ഉയര്‍ന്ന സാക്ഷരതാനിരക്ക്,
വിവിധ രാഷ്ട്രീയ-മത-സാംസ്‌കാരിക സംഘടനകള്‍ വഴിയുള്ള സംഘടിതസ്വഭാവം, സമൂഹികശുചിത്വം കുറവാണെങ്കിലും ഉയര്‍ന്ന വ്യക്തിഗത
ശുചിത്വബോധം, വര്‍ദ്ധിച്ച മാധ്യമസ്വാധീനം, ജനകീയതലത്തില്‍ വ്യാപകമായ ശാസ്ത്രീയബോധം,
പ്രകൃതിയുടെ ദാനമായ മെച്ചപ്പെട്ട കാലാവസ്ഥയും ജൈവവൈവിധ്യവും,............. ഇങ്ങനെ ഏറെ
സവിശേഷതകളുള്ള ഒരു ജനസമൂഹമാണ് നമ്മള്‍. സൃഷ്ടിപരമായി പ്രയോജനപ്പെടുത്താവുന്ന ഇത്തരം
സാധ്യതകളെ പാടെ അവഗണിച്ചുകൊണ്ടാണ് അടിസ്ഥാന ജീവിതാവശ്യങ്ങളുടെ രംഗങ്ങളില്‍ പോലും ഇന്ന്
മലയാളി തികഞ്ഞ അരക്ഷിതബോധത്തോടെ പകച്ചു നില്‍ക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന്
ഭക്ഷ്യവിഭവങ്ങള്‍ ലഭിച്ചില്ലെങ്കില്‍, വിദേശരാജ്യങ്ങളില്‍ പണിയെടുക്കുന്ന മലയാളികൡ
നിന്നുള്ള പണമൊഴുക്ക് നിലച്ചാല്‍, നാം ഉല്‍പ്പാദിപ്പിക്കുന്ന അല്‍പ്പം ചില കാര്‍ഷിക
വ്യവാസായിക ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശവിപണികളില്‍ വില ഇടിഞ്ഞാല്‍, നഗരമാലിന്യങ്ങളുടെ
അളവ് ഇനിയും വര്‍ദ്ധിച്ചാല്‍, എല്ലാ മഴക്കാലത്തും ആവര്‍ത്തിക്കുന്ന വിവിധ ഇനം പനികള്‍
ഇങ്ങനെ തുടര്‍ന്നാല്‍, എന്തുചെയ്യാനാവുമെന്ന
സന്ദേഹത്തിലാണ് മലയാളി സമൂഹം. ഈ സന്ദേഹം മാറ്റാന്‍ സമൂഹത്തെ നിയന്ത്രിക്കുന്നവരുടെ
പക്കല്‍ ഉത്തരങ്ങളുമില്ല.
ഒരു സമൂഹമെന്ന നിലയില്‍
ആത്മാഭിമാനത്തോടെ തലയുയര്‍ത്തിനിന്ന് ഭാവിയിലേക്ക് പ്രതീക്ഷയോടെ ദൃഷ്ടി പായിക്കാന്‍
ഇന്ന് മലയാളി സമൂഹത്തിന് കഴിയുന്നില്ല. സ്വന്തം നിലനില്‍പ്പിന് നേരെ നിരവധി ഭീഷണികളുണ്ടെന്ന്
അറിയുന്നവര്‍ക്ക് ഒരു അങ്കലാപ്പുണ്ട്. അതിവിടെ പ്രകടമാണ്. ആദ്യം സൂചിപ്പിച്ച അനുകൂലഘടകങ്ങളെ
ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ അറിയാത്തിതിലുള്ള അപമാനഭാരത്താല്‍ നമ്മുടെ ശിരസ്സുകള്‍
താഴേണ്ടതാണ്. എന്നാല്‍ നമ്മുടെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പരസ്പരം തിക്കിത്തിരക്കുകമാത്രമാണ്
ചെയ്യുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് മലയാളിയുടെ മാനം കാക്കാന്‍ 'ഭക്ഷ്യ-ആരോഗ്യസ്വരാജ്'
എന്ന മുദ്രാവാദ്യം ചര്‍ച്ചയ്ക്കുവയ്ക്കുന്നത്.
