
6. പൊതുവിതരണ സംവിധാനങ്ങള്‍ സമഗ്രമായി പുനഃസംഘടിപ്പിക്കണം.
ഇന്ന് പൊതുവിതരണ സംവിധാനങ്ങളുടെ ഊന്നല്‍ വിലനിയന്ത്രണത്തില്‍ മാത്രമാണ്. പൊതുവിതരണ സംവിധാനങ്ങള്‍ ഇന്ന് വില്പനകേന്ദ്രങ്ങള്‍ മാത്രമാണ്. അവ വാങ്ങല്‍കേന്ദ്രങ്ങള്‍ കൂടിയാവണം. കേരളത്തില്‍ ഓരോവര്‍ഷവും പാഴായിപ്പോകുന്ന ആയിരക്കണക്കിന് ടണ്‍ ചക്കയും കശുമാങ്ങയും പാപ്പയയും മറ്റുമുപയോഗിച്ച് വീടുകളില്‍ അനായാസം നിര്‍മ്മിക്കാവുന്ന ഡസന്‍കണക്കിന് ഉല്‍പന്നങ്ങള്‍ വാങ്ങിസംഭരിക്കാനും വിപണനം നടത്താനും പൊതുവിതരണ സംവിധാനത്തിന് കഴിയണം അതുപോലെ തന്നെ ജൈവരീതിയില്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍, ഇലക്കറിവര്‍ഗ്ഗങ്ങള്‍, മാങ്ങാ, പഴങ്ങള്‍, കിഴങ്ങു വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ അധികമുള്ള സ്ഥലങ്ങളില്‍ നിന്ന് സംഭരിക്കാനും ആവശ്യമുള്ള സ്ഥലങ്ങളില്‍ വിപണനം നടത്താനും കഴിയുന്ന സംവിധാനമായി പൊതുവിതരണരംഗം വികസിക്കണം.
7. നഷ്ടപ്പെടുന്ന ഗ്രാമീണതയെ തിരികെ പിടിക്കുക.
കേരളം ആകെകൂടി ഇന്നൊരു വലിയ നഗരമായി രൂപാന്തരപ്പെട്ടുകൊണ്ടാണിരിക്കുന്നത്. വസ്ത്രധാരണത്തിലും. ഗൃഹനിര്‍മ്മാണത്തിലും ഭക്ഷണശൈലികളിലും മാനുഷിക ബന്ധങ്ങളിലുമെല്ലാം ഗ്രമീണതയുടെ പച്ചപ്പ് എത്രമാത്രം വളര്‍ത്തിയെടുക്കാനാവുമെന്നത് ഭക്ഷ്യ-ആരോഗ്യസ്വാരജ് സങ്കല്‍പ്പം പ്രയോഗികമാക്കുന്നതിനു മുന്നിലുള്ള സാംസ്‌കാരികമായ ഒരു വെല്ലുവിളിതന്നെയാണ്.
ഭക്ഷ്യ-ആരോഗ്യസ്വരാജിലേക്കുള്ള വഴികള്‍ എന്ന നിലയില്‍ ഇവിടെ സൂചിപ്പിച്ച കര്‍മ്മ പരിപാടികളിലെല്ലാം ഒരു സമരാത്മകതയും നിര്‍മ്മാണാത്മകതയും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഒരുപക്ഷേ സമരാത്മകത അത്രകണ്ട് പ്രകടമല്ലായിരിക്കാം. നിര്‍മ്മാണാത്മകതയില്‍ അന്തര്‍ലീനമായിട്ടുള്ള സമരാത്മകതയാണത്. അടിസ്ഥാനാവശ്യങ്ങളില്‍ ഏറ്റവും അടിസ്ഥാനപരമായ ഭക്ഷണത്തിനുമേല്‍ ജനങ്ങള്‍ നിയന്ത്രണം പുനഃസ്ഥാപിക്കുമ്പോള്‍ സംഭവിക്കുന്നത് ജനകീയ തലത്തിലുള്ള സാമ്പത്തിക-രാഷ്ട്രീയ- സാംസ്‌കാരിക ശാക്തീകരണമാണ്. ആ നിലയ്ക്കുള്ള ഭക്ഷ്യ-ആരോഗ്യസ്വരാജ് കര്‍മ്മ പരിപാടികളുടെ രാഷ്ട്രീയ സാമ്പത്തിക സാംസ്‌കാരിക പാരിസ്ഥിതിക മാനങ്ങള്‍ തിരിച്ചറിയപ്പെടണം.
