ഭക്ഷ്യ-ആരോഗ്യസ്വരാജ് കാമ്പയിന്‍
മൂന്നാമത്
സംസ്ഥാനതലകൂടിയാലോചനായോഗം
സെപ്റ്റംബര്‍ 29 ഞായര്‍ രാവിലെ 10 മണിമുതല്‍ 5 മണിവരെ
ആലപ്പുഴ SL പുരം ഗാന്ധിസ്മാരകഗ്രാമസേവാകേന്ദ്രത്തില്‍
ബഹുമാന്യ
സുഹൃത്തെ,
ഭക്ഷ്യ-ആരോഗ്യസ്വരാജ് എന്ന ആശയം മുന്‍നിര്‍ത്തി സംസ്ഥാനതലത്തില്‍
ആദ്യം തൃശ്ശൂരും പിന്നീട് തിരുവനന്തപുരത്തും ആണ് യോഗങ്ങള്‍ നടന്നത്. ആ യോഗങ്ങളുടെ
തുടര്‍ച്ചയായി വിവിധ ജില്ലകളില്‍ ജില്ലാതല ആലോചനാ യോഗങ്ങളും
തുടര്‍പ്രവര്‍ത്തനങ്ങളും നടക്കുകയുണ്ടായി. എന്നാല്‍ സംസ്ഥാനതലത്തില്‍ ഒരു
കാമ്പയിന്‍ എന്ന നിലയില്‍ ഈ വിഷയം പൊതു സമൂഹത്തിലവതരിപ്പിക്കുന്നതിന് തുടക്കം
കുറിച്ചത് ഇക്കഴിഞ്ഞ ചിങ്ങം ഒന്നിന് ഏഴു ജില്ലകളില്‍ നടന്ന വൈവിധ്യമാര്‍ന്ന
പരിപാടികളോടെയാണ്.
ഇരുപത്തഞ്ചോളം സംഘടനകള്‍ ഈ കാമ്പയിനുമായി ഇതിനോടകം
ബന്ധപ്പെട്ടുകഴിഞ്ഞു.
ഭക്ഷ്യ-ആരോഗ്യസ്വരാജ് കര്‍മ്മപരിപാടികളുമായി കൂടുതല്‍
പ്രസ്ഥാനങ്ങളെ കൂട്ടിച്ചേര്‍ത്തുകൊണ്ട് ഏകോപിതമായും ആസൂത്രിതമായും മുന്നോട്ടു
നീങ്ങുന്നതു സംബന്ധിച്ച കൂടിയാലോചനകള്‍ക്കായി സെപ്റ്റംബര്‍ 29 ന് ഞായര്‍ രാവിലെ 10
മുതല്‍ വൈകിട്ട് 5 വരെ ആലപ്പുഴജില്ലയിലെ SL പുരം ഗാന്ധിസ്മാരക ഗ്രാമസേവാ
കേന്ദ്രത്തില്‍വച്ച് ഒരു യോഗം സംഘടിപ്പിച്ചിരിക്കുന്നു. യോഗത്തിലേക്ക് താങ്കളെ
പ്രത്യേകം ക്ഷണിക്കുന്നു.
ഏഴുജില്ലകളില്‍ ചിങ്ങം ഒന്നിന് സംഘടിപ്പിക്കപ്പെട്ട
പരിപാടികളുടെ സംക്ഷിപ്ത റിപ്പോര്‍ട്ട് താഴെ കൊടുത്തിരിക്കുന്നത്
ശ്രദ്ധിക്കുമല്ലോ.
ആലപ്പുഴ - SN പുരം ഗാന്ധിസ്മാരകഗ്രാമസേവാ കേന്ദ്രത്തിന്റെ
ആഭിമുഖ്യത്തില്‍ ഇരുന്നൂറോളം സ്‌കൂളുകളില്‍ നടന്നുവരുന്ന ഗാന്ധിദര്‍ശന്‍
പഠനപരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഭക്ഷ്യ-ആരോഗ്യസ്വരാജ് സന്ദേശം
പ്രചരിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനത്തോടെയാണ് ചിങ്ങം 1 ന് ആലപ്പുഴ ജില്ലയില്‍ ഈ
കാമ്പയിന്‍ ആരംഭിച്ചത്. കണിച്ചുളങ്ങര VHSS ല്‍ നടന്ന പരിപാടിയില്‍ SNDP
യോഗം
മൈക്രോഫിനാന്‍സ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.കെ. കെ മഹേശന്‍, ഗാന്ധിസ്മാരക
ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ് ശ്രീ. രവി പാലത്തുങ്കല്‍ എന്നിവര്‍ചേര്‍ന്ന്
നീര്‍മരുതിന്റെയും പ്ലാവിന്റെയും തൈകള്‍ നട്ടുകൊണ്ടാണ് പരിപാടിക്ക് തുടക്കം
കുറിച്ചത്. ശ്രീ. കെ. ജി ജഗദീശന്‍ ഭക്ഷ്യ-ആരോഗ്യസ്വരാജ് സങ്കല്‍പത്തെക്കുറിച്ച്
വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുത്തു.
