സണ്ണി പൈകട
1908-ല്‍ ഗാന്ധിജി എഴുതിയ
ഗ്രന്ഥമാണ് 'ഹിന്ദ് സ്വരാജ്'. പേജുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ അതൊരു
ചെറിയ പുസ്തകമാണെങ്കിലും ഗാന്ധിദര്‍ശനങ്ങളുടെ കാമ്പ് അതില്‍ നിന്ന് വായിച്ചെടുക്കാം.
ആധൂനിക നാഗരികതയോടുള്ള ഗാന്ധിജിയുടെ വിയോജനക്കുറിപ്പാണത്. ഗാന്ധിജി പില്‍ക്കാലത്ത്
പ്രസംഗങ്ങളിലൂടെയും എഴുത്തുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും വ്യാഖ്യാനിച്ചത് ആ ചെറുഗ്രന്ഥത്തിലൂടെ അദ്ദേഹം ലോകത്തോടു പറഞ്ഞ ദര്‍ശനങ്ങളാണ്.
'ഹിന്ദ് സ്വരാജ്' ലോകത്തിന്റെ
നാനാഭാഗങ്ങളില്‍ ഇന്ന് സാമൂഹിക ചിന്തകന്മാരുടെ സജീവ ചര്‍ച്ചാവിഷയമാണ്. ആധൂനിക നാഗരികതയുടെ
ഭാഗമായി വികസിച്ചു വന്ന ജീവിതശൈലികളും വിവിധ സാമൂഹിക സമ്പ്രദായങ്ങളും ഇനി ഏറെക്കാലം
ഇതേ രീതിയില്‍ മുന്നോട്ടു പോകില്ല എന്ന തിരിച്ചറിവാണ് ചിന്തകരെ 'ഹിന്ദ് സ്വരാജ'ിലേക്ക്
ആകര്‍ഷിക്കുന്നത്.
'ഹിന്ദ് സ്വരാജ'ിന്റെ
ശതാബ്ദിയോടനുബന്ധിച്ച് 2008-ല്‍ കേരളത്തില്‍ ഈ ഗ്രന്ഥം വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നതിനുള്ള
ചില ശ്രമങ്ങള്‍ നടന്നിരുന്നു. ഏതാനും ചില ഗാന്ധിമാര്‍ഗ്ഗ പ്രവര്‍ത്തകരും സോഷ്യലിസ്റ്റുകളും
സാംസ്‌കാരിക പ്രവര്‍ത്തകരും മുന്‍കൈയെടുത്ത് രൂപീകരിച്ച 'ഹിന്ദ് സ്വരാജ്' ശതാബ്ദി സമിതിയുടെ
ആഭിമുഖ്യത്തിലായിരുന്നു ആ ശ്രമങ്ങള്‍. 2008 മുതല്‍ 2010 വരെയുള്ള രണ്ടു വര്‍ഷം നടന്ന
പ്രവര്‍ത്തനങ്ങളുടെ ഫലമായി 'ഹിന്ദ് സ്വരാജ്' എന്ന ഗ്രന്ഥത്തെ മലയാളി വായനക്കാരുടെ ശ്രദ്ധയില്‍
കൊണ്ടുവരാന്‍ കഴിഞ്ഞു. ആ കാലയളവില്‍ 'ഹിന്ദ് സ്വരാജ'ിന്റെ മലയാളം പരിഭാഷയുടെ 25000
കോപ്പികള്‍ വിറ്റഴിഞ്ഞു എന്നതു തന്നെ ചെറുതെങ്കിലും ആ പ്രവര്‍ത്തനങ്ങള്‍ കേരളീയ സമൂഹം
ശ്രദ്ധിച്ചു എന്നതിന്റെ തെളിവാണ്.
