2014 ഫെബ്രുവരി 16, ഞായറാഴ്‌ച

ഔഷധമൂല്യം ഉള്ള നാടൻ നെല്ലുത്പന്നങ്ങൾ വില്ക്കാനുണ്ട്

കോട്ടയം ജില്ലയിലെ രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ കുറെ വിദ്യാർഥികൾ ഈ വർഷം പലേക്കർ രീതിയിലുള്ള പ്രകൃതി കൃഷിയിലൂടെ ഔഷധമൂല്യം ഉള്ള  കുറെ നാടൻ നെല്ലുത്പാദിപ്പിക്കുകയുണ്ടായി. അവർക്കു രാമപുരം നേതൃത്വം കൊടുത്ത ശ്രീ സി. എന്‍ . മധുസൂദനൻ അങ്ങനെ ഉത്പാദിപ്പിച്ച നെല്ലിനങ്ങളുപയോഗിച്ച് ഉണ്ടാക്കിയ ഉണക്കലരി, കുത്തരി, അവൽ, തവിട് മുതലായ നാടൻ നെല്ലുത്പന്നങ്ങൾ  പരിമിതമായ അളവിൽ വില്ക്കാനുണ്ട് എന്നറിയിച്ചിരിക്കുന്നു. 
താത്പര്യമുള്ളവർ ബന്ധപ്പെടുക : 9447485613

2014 ഫെബ്രുവരി 2, ഞായറാഴ്‌ച

ഭക്ഷ്യ-ആരോഗ്യസ്വരാജ് സംസ്ഥാന ഏകോപനസമിതി - സര്‍ക്കുലര്‍ - തുടർച്ച

3. എല്ലാ ജില്ലകളിലും ഏതാനും ഗ്രാമപഞ്ചായത്തുകളെയും വിദ്യാഭ്യാസസ്ഥാപനങ്ങളെയും യൂത്ത്ക്ലബ്ബുകളെയും ഭക്ഷ്യ ആരോഗ്യസ്വരാജ് കാമ്പയിന്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുക. ഇത്തരം കാര്യങ്ങളോട് തുറന്ന സമീപനമുള്ള പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍, അധ്യാപകര്‍, നെഹൃയുവക് കേന്ദ്രാ ജില്ലാ കോഓര്‍ഡിനേറ്റര്‍മാര്‍ തുങ്ങിയവരിലൂടെ ഇക്കാര്യത്തിനുള്ള പരിശ്രമങ്ങള്‍ നടത്താനാവും. അടുത്ത മൂന്നു മാസത്തിനുള്ളില്‍ ഓരോ ജില്ലയിലും ഊര്‍ജിതപ്രവര്‍ത്തന കേന്ദ്രങ്ങള്‍ എന്ന നിലയില്‍ ഏതാനും പ്രദേശങ്ങള്‍ ഈ വിധത്തില്‍ നിശ്ചയിക്കാന്‍ കഴിയണം.

4. ജില്ലാതലത്തില്‍ റിസോഴ്‌സ് ടീമിനെ കണ്ടെത്തുകയും അവര്‍ക്ക് പരിശീലനം സംഘടിപ്പിക്കുകയും വേണം. ഈ റിസോഴ്‌സ് ടീമിനുള്ള പനസഹായി എന്ന നിലയില്‍ ലഘുലേഖ, പോസ്റ്റര്‍, സിഡികള്‍ മുതലായവ മൂന്നുമാസത്തിനുള്ളില്‍ തയ്യാറാക്കുക.
5. ജില്ലതല മാതൃകാ കൃഷിയിടം തയ്യാറാക്കാനുള്ള സ്ഥലം രണ്ടുമാസത്തിനുള്ളില്‍ നിശ്ചയിക്കുക.
മേല്‍സൂചിപ്പിച്ച അഞ്ചു കാര്യങ്ങളും വിശദീകരിക്കുന്നതിനും പ്രായോഗിക തീരുമാനങ്ങള്‍ എടുക്കുന്നതിനുമായി ജില്ലാതലത്തിലുള്ള ഭക്ഷ്യ-ആരോഗ്യ സ്വരാജ് ഏകോപനസമിതിയോഗം ചേരണമെന്നഭ്യര്‍ഥിക്കുന്നു. ജില്ലാതല യോഗങ്ങളില്‍ ഭക്ഷ്യ-ആരോഗ്യ സ്വരാജ് സംസ്ഥാന ഏകോപനസമിതി ഭാരവാഹികള്‍ക്കു കൂടി പങ്കെടുക്കണമെന്ന് താത്പര്യമുണ്ട്. അതിനാല്‍ എത്രയും വേഗം ഫോണില്‍ ബന്ധപ്പെട്ട് ജില്ലാതലയോഗങ്ങളുടെ തീയതികള്‍ നിശ്ചയിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
ഫെബ്രുവരി 10, 11, 12 തീയതികളില്‍ മലപ്പുറം ജില്ലയിലെ തവനൂരില്‍വച്ച് നടക്കുന്ന സര്‍വോദയമേളയിലും ഭക്ഷ്യ-ആരോഗ്യ സ്വരാജ് എന്ന വിഷയം ചര്‍ച്ചചെയ്യപ്പെടുന്നു. ഫെബ്രുവരി 12-നാണ് ഈ വിഷയം ചര്‍ച്ചചെയ്യപ്പെടുന്നത് സമീപജില്ലകളിലെ ഭക്ഷ്യ-ആരോഗ്യ സ്വരാജ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവരെ ക്ഷണിക്കുന്നു. ബന്ധപ്പെടുക ടി. കെ. എ. അസീസ് 9495645737
 