കോട്ടയം: ആലപ്പുഴയില്‍ വിദ്യാലയത്തിലാണ്
പരിപാടി നടന്നതെങ്കില്‍ കോട്ടയം ജില്ലയിലെ പാലായില്‍ Toms Chamber ഹാളിലും തെരുവിലുമായാണ് ചിങ്ങം
ഒന്നിന്റെ പരിപാടിസംഘടിപ്പിക്കപ്പെട്ടത്. ഹാളില്‍ നടന്നത് ജില്ലയില്‍ മൂന്നു
മാസത്തിനിടയില്‍ നടന്ന ഭക്ഷ്യ-ആരോഗ്യസ്വരാജ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച
വിലയിരുത്തലും തുടര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആലോചനകളുമാണ്. കൂട്ടത്തില്‍
വൈവിധ്യമാര്‍ന്ന ചക്കവിഭവങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. ഹാളിലെ
പരിപാടിക്കുശേഷം ആളുകള്‍ മടങ്ങിയത് പോകുന്ന വഴി തെരുവില്‍ വിതരണം ചെയ്യാനായി
മൈദയുല്‍പ്പന്നങ്ങളുടെ അപകടത്തെ സംബന്ധിച്ച് പ്രതിപാദിക്കുന്ന നോട്ടീസിന്റെ
കോപ്പികളുമായാണ്. ചിങ്ങം ഒന്നിലെ ഈ പരിപാടിയില്‍ ജില്ലാ ജൈവകര്‍ഷക സമിതി,
മിനച്ചില്‍ നദീസംരക്ഷണസമിതി, ഭരണങ്ങാനം IHM ഹോസ്പിറ്റല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത്
ഡിപ്പാര്‍ട്ട്‌മെന്റ്, കര്‍ഷകവേദി, സന്ധ്യാ വിസിബ് കൊടുമ്പിടി, ഭൂമിക പൂഞ്ഞാര്‍ ,
ശ്രദ്ധ ഭരണങ്ങാനം, സാന്ത്വനം പാലാ, ഗ്രാമ ഭരണങ്ങാനം, ഇന്‍ഫാം വിജ്ഞാനവ്യാപനകേന്ദ്രം
തുടങ്ങിയ പ്രസ്ഥാനങ്ങള്‍ പങ്കാളികളായി. ഡോ. എസ്. രാമചന്ദ്രന്‍ , കെ. സി തങ്കച്ചന്‍ ,
സിസ്റ്റര്‍ റോസ് വൈപ്പന, രവി പാലാ,
ഒ. ഡി. കുര്യാക്കോസ്, എബി ഇമ്മാനുവേല്‍
തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
ഇടുക്കി:- ഇടുക്കി ജില്ലയില്‍
ചിങ്ങം ഒന്നിന്റെ പരിപാടി നടന്നത് വിദ്യാലയത്തിലോ ഹാളിലോ തെരുവിലോ അല്ല ഒരു
കൃഷിയിടത്തിലാണ്. കട്ടപ്പനയില്‍ മുപ്പതോളം കുടുംബങ്ങള്‍ ചേര്‍ന്ന് ശനിക്കൂട്ടം
എന്ന് പേരിട്ടിട്ടുള്ള ഒരു കൂട്ടുകൃഷി സംരംഭത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.
മൂന്നര ഏക്കര്‍ വരുന്ന ആ കൃഷിയിടത്തില്‍ താമരക്കണ്ണന്‍ ചേമ്പ് നട്ടുകൊണ്ട്
കോവില്‍മല രാജാവ് രാമന്‍ രാജമന്നന്‍ ആണ് ഭക്ഷ്യ ആരോഗ്യസ്വരാജ് കാമ്പയിന്റെ ഇടുക്കി
ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. സാംസ്‌കാരിക പ്രവര്‍ത്തകനും
എഴുത്തുകാനുമായ കാഞ്ചിയാര്‍ രാജന്‍ മുഖ്യപ്രഭാഷണവും പ്രൊഫ. സി.പി റോയി വിഷയാവതരണ
പ്രസംഗവും നടത്തി. കെ. ആര്‍. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ആലപിച്ച
നാടന്‍ പാട്ടുകള്‍ പരിപാടിക്ക് ആവേശം പകര്‍ന്നു. മുപ്പതു കുടുംബങ്ങളിലെ കുട്ടികളും
പ്രായമായ വരുമടങ്ങുന്ന സ്ത്രീ പുരുഷന്‍മാരും കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളിലെ
കുട്ടികളുമടങ്ങുന്ന വലിയൊരു സംഘം പരിപാടിയില്‍ ആദ്യാവസാനം പങ്കെടുത്തു. ചേനയും
കാച്ചിലും ചേമ്പുമടങ്ങുന്ന പുഴുക്കു സദ്യ പരിപാടിക്ക് കൊഴുപ്പേകി.