'ഹിന്ദ്‌സ്വരാജ് ശതാബ്ദി
സമിതി'യുടെ ഒരു സംസ്ഥാനതല ക്യാമ്പ് തൃശ്ശൂര്‍ ജില്ലയിലെ കുഴിക്കാട്ടുശ്ശേരി 'ഗ്രാമിക'യില്‍
വച്ച് നടന്നപ്പോള്‍ അവിടെയുണ്ടായ ചര്‍ച്ചകള്‍ക്കിടയില്‍ ഉയര്‍ന്നു വന്നതാണ് 'ഭക്ഷ്യ-ആരോഗ്യസ്വരാജ്'
എന്ന മുദ്രാവാക്യം. കേരളത്തിന്റെ പശ്ചാത്തലത്തില്‍ 'ഹിന്ദ് സ്വരാജ'ിലെ ദര്‍ശനങ്ങള്‍
ഏതൊക്കെ വിധത്തില്‍ ജനജീവിതവുമായി വിളക്കിച്ചേര്‍ക്കാം എന്നതിന്റെ സൂചനയാണ് ആ മുദ്രാവാക്യം.
പുസ്തകങ്ങളെ ജീവിതത്തിലേക്ക് വിവര്‍ത്തനം ചെയ്യേണ്ടതുണ്ട്. ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍
ജീവിതഗന്ധികളാണെന്നതിനാല്‍ അത്തരമൊരു വിവര്‍ത്തനം എളുപ്പവുമാണ്. ഏതു പ്രദേശത്തും, കാലഘട്ടത്തിലും,
അത്തരം വിവര്‍ത്തനത്തിനായി അദ്ദേഹത്തിന്റെ
ദര്‍ശനങ്ങളുടെ പുനര്‍വായന സാധ്യമാകണമെന്ന നിഷ്‌കര്‍ഷയോടെയാണ് താനൊരു ഇസവും അവശേഷിപ്പിച്ചു
കൊണ്ടല്ല കടന്നുപോകുന്നത്”എന്ന് ഗാന്ധിജി പറഞ്ഞത്.
ജീവിതത്തിനുമേലുള്ള സ്വന്തം
നിയന്ത്രണം കൈമോശം വന്നുകൊണ്ടിരിക്കുന്ന സമൂഹിക അന്തരീക്ഷത്തിലാണ് നാം ഇന്ന് മുന്നോട്ട്
പോകുന്നത്. സ്വന്തം ജീവിതത്തിനുമേലുള്ള നിയന്ത്രണം
തിരികെ പിടിക്കാനുള്ള സമരം സ്വന്തം ഭക്ഷണം തിരികെ പിടിക്കാനുള്ള പരിശ്രമത്തിലൂടെ തുടങ്ങാനാകും.
ചര്‍ക്ക തിരിക്കുന്നതിലൂടെ, ഉപ്പ് കുറുക്കുന്നതിലൂടെ, ഗാന്ധിജി നടത്തിയ പരിശ്രമവും
അതായിരുന്നു. ചുരുക്കത്തില്‍ 'ഭക്ഷ്യ- ആരോഗ്യ സ്വരാജ്' എന്ന മുദ്രാവാക്യം കുറച്ച് പച്ചക്കറികളും
പഴങ്ങളും കിഴങ്ങുകളും ജൈവരീതിയില്‍ ഉത്പാദിപ്പിക്കാനുള്ള ഒരു ലളിത സമവാക്യമല്ല; മറിച്ച്
മലയാളിയുടെ നെഞ്ചില്‍നിന്നുയരേണ്ട ജീവിതസമര മുദ്രാവാക്യമാണ്.
