2013, ഓഗസ്റ്റ് 14, ബുധനാഴ്‌ച

ഭക്ഷ്യ ആരോഗ്യ സ്വരാജിലേക്കുള്ള വഴികള്‍ - II

(തൃശ്ശൂര്‍ യോഗത്തിലെ ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമായ രേഖ) 

സണ്ണി പൈകട 
(തുടര്‍ച്ച) 

ഭക്ഷ്യ ആരോഗ്യ സ്വരാജിലേക്കുള്ള വഴികള്‍ - II

ഭക്ഷണ സങ്കല്‍പ്പത്തില്‍ മാറ്റം വരുത്തുക

നമ്മുടെ തൊടികളില്‍ വളരുന്ന ഭക്ഷ്യമൂല്യമുള്ള ഒട്ടേറെ ഇലവര്‍ഗങ്ങളും പഴങ്ങളും അവഗണിച്ച് നാം വിഷം പുരട്ടിയ പച്ചക്കറികളും പഴങ്ങളും വില കൊടുത്തു വാങ്ങുന്നു. അതു വഴി രോഗങ്ങളും. ഭക്ഷ്യമൂല്യമുള്ള എന്തെല്ലാം ചെടികളാണ് ഈ ഹരിതകേരളത്തിന്റെ മുക്കിലും മൂലയിലും വളരുന്നത് എന്ന് നാം അറിയുന്നില്ല. അറിഞ്ഞാല്‍ത്തന്നെ അവയ്ക്ക് കമ്പോളമൂല്യം ആരും ഇതുവരെ നല്‍കാത്തതിനാല്‍ നാം അവയുടെ ഭക്ഷ്യമൂല്യവും അംഗീകരിക്കുന്നില്ല എന്നത് ലജ്ജാകരമാണ്. നാം അവഗണിക്കുന്ന ഭക്ഷ്യമൂല്യമുള്ള ഇല വര്‍ഗങ്ങളിലെറെയും കാര്യമായ പരിചരണങ്ങളൊന്നുമില്ലാതെ, രണ്ടു സെന്റിലെ വീടുകളില്‍ മുതല്‍ ആകാശത്തെ ഫ്‌ളാറ്റുകളില്‍ വരെ വളര്‍ത്താവുന്നവയാണെന്ന് ഓര്‍ക്കണം നമ്മുടെ ഭക്ഷണ വിചാരങ്ങള്‍ അരി, മൈദാ ഉല്‍പ്പന്നങ്ങള്‍, കോഴി എന്നീ മൂന്ന് കാര്യങ്ങളില്‍ കേന്ദ്രീകൃതമായിരിക്കുന്ന സാഹചര്യമാണിന്നുള്ളത്. അത് മാറാത്തിടത്തോളം മലയാളിയുടെ ഭക്ഷ്യ-ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവുകയേയുള്ളു.

3. കിഴങ്ങുവര്‍ഗത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുക.
ഇനിയുള്ള കാലത്ത് മണ്ണും ജലവും ഏറെ ക്ഷാമമനുഭവപ്പെടുന്ന അടിസ്ഥാന പ്രകൃതിവിഭവങ്ങളാണ.് ഒരു കിലോഗ്രാം ധാന്യം ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായതില്‍ വളരെ കുറഞ്ഞ അളവില്‍ മണ്ണും ജലവും മതി ഒരു കിലോഗ്രാം കിഴങ്ങ് ഉല്‍പാദിപ്പിക്കാന്‍. ധാന്യത്തില്‍നിന്നും കിഴങ്ങില്‍നിന്നും ലഭ്യമാകുന്നത് അന്നജം തന്നെയാണ്.
ഈയൊരു യാഥാര്‍ത്ഥ്യം പരിഗണിച്ച് കിഴങ്ങ് വര്‍ഗങ്ങളുടെ ഉല്‍പ്പാദനത്തിലും അവ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിനും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. എത്രയോ വൈവിധ്യമുള്ള കിഴങ്ങുവര്‍ഗങ്ങളാണ് നമുക്കുണ്ടായിരുന്നത്. മരച്ചീനിയും ചേമ്പും മറ്റും നന്നായി കായികദ്ധ്വാനം ചെയ്യുന്നവര്‍ക്ക് കഴിക്കാന്‍ അനിയോജ്യമായ കിഴങ്ങുവര്‍ഗങ്ങളാണെങ്കില്‍, ചേനയും കാച്ചിലും ചെറുകിഴങ്ങും മധുരക്കിഴങ്ങുമൊക്കെ ഏറെ കായികാദ്ധ്വാനം ചെയ്യാത്തവര്‍ക്കുപോലും കഴിക്കാവുന്ന എളുപ്പത്തില്‍ ദഹിക്കുന്ന കിഴങ്ങുവര്‍ഗങ്ങളാണ്. പാടങ്ങളുടെ വിസ്തൃതി എട്ടിലൊന്നായി ചുരുങ്ങിയ കേരളത്തില്‍ ഇതിന് ഏറെ പ്രാധാന്യമുണ്ട്. കേരളത്തിലെ ജനങ്ങള്‍ ഇനിയും ധാന്യങ്ങളെ മുഖ്യഭക്ഷ്യവസ്തുക്കളായി ഉപയോഗിക്കുന്നത് വിഡ്ഢിത്തമാണ്. ദിവസത്തില്‍ ഒരു നേരമെങ്കിലും ധാന്യത്തിനുപകരം കിഴങ്ങുവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും അവ കൃഷി ചെയ്യുകയും വേണം.


