2013, ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച

ഭക്ഷ്യ ആരോഗ്യ സ്വരാജിലേക്കുള്ള വഴികള്‍ - IV

(തൃശ്ശൂര്‍ യോഗത്തിലെ ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമായ രേഖ) 

സണ്ണി പൈകട 
(തുടര്‍ച്ച)

ഭക്ഷ്യ ആരോഗ്യ സ്വരാജിലേക്കുള്ള വഴികള്‍ - IV 


മേല്‍ സൂചിപ്പിച്ച വിധത്തിലുള്ള 
നിര്‍മ്മാണാത്മകവും സമരാത്മകവുമായ പരിപാടികളിലൂടെ മാത്രമേ ഭക്ഷ്യ- ആരോഗ്യ സ്വരാജ് യാഥാര്‍ത്ഥ്യമാവുകയുള്ളൂ.
പ്രധാനമായും അഞ്ചു രംഗങ്ങളിലുള്ളവര്‍ക്ക് ഈ പരിപാടികള്‍ കേരളീയസമൂഹത്തില്‍ ശ്രദ്ധേയമാക്കുന്നതില്‍ 
വലിയ പങ്ക് വഹിക്കാനാവും.

1. സന്നദ്ധ സംഘടനകള്‍ - ഗ്രാമപഞ്ചായത്തുകള്‍- റസിഡന്റ് അസോസ്സിയേഷനുകള്‍- അയല്‍ക്കൂട്ടങ്ങള്‍ 
കേരളത്തില്‍ അവിടവിടെയായി 25 പ്രദേശങ്ങളിലെങ്കിലും 100 കുടുംബങ്ങളെ വീതം തിരഞ്ഞെടുത്ത് ആ കുടുംബങ്ങളില്‍ അടുത്ത മൂന്നു വര്‍ഷംകൊണ്ട് ഭക്ഷണ കാര്യത്തില്‍ 75 ശതമാനമെങ്കിലും കമ്പോളമുക്തി യാഥാര്‍ത്ഥ്യമാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുക. അതിനായി ദ്വിമുഖ തന്ത്രമാവശ്യമാണ്. ഭക്ഷണാവശ്യത്തിനുള്ളവ പരമാവധി ഉത്പാദിപ്പിക്കുക എന്നതും ,ഉത്പാദിപ്പിക്കാവുന്നവ ഉപയോഗിക്കുന്ന ഭക്ഷ്യശീലത്തിലേക്ക് വരികയെന്നതുമാണ് ആ തന്ത്രങ്ങള്‍. ഈ രണ്ടു കാര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രചരണവും പദ്ധതികളും ഉണ്ടാവണം.

2. സമാന്തര പ്രസിദ്ധീകരണങ്ങള്‍
ഭക്ഷ്യ- ആരോഗ്യ സ്വരാജ് സങ്കല്പ്പത്തിലുള്ള ആശയങ്ങളും പരിപാടികളും കാര്‍ഷിക- പാചക ഭക്ഷണ രീതികളും ഒരു വര്‍ഷത്തേക്കെങ്കിലും എല്ലാ ലക്കങ്ങളിലും പ്രസിദ്ധീകരിച്ചുകൊണ്ട് ഇക്കാര്യത്തില്‍ പിന്‍ബലം നല്‍കുന്നതിനുള്ള ശ്രമം സമാന്തര പ്രസിദ്ധീകരണങ്ങളില്‍ നിന്നുണ്ടാകുക.

3. സ്വതന്ത്ര കര്‍ഷക സംഘടനകള്‍
കര്‍ഷകരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളോടൊപ്പം  ഉത്പ്പാദിപ്പിച്ച് വില്ക്കുകയും വാങ്ങി ഉപയോഗിക്കുകയും ചെയ്യുന്ന ശീലത്തില്‍നിന്ന് കര്‍ഷകരെ മോചിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാവുക. രണ്ടു ഘട്ടത്തിലും കമ്പോളത്തെ ആശ്രയിക്കേണ്ടി വരുന്ന കര്‍ഷകനെ, ഉപയോഗിക്കാനുള്ളവ ഉത്പ്പാദിപ്പിക്കുന്നവനും ഉത്പ്പാദിപ്പിക്കാവുന്നവ ഉപയോഗിക്കുന്നവനുമാക്കി മാറ്റാനുള്ള പരിശ്രമങ്ങളില്‍ കര്‍ഷകസംഘടനകള്‍ മുന്‍കൈയെടുക്കണം.

4. വിദ്യാലയങ്ങളില്‍ ചില പ്രത്യേക പരിപാടികളുമായി ഇടപെടലുകള്‍ നടത്തുന്ന പ്രസ്ഥാനങ്ങള്‍.
ഭക്ഷ്യ- ആരോഗ്യ സ്വരാജിനായുള്ള ചില കര്‍മ്മ പരിപാടികള്‍ ഭാവനാപൂര്‍ണ്ണമായി ആവിഷ്‌കരിച്ച് വളരുന്ന തലമുറയെ ഇത്തരം കാര്യങ്ങളിലേക്ക് ആകര്‍ഷിക്കുക.

