2013, ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

ഭക്ഷ്യ ആരോഗ്യ സ്വരാജിലേക്കുള്ള വഴികള്‍ - III

(തൃശ്ശൂര്‍ യോഗത്തിലെ ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമായ രേഖ) 

സണ്ണി പൈകട 
(തുടര്‍ച്ച)

ഭക്ഷ്യ ആരോഗ്യ സ്വരാജിലേക്കുള്ള വഴികള്‍ - III 

7. നൂറുശതമാനം ജൈവ കൃഷി
ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനത്തിലുള്ള ശ്രദ്ധ കൃഷിരീതിയുടെ കാര്യത്തിലും ആവശ്യമാണ്. രാസവസ്തുക്കളും കീടനാശിനികളും ജനിതകമാറ്റം വരുത്തിയ വിത്തുകളും ഉപയോഗിച്ചുള്ള കൃഷിരീതികളുടെ അപകടത്തെക്കുറിച്ച് വിശദീകരിക്കേണ്ടതില്ല. സീറോ ബഡ്ജറ്റ് കൃഷിരീതിയാണ് ജൈവകൃഷി സമ്പ്രദായങ്ങളില്‍ ഏറ്റവും പ്രായോഗികവും ഫലപ്രദവുമെന്ന് തെളിഞ്ഞിട്ടുള്ളതിനാല്‍ അതാവും ഏറ്റവും അഭികാമ്യം.

8. മാംസഭക്ഷണം നിയന്ത്രിക്കപ്പെടണം
കേരളീയന്റെ ഭക്ഷണമേശയില്‍ മാംസഭക്ഷണത്തിന്റെ തോത് കൂടി വരുന്നത് വര്‍ധിച്ചുവരുന്ന രോഗാതുരതയുടെ ഒരു കാരണമാണ്. നിത്യവും മാംസഭക്ഷണം കഴിക്കുന്നതിനെ നിരുല്‍സാഹപ്പെടുത്തണം. കഴിക്കുന്ന മാംസഭക്ഷണംതന്നെ കൃത്രിമാഹാരങ്ങളും ഹോര്‍മോണുകളും നല്‍കി ഉല്‍പ്പാദിപ്പിച്ചവയോ കേടുകൂടാതെ സൂക്ഷിക്കാന്‍ രാസവസ്തുക്കളും മറ്റും ചേര്‍ത്തവയോ അല്ലെന്ന് ഉറപ്പുവരുത്താനും കഴിയണം. മാംസാഹാരിയേക്കാള്‍ കുറഞ്ഞയളവില്‍ പ്രകൃതിയില്‍ ക്ഷതമേല്‍പ്പിക്കുന്നത് സസ്യാഹാരിയാണെന്ന യാഥാര്‍ത്ഥ്യം പ്രചരിപ്പിക്കപ്പെടണം

9. മൈദ പോലുള്ള വിനാശകരമായ ഉത്പന്നങ്ങള്‍ ഭക്ഷ്യവിപണിയില്‍ വ്യാപകമാകുന്നതിനെതിരെ ചെറുത്തുനില്പുകള്‍ സംഘടിപ്പിക്കുക
തെറ്റായ ഭക്ഷണരീതിയുടെയും കമ്പോളാശ്രിതത്വത്തിന്റെയും പ്രതീകമാണ് മൈദ. യാതൊരു പോഷകമൂല്യവുമില്ലാത്തതും ദോഷഫലങ്ങള്‍ ഏറെ ഉള്ളതുമായ മൈദ ഉപയോഗിച്ചുള്ള ഭക്ഷ്യവിഭവങ്ങളാല്‍ നമ്മുടെ ഹോട്ടലുകളും ബേക്കറികളും പലവ്യഞ്ജനക്കടകളും നിറഞ്ഞത് ചുരുങ്ങിയ കാലകൊണ്ടാണ്. വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് ഇതുമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മൈദ ഉത്പന്നങ്ങള്‍ വീടിനകത്തും പുറത്തും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനെതിരെയുള്ള നീക്കം ഭക്ഷ്യ-ആരോഗ്യസ്വരാജിനായുള്ള ഉറച്ച കാല്‍വെയ്പാണ്.