4. ഭക്ഷ്യമൂല്യമുള്ള ഫലങ്ങള്‍ നല്‍കുന്ന വൃക്ഷവിളകളുടെ വ്യാപനം
പ്ലാവും മാവും പേരയും നെല്ലിയും പപ്പായയുമെല്ലാം എത്രമാത്രം വ്യാപകമാക്കാനാവുമോ അത്രകണ്ട് അത് ഭാവിതലമുറയ്ക്ക് ഭക്ഷണം നല്‍കും. കേരളത്തില്‍ ഓരോ വര്‍ഷവും എത്രമാത്രം ചക്കയും പപ്പായയും മറ്റുമാണ് പാഴായി പോകുന്നത്. ഓരോ സീസണിലെയും ലഭ്യത അനുസരിച്ച് ഈ ഫലങ്ങള്‍ ഒരു നേരത്തെ ഭക്ഷണമായി ഉപയോഗപ്പെടുത്തിയാല്‍ അത്രകണ്ട് ധാന്യഭക്ഷണം കുറയ്ക്കാന്‍ ആകും.


5. ഗുണമേന്മയുള്ള പാനീയങ്ങള്‍ പ്രോല്‍സാഹിപ്പിക്കപ്പെടണം
കമ്പോളത്തില്‍ ലഭ്യമായ മദ്യവും കോളകളും മറ്റുമുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വളരെ വ്യക്തമാണ്. നമ്മുടെ കാലവസ്ഥയ്ക്ക് ചേര്‍ന്നതും ഇവിടെ ലഭ്യതയുള്ളതുമായ വിവിധ പഴങ്ങളുടെയും ഔഷധമൂല്യമുള്ള ഇലവര്‍ഗങ്ങളുടെയും ജൂസുകള്‍ പ്രോല്‍സാഹിപ്പിക്കപ്പെടണം. കേരളീയ സാഹചര്യത്തില്‍ ഏറ്റവും പ്രോല്‍സാഹനം നല്‍കേണ്ടത് ലഹരിയില്ലാത്ത കള്ള് (നീരാ) തെങ്ങില്‍നിന്ന് ഉത്പ്പാദിക്കാനും ഉപയോഗിക്കാനുമാണ്.


6. വേണം പാചകരംഗത്തും മാറ്റങ്ങള്‍
ആരോഗ്യകരമായ പാചകരീതികളാണോ നാം ഇന്ന് ശീലിച്ചിട്ടുള്ളതെന്ന് ഒരു പുനര്‍വിചിന്തനം നടത്തണം രുചികരമായ പാചകത്തിന് ഇന്ന് കമ്പോളം പ്രചരിപ്പിക്കുന്ന നിറവും മണവുമുള്ള കൂട്ടുകള്‍ ആവശ്യമില്ല എന്ന് പ്രായോഗികമായി തെളിയിക്കണം. നമ്മുടെ നാടന്‍ പലഹാരങ്ങള്‍, ചമ്മന്തികള്‍, പുഴുക്കുകള്‍ തുടങ്ങിയവയൊക്കെ പുനരവതരിപ്പിക്കപ്പെടണം. അങ്ങനെ നമ്മുടെ നാടന്‍ രുചിബോധത്തെ ഉണര്‍ത്തിയെടുക്കണം. ഇതെല്ലാം ലക്ഷ്യം വയ്ക്കുന്ന പാചക-ഭക്ഷ്യമേളകള്‍ സംഘടിപ്പിക്കപ്പെടണം. പഴങ്ങളും പച്ചക്കറികളും കിഴങ്ങുകളും മറ്റും ഏറെ നാളത്തേക്ക് കേടുകൂടാതെ സൂക്ഷിക്കുന്നതിന് മുമ്പുണ്ടായിരുന്ന നാടന്‍ സമ്പ്രാദായങ്ങള്‍ പ്രചരിപ്പിക്കപ്പെടണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