കേവലം ശരീരപോഷണവുമായി ബന്ധപ്പെട്ട് മാത്രം ഉയര്‍ന്നുവരേണ്ട
ഒന്നല്ല ഭക്ഷണചിന്ത. ഭക്ഷണം കൃഷിയുമായും കാലാവസ്ഥയുമായും സ്വാതന്ത്ര്യവുമായും സംസ്‌കാരവുമായുമെല്ലാം
ബന്ധപ്പെട്ടതാണ്. പ്രാണവായുവും ശുദ്ധജലവും കഴിഞ്ഞാല്‍ മനുഷ്യന്റെ നിലനില്‍പ്പിന് ഏറ്റവും
ആവശ്യമുള്ളത് ഭക്ഷണം തന്നെയാണ്. ഭക്ഷണം എങ്ങനെ ഉല്‍പ്പാദിപ്പിക്കുന്നു, ആരുല്‍പ്പാദിപ്പിക്കുന്നു,
അതിന്റെ ഗുണമേന്മയെന്ത്, ഭക്ഷണത്തോടുള്ള വ്യക്തിയുടെയും സമൂഹത്തിന്റെയും സമീപനമെന്ത്
തുടങ്ങിയ കാര്യങ്ങള്‍ക്ക് സാമ്പത്തിക രാഷ്ട്രീയ.. സാംസ്‌കാരിക.. പാരിസ്ഥിതിക മാനങ്ങളുണ്ട്.
അതുകൊണ്ടുതന്നെ ലോകജന സംഖ്യയുടെ ഏഴിലൊന്ന് പട്ടിണികിടക്കുന്ന ഇക്കാലത്തും, പട്ടിണിക്കാരുടെ
എണ്ണം ഇനിയുമേറെ വര്‍ദ്ധിക്കാനിടയുള്ള വരും കാലത്തും ഭക്ഷണ കാര്യങ്ങള്‍ സമഗ്രതയോടെവിലയിരുത്തപ്പെടേണ്ടതണ്ട്.
അത്തരമൊരു വിലയിരുത്തലും ഭാവിയിലേക്കുള്ള പ്രയോഗിക സാധ്യതകളന്വേഷിക്കലും ഓരോ ജനസമൂഹവും
തികഞ്ഞ ജാഗ്രതയോടെയും യാഥാര്‍ത്ഥ്യ ബോധത്തോടെയും
നടത്തേണ്ട സന്ദര്‍ഭമാണിത്. കേരളീയ പശ്ചാത്തലത്തില്‍ ആ നിലക്കുള്ള ഒരന്വേഷണം
നടത്താനാണിവിടെ ശ്രമിക്കുന്നത്.
കേരളത്തിനാവശ്യമുള്ള
ഭക്ഷണസാധനങ്ങളുടെ വളരെ ചെറിയ ഒരു പങ്ക് മാത്രമേ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ എന്ന്
ഇത്തരം കാര്യങ്ങളില്‍ പഠനം നടത്തുന്നവര്‍ കണക്കുകളുടെ പിന്‍ബലത്തോടെ നിരന്തരം വ്യക്തമാക്കാറുണ്ട്. രണ്ട് വര്‍ഷം മുമ്പുള്ള അത്തരം
ചില കണക്കുകള്‍ ഉദാഹരണത്തിനായ് ഇവിടെ സൂചിപ്പിക്കട്ടെ. കേരളീയര്‍ക്ക് പ്രതിവര്‍ഷം ആവശ്യമുള്ള
അരി നാല്‍പതുലക്ഷം ടണ്‍ ആണെങ്കിലും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത് ആറ് ലക്ഷം ടണ്‍ മാത്രമാണ്1
. പച്ചക്കറി പ്രതിവര്‍ഷം ഇരുപത്തഞ്ച് ലക്ഷം ടണ്‍ വേണമെങ്കിലും ഉല്‍പ്പാദനം പന്ത്രണ്ട്
ലക്ഷം ടണ്‍ മാത്രം2. പാല്‍ പ്രതിദിനം 82.5ലക്ഷം ലിറ്റര്‍ വേണമെങ്കിലും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്
72 ലക്ഷം ലിറ്റര്‍ മാത്രം3. മുട്ട വേണ്ടത് പ്രതിവര്‍ഷം 420 കോടി ആണെങ്കിലും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത് 160 കോടി മാത്രം4 . ഇങ്ങനെ പോകുന്നു കണക്കുകള്‍.