10. മായം കലര്‍ന്ന ‘ക്ഷണത്തിനെതിരെ ജാഗ്രത
ഭക്ഷ്യവസ്തുക്കള്‍ എന്ന വ്യാജേന കമ്പോളത്തില്‍ വിറ്റഴിക്കപ്പെടുന്നവയില്‍ നിര്‍ണ്ണായകമായ പങ്കും നൂറ് ശതമാനവും രാസഉത്പന്നങ്ങളാണ്.  ആരോഗ്യത്തിന് ഹാനികരമായ ഇത്തരമുത്പ്പന്നങ്ങള്‍ കൃത്രിമ എസ്സന്‍സുകളും നിറങ്ങളും ചേര്‍ത്ത് ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. വന്‍തോതിലുള്ള പരസ്യങ്ങള്‍ വഴി ഇവയ്ക്ക് കമ്പോളത്തില്‍ സ്വീകര്യയത നേടിയെടുക്കുകയും ചെയ്യുന്നു. ഇത്തരം ഉത്പന്നങ്ങള്‍ ഏവയാണെന്ന് മനസ്സിലാക്കാനും അവയുടെ വ്യാപനം തടയാനുമുള്ള പ്രചരണ - സമരപരിപാടികളും ഭക്ഷ്യ-ആരോഗ്യസ്വരാജിനായുള്ള ചുവടുവയ്പ്പാണ്.

11. കായികാദ്ധ്വാനം ശരീരധര്‍മ്മമാണെന്നത് അംഗീകരിക്കപ്പെടണം
കായികാദ്ധ്വാനത്തെ പരിഹാസത്തോടെ കാണുന്ന മലയാളി കേരളത്തെ ഒരു ആരോഗ്യ കമ്പോളമാക്കി മാറ്റുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഗാന്ധിജി
മുന്നോട്ടു വച്ച ബ്രഡ് ലേബര്‍ സങ്കല്‍പ്പം ഇന്നേറെ പ്രസക്തമാണ്. ആരോഗ്യമുള്ള ഒരാള്‍ കായികദ്ധ്വാനമില്ലാതെ ഭക്ഷണം കഴിക്കുന്നതാണ്. ചൂഷണത്തിന്റെ പ്രാഥമികരൂപം. അതുപോലെ തന്നെ പ്രകൃതി വിരുദ്ധതയുടെ ആദ്യ രൂപവും ഇതുതന്നെ. എന്തുകൊണ്ടെന്നാല്‍ നമ്മുടെ ശരീരപ്രകൃതിതന്നെ കായികദ്ധ്വാനം ചെയ്തിട്ട് ഭക്ഷണം കഴിക്കേണ്ടവിധത്തിലാണ്. മഴയും വെയിലും ഏല്‍ക്കാതെ ശരീരം വിയര്‍ക്കാതെ എങ്ങനെ ജീവിക്കാമെന്നാണ് എല്ലാവരും ആലോചിക്കുന്നത്. ഇതൊരു സാംസ്‌കാരികരോഗമാണ്. ഈ രോഗത്തിനുള്ള ചികിത്സ കൂടിയാണ് ഒന്നാമത്തെ കര്‍മ്മപരിപാടി.

12. ഗൃഹവൈദ്യം
ഏതവസരത്തിലും ഉണ്ടാകാവുന്ന ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ചില ഭക്ഷണ ക്രമീകരണങ്ങളിലൂടെയോ ചില നാട്ടുമരുന്നുകളിലൂടെയോ എളുപ്പം പരിഹാരം കാണാവുന്നതാണ്. വിവിധ ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും അക്യുപ്രഷര്‍, പ്രാണിക് ഹീലിങ് തുടങ്ങിയ മരുന്നില്ലാ ചികിത്സാരീതികളും ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കപ്പെടണം. ആരോഗ്യരക്ഷയ്ക്കായി സ്ഥാപനവല്‍കൃതമായ ചികില്‍സാരീതികളില്‍നിന്ന് സാധ്യമായത്ര അകലം പാലിക്കണം. ഇന്ന് അലോപ്പതിവൈദ്യം മാത്രമല്ല. സ്ഥാപനവല്‍കൃതമായി കമ്പോള നിയമങ്ങളാല്‍ നടത്തപ്പെടുന്നുവെന്ന് തിരിച്ചറിയേണ്ടതുണ്ട്. മരുന്നില്ലാചികില്‍സാരീതികള്‍ പോലും ഇന്ന് കമ്പോളതാത്പര്യങ്ങളാല്‍ പുനഃസംവിധാനം ചെയ്യപ്പെടുന്നതിനെതിരെ ജാഗ്രത പുലര്‍ത്തേണ്ട കാലമാണിത്.