ഭക്ഷ്യ-ആരോഗ്യസ്വരാജ് എല്ലാ ജനസമൂഹങ്ങളുടെയും ലക്ഷ്യമാകണം.
ഇവിടെ കേരളത്തിന്റെ പശ്ചാതലത്തില്‍ ഈ വിഷയം വിശകലനം നടത്തുകയാണ് ചെയ്തത്. ഏതു നാട്ടിലും അവിടുത്തെ സഹചര്യങ്ങള്‍ക്ക് ചേര്‍ന്ന വിധത്തിലുള്ള കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ചുകൊണ്ട് ഭക്ഷ്യ-ആരോഗ്യസ്വരാജ് എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാവും. 94 ശതമാനം സാക്ഷരതയും ഒട്ടേറെ ബഹുജനപ്രസ്ഥാനങ്ങളുടെ സജീവസാന്നിധ്യവും സര്‍വ്വോപരി പ്രകൃതിയുടെ പ്രത്യേക വരദാനങ്ങളായ മഴയും, നീര്‍ച്ചാലുകളും, ജൈവവൈവിധ്യവുമുള്ള കേരളീയ സമൂഹത്തിന് ഭക്ഷ്യ-ആരോഗ്യ സ്വരാജ് കാര്യത്തില്‍ മറ്റു ജനസമൂഹങ്ങള്‍ക്ക് മാതൃകയാകാനാവും. അതിനായി ചതുര്‍മുഖ പദ്ധതികള്‍ മുന്നോട്ടുവയ്ക്കുന്നു.
1. ബോധവല്‍ക്കരണം
ഭക്ഷ്യ-ആരോഗ്യസ്വാജ് കര്‍മ്മപരിപാടികള്‍ യഥാര്‍ത്ഥ്യമാവണമെങ്കില്‍ വ്യാപകമായ ബോധവല്‍ക്കരണം സമൂഹത്തില്‍ നടക്കേണ്ടതുണ്ട്. എല്ലാസംഘടനകളുടെയും അജണ്ടയില്‍ ഈ കര്‍മ്മപരിപാടികള്‍ ഉള്‍പ്പെടുത്തണം.ഉല്‍പ്പാദനം,സംരക്ഷണം,ഉപഭോഗം,നയരൂപീകരണം എന്നീ രംഗങ്ങളില്‍ തിരുത്തലുകള്‍ക്കായി ജനകീയതലത്തില്‍ അഭിപ്രായരൂപീകരണമുണ്ടാവാനാണ് ബോധവല്‍ക്കരണം ആവശ്യമായുള്ളത്.
2. സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
മൂല്ല്യവത്തായ പലതും ഇതിനോടകം കൈമോശം വന്നെങ്കിലും നമ്മുടെയിടയില്‍ ഭാവിയുടെ താക്കോലാകേണ്ട പലതും അവശേഷിച്ചിട്ടുണ്ട്. വിത്തുകള്‍, അറിവുകള്‍, ജീവിതശൈലീമാതൃകകള്‍ തുടങ്ങിയ പലതും നിധിപോലെ കാത്തു സൂക്ഷിക്കേണ്ടവയായി നമ്മുടെ ഇടയിലുണ്ട്. അവ കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള നീക്കങ്ങള്‍ ജനകീയമായി നടത്തണം.
3. മാതൃകകള്‍ സൃഷ്ടിക്കണം.
കഴിയുന്നത്ര സ്ഥലങ്ങളില്‍ കാര്‍ഷിക- ഭക്ഷണ-ഔഷധകൃഷി മാതൃകകള്‍ വികസിപ്പിക്കണം.