'ഗ്രാമിക' ക്യാമ്പില്‍
നിന്നുയര്‍ന്ന 'ഭക്ഷ്യ-ആരോഗ്യസ്വരാജ്' എന്ന മുദ്രാവാക്യത്തെ മനസ്സില്‍നിന്ന് മണ്ണില്‍
കുരുപ്പിക്കാന്‍ ആദ്യശ്രമം നടത്തിയത് തിരുവനന്തപുരം ജില്ലയിലെ ചപ്പാത്ത് എന്ന ഗ്രാമം
കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'ശാന്തിഗ്രാം' എന്ന സന്നദ്ധ സംഘടനയാണ്. അവര്‍ തങ്ങളുടെ
പ്രവര്‍ത്തന മേഖലയിലെ, 3 സെന്റു മുതല്‍ 10 സെന്റ് വരെയുള്ള തുണ്ടു ഭൂമികളില്‍ താമസിക്കുന്നവരുടെ
ഇടയില്‍ ഈ മുദ്രാവാക്യം പ്രായോഗികമാക്കാന്‍ ശ്രമിക്കുകയും നല്ല ഫലം ഉണ്ടാക്കുകയും ചെയ്തു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ സംഘടനകള്‍ ഈ മുദ്രാവാക്യം ആശയതലത്തില്‍ ചര്‍ച്ച
ചെയ്യുകയുണ്ടായി. ചര്‍ച്ചകളില്‍ പങ്കെടുത്തവരില്‍ ചിലര്‍ വ്യക്തിഗതമായി ഈ മുദ്രാവാക്യം
മണ്ണില്‍ നട്ടുനനച്ചിട്ടുണ്ടാവാം. ഇത്തരത്തിലുള്ള ചില ശ്രമങ്ങളുടെ കൂടി പശ്ചാത്തലത്തില്‍
'ഭക്ഷ്യ-ആരോഗ്യസ്വരാജ്' മുദ്രാവാക്യത്തിന്റെ
സാധ്യതകള്‍ സംബന്ധിക്കുന്ന ഒരു രേഖ 'ഹിന്ദ്‌സ്വരാജ് ശതാബ്ദിസമിതി'യുടെ കണ്‍വീനറായിരുന്ന
ഞാന്‍ തയ്യാറാക്കുകയും വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നാല്പതോളം പേര്‍ക്ക് അയച്ചു
കൊടുക്കുകയും ചെയ്തു. പാഠഭേദം, കേരളീയം, ലിറ്റില്‍ മാസിക, പൂര്‍ണോദയ, അസ്സീസ്സി തുടങ്ങിയ
പ്രസിദ്ധീകരണങ്ങളില്‍ ആ രേഖയുടെ സംക്ഷിപ്തരൂപം പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഇന്നത്തെ
കേരളത്തില്‍ വളരെ പ്രസക്തമായ കാര്യങ്ങളാണ് ആ രേഖയില്‍ പറഞ്ഞിരിക്കുന്നതെന്ന അഭിപ്രായം
പൊതുവില്‍ ഉണ്ടായതിന്റെ കൂടി വെളിച്ചത്തില്‍ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (NAPM) കേരളാഘടകം 2013 മാര്‍ച്ച് 9-ന് തൃശ്ശൂര്‍ വച്ച്
ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഒരു യോഗം വിളിച്ചുകൂട്ടി. വിവിധ ആശയധാരകളിലും
പ്രവര്‍ത്തന മേഖലകളിലുംനിന്ന് വന്ന ഇരുപത്തിനാലുപേര്‍ പങ്കെടുത്ത പ്രസ്തുത യോഗം 'ഭക്ഷ്യ-ആരോഗ്യസ്വരാജ്'
എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി കേരളത്തില്‍ ഒരു കാമ്പയിന്‍ വികസിപ്പിക്കണം എന്ന
ധാരണയിലെത്തി.
തൃശ്ശൂര്‍ യോഗത്തിന്റെ
തുടര്‍ച്ചയായി ഏപ്രില്‍ 5, 6 തീയ്യതികളില്‍ തിരുവനന്തപുരം 'ശാന്തിഗ്രാ'മില്‍ സംസ്ഥാനതലത്തിലുള്ള രണ്ടാംവട്ട കൂടിയാലോചനകള്‍ നടന്നു.