ഈ കണക്കുകള്‍ക്ക് പുറമേ മറ്റൊരു കണക്കും നാമറിയേണ്ടതാണ്. രാജ്യത്തെ ജനസംഖ്യയുടെ രണ്ടര
ശതമാനം മാത്രം വരുന്ന മലയാളി സമൂഹം രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന മരുന്നുകളുടെ ഇരുപത്
ശതമാനത്തിലധികവും വാങ്ങുന്നു. ഭക്ഷണ-ആരോഗ്യകാര്യങ്ങള്‍ക്കായി മലയാളി എത്രമാത്രം കമ്പോളത്തെ
ആശ്രയിക്കുന്നു എന്നത് മാത്രമല്ല. ഇതില്‍ നിന്ന് വ്യക്തമാവുന്നത്. ഭക്ഷണ ആരോഗ്യ കാര്യങ്ങളില്‍
മലയാളി സമൂഹം അഭിമുഖീകരിക്കുന്ന അരക്ഷിതാവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നവ കൂടിയാണ് ഈ
കണക്കുകള്‍ .
എന്തിനും ഏതിനും കമ്പോളത്തെ
ആശ്രയിക്കുന്ന മലയാളി സമൂഹം കമ്പോളത്തിലെ വാങ്ങല്‍കഴിവിനെയാണ് ജീവിതവിജയത്തിന്റെ മാനദണ്ഡമായി
കാണുന്നത്. കുടിവെള്ളം മുതല്‍ ആദ്ധ്യാത്മികത വരെ ഇവിടെ വില്ക്കാന്‍ വച്ചിരിക്കുന്നതിന്റെ
കാരണം സമൂഹത്തിന്റെ ഈ വാങ്ങല്‍ മനോഭാവം തന്നെയാണ്. രാഷ്ട്രീയ കക്ഷികളും മതങ്ങളുമെന്നും
ഈ വാങ്ങല്‍ മനഃസ്ഥിതിക്കെതിരെ ചോദ്യങ്ങളുയര്‍ത്തുന്നില്ല. എന്നുമാത്രമല്ല ഷോപ്പിംഗ്
ഫെസ്റ്റിവലുകള്‍ നടത്തി ഈ വാങ്ങല്‍ ഭ്രാന്തിനെ അതിവേഗം മുന്നോട്ടുകൊണ്ടുപോകയാണ്. കമ്പോളമുക്തിയല്ല കമ്പോള
വ്യാപനമാണിവിടെ വികസനം. സ്വാശ്രയത്വമല്ല പരാശ്രയത്വമാണത്രെ പുരോഗതി. ഇവിടെ നടക്കുന്ന
ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ ഒന്നും ഉപയോഗിക്കാന്‍ വേണ്ടിയല്ല മറിച്ച് വില്‍ക്കാന്‍
വേണ്ടിയുള്ളതാണ്. വിറ്റ് കിട്ടുന്ന പണം കൊണ്ട് ആവശ്യമുള്ളത് വാങ്ങി ഉപയോഗിക്കുക എന്നതാണ്
ശീലം. വില്‍ക്കുമ്പോഴും വാങ്ങുമ്പോഴും ജനങ്ങള്‍ കമ്പോളത്തില്‍ ബലിയാടുകളാവുന്നു എന്നു
മാത്രം ആരും പറയുന്നില്ല. ഇങ്ങനെ ആരാലും ചോദ്യം ചെയ്യപ്പെടാത്ത ഒരു തീര്‍ത്ഥാടനകേന്ദ്രമാണിന്ന്
കമ്പോളം. പഴയ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ ഇന്ന്
കമ്പോളമായി മാറിയിരിക്കുന്നു എന്നുകൂടി പറയേണ്ടി വരുന്നുമുണ്ട്. എന്തും കമ്പോളനിയമങ്ങള്‍ക്ക്
അനുസൃതമായിരിക്കണമെന്നാണ് സമൂഹത്തെ നിയന്ത്രിക്കുന്നവര്‍ ഇന്ന് ജനങ്ങളോട് പറയുന്നത്.