തൃശ്ശൂര്‍:-തൃശ്ശൂര്‍ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്ന്
വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ്. അവിടെ ചിങ്ങം ഒന്നിന് നടന്നത് ഭക്ഷ്യ-
ആരോഗ്യസ്വരാജ് സങ്കല്‍പവും കേന്ദ്രസര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ
നിയമവും
തമ്മിലുള്ള അന്തരത്തെക്കുറിച്ചുള്ള ഒരു സംവാദമാണ്. തൃശ്ശൂര്‍ ഗാന്ധിപീസ് ഫൗണ്ടേഷന്‍
ഹാളില്‍ നടന്ന സംവാദത്തില്‍ ഡോ. വടക്കേടത്ത് പത്മനാഭന്‍ വിഷയാവതരണം നടത്തി.
ഭക്ഷ്യസുരക്ഷാ നിയമം കോര്‍പ്പറേറ്റ് ഫാമിംഗിലേക്കും ജനിതക മാറ്റം വരുത്തിയ
വിത്തിനങ്ങളുടെ കൃഷിയിലേക്കുമാണ് നയിക്കുന്നതെന്നും ഭക്ഷ്യ-ആരോഗ്യസ്വരാജ്
ഭക്ഷണത്തിനുമേലുള്ള ജനങ്ങളുടെ നിയന്ത്രണത്തിനും ജൈവവൈവിധ്യസംരക്ഷണത്തിനും
വേണ്ടിയുള്ളതാണെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു. സര്‍വ്വോദയ മണ്ഡലം സംസ്ഥാന ജനറല്‍
സെക്രട്ടറി എം. പീതാംബരന്‍ അദ്ധ്യക്ഷത വഹിച്ചു. കെ. ജെ. പോള്‍ , പി.എസ്. സുകുമാരന്‍ ,
ഇന്ദിര, എസ്. ശരത്ത്, നഷീമ, ഫാ. ജോസ് തത്രത്തില്‍ , എം. മോഹന്‍ദാസ്, കെ. സഹദേവന്‍
തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. പ്ലാവ് ജയന്‍ , സല്‍സബീല്‍ ഗ്രീന്‍
സ്‌കൂളിലെ വിദ്യാര്‍ത്ഥി അതുല്‍ കൃഷ്ണന് പ്ലാവിന്റെ തൈ നല്‍കികൊണ്ട് ജില്ലയിലെ
ഭക്ഷ്യ- ആരോഗ്യസ്വരാജ് കാമ്പിയിന്‍ ഉല്‍ഘാടനം ചെയ്തു.
കോഴിക്കോട്:- കോഴിക്കോട്
ജില്ലയില്‍ ഒഞ്ചിയത്തിനടുത്ത് അര്‍ച്ചന കുന്നുമ്മക്കര എന്ന സാംസ്‌കാരിക സംഘടനയുടെ
ആഭിമുഖ്യത്തിലാണ് ചിങ്ങം ഒന്നിന്റെ പരിപാടി സംഘടിപ്പിച്ചത്.
മഹാത്മാദേശസേവാട്രസ്റ്റ് ചെയര്‍മാന്‍ ടി. ശ്രീനിവാസന്‍ കോഴിക്കോട് ജില്ലയിലെ
ഭക്ഷ്യ-ആരോഗ്യസ്വരാജ് കാമ്പയിന്‍ ഉല്‍ഘാടനം ചെയ്തു. മനോജന്‍ അദ്ധ്യക്ഷത വഹിച്ച
പരിപാടിയില്‍ ലോഹ്യാ വിചാരവേദി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയരാഘവന്‍ ചേലിയ
ഭക്ഷ്യ- ആരോഗ്യസ്വരാജ് സങ്കല്‍പത്തിന്റെ രാഷ്ട്രീയമാനത്തെക്കുറിച്ച് പ്രഭാഷണം
നടത്തി. ഉച്ചാല്‍ മുതല്‍ വിഷുവരെ എന്ന പച്ചക്കറികൃഷി മത്സരത്തില്‍ സമ്മാനാര്‍ഹരായ
യുവാക്കള്‍ക്ക് പരിപാടിയുടെ ഭാഗമായി സമ്മാനദാനം നടത്തി.
