2013, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

കമ്പോളരാജിനെ നേരിടാന്‍ ഭക്ഷ്യ- ആരോഗ്യസ്വരാജ് -ii


(തൃശ്ശൂര്‍ യോഗത്തിലെ ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമായ രേഖ)
സണ്ണി പൈകട
(തുടര്‍ച്ച) 

മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളുമായി ബന്ധപ്പെടുത്തികൊണ്ട് ശരിയായ സ്വാതന്ത്ര്യത്തെക്കുറിച്ച് ജനങ്ങളോട് സംസാരിക്കുന്ന കര്‍മ്മ പരിപാടികള്‍ക്ക് ഇന്ന് ഏറെ പ്രധാന്യം നല്‍കേണ്ടതുണ്ടെന്ന് തോന്നുന്നു. ശരിയായ സ്വാതന്ത്ര്യം സാധാരണ ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നതിന്റെ അടിത്തറതന്നെ അവരുടെ അടിസ്ഥാന ജീവിതാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ അവര്‍ക്കുള്ള പങ്കാളിത്തവും നിയന്ത്രണവുമാണ്. 

ഇന്ന് അടിസ്ഥാനാവശ്യങ്ങളെല്ലാം കമ്പോളകേന്ദ്രീകൃതമായാണല്ലോ നിയന്ത്രിക്കപ്പെടുന്നത്. ഈ  മര്‍മ്മത്ത് പ്രഹരമേല്‍പ്പിക്കാന്‍ ജനങ്ങളെ സജ്ജരാക്കുക എന്നതുതന്നെയാണ് ഈ കാലഘട്ടത്തില്‍ ഏറ്റവും ശ്രദ്ധാപൂര്‍വ്വം സമാന്തരപ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കേണ്ട ദൗത്യമെന്ന് തോന്നുന്നുമനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളില്‍ തന്നെ പ്രഥമസ്ഥാനത്തുള്ള ഭക്ഷണവുമായി ബന്ധപ്പെട്ട് മേല്‍ സൂചിപ്പിച്ച വിധത്തിലുള്ള ചില കര്‍മ്മ പരിപാടികള്‍ മുന്നോട്ട് വയ്ക്കുകയാണിവിടെ. 

ഭക്ഷണം നിശ്ചയമായും കൃഷിയുമായും ആരോഗ്യവുമായും നേരിട്ട് ബന്ധപ്പെട്ടവയാണ്. ആയതിനാല്‍ കൃഷി, ഭക്ഷണംആരോഗ്യം എന്നീ രംഗങ്ങളില്‍ ജനങ്ങള്‍ക്ക് പരമാവധി സ്വയംഭരണം (സ്വരാജ്) യാഥാര്‍ത്ഥ്യമാക്കുന്നത് ലക്ഷ്യം വച്ചുള്ള ഈ കര്‍മ്മപരിപാടികളെ ഭക്ഷ്യ-ആരോഗ്യ സ്വരാജ് എന്നു നിലയിലാണിവിടെ വിശേഷിപ്പിക്കുന്നത്.

അടുത്തകാലത്തായി, കേരളത്തില്‍ ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരന് താങ്ങാന്‍ പറ്റാത്ത തോതിലാണെന്നതിന് വാര്‍ത്താമൂല്യമില്ലഡീസലിന്റെ വില ഇനി എല്ലാ മാസവും വര്‍ദ്ധിപ്പിക്കാനുള്ള സ്വാതന്ത്ര്യം എണ്ണക്കമ്പനികള്‍ക്ക് നല്‍കിക്കഴിഞ്ഞു. ഭക്ഷ്യസാധനങ്ങള്‍ക്ക് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തെ അതെങ്ങെനെ ബാധിക്കുമെന്ന് വ്യക്തമാണ്. ഇവിടെ നെല്‍പ്പാടങ്ങളുടെ വിസ്തൃതി എട്ടിലൊന്നായി ചുരുങ്ങിയത് സംബന്ധിച്ച ചര്‍ച്ചകളും ഇടതടവില്ലാതെ നടക്കുന്നുണ്ട്, കൂട്ടത്തില്‍ ഉള്ള പാടങ്ങള്‍ നികത്താനുള്ള നീക്കങ്ങളും തകൃതിയായി നടക്കുന്നു. കമ്പോളത്തില്‍ ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളിലെ മായങ്ങളെപ്പറ്റിയുള്ള സംസാരങ്ങള്‍ക്കും കുറവില്ല. 

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരുന്നുകള്‍ വില്ക്കപ്പെടുന്ന സംസ്ഥാനമായിട്ടും, പൊതു-സ്വകാര്യചികിത്സാ സംവിധാനങ്ങള്‍ ഏറെയുണ്ടായിട്ടും, മലയാളികള്‍ വീടിനു പുറത്തിറങ്ങുന്നത് ഏറിയ പങ്കും ആശുപത്രിയില്‍ പോകാനാണെന്ന് അല്പം അതിശയോക്തിയോടെ പറയാവുന്ന വിധത്തില്‍ രോഗാതുരത വര്‍ദ്ധിച്ചിരിക്കുന്നു. ഇങ്ങനെ പലവിധത്തില്‍ ഭക്ഷണത്തിന്റെയും ആരോഗ്യത്തിന്റെയും രംഗങ്ങളില്‍ കമ്പോളം ജനവിരുദ്ധമായി മാറിക്കൊണ്ടിരിക്കുമ്പോള്‍ വിലകുറയണമെന്നും ഗുണം മെച്ചപ്പെടണമെന്നും ആഗ്രഹിക്കുന്നതോടൊപ്പമെങ്കിലുംകഴിയുന്നത്ര കമ്പോളത്തില്‍ നിന്നു കുതറിമാറാനുള്ള ശ്രമങ്ങളും ഉണ്ടാകേണ്ടതല്ലേ?
(തുടരും) 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