ഫെബ്രുവരി 23, 24, 254, 26 തീയതികളില്‍ കാസര്‍കോഡ് ജില്ലയിലെ നീലേശ്വരത്തുവച്ച് കാസര്‍കോഡ് ഡ്വാര്‍ഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി സംഘടിപ്പിച്ചിരിക്കുന്ന കപില ഫെസ്റ്റ്  വിഷയം: നാടന്‍ പശുവും ഭക്ഷ്യആരോഗ്യസ്വരാജും .
 ഫെസ്റ്റിനോടനുബന്ധിച്ച് ഫെബ്രുവരി മാസത്തെ സംസ്ഥാന ഏകോപനസമിതിയോഗം 25ന് .

ബന്ധപ്പെടുക പി. കെ. ലാല്‍ 9447652564
സുഹൃത്തേ,
ഭക്ഷ്യ ആരോഗ്യസ്വരാജ് കാമ്പയിന്റെ ഏറ്റവും നിര്‍ണായകമായ മൂന്നു മാസങ്ങളാണ് കടന്നുവരുന്നത്. ഈ മാസങ്ങളില്‍ ഈ വിഷയം സംബന്ധിച്ച് ജില്ലാതലങ്ങളില്‍ മതിയായ കൂടിയാലോചനകളും തീരുമാനമെടുക്കലും നടപ്പാക്കലുമുണ്ടായാല്‍ മാത്രമേ നമുക്കു ഫലപ്രദമായി മുമ്പോട്ടു പോകാനാവൂ.
എല്ലാവരും എല്ലാവിധത്തിലും ഉണര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഭക്ഷ്യ ആരോഗ്യ സ്വരാജ് സംസ്ഥാന ഏകോപനസമിതിക്കു വേണ്ടി
അനൂപ് ചന്ദ്രന്‍ (ചെയര്‍മാന്‍)
സണ്ണി പൈകട (കണ്‍വീനര്‍)9446234997
30.01.2014
കൊന്നക്കാട് 