കണ്ണൂര്‍ :- കണ്ണൂര്‍
മഹാത്മാ മന്ദിരത്തില്‍ വച്ച് ഇലക്കറികളുടെ മഹാസാധ്യതകള്‍ സംബന്ധിച്ച് നടത്തിയ പഠന
പരിപാടിയോടെയാണ് ജില്ലയില്‍ ഭക്ഷ്യ-ആരോഗ്യസ്വരാജ് കാമ്പയിന്‍ ചിങ്ങം ഒന്നിന്
തുടക്കം കുറിച്ചത്. ജില്ലയിലെ വിവിധജനകീയ സംഘങ്ങളിലെപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഈ
കാമ്പയിന്‍ മുന്നോട്ടുകൊണ്ടു പോകുന്നതിനായി രൂപം നല്‍കി ജൈവസംസ്‌കൃതി എന്ന
കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. കൂട്ടായ്മയുടെ
ചെയര്‍മാന്‍ സജീവന്‍ കാവുങ്കരയാണ് ഇലയറിവുകള്‍ പങ്കുവച്ചത്. തൊടികളില്‍ കളകള്‍ എന്ന
നിലയില്‍ അവഗണിക്കുന്ന ഭക്ഷ്യമൂല്ല്യമുള്ള ചെടികളെ പരിചയപ്പെടുത്തുക മാത്രമല്ല അവ
ഉപയോഗിച്ചുണ്ടാക്കിയ മുത്തിള്‍ചമ്മന്തി, ഇലദോശ, ഇലകിണ്ണത്തപ്പം,കൊഴുക്കട്ട,
വിവിധയിനം തോരനുകള്‍ തുടങ്ങിയവ രുചിച്ചുനോക്കാനുള്ള അവസരവും പരിപാടിയിലുണ്ടായി. ജൈവ
ഉല്‍ന്നങ്ങളുടെ കൈമാറ്റച്ചന്ത മഹാത്മാമന്ദിരം കേന്ദ്രീകരിച്ച് നിശ്ചിത ദിവസങ്ങളില്‍
സംഘടിപ്പിക്കുന്നതുള്‍പ്പെടെയുള്ള ഭാവി പരിപാടികള്‍ക്കും രൂപം നല്‍കി. ആശാ ഹരി,
വിനോദ് പയ്യട, ടി. വി. സുരേന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം
നല്‍കി.
കാസര്‍ഗോഡ്:- ദ്വിദിന പരിപാടികളോടെയാണ് കാസര്‍ഗോഡ് ജില്ലയില്‍
ഭക്ഷ്യ-ആരോഗ്യസ്വരാജ് കാമ്പയിന്‍ തുടക്കം കുറിച്ചത്. ചിങ്ങം ഒന്നിന് രാവിലെ 10 മണി
മുതല്‍ മാലക്കല്ലില്‍ വച്ച് പതിനഞ്ച് പേര്‍ക്ക് കൂണ്‍കൃഷിപരിശീലനം ആരംഭിച്ചു.
ഉച്ചകഴിഞ്ഞ് ഭക്ഷ്യ-ആരോഗ്യസ്വരാജ് സംബന്ധിച്ച സെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചായത്ത്
മെമ്പര്‍ മിനി വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. സണ്ണി പൈകട വിഷയാവതരണം നടത്തി. കെ.
ഗോപാലന്‍, ഫാ. മാത്യൂ പുത്തന്‍പറമ്പില്‍ എന്നിവര്‍ പച്ചകളില്‍ പങ്കെടുത്ത്
സംസാരിച്ചു. ചിങ്ങം രണ്ടിന് കൂണ്‍കൃഷി പരിശീലനം പൂര്‍ത്തിയാക്കി. കൂണ്‍ കൃഷി
പരിശീലത്തിന് സുമിത്ത്‌ലാല്‍, ഗിരിജ എന്നിവര്‍ നേതൃത്വം നല്‍കി. ഗാന്ധിസ്മാരക
ഗ്രാമസേവാ കേന്ദ്രം കാറഡുക്ക, ഫെയര്‍ ട്രേഡ് അലയന്‍സ് കേരള കാസര്‍ഗോഡ് ജില്ലാ
കമ്മിറ്റി, സെഡ്‌സ് മോനാച്ച കാഞ്ഞാങ്ങാട്, സ്വരാജ് കാസര്‍ഗോഡ്, സൈന്‍ കേരള
മാലോം,എന്നീ സംഘടനകളാണ് കാസര്‍ഗോഡ് ജില്ലയില്‍ ഭക്ഷ്യ- ആരോഗ്യസ്വരാജ് കാമ്പയിന്
മുന്‍കൈയെടുക്കുന്നത്.