ആ യോഗത്തില്‍, 'ശാന്തിഗ്രാ'മിന്റെ അഭിമുഖ്യത്തില്‍ നടന്നുവരുന്ന 'ഭക്ഷ്യ-ആരോഗ്യസ്വരാജ്'
പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ഇരുപത്തഞ്ചോളം നാട്ടുകാരും പങ്കെടുത്തിരുന്നു. അവരിലേറെയും
സ്ത്രീകളായിരുന്നു എന്നതും ശ്രദ്ധേയമാണ്. അവരില്‍ പലരുടെയും വീടുകള്‍ സന്ദര്‍ശിച്ച്
കാര്യങ്ങള്‍ മനസ്സിലാക്കാനും അവസരം ലഭിച്ചു. തുടര്‍ന്ന് 'കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം'
സന്ദര്‍ശിച്ച് കിഴങ്ങുവര്‍ഗ്ഗങ്ങളുടെ പ്രധാന്യത്തെ കുറിച്ച് വ്യക്തതവരുത്താനും കഴിഞ്ഞു.
'ശാന്തിഗ്രാം' കൂടിയലോചനകളില്‍ ഉണ്ടായ ധാരണകള്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ സമാനമനസ്‌കരുടെ
കൂട്ടായ ചര്‍ച്ചകളിലൂടെ വിപുലപ്പെട്ടുവരികയും അവയെ മനസ്സില്‍നിന്ന് മണ്ണിലേക്കും അടുക്കളകളിലേക്കും
കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നു വരികയുമാണ്. അത്തരം ശ്രമങ്ങള്‍ക്ക് ആശയപരമായ അടിത്തറ
എന്നനിലയ്ക്കാണ് ഈ ലഘുഗ്രന്ഥം തയ്യാറാക്കിട്ടുള്ളത്.
ഒരു സംഘടനയുടെയും പ്രത്യേക
ആഭിമുഖ്യത്തിലല്ല ഈ കാമ്പയിന്‍ മുന്നോട്ടു കൊണ്ടുപോകുന്നത് എന്നത് ഒരു പ്രത്യേകതയാണ്.
ഈ കാമ്പയിന്‍ നടത്തുന്നതിന് പ്രത്യേകമായി ഒരു സമിതിയും രൂപീകരിച്ചിട്ടില്ല. എല്ലാ സംഘടനകളുടെയും
അജണ്ടയില്‍ ഉള്‍പ്പെടേണ്ട ഒരു കാര്യമെന്നനിലയില്‍ ഈ വിഷയം എല്ലാവരുടെയും ശ്രദ്ധയില്‍
കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. തികച്ചും സ്വതന്ത്രമായി ആര്‍ക്കും ഈ കാമ്പയിനില്‍ പങ്കാളിയാവാം.
ആര്‍ക്കും സ്വന്തം പ്രവര്‍ത്തനങ്ങള്‍ കൊണ്ട്
ഇതില്‍ ഒരദ്ധ്യായം കൂട്ടിച്ചേര്‍ക്കാനാവുന്ന വിധത്തില്‍ ഈ മുദ്രാവാക്യം പൂര്‍ത്തിയാവാത്ത
ഒരു പുസ്തകമായി തുറന്നു വച്ചിരിക്കുന്നു. ഏതാനും വരികളെങ്കിലും ജീവിതഗന്ധിയായ ഈ പ്രായോഗിക
ഗ്രന്ഥത്തില്‍ എഴുതി ചേര്‍ക്കൂ. പ്രായോഗികമായി സ്വന്തം കയ്യൊപ്പും കൂടി ഈ ഗ്രന്ഥത്തില്‍
ചാര്‍ത്തുക എന്നത് എല്ലാവരുടെയും അവകാശവും ഉത്തരവാദിത്വവുമാണ്.
സണ്ണി
പൈകട
കൊന്നക്കാട്, 2013 ജൂലൈ 1
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