2014 ജനുവരി 31, വെള്ളിയാഴ്‌ച

ഭക്ഷ്യ-ആരോഗ്യസ്വരാജ് സംസ്ഥാന ഏകോപനസമിതി - സര്‍ക്കുലര്‍

ബഹുമാന്യസുഹൃത്തേ,
ഡിസംബര്‍ 28 ന് കോഴിക്കോട് ചേര്‍ന്ന സംസ്ഥാന ഏകോപനസമിതിയോഗത്തില്‍ തിരുവനന്തപുരം, കോട്ടയം, മലപ്പുറം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ നിന്നായി പതിനേഴു പേര്‍ പങ്കെടുത്തു. യോഗത്തില്‍ താഴെപ്പറയുന്ന തീരുമാനങ്ങളുണ്ടായി.
1. . ഭക്ഷ്യ-ആരോഗ്യസ്വരാജ് ഏകോപനസമിതിയുടെ പൊതുവായ പ്രവര്‍ത്തന സമീപനം എന്തായിരിക്കണം?
സംഘടനാപരമായ ചിട്ടവട്ടങ്ങളോ അതിര്‍വരമ്പുകളോ ഇല്ലാതെ വളരെ അയഞ്ഞതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു വേദിയായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമുള്ള ഭക്ഷ്യ-ആരോഗ്യസ്വരാജ് ഏകോപനസമിതികള്‍ പ്രവര്‍ത്തിക്കണം. ഒരു ചെറുസംഘം കൊണ്ടുടക്കുന്ന മൗലികവാദ പ്രസ്ഥാനമായി ഈ നീക്കം വിലയിരുത്തപ്പെടാനുള്ള സാഹചര്യമുണ്ടാകരുത്. മുഖ്യധാരാ പ്രസ്ഥാനങ്ങളെയും പഞ്ചായത്ത്, കൃഷിഭവന്‍, കുടുംബശ്രീ പോലുള്ള സംവിധാനങ്ങളെയും ഈ കാമ്പയിനില്‍ അണിനിരത്താന്‍ ശ്രമിക്കണം.
ഭക്ഷ്യ-ആരോഗ്യസ്വരാജ് കര്‍മ്മപരിപാടികളില്‍ ഏതെങ്കിലും ചില കാര്യങ്ങളില്‍ . ഈ കാമ്പയിനില്‍ സഹകരിക്കുന്ന ചെറുതും വലുതുമായ പ്രസ്ഥാനങ്ങളുടെ ഐഡന്റിറ്റി ഒരു പോലെ അംഗീകരിക്കപ്പെടണം. ഈ വിഷയം സംബന്ധിച്ച അറിവുകളും അനുഭവങ്ങളും കൈമാറ്റം ചെയ്യുന്നതിനാണ് ഊന്നല്‍ നല്‌കേണ്ടത്. സംസ്ഥാന-ജില്ലാതലത്തില്‍ പൊതുവായ ഏകോപനം ഉണ്ട്ാവുക എന്നതിനപ്പുറത്ത് ഭക്ഷ്യ-ആരോഗ്യസ്വരാജിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ ആരും ആരുടെയും നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുന്ന ശൈലി ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്. ഏതാനും വര്‍ഷങ്ങള്‍ നീണ്ടുനില്ക്കുന്ന കൂട്ടായ പരിശ്രമങ്ങള്‍ ഇക്കാര്യത്തിലുണ്ടാവേണ്ടതാണെന്ന യാഥാര്‍ഥ്യബോധത്തോടെ മുന്നോട്ടു പോകാന്‍ കഴിയണം. ഭക്ഷ്യ-ആരോഗ്യസ്വരാജ് എന്നത് വളരെ വലിയ സ്വപ്നമാണ്. ഈ വലിയ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ നമ്മള്‍ ചെറിയ മനുഷ്യരുടെ അമിതാവേശം കൊണ്ടാവില്ല. ചെറുതും വലുതുമായ പ്രസ്ഥാനങ്ങളുടെയും വ്യക്തി
കളുടെയും വിശാലമായ കൂട്ടായ്മയാണ് വേണ്ടതെന്ന ബോധ്യത്തോടെ മുന്നോട്ടു പോകാന്‍ കഴിയണം. ഇപ്പോള്‍ ജൈവകൃഷി, സുരക്ഷിത ഭക്ഷണം തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സംഘടനയ്ക്ക്ു പകരമാവാനല്ല, മറിച്ച്് ഇത്തരം വിഷയങ്ങള്‍ക്ക് വേണ്ടത്ര ഊന്നല്‍ നല്കാത്ത പ്രസ്ഥാനങ്ങളുടെ അജണ്ടയില്‍ ഭക്ഷ്യ-ആരോഗ്യസ്വരാജ് കാര്യങ്ങള്‍ ഉള്‍പ്പെടുത്തുവാനുള്ള ഏകോപിതവും ആസൂത്രിതവുമായ പ്രവര്‍ത്തനങ്ങളാണ് ഈ കാമ്പയിനില്‍ ഉണ്ടാവേണ്ടത്.
2. ഭക്ഷ്യ-ആരോഗ്യ സ്വരാജിന്റെ ദിശയില്‍ നടന്നിട്ടുള്ള സാമൂഹികമായ ഇടപെടലുകള്‍ സംബന്ധിച്ച അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും ഭാവികേരളത്തിലെ കൃഷി-ഭക്ഷണ സാധ്യതകളും വെല്ലുവിളികളും വിലയിരുത്തുന്നതിനുമായി ഒരു ത്രിദിന ശില്പശാല ഏപ്രില്‍ മാസത്തില്‍ നടത്തുന്നതിന് നിശ്ചയിച്ചു.
കോഴിക്കോട് ജില്ലയിലെ ചേലിയ കെ. കെ. കിടാവ് മെമ്മോറിയല്‍ യു.പി. സ്‌കൂള്‍ ഈ ശില്പശാലയുടെ ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 25, 26, 27 തീ.തികളില്‍ ശില്പശാല സംഘടിപ്പിക്കാനാണ് ഇപ്പോള്‍ തിരുമാനിച്ചിട്ടുള്ളതെങ്കിലും പൊതുതെരഞ്ഞെടുപ്പു് തീയതി പ്രഖ്യാപിക്കപ്പെട്ടതിനുശേഷമേ ശില്പശാല ശാല തീയതി അന്തിമമായി തീരുമാനിക്കുകയുള്ളു.
                                                                                                        (തുടരും)