കമ്പോള കേന്ദ്രീകൃത ജീവിതത്തിന്റെ ആദ്യചുവടുവയ്പാണ്
ഭക്ഷണ കാര്യത്തിലെ കമ്പോളാശ്രിതത്വം. മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളില്‍ പ്രഥമസ്ഥാനത്തുള്ള
ഭക്ഷണത്തിന്റെ മേല്‍ ഒരു സമൂഹത്തിന് നിയന്ത്രണം നഷ്ടമാവുമ്പോള്‍ അടിസ്ഥാനപരമായ പലതും
അതോടൊപ്പം നഷ്ടപ്പെടുന്നുണ്ട്. രാഷ്ട്രീയസ്വാതന്ത്ര്യം, സാംസ്‌കാരിക അസ്തിത്വം, നാട്ടറിവുകള്‍,
മനുഷ്യബന്ധങ്ങള്‍, ജൈവവൈവിധ്യം, സാമ്പത്തിക സ്വാശ്രയത്വം, ശാരീരക മാനസിക ആരോഗ്യം തുടങ്ങിയവയൊക്കെ
അങ്ങനെ നഷ്ടപ്പെടുന്നവയുടെ പട്ടികയില്‍ വരുന്നു. ഇങ്ങനെ നഷ്ടപ്പെടുന്നവയെക്കുറിച്ചുള്ള
വിലാപങ്ങള്‍ ഇന്ന് ഏറെ ഉയരുന്നുണ്ട്. വിലാപങ്ങള്‍ പലപ്പോഴും സമരാത്മകമാവാറുണ്ട്. നാട്ടില്‍
പലയിടത്തും നടക്കുന്ന മലിനീകരണവിരുദ്ധ സമരങ്ങള്‍, “വികസന” പദ്ധതി വിരുദ്ധ സമരങ്ങള്‍,
അഴിമതിവിരുദ്ധ സമരങ്ങള്‍, ഭൂസമരങ്ങള്‍, തുടങ്ങിയവയൊക്കെ
ആ ഗണത്തില്‍പ്പെട്ടവയാണ്. ഈ സമരാത്മകതയെ നഷ്ടപ്പെട്ടവ തിരികെപിടിക്കാനുള്ള നിര്‍മ്മാണാത്മകതയാക്കി
വികസിപ്പിക്കേണ്ടതുണ്ട്. മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളില്‍ പ്രഥമസ്ഥാനത്തുള്ള ഭക്ഷണത്തില്‍
നിന്നു തന്നെയാണ് ആ തിരിച്ചുപിടിക്കല്‍ ആരംഭിക്കേണ്ടത്. 'ഭക്ഷ്യ- ആരോഗ്യസ്വരാജ്' എന്ന
ആശയം ആ നിലയ്ക്കാണ് മനസ്സിലാക്കപ്പെടേണ്ടത്.
എല്ലാവര്‍ക്കും ന്യായവിലക്ക് ഭക്ഷണം ലഭ്യമാവുക,
ഗുണമേന്മയുള്ള ഭക്ഷണം, ആരോഗ്യരക്ഷ, പ്രകൃതിനാശമില്ലാത്ത ഭക്ഷ്യോല്‍പ്പാദനം, തുടങ്ങിയവയൊക്കെ
തീര്‍ച്ചയായും നല്ല ലക്ഷ്യങ്ങളാണ്. എന്നാല്‍ ഭക്ഷ്യ-ആരോഗ്യസ്വരാജ് ഈ ലക്ഷ്യങ്ങളെ ഉള്‍ക്കൊള്ളുന്നതും
അവയ്ക്കപ്പുറത്തേക്ക് ഭക്ഷണ കാര്യങ്ങളെ നോക്കിക്കാണുന്നതുമാണ്. ഭക്ഷണം കേവലം ശരീരപോഷണത്തിനുള്ള
ഒരു ഉല്‍പ്പന്നം മാത്രമല്ല എന്ന് ആദ്യവാചകത്തില്‍ സൂചിപ്പിച്ചതിന്റെ കാരണമതാണ്. ഓരോ
സമൂഹത്തിനും ഭക്ഷണം എന്നത് രാഷ്ട്രീയാധികാരത്തിന്റെയും പരിസ്ഥിതിബോധത്തിന്റെയും സാംസ്‌കാരികത്തനിമയുടെയും
സാമ്പത്തിക സ്വാശ്രയത്വത്തിന്റെയും പ്രതീകവും ഉപകരണവും കൂടിയാവണം. വര്‍ത്തമാനകാല കേരളത്തെ
സംബന്ധിച്ചിടത്തോളം ഇത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