മേല്‍സൂചിപ്പിച്ചവ ഏഴുജില്ലകളില്‍ ചിങ്ങം ഒന്നിന് നടന്ന
പരിപാടിസംബന്ധിച്ച റിപ്പോര്‍ട്ട് മാത്രമാണ്. ചിങ്ങം ഒന്നിന് മുമ്പും അതിനു ശേഷവും
ഭക്ഷ്യ- ആരോഗ്യസ്വരാജ് ആശയം മുന്‍ നിര്‍ത്തി നിരവധിപരിപാടികള്‍ നടന്നിട്ടുണ്ട്. അവ
29-ലെ യോഗത്തില്‍ അതത് ജില്ലകളില്‍ നിന്നുള്ളവര്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുമെന്ന്
പ്രതീക്ഷിക്കുന്നു.
സുഹൃത്തെ, സെപ്റ്റംബര്‍ 29-ലെ യോഗത്തിലേക്ക് ഒരിക്കല്‍ കൂടി
താങ്കളെ ക്ഷണിക്കുന്നു. ഈ പരിപാടിയുടെ ഏകോപനത്തിന് പ്രത്യേക സമിതിയോ ഭാരവാഹികളോ
ഇതുവരെയില്ല. അതുകൊണ്ടുതന്നെ ഓരോരുത്തരും ഇക്കാര്യത്തില്‍ താല്‍പര്യമുള്ള
സുഹൃത്തുക്കളെ യോഗത്തിലേക്ക് ക്ഷണിക്കാനുള്ള ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണമെന്ന്
അഭ്യര്‍ത്ഥിക്കുന്നു.
ആലപ്പുഴ സ്‌നേഹാദരപൂര്‍വ്വം,
10/09/2013 കെ. ജി.
ജഗദീശന്‍ , സെക്രട്ടറി
SN പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം
ഫോണ്‍
9447086549
സണ്ണി പൈകട, കൊന്നക്കാട് പി.ഒ
കാസര്‍ഗോഡ്
ഫോണ്‍.9446234997
യോഗസ്ഥലത്തെത്താനുള്ളവഴി:ചേര്‍ത്തല-ആലപ്പുഴ ഹൈവേയില്‍
കഞ്ഞിക്കുഴി പോലീസ് സ്റ്റേഷന്‍ സ്റ്റോപ്പില്‍ ബസ്സിറങ്ങുക. അവിടെ നിന്ന് 200
മീറ്റര്‍ തെക്കോട്ട് നടന്നാല്‍ ഹൈവേയുടെ അരികില്‍ തന്നെയുള്ള SN പുരം ഗാന്ധിസ്മാരക
ഗ്രാമസേവാകേന്ദ്രത്തിലെത്താം. അകലെ നിന്ന് വരുന്നവര്‍ ദയവായി നേരത്തെയെത്തുക
തലേന്ന് രാത്രിവരുന്നവര്‍ക്കും വെളുപ്പിന് വരുന്നവര്‍ക്കും വിശ്രമിക്കാനും
കുളിക്കാനും മറ്റുമുള്ള സൗകര്യം അവിടെയുണ്ട്. നേരത്തെ വരുന്നവര്‍ ബന്ധപ്പെടുക.
രാജീവ് മുരളി ഫോണ്‍. 9400563869
ഭക്ഷ്യ-ആരോഗ്യസ്വരാജ് പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച വാര്‍ത്തകള്‍ക്കും ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ക്കും
http://bhakshyaswaraj.blogspot.in/
സന്ദര്‍ശിക്കുക: Facebook pages: Food-health swaraj, (just click 'like' to join)
Bhakshsya Swaraj ( ഇതിൽ മാത്രം Bhakshsya എന്നാണ് spelling)
ഇന്റെർനെറ്റിലൂടെ പ്രസിദ്ധീകരിക്കാൻ വാർത്തകളും ഫോട്ടോകളും പ്രസംഗങ്ങളുടെ ഫോണിൽ എടുത്ത വോയ്സ് റിക്കാർഡിങ്ങും അയയ്ക്കുക (e-mail id):
bhakshyaswaraj@gmail.com
Publicity Co-ordinator: Josantony, 'Annadhanyatha', Plassanal- 686579,
mobile phone: 9447858743