5. സമര സംഘടനകളും അവയുടെ കൂട്ടായ്മകളും
ഇനിയുള്ള കാലത്ത് സമരങ്ങളോടൊപ്പം നിര്‍മ്മാണവും പ്രധാനപ്പെട്ടതാണ്. ഉദാഹരണത്തിന് പട്ടണങ്ങളിലെ മാലിന്യങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവരും എക്‌സ്പ്രസ്സ് ഹൈവേക്കെതിരെ സമരം ചെയ്യുന്നവരും ഭക്ഷ്യ- ആരോഗ്യ സ്വരാജിനായുള്ള കര്‍മ്മ പരിപാടികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് അവരുടെ സമരങ്ങള്‍ക്ക് കൂടുതല്‍ കൃത്യമായ ദിശാബോധം നല്‍കും. എന്തുകൊണ്ടെന്നാല്‍ ഭക്ഷ്യ-ആരോഗ്യ കാര്യത്തില്‍ ജനങ്ങളുടെ  കമ്പോളാശ്രിതത്വം കുറയുന്നതനുസരിച്ച് പട്ടണങ്ങളിലെ മാലിന്യങ്ങളും റോഡിലെ ഗതാഗതസമ്മര്‍ദ്ദവും കുറയുമെന്ന് വ്യക്തമല്ലേ. ഈ വിധത്തില്‍ സമരങ്ങളെ നിര്‍മ്മാണാത്മകതലത്തിലേക്ക് വികസിപ്പിക്കേണ്ട കാലഘട്ടമാണിത്. ചുരുക്കത്തില്‍ ഭക്ഷ്യ-ആരോഗ്യസ്വരാജ് എന്നത് നാളത്തെ കേരളീയസമൂഹത്തിന്റെ നിലനില്പും ശരിയായ സ്വതന്ത്ര്യവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ്. ഭക്ഷണവും ആരോഗ്യവും സ്വാതന്ത്ര്യവും തമ്മിലുള്ള അഭേദ്യമായ ബന്ധം രാഷ്ട്രീയപ്രബുദ്ധരെന്ന് അവകാശപ്പെടുന്ന കേരളീയസമൂഹത്തെ ബോധ്യപ്പെടുത്തണം. 
ഭക്ഷണം കേവലം ഭക്ഷണം മാത്രമല്ല, അധികാരവും കൂടിയാണ്. സ്വന്തം ജീവിതത്തിനുമേലുള്ള അധികാരനഷ്ടം ജീവിതത്തെ ശൂന്യമാക്കുന്നതാണ്. ആ ശൂന്യതയെ കമ്പോളം നല്‍കുന്ന ഉപഭോഗഉന്മാദം കൊണ്ട് നിറയ്ക്കാനുള്ളതാണോ എന്ന ചോദ്യത്തിന് രാഷ്ട്രീയ- സാംസ്‌കാരിക-ആധ്യാത്മിക  മാനങ്ങളുണ്ട്. ഈ ചോദ്യം ആസൂത്രിതമായും ഏകോപിതമായും ജനങ്ങളുടെ ഇടയില്‍ ഇറങ്ങി ഉന്നയിച്ചാല്‍ അവര്‍ അത് ഏറ്റെടുക്കുമെന്നത് നിശ്ചയമാണ്. അങ്ങനെ വന്നാല്‍ രാഷ്ട്രീയഭരണ തലങ്ങളിലും അതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടാവും. 
ഓര്‍ക്കുക, ഭക്ഷ്യ-ആരോഗ്യസ്വരാജ് വ്യക്തിയുടെയും സമൂഹത്തിന്റയും പൂര്‍ണ്ണസ്വരാജിന്റെ അടിത്തറയാണ്. ഭരണകൂടത്തെയും അതിന് മൂക്കുകയറിടുന്ന കമ്പോളത്തെയും കേന്ദ്രീകരിച്ച് നിലനില്‍ക്കുന്ന ഇന്നത്തെ ജനാധിപത്യത്തില്‍ നിന്ന് ജനങ്ങളുടെ ശരിയായ സ്വാതന്ത്ര്യവും പരമാധികാരവും ഉയര്‍ത്തിപ്പിടിക്കുന്ന സ്വരാജിലേയ്ക്ക് നടന്നടുക്കാന്‍ സാധാരണജനങ്ങള്‍ക്ക് മനസ്സിലാക്കാനാവുന്നതും ഏറ്റെടുക്കാനാവുന്നതുമായ പരിപാടികളാണാവശ്യം. ഭക്ഷ്യ-ആരോഗ്യസ്വരാജ് ആ നിലയ്ക്കുള്ള ഒരു ചിന്താപദ്ധതിയും കര്‍മ്മപദ്ധതിയുമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