13. നാട്ടുവൈദ്യരംഗത്തെ അറിവുകള്‍ ജനകീയമാക്കുക
നിര്‍ഭാഗ്യവശാല്‍ “പഠിച്ച” ഡോക്ടര്‍മാര്‍ ആരോഗ്യമേഖല കീഴടക്കിയപ്പോള്‍ നാട്ടുവൈദ്യന്മാരും അവരുടെ അറിവുകളും പ്രാകൃതമാണ് എന്ന് വിലയിരുത്തപ്പെടുകയും അതുനാടുകടത്തപ്പെടുകയും ചെയ്തു. നാടുകടത്തപ്പെട്ട നാട്ടുവൈദ്യഅറിവുകളെ തിരികെ കൊണ്ടുവരുന്നത് ഭക്ഷ്യ ആരോഗ്യ സ്വരാജിലേയുള്ള ഉറച്ച കാല്‍വയ്പ്പാണ്. ഒറ്റമൂലികള്‍ പ്രയോഗിക്കാന്‍ അറിയുന്നവര്‍, തിരുമ്മല്‍ വിദഗ്ധന്മാര്‍ തുടങ്ങിയവരുടെയൊക്കെ അറിവുകളും ചികില്‍സാപദ്ധതികളും അന്യംനിന്നുപോകുന്ന സാഹചര്യമൊഴിവാക്കാന്‍ അടിയന്തിരശ്രമങ്ങള്‍ ആവശ്യമാണ്.

14. പൊതുവിതരണസംവിധാനങ്ങളുടെ പുനഃസംഘടന
അന്യസംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന അരിയുടെയും ഗോതമ്പിന്റെയും ന്യായവിലയ്ക്കുള്ള വിതരണമാണ് പ്രധാനമായും ഇന്ന് റേഷന്‍ കടകള്‍ വഴി നടക്കുന്നത്. പൊതുവിതരണ സംവിധാനത്തിലെ മറ്റു വില്‍പ്പനശാലകള്‍ വഴി ഇതര നിത്യോപയോഗ സാധനങ്ങളും ഇതുപോലെ വിറ്റഴിക്കപ്പെടുന്നു. ഈ സംവിധാനങ്ങള്‍ ഉപയോഗിച്ചു തന്നെ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ചക്കയും കപ്പയും പോലുള്ള ഫലങ്ങളും വിവിധ കിഴങ്ങുവര്‍ഗങ്ങളും ഇലക്കറികളും പച്ചക്കറികളും സംഭരിക്കാനും അവ കേടുകൂടാതെ സൂക്ഷിക്കാനും വിപണനം നടത്താനും കഴിയുന്നവിധത്തില്‍ പുനഃസംവിധാനം ചെയ്യണം. ഉത്പ്പാദന ഉപഭോക്താവിന് നീതി ലഭ്യമാകുന്നവിധത്തില്‍ ഈ കാര്യത്തിലുള്ള സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണ്.

15. നഷ്ടപ്പെടുന്ന ഗ്രാമീണതയെ തിരികെ പിടിക്കുക
കേരളം ആകെക്കൂടി ഇന്നൊരു വലിയ നഗരമായി രൂപന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. നഗരജീവിതമാണ് മാതൃകപരമെന്ന വിനാശചിന്തയാണ് ഭക്ഷ്യ- ആരോഗ്യ ചന്തയിലേക്കുള്ള പ്രവേശനകവാടം. നഷ്ടപ്പെടുന്നഗ്രാമീണതയെക്കുറിച്ചുള്ള ഗൃഹാതുരത്വചിന്തകള്‍ ഓണത്തിനും വിഷുവിനും പങ്കുവയ്ക്കുന്നത് ഇന്നൊരു ഫാഷനാണ്. അത്തരമവസരങ്ങളില്‍ മുണ്ടുടുത്തും സാരിചുറ്റിയും തിരുവാതിര കളിച്ചും, ഗ്രാമീണതയെയും കമ്പോളത്തിന്റെ ആഘോഷമാക്കി മാറ്റുന്ന കാപട്യമല്ല ഇന്നാവശ്യം. ഗ്രാമീണതയുടെ മൂല്യങ്ങളും നടപ്പുരീതികളും കാലാനുസൃതമായി പുനഃസ്ഥാപിക്കണം. വസ്ത്രധാരണത്തിലും ഗൃഹനിര്‍മ്മാണത്തിലും ഭക്ഷണശൈലിയിലും മാനുഷികബന്ധങ്ങളിലും എല്ലാം ഗ്രാമീണതയുടെ പച്ചപ്പ് ഭക്ഷ്യ-ആരോഗ്യ സ്വരാജിന്റെ സാംസ്‌കാരികപശ്ചാത്തലമാണ്‍ .

മേല്‍ സൂചിപ്പിച്ച വിധത്തിലുള്ള 
നിര്‍മ്മാണാത്മകവും സമരാത്മകവുമായ പരിപാടികളിലൂടെ മാത്രമേ ഭക്ഷ്യ- ആരോഗ്യ സ്വരാജ് യാഥാര്‍ത്ഥ്യമാവുകയുള്ളൂ.
പ്രധാനമായും അഞ്ചു രംഗങ്ങളിലുള്ളവര്‍ക്ക് ഈ പരിപാടികള്‍ കേരളീയസമൂഹത്തില്‍ ശ്രദ്ധേയമാക്കുന്നതില്‍ 
വലിയ പങ്ക് വഹിക്കാനാവും.
(തുടരും) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