2013, സെപ്റ്റംബർ 21, ശനിയാഴ്‌ച

പപ്പായകൃഷി കേരളത്തില്‍ വേരുറപ്പിക്കുന്നു. Manorama Online | Home |

കേരളത്തില്‍ വിളയിക്കുന്ന ഗുണമേന്‍മയേറിയ പപ്പായപ്പഴം വിപണിയിലെത്തുന്ന കാലം വിദൂരമല്ല. ഒരുകാലത്ത് പപ്പായപ്പഴം കടകളില്‍ കാണാനുണ്ടായിരുന്നില്ല. മിക്ക വീടുകളിലും ഇവ സുലഭമായിരുന്നു. ഇപ്പോഴും വീടുകളില്‍ പപ്പായമരങ്ങള്‍ ഉണ്ടെങ്കിലും പെട്ടെന്ന് മരങ്ങള്‍ കേടാവുകയും മറ്റും ചെയ്യുന്നതിനാല്‍ സുലഭമല്ല. 

എന്നാല്‍ കേരളത്തിലെ പഴവിപണിയില്‍ ഇപ്പോള്‍ പപ്പായയ്ക്ക് നല്ല ഡിമാന്‍ഡാണ്. നാട്ടിന്‍പുറങ്ങളിലെ ചെറുകടകളില്‍ പോലും ആപ്പിളിനും മാതളനാരങ്ങക്കുമൊപ്പം തലയുയര്‍ത്തി പപ്പായയുമുണ്ടാകും. മലയാളികള്‍ക്കിടയില്‍ പപ്പായയോട് ഈയിടെയുണ്ടായ ആകര്‍ഷണമാണ് ഈ മാറ്റത്തിനു പിന്നില്‍. ഇപ്പോള്‍ മാര്‍ക്കറ്റില്‍നിന്നു ലഭിക്കുന്ന പപ്പായ കേരളത്തില്‍ വിളവെടുക്കുന്നതല്ല. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവയാണിതിലേറെയും. തായ്‌വാനില്‍നിന്നും മറ്റും ഇറക്കുമതി ചെയ്ത പഴങ്ങളും കേരള വിപണിയില്‍ സുലഭമാണ്.

കര്‍ണാടകയോടുചേര്‍ന്നു കിടക്കുന്ന കാസര്‍കോട് മേഖലയില്‍ മാത്രമാണ് വ്യാവസായികാടിസ്ഥാനത്തില്‍ അല്‍പ്പമെങ്കിലും പപ്പായ ഉല്‍പാദനം കേരളത്തിലുണ്ടായിരുന്നത്. ഇപ്പോള്‍ മധ്യകേരളത്തിലെ വിവിധ സ്ഥലങ്ങളില്‍, പ്രത്യേകിച്ച് എറണാകുളം ജില്ലയിലും മറ്റും ആളുകള്‍ പപ്പായ കൃഷി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. മറ്റേതൊരു കൃഷിയേക്കാളും കൃഷിയുടെ ചെലവു കുറവ്, ഉയര്‍ന്ന വരുമാനം, നീണ്ട കാലത്തെ വിളവെടുപ്പ്, ഒരിക്കലും അവസാനിക്കാത്ത ഡിമാന്‍ഡ്, നെല്‍കൃഷി ചെയ്യാതെ കിടക്കുന്ന നിരവധി കൃഷിയിടങ്ങളുടെ ലഭ്യത തുടങ്ങിയ ഘടകങ്ങളാണ് പുതുതലമുറ കര്‍ഷകരെ ആകര്‍ഷിക്കുന്നത്. 

കേരളത്തില്‍ പപ്പായപ്പഴത്തിന്റെ കടയിലെ ഇപ്പോഴത്തെ റീട്ടെയില്‍ വില കിലോഗ്രാമിന് 33 രൂപ മുതല്‍ 36 രൂപ  വരെയാണ്. പപ്പായ കൃഷി ചെയ്യുന്ന കര്‍ഷകന് എത്ര വില കുറഞ്ഞാലും കിലോഗ്രാമിന് പത്തു രൂപയില്‍ കുറയാതെ  ലഭിക്കും. ഒരു പപ്പായമരത്തില്‍ നിന്നും എത്ര വിളവു കുറഞ്ഞാലും ഒന്നര വര്‍ഷം കൊണ്ട് 100 മുതല്‍ 120 കിലോഗ്രാം വരെ പപ്പായ ലഭിക്കുമെന്ന് ഈ രംഗത്ത് നവാഗതരും കാര്‍ഷിക ബിരുദധാരികളുമായ കടവന്ത്ര സ്വദേശി കെ സുഗുണ, കാഞ്ഞൂര്‍ സ്വദേശി ജോസഫ് ജോസ് എന്നിവര്‍ ചൂണ്ടിക്കാട്ടുന്നു.   ഇതിന് കര്‍ഷകന് ലഭിക്കുന്നത് ആയിരം മുതല്‍ 1200 രൂപ വരെ. 

സംസ്ഥാന കൃഷി വകുപ്പില്‍ ഓഫിസറായിരുന്ന സുഗുണ സുഹൃത്തിനൊപ്പം ചെങ്ങമനാട്പ്രദേശത്ത് ഒരേക്കറില്‍ വ്യാവസായികാടിസ്ഥാനത്തില്‍ പപ്പായ വളര്‍ത്തുന്നുണ്ട്. നല്ല സൂര്യപ്രകാശം, അന്തരീക്ഷത്തിലെ മിതമായ ചൂട്, വെള്ളം കെട്ടാത്ത സ്ഥലം എന്നിവയാണ് പപ്പായമരം നന്നായി വളര്‍ന്ന് വിളവുണ്ടാകാന്‍ അനുയോജ്യമായ ഘടകങ്ങള്‍. കേരളത്തിലെ കാലാവസ്ഥയും എറെക്കുറെ പപ്പായകൃഷിക്ക് അനുയോജ്യമാണ്.നക്ഷത്ര ഹോട്ടലുകളിലൊക്കെ പഴക്കഷണങ്ങളില്‍ ഇപ്പോള്‍ പപ്പായയ്ക്ക് പ്രധാന സ്ഥാനമുണ്ട്. മരുന്നിനും മറ്റും പപ്പായയില്‍ നിന്നുള്ള പപ്പെയിന്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ബേക്കറി ആവശ്യങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നു.

Manorama Online | Home |:

'via Blog this'

സ്വന്തം ആവശ്യത്തിനുള്ള പപ്പായ നമ്മുടെ വീട്ടുമുറ്റത്തുതന്നെ വളര്‍ത്തുമ്പോള്‍ അത് ഭക്ഷ്യസ്വരാജിലെ ഒരു പ്രവര്‍ത്തനമായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