രാഷ്ട്രീയ നേതൃത്വങ്ങള്‍, മതനേതാക്കള്‍, കലാ സാഹിത്യ രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയ സമൂഹം ശ്രദ്ധിക്കുന്ന വ്യക്തിത്വങ്ങള്‍ ഭക്ഷണ-ആരോഗ്യകാര്യങ്ങളില്‍ ജീവിക്കുന്ന മാതൃകകളാവണം.സന്നദ്ധ സംഘടനകളും പഞ്ചായത്തുകളും മറ്റും തങ്ങളുടെ പ്രദേശത്തെ കുറെ ആളുകളെ എങ്കിലും ഭക്ഷണ-ആരോഗ്യ കാര്യങ്ങളില്‍ സാധ്യമായത്ര കമ്പോളമുക്തരാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കണം.
4.സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തണം.
സര്‍ക്കാര്‍ നയങ്ങളിലും പരിപാടികളിലും ഭക്ഷ്യ- ആരോഗ്യസ്വരാജിന്റെ ദിശയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സമ്മര്‍ദ്ദമുണ്ടാകണം. നയരൂപീകരണ രംഗത്തുള്ളവരുമായുള്ള ആശയവിനിമയങ്ങള്‍ മുതല്‍ ജനകീയ സമരപരിപാടികള്‍ വരെ ഇക്കാര്യത്തിനാവശ്യമാണ്.
ഈ കര്‍മ്മപരിപാടികളും അവ യാഥാര്‍ത്ഥ്യമാക്കാനുള്ള ചതുര്‍മുഖ പദ്ധതികളും ആദ്യഘട്ടത്തില്‍ ആര് ഏറ്റെടുക്കും? സാമൂഹിക നവോത്ഥാനത്തിനായി നിലകൊള്ളുന്ന ചെറുതും വലുതുമായ നിരവധി പ്രസ്ഥാനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. പരിസ്ഥിതി സൗഹൃദപരമായ സുസ്ഥിര വികസനത്തിനും, സാമൂഹിക നീതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന നവസാമൂഹികപ്രസ്ഥാനങ്ങള്‍ തന്നെയാണ് ഭക്ഷ്യ- ആരോഗ്യ സ്വരാജ് പ്രവര്‍ത്തനങ്ങളുടെയും മുന്നണിപ്പോരാളികളായി രംഗത്തുവരേണ്ടത്. വിയോജിച്ചുകൊണ്ട് യോജിക്കാനുള്ള ജനാധിപത്യ സാധ്യത പ്രയോജനപ്പെടുത്തി ഭക്ഷ്യ- ആരോഗ്യ സ്വരാജ് കര്‍മ്മപരിപാടികള്‍ ഏറ്റെടുത്ത് മുഖ്യധാരാ പ്രസ്ഥാനങ്ങളെ കൂടി സഹകരിപ്പിച്ച് മുന്നോട്ടു പോകാനുള്ള ചരിത്രപരമായ ദൗത്യം നിര്‍വ്വഹിക്കാന്‍ നവസാമൂഹിക പ്രസ്ഥാനങ്ങള്‍ സന്നദ്ധമാവുമെന്ന് പ്രതീക്ഷിക്കുന്നു.
ഭക്ഷ്യ-ആരോഗ്യ സ്വരാജ് സംസ്ഥാനതല ഏകോപനസമിതിക്കുവേണ്ടി,
അനൂപ് ചന്ദ്രന്‍ (ചെയര്‍മാന്‍)
സണ്ണി പൈകട (കണ്‍വീനര്‍) ഫോണ്‍ 9446234997
email: bhakshyaswaraj@gmail.com
ബ്ലോഗ്: www.bhakshyaswaraj.blogspot.in
facebook:
Bhakshsya Swaraj (ഇതില്‍ മാത്രം Bhaksshya എന്നാണ് spelling)
Food-health swaraj
വളരെ നല്ല ഒരു ചുവടു വപ്പു എല്ലാ ആശംസകളും
മറുപടിഇല്ലാതാക്കൂ