(തൃശ്ശൂര്‍ യോഗത്തിലെ ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമായ രേഖ)
സണ്ണി പൈകട
(തുടര്‍ച്ച)
കമ്പോളകേന്ദ്രീകൃതമായല്ലാതെ ഭക്ഷണാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിലേക്ക് വിരല്‍ ചൂണ്ടുന്ന ചില നീക്കങ്ങള്‍ പലയിടത്തും നടക്കുന്നുണ്ട് എന്നത് വസ്തുതയാണ്‍ . എന്നാല്‍ അവ മിക്കപ്പോഴും ഒറ്റപ്പെട്ടതും ഈ വിഷയത്തിന്റെ ചില തലങ്ങളില്‍ മാത്രം ഒതുങ്ങുന്നതുമാണ്. ചിലര്‍ വിത്തു സംരക്ഷിക്കുന്നു, മറ്റു ചിലര്‍ മൈദയ്‌ക്കെതിരെ പ്രചരണം നടത്തുന്നു, വേറെ ചിലര്‍ ഭക്ഷണങ്ങളിലെ മായങ്ങളുടെ ചുരുളഴിക്കുന്നു, ഇനിയും ചിലര്‍ ജൈവകൃഷി രീതികള്‍ പ്രചരിപ്പിക്കുന്നു. ഇവയെല്ലാം പ്രധാനപ്പെട്ട കാര്യങ്ങളാണെന്ന് സമ്മതിക്കുമ്പോഴും, ഭക്ഷണത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ ജനങ്ങളുടെ നിയന്ത്രണം തിരികെപ്പിടിക്കുന്ന തലത്തിലേക്ക് അവയെ വികസിപ്പിക്കാനാവുന്നുണ്ടോ? ജൈവകൃഷി ചെയ്ത് മണ്ണിന്റെയും കാര്‍ഷിക ഉത്പന്നത്തിന്റെയും ഗുണം വര്‍ദ്ധിപ്പിക്കയും ഉത്പന്നത്തിന് കമ്പോളത്തില്‍ അധിക വില ലഭ്യമാക്കുകയും ചെയ്താല്‍ മതിയോ? മൈദയ്ക്ക് പകരം ഗോതമ്പ് വിഭവങ്ങള്‍ ബേക്കറികളില്‍ നിരന്നാല്‍ മതിയാകുമോ? നാടന്‍ വിത്തിനങ്ങള്‍ ചില തുരുത്തുകളില്‍ സംരക്ഷിക്കപ്പെടുന്നത് വളരെ നല്ല കാര്യമാണെങ്കിലും അവ ജനങ്ങള്‍ വ്യാപകമായി ഏറ്റെടുക്കുന്ന സാഹചര്യമുണ്ടാകണ്ടേ? മായങ്ങള്‍ കലരാത്ത ശുദ്ധഭക്ഷണം കമ്പോളത്തില്‍ ലഭ്യമായതുകൊണ്ട് മാത്രമായോ? അലോപ്പതിവൈദ്യത്തിന്റെ കഴുത്തറപ്പന്‍ സംവിധാനങ്ങള്‍ക്കു പകരം പ്രകൃതി ചികിത്സയുടെയും പ്രാണിക് ഹീലിംഗിന്റെയും സ്ഥാപനങ്ങള്‍ നാട്ടിലുടനീളം മുളച്ചുപൊന്തിയാല്‍ മതിയോ? ഇത്തരം ചോദ്യങ്ങള്‍ നിരവധിയുണ്ട്.മുമ്പ് ഭക്ഷ്യ സ്വയം പര്യാപ്തതയെക്കുറിച്ചും ഇപ്പോള്‍ ഭക്ഷ്യസുരക്ഷയെക്കുറിച്ചുമാണ് ഭരണകൂടം പറയുന്നത്. അത്തരം കാര്യങ്ങളെ മുന്‍ നിര്‍ത്തിയുള്ള രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ ഭക്ഷണത്തിന്റെയും ആരോഗ്യത്തിന്റെയും മേലുള്ള വ്യക്തികളുടെയും കുടുംബങ്ങളുടെയും ഗ്രാമസമൂഹങ്ങളുടെയും നിയന്ത്രണത്തിന്റെ (സ്വരാജിന്റെ) സൂക്ഷ്മ രാഷ്ട്രീയം അവഗണിക്കാവുന്നതാണോ ? ഈ സൂക്ഷ്മ രാഷ്ട്രീയത്തിന്റെ ഉള്ളടക്കമുള്ളതും സമഗ്രതയുള്ളതുമായകര്‍മ്മപരിപാടികളിലേക്ക് ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വികസിക്കേണ്ടതുണ്ട്. അതിനായി ഈ രംഗത്ത് ഏറെ ഉദ്ദേശശുദ്ധിയോടെയും തികഞ്ഞ ഉത്സാഹത്തോടെയും പ്രവര്‍ത്തിക്കുന്നവര്‍ ഒരുമിച്ചിരുന്ന് ആശയവിനിമയം നടത്താനും സ്വന്തം നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനോടൊപ്പംതന്നെ കൂട്ടായി നടപ്പിലാക്കാവുന്ന ചില പരിപാടികള്‍ക്ക് രൂപം നല്‍കാനും ശ്രമിക്കേണ്ടതുണ്ട്. ആ നിലയ്ക്കുള്ള ശ്രമങ്ങള്‍ ഉണ്ടായാല്‍ പരിഗണിക്കാനാവുന്ന ചില പരിപാടികള്‍ ഇവിടെ സൂചിപ്പിക്കുകയാണ്‍ .
ഇവയൊന്നും പുതിയവയല്ല; ഒറ്റയ്‌ക്കൊറ്റയ്ക്ക് ഒട്ടേറെപേര്‍ ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നവയാണ്. എന്നാല്‍ ഈ പരിപാടികളെല്ലാം ഏകോപിതമായാല്‍ ഒരു പുതിയ ദിശാബോധമുണ്ടാവുന്നവയാണെന്ന് തോന്നുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