2014 ജനുവരി 26, ഞായറാഴ്‌ച

നമ്മുടെ കൃഷിയിടങ്ങളും വിദേശ റിയൽ എസ്റ്റേറ്റ് ഭീമന്മാര്‍ക്ക് തീറെഴുതുമോ?-:Marunadan Malayali:

Central Government plans for FDI deposit scheme in Agricultural fields
കൃഷിഭൂമിയില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

സ്വന്തംലേഖകന്‍ ന്യൂഡല്‍ഹി: കൃഷിഭൂമിയില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്.ഡി.ഐ) അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് വിദേശ അതികായന്മാര്‍ക്ക് കടന്നുവരാന്‍ വഴിതുറക്കുന്നതാകും ഇത്. നഗരവികസന മന്ത്രാലയം മുന്നോട്ടുവെച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിദേശ നിക്ഷേപത്തിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ മൂന്നംഗ മന്ത്രിസഭാ ഉപസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. കേന്ദ്ര ധനമന്ത്രി പി. ചിദംബരം, നഗരവികസന മന്ത്രി കമൽനാഥ്, വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക സമിതിയാണ് ഇക്കാര്യത്തില്‍ വിലയിരുത്തല്‍ നടത്തുന്നത്. 

പുതിയ നിര്‍ദേശത്തിന് അനുസൃതമായി എഫ്.ഡി. ഐ ചട്ടം ഭേദഗതി ചെയ്യുóതിന്റെ വഴികള്‍ ഉപസമിതി നിര്‍ദേശിക്കും. ടൗണ്‍ഷിപ്പുകള്‍ , ഹൗസിങ് കോളനികള്‍ എന്നിവക്കെല്ലാം പൂര്‍ണതോതില്‍ പ്രത്യക്ഷ വിദേശ നിക്ഷേപത്തിന് ഇതിനകം തന്നെ അനുവാദമുണ്ട്. പക്ഷേ, ഇതിനായി കൃഷിഭൂമി ഏറ്റെടുക്കാന്‍ പറ്റില്ല. എന്നാല്‍, വന്‍കിടക്കാര്‍ കൃഷിഭൂമിയും ഇത്തരത്തില്‍ അനധികൃതമായി വാങ്ങുന്നുവെന്നത് വിസ്മരിക്കാനാകില്ല. 

നഗരവികസനത്തിന് ഇപ്പോള്‍ തന്നെ കൃഷിഭൂമി ഏറ്റെടുക്കുന്നുവെന്ന വാദമുയര്‍ത്തിയാണ് എഫ്.ഡി.ഐ നിക്ഷേപം സ്വീകരിക്കാമെന്ന നിര്‍ദേശം നഗരവികസനമന്ത്രാലയം മുന്നോട്ടുവെച്ചത്. വിദേശ സംരംഭകരെ അനുവദിച്ചാല്‍ നഗര വികസനത്തിനും ടൗണ്‍ഷിപ്പ് നിര്‍മാണത്തിനും കൂടുതല്‍ ധനസമാഹരണം നടത്താനാവും.

കൃഷിഭൂമിയില്‍ എഫ്.ഡി.ഐക്ക് പൂര്‍ണ നിരോധമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. വിദേശ നിക്ഷേപരെ ഒഴിച്ചാല്‍ ഇവിടുത്തെ റിയല്‍ എസ്റ്റേറ്റ് ഭീമന്‍മാര്‍ക്കു കൂടി കൃഷിഭൂമി വാങ്ങി റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനായി വായ്പ ലഭിക്കില്ല. അത്തരത്തിലാണ് നിലവിലുള്ള ഇന്ത്യന്‍ ബാങ്കിങ് ചട്ടം. വന്‍കിട പദ്ധതികള്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ ഇളവ് ലഭിക്കുന്നതും. ഭൂമിയുടെ ഊഹക്കച്ചവടവും തിരിമറി ലാഭവുമൊക്കെ തടഞ്ഞ്, വില ഊതിപ്പെരുപ്പിക്കുന്നതു തടയാനും കൃഷിഭൂമി സംരക്ഷിക്കാനും ഉദ്ദേശിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 


ഭൂമി വിദേശ സംരംഭകര്‍ ഏറ്റെടുത്താല്‍ പോലും അതിന്റെ വഴിവിട്ട ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാറിന് സാധിക്കുമെന്ന വാദമുഖം നഗരവികസന മന്ത്രാലയം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, വ്യവസായ നയ പ്രോല്‍സാഹന വകുപ്പ് ഇതിനോട് വിയോജിക്കുകയാണ് ചെയ്തത്. റിസര്‍വ് ബാങ്ക് ഇക്കാര്യത്തില്‍ നിലപാടു സ്വീകരിക്കണമെന്നും അഭിപ്രായപ്പെട്ടു. 

