2013, ഓഗസ്റ്റ് 13, ചൊവ്വാഴ്ച

ഭക്ഷ്യ ആരോഗ്യ സ്വരാജിലേക്കുള്ള വഴികള്‍ - I

(തൃശ്ശൂര്‍ യോഗത്തിലെ ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമായ രേഖ) 

സണ്ണി പൈകട 
(തുടര്‍ച്ച) 


1. ഭക്ഷണം കഴിക്കുന്നവരെല്ലാം ഭക്ഷ്യോല്‍പ്പാദനത്തില്‍ പങ്കാളികളാവുക.

ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനരംഗത്ത് കുട്ടികളും വൃദ്ധജനങ്ങളും അദ്ധ്യാപകരും പുരോഹിതരും മന്ത്രിയും കലക്ടറും സാംസ്‌കാരിക നേതാക്കളും വ്യവസായികളുമെല്ലാം അല്പസമയം ചെലവഴിക്കും എന്ന ആശയത്തിന് വിപ്ലവകരമായസാംസ്‌കാരിക-രാഷ്ട്രീയ- ആധ്യാത്മിക മൂല്യമുണ്ട്. സ്വാതന്ത്ര്യ സമരകാലത്ത് എല്ലാവരും അല്പസമയം നൂല്‍ നൂല്‍ക്കണമെന്ന ആവശ്യം ഗാന്ധിജി മുന്നോട്ടുവച്ചതിന്റെ ഇന്നത്തെ പതിപ്പാണിത്.

ഭക്ഷണം കഴിക്കുന്നവരെല്ലാം കായിക അദ്ധ്വാനം ചെയ്യാന്‍ ബാദ്ധ്യസ്ഥാരാണെന്നതിനുപുറമേ, അടിസ്ഥാന ജീവിത ആവശ്യങ്ങളില്‍ ഒന്നായ വസ്ത്രം ഉത്പ്പാദിപ്പിക്കുന്നതിനായി അല്‍പ്പസമയം അദ്ധ്വാനിക്കുക വഴി ആ രംഗത്ത് മൂലധനത്തിന്റെയും കമ്പോളത്തിന്റെയും ഭരണകൂടത്തിന്റെ നിയന്ത്രണത്തെ ജനകീയമായി ഒഴിവാക്കുകയും ചെയ്യുക എന്ന അടിസ്ഥാന ദര്‍ശനമാണ് ഗാന്ധിജി അന്ന് ഉയര്‍ത്തിപ്പിടിച്ചത്. അകാലത്ത് ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നീ അടിസ്ഥാന ആവശ്യങ്ങളില്‍ കമ്പോളം ശക്തമായി ഇടപെടാന്‍ തുടങ്ങിയത് വസ്ത്രത്തിന്റെ കാര്യത്തിലായിരുന്നു.

എന്നാല്‍ ഇന്ന് മനുഷ്യന്റെ ജീവന്‍ നിലനിര്‍ത്താന്‍ ഏറ്റവും അനിവാര്യമായ കുടിവെള്ളവും ഭക്ഷണവും കമ്പോളത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഈ പ്രവണത ഏറ്റവും ശക്തമായി നിലനില്‍ക്കുന്നത് കേരളത്തിലാണ്. ഗാന്ധിജി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ഭക്ഷണം കഴിക്കുന്നവരെല്ലാം ഭക്ഷ്യോല്‍പ്പാദനപ്രവര്‍ത്തനത്തില്‍ അല്‍പ്പസമയമെങ്കിലും പങ്കാളിയാവണം എന്ന മുദ്രാവാക്യം ഉയര്‍ത്തുമായിരുന്നു. നമ്മുടെ പക്കല്‍ നിന്ന് എല്ലാ അര്‍ത്ഥത്തിലും നിയന്ത്രണം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു അടിസ്ഥാന ആവശ്യത്തിന്റെ കാര്യത്തിലുള്ള നമ്മുടെ വ്യക്തിഗത പങ്കാളിത്തം വഴി ഉണ്ടാവുന്ന സൃഷ്ടിപര ഊര്‍ജ്ജം വലിയ ചലനങ്ങള്‍ക്ക് അടിസ്ഥാനമിടും.

സ്വന്തം ഭക്ഷ്യവസ്തുക്കള്‍ കൃഷി ചെയ്ത് ഉല്‍പ്പാദിപ്പിച്ച് ഉപയോഗിക്കുന്നതിലെ സംതൃപ്തിയും ആസ്വാദ്യതയും അതേസമയംതന്നെ അതിന്റെ ബദ്ധപ്പാടുകളും എല്ലാവരും അറിയേണ്ടതുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ശരീയായ മൂല്യമറിയാന്‍ ഇത് ആവശ്യമാണ്. ഇത് തികച്ചും പ്രായോഗികമായ കാര്യമാണ്. കൃഷി സ്ഥലമില്ലാത്തവര്‍ക്ക് പോലും സ്വന്തം താമസസ്ഥലത്ത് ചെടിച്ചട്ടികളിലും ചാക്കുകളിലും മണ്ണുനിറച്ച് ചില ഭക്ഷ്യവിളകള്‍ കൃഷി ചെയ്യാനാവും. വീടുകളില്‍ മാത്രമല്ല ഓഫീസുകളിലും വിദ്യാലയങ്ങളിലും ദേവാലയങ്ങളിലുമെല്ലാം സാഹചര്യങ്ങള്‍ക്ക് ചേര്‍ന്ന വിധത്തില്‍ ഇത് പ്രായോഗികമാക്കണം. ഇതൊരു തരംഗമായി രൂപപ്പെട്ടാല്‍ അതുണ്ടാക്കുന്ന സാധ്യതകള്‍ അപാരമാണ്. കേരളത്തില്‍ സര്‍ക്കാര്‍ പോലും ഷോപ്പിംങ്ങ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചുകൊണ്ട് കമ്പോള ഉല്‍സവത്തിന് ശ്രമിക്കുന്ന കാലമാണിത്. സര്‍ക്കാര്‍ പ്രൊഡക്ഷന്‍ ഫെസ്റ്റിവലിനെക്കുറിച്ച് ആലോചിക്കുന്നതേയില്ല. അതുകൊണ്ടുതന്നെ ഭക്ഷണോല്‍പ്പാദന പ്രവര്‍ത്തനങ്ങളെ ഒരുല്‍സവമാക്കാന്‍ ജനകീയമായി ശ്രമിക്കുന്നതിന് വലിയ പ്രധാന്യമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