ഇക്കാര്യത്തില്‍ സര്‍ക്കാറില്‍തന്നെയുള്ള അഭിപ്രായ ഭിന്നതകള്‍ കണക്കിലെടുത്താണ് മന്ത്രിസഭാ ഉപസമിതിയെ വെക്കാന്‍ തീരുമാനിച്ചത്. നിര്‍മാണമേഖലയില്‍ എഫ്.ഡി.ഐ ചട്ടങ്ങള്‍ ഉദാരമാക്കണമെന്ന മറ്റൊരു നിര്‍ദേശത്തിലെ വിവാദങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഇതെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.
-:Marunadan Malayali:- - Central Government plans for FDI deposit scheme in Agricultural fields:



'via Blog this'

2014 ജനുവരി 8, ബുധനാഴ്‌ച

കൃഷിക്കായി ജോലി ഉപേക്ഷിച്ച് യുവദമ്പതിമാര്‍

Posted on: 03 Jan 2014
കെ.കെ രമേഷ് കുമാര്‍



കല്പറ്റ: എറണാകുളത്തെ മള്‍ട്ടി നാഷണല്‍ കമ്പനിയുടെ തിരക്കില്‍പ്പെട്ട മാര്‍ക്കറ്റിങ് ലോകം. എന്തിനും ഏതിനും വിലപേശല്‍ നടത്തിക്കിട്ടുന്ന ജീവിത വരുമാനം. ചെറുകര ആറുവാളില്‍ തോട്ടോളി അയൂബ്, സാബിറ യുവകര്‍ഷക ദമ്പതിമാരുടെ ഓര്‍മകള്‍ എട്ടുവര്‍ഷം മുമ്പുള്ള താളുകളിലേക്ക് മറിഞ്ഞു. താമസ സൗകര്യവും തരക്കേടില്ലാത്ത വരുമാനവും വിലാസവുമെല്ലാം കിട്ടിയിട്ടും ഇതൊക്കെ കൃഷിയെന്ന വലിയ ലോകത്തിനുവേണ്ടി മാറ്റിവെച്ചാണ് ഈ കുടുംബം സ്വന്തം കൃഷിയിടത്തിലേക്ക് മടങ്ങിയത്. സാമ്പത്തിക ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ബിരുദധാരികളായ ഈ യുവകര്‍ഷക കുടുംബം ഇന്നൊരു മാതൃകയാണ്. കാര്‍ഷിക ജീവിതം വിട്ട് മെട്രോപ്പൊളിറ്റന്‍ സൗഭാഗ്യങ്ങളിലേക്ക് പറന്നുപോയവര്‍ക്ക് തിരികെയുള്ള യാത്രയ്ക്ക് ഒരു വഴികാട്ടിയും.

150 വര്‍ഷമെങ്കിലും പഴക്കമുള്ള കൃഷി പാരമ്പര്യമുള്ള കുടുംബത്തിലെ പുതിയ തലമുറയിലെ പ്രതിനിധിയായാണ് അയൂബ് എന്ന യുവകര്‍ഷകന്‍. കൃഷി ചെയ്യാന്‍ മണ്ണു വേണ്ടാത്ത ഹൈടെക് കര്‍ഷകനല്ല. അതിരാവിലെ എഴുന്നേറ്റ് അര്‍പ്പണബോധത്തോടെ കൃഷിക്ക് വേണ്ടിമാത്രം പകലുകള്‍ ചെലവഴിക്കുന്ന പുതുതലമുറയിലെ ഒരു വ്യത്യസ്തന്‍. വരും തലമുറയില്‍നിന്ന് കടംകൊണ്ടതാണ് ഈ മണ്ണ് എന്ന് ഓര്‍മപ്പെടുത്തുന്നു, സ്വന്തം കൃഷിപാഠശാലയുള്ള കര്‍ഷകന്‍.

പത്തേക്കര്‍ വിസ്തൃതിയുള്ള പച്ചപ്പ് നിറഞ്ഞ കൃഷിത്തോട്ടത്തിന് നടുവിലാണ് ഇന്ന് ഈ കുടുംബം. സ്വന്തമായി രണ്ട് ഏക്കര്‍ സ്ഥലം മാത്രം. ബാക്കി സ്ഥലം സഹോദരങ്ങളില്‍ നിന്ന് കൃഷി നടത്താന്‍ ഏറ്റെടുത്തത്. പിതാവ് ഇബ്രാഹിം ഹാജി ബാക്കിവെച്ച കൃഷിയുടെ ശീലങ്ങള്‍ തുടരുകയെന്ന ലക്ഷ്യമായിരുന്നു കമ്പനിയില്‍ നിന്ന് രാജിവെക്കാന്‍ കാരണമായത്. ഭാര്യ സാബിറയും ഈ തീരുമാനത്തിന് പിന്തുണ നല്‍കി. ഏഴാം ക്ലാസുകാരിയായ മകള്‍ സിത്താരയും, ആനിയെയും ചെറിയ മകള്‍ ഇസബെല്ലയുമെല്ലാം ഇപ്പോള്‍ ഈ കൃഷിയിടങ്ങളുമായി ഇണങ്ങിച്ചേര്‍ന്നിരിക്കുന്നു.

കൃഷിയിടമാകെ വലകൊണ്ട് വേര്‍തിരിച്ച് വിവിധയിനം കോഴികള്‍, ഗ്രാമപ്രിയയും ഗ്രാമശ്രീയും ടര്‍ക്കിയുമെല്ലാമുണ്ട്. തൊട്ടുതാഴെയുള്ള വയലുകള്‍ നിറയെ വിവിധയിനം പച്ചക്കറികള്‍, രാസവള വിമുക്തമായ കൃഷിയിടം. കാബേജും, ചോളവും, മത്തനും, പയറും തുടങ്ങി പതിനഞ്ചോളം വിളകളുടെ തോട്ടത്തില്‍ ഓരോന്നിനും പ്രത്യേകമായ ഇടമുണ്ട്. ഏതു സീസണിലും വിളവെടുക്കാന്‍ പാകത്തില്‍ ഇടവേളയില്ലാതെ തുടര്‍കൃഷിയുണ്ട്. പച്ചക്കറിയുടെ ആവശ്യക്കാര്‍ക്കായി വിപണിയും കൃഷിയിടത്തില്‍ ത്തന്നെയുണ്ട്. സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങി സ്ഥിരം ആവശ്യക്കാര്‍ ജൈവ ഉത്പന്നങ്ങള്‍ തേടി ഇവിടെയെത്തുന്നു.

ചാണകവും കടലപ്പിണ്ണാക്കും ചേര്‍ത്ത് പുളിപ്പിച്ചെടുത്ത ലായനിയാണ് ഈ തോട്ടങ്ങളുടെ മുഖ്യവളം. അതിരാവിലെ തന്നെ ഇത് വിളകളുടെ ചുവട്ടിലൊഴിക്കും. പരമാവധി ആറുമാസംവരെ ഈ ചെടികളില്‍ നിന്ന് വിളവെടുക്കാന്‍ കഴിയുമെന്നാണ് അനുഭവപാഠം. രാസകൃഷിയില്‍ മൂന്നുമാസമാണ് പച്ചക്കറികളുടെ വിളവെടുപ്പ് കാലം. സാമ്പത്തികമായും ജൈവ കൃഷി ലാഭമെന്നത് ഇത് അടിവരയിടുന്നു. എന്നാല്‍, നേന്ത്രവാഴകൃഷിയില്‍ അല്പം രാസവളപ്രയോഗമില്ലെങ്കില്‍ കാര്യങ്ങള്‍ നടക്കില്ലെന്നും അയൂബ് പറയുന്നു. നേന്ത്രവാഴയുടെ എട്ടിനങ്ങള്‍ ഈതോട്ടത്തിലുണ്ട്.

കൊളുബ്രിയന്‍ (ഇീഹൗയൃശമി) എന്ന ബ്രസീലിയന്‍ കാട്ടു ചെടിയില്‍ ഗ്രാഫ്റ്റ് ചെയ്ത കുരുമുളക് വള്ളികള്‍ തോട്ടത്തിലാകെ താങ്ങുമരങ്ങളില്‍ പടര്‍ന്നു കയറിയിട്ടുണ്ട്. നഴ്‌സറിയൊരുക്കി ദീര്‍ഘവീക്ഷണത്തോടെയുള്ള കൃഷി സമ്പ്രദായമാണ് ഇവിടെ നടപ്പാവുന്നത്. വീട്ടുമുറ്റത്തൊരുക്കിയ പോളി ഹൗസിനുള്ളില്‍ മണിതക്കാളിയും മറ്റ് അനേകം ചെടികളുമുണ്ട്. അസോളയുടെ ടാങ്കുകളും ഒരുക്കിയിട്ടുണ്ട്. ഇതൊരു കാര്‍ഷിക പരീക്ഷണശാലയായി ഒറ്റനോട്ടത്തില്‍ തോന്നും. മിക്കപ്പോഴും പകല്‍ കൃഷിയിടങ്ങളില്‍ ചെലവഴിച്ചിട്ട് വീട്ടിലെത്തിയാല്‍ രാത്രിയായാലും ചെടികളിലെ ഗ്രാഫ്റ്റിങ്ങും മറ്റും നടത്താന്‍ ഈ കുടുംബം സമയം കണ്ടെത്തുന്നു.

ശാസ്ത്രമുന്നേറ്റങ്ങള്‍ക്കൊപ്പം കൃഷികൂടെ കൊണ്ടുവന്നാല്‍ നഷ്ടമില്ല എന്നാണ് അയൂബിന്റെ കുടുംബം തെളിയിക്കുന്നത്. രാസകീട നാശിനികള്‍ക്ക് പകരമായി ജൈവ അണുനാശിനികള്‍ ഫലപ്രദമാണ്. എറ്റമോണ്‍ കെണിയടക്കം ഇതിനായി ഉപയോഗപ്പെടുത്താം. കപ്പക്കൃഷി നടത്തുമ്പോള്‍ പയര്‍കൃഷികൂടി ചെയ്യുന്നത് ചെലവു കുറയ്ക്കാം. മാംസ ഉത്പന്നങ്ങള്‍ക്കു പ്രിയമുള്ള ഇക്കാലത്ത് മുയല്‍ വളര്‍ത്തലും ആദായകരമാണ്. മത്സ്യങ്ങളെ വളര്‍ത്തുന്നതും വരുമാന മാര്‍ഗമാണ്. ജൈവ വിളകള്‍ക്ക് പ്രാധാന്യം വന്നതോടെ അയൂബിന്റെ കൃഷിയിടങ്ങള്‍ തേടി ഇക്കോ ഷോപ്പുകാരും എത്തിത്തുടങ്ങി. ടണ്‍ കണക്കിന് ഉത്പന്നങ്ങളാണ് ഇവിടെ നിന്നും പ്രതിമാസം കയറ്റിപ്പോകുന്നത്. കൃഷി പാഠശാലയെന്ന വിലാസം വന്നതോടെ പഠിതാക്കളുടെ എണ്ണവും കൂടി. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്ന കര്‍ഷകര്‍ വരെ ഇവിടത്തെ വിദ്യാര്‍ഥികളാണ്. കൃഷിയില്‍ നിന്നും കിട്ടുന്ന അറിവുകളെല്ലാം പങ്കുവെക്കുന്നതിനും ഈ യുവകര്‍ഷക കുടുംബം മടി കാണിക്കാറില്ല. മിക്ക ദിവസവും കൃഷിയിടങ്ങളില്‍ അതിഥികളുണ്ടാവും. രാവിലെയാണെങ്കില്‍ കുത്തരിയുടെ കഞ്ഞിയും കാച്ചില്‍ പുഴുങ്ങിയതുമെല്ലാം നല്‍കി സാബിറ സത്കരിക്കും. നാട്ടുകാരുടെ നന്മകള്‍ കൂടിയാണ് ഇവര്‍ മറ്റുള്ളവരുമായി കൃഷിയിലൂടെ പങ്കിടുന്നത്. ഒഴുകിപ്പോകുന്ന മേല്‍മണ്ണിനെക്കുറിച്ചും മാറിയ കാലാവസ്ഥയെക്കുറിച്ചുമൊക്കെ ഇവര്‍ക്ക് ആകുലതകളുണ്ട്. ഇതൊക്കെ മനസ്സിലാക്കിവേണം കൃഷിയിലിറങ്ങാന്‍ എന്ന് പുതിയ തലമുറകളോട് ഒരു ഉപദേശവും നല്‍കാനുണ്ട്.

പ്രദേശത്തെ സാംസ്‌കാരിക കൂട്ടായ്മയായ ബോധി ചെറുകരയുടെ പ്രവര്‍ത്തകനായിരുന്നു അയൂബ്. അറിയപ്പെടുന്ന നാടക രചയിതാവുമാണ്. കൃഷി പുതിയൊരു വിലാസമെത്തിച്ചതോടെ ഇതിനൊന്നും ഇപ്പോള്‍ നേരമില്ല. ഭാര്യ സാബിറ കിട്ടിയ ബാങ്ക് ജോലി പോലും വേണ്ടെന്നു വെച്ചു. 'പണിക്കാര്‍ക്കെല്ലാം ഭക്ഷണം പാകം ചെയ്തു കൊടുക്കല്‍ തന്നെ ഒരു ജോലിയാണ്. അതിനിടയില്‍ കൃഷിയിടത്തിലും ഓരോ കാര്യങ്ങള്‍ക്കുവേണ്ടി ഓടി നടക്കണം.'-സാബിറ പറയുന്നു.

കുടുംബ കൃഷിയുടെ അന്താരാഷ്ട്ര വര്‍ഷമായി ഐക്യരാഷ്ട്ര സംഘടന 2014 ആചരിക്കുമ്പോള്‍ ഹരിത വിപ്ലവത്തിന്റെ നായകന്‍ ഡോ: എം.എസ്. സ്വാമിനാഥനില്‍ നിന്ന് ഒരു അവാര്‍ഡ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഈ കുടുംബം. വെല്ലുവിളികളെല്ലാം ഏറ്റെടുത്ത് കൃഷിയിടത്തില്‍ തിരിച്ചെത്തി ഒമ്പത് വര്‍ഷത്തിനിടയില്‍ ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം. ഇതിനു മുമ്പ് ആത്മമിത്രകര്‍ഷകന്‍ അവാര്‍ഡ്, പഞ്ചായത്തിലെ മികച്ച കര്‍ഷകന്‍ അവാര്‍ഡ്, മികച്ച മത്സ്യകര്‍ഷകന്‍ അവാര്‍ഡ് എന്നിവയെല്ലാം നേടിയിട്ടുണ്ട്. തുടക്കത്തില്‍ മറ്റ് ഏതൊരുജോലിയേക്കാളും വെല്ലുവിളിയും പിന്നീട് ആത്മസംതൃപ്തിയും നല്‍കുന്നതാണ് കാര്‍ഷിക രംഗം. മണ്ണിന്റെ മനസ്സറിഞ്ഞാല്‍ ഒന്നും വെറുതെയാവില്ല. കാര്‍ഷിക ജീവിതത്തോട് മുഖം തിരിക്കുന്നവര്‍ക്കെല്ലാം ഈ കുടുംബം നല്‍കുന്ന ജീവിതപാഠം മാതൃകയാണ്. ഒരു ജൈവ ലോകത്തെ വീണ്ടെടുത്തതു പോലെ മനോഹരമാണ് ഇവരുടെ ലോകം. ഒന്നിനോടും പരിഭവമില്ലാത്ത, തനി നാടന്‍ കര്‍ഷകന്റെ നന്മകള്‍ ഇവിടെ വിളയുന്നു.
http://www.mathrubhumi.com/agriculture/story-419139.html

2013 ഡിസംബർ 20, വെള്ളിയാഴ്‌ച

ഭക്ഷ്യ ആരോഗ്യ സ്വരാജ് സംസ്ഥാനതല ഏകോപനസമിതി

ഡിസംബര്‍ 28 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ 4 മണിവരെ
കോഴിക്കോട് ടൗണ്‍ ഹാളില്‍ 
അടുത്ത രണ്ടുമൂന്നു മാസത്തേക്കുള്ള കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കാനായി 
വീണ്ടും നമ്മള്‍ സംസ്ഥാനതലത്തില്‍ കൂടിച്ചേരുകയാണ്. 
ഡിസംബര്‍ 27,28,29 തീയ്യതികളില്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ വച്ച് സംഘടിപ്പിച്ചിട്ടുള്ള നാട്ടുപൊലിമ കാര്‍ഷിക-ഭക്ഷ്യ പ്രദര്‍ശനത്തോടൊപ്പമാണ് കൂടിച്ചേരല്‍ സംഘടിപ്പിച്ചിട്ടുള്ളത്. കൂടിച്ചേരല്‍ ഡിസംബര്‍ 28 ശനിയാഴ്ച 
രാവിലെ 10 മണിമുതല്‍ 4 മണിവരെയാവും.
 വിവിധ ജില്ലകളില്‍ ഭക്ഷ്യ- ആരോഗ്യസ്വരാജ് കാമ്പയിനില്‍ പങ്കാളികളാവാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ള 
എല്ലാ പ്രസ്ഥാനങ്ങളുടെയും പ്രതിനിധികളെ 
കൂടിച്ചേരലില്‍ പ്രതീക്ഷിക്കുന്നു. 


2013 ഡിസംബർ 7, ശനിയാഴ്‌ച

Mathrubhumi - Agriculture - കിഴങ്ങിനങ്ങള്‍ക്ക് കര്‍ഷകന്റെ ജീന്‍ ബാങ്ക്‌ -

Posted on: 01 Dec 2013



ചുട്ട ഏത്തയ്ക്കാപോലെ രുചികരമായ കാച്ചില്‍. പേര് മലതാങ്ങി. 130 കിലോഗ്രാം വരെ കിഴങ്ങ് ഒരു ചുവട്ടില്‍ വിളയും. കൂടുതല്‍ ദിവസം ഇതിന്റെ കിഴങ്ങ് കേടാകാതെയുമിരിക്കും. കാണിക്കാരുടെ ഊരില്‍നിന്ന് ശേഖരിച്ച ഈ ഇനമുള്‍പ്പെടെ ഇരുപത്തഞ്ചില്‍പ്പരം കിഴങ്ങിനങ്ങളാണ് ശ്യാംകുമാറെന്ന കര്‍ഷകന്‍ കൃഷിചെയ്യുന്നത്. ശ്യാംതന്നെ വികസിപ്പിച്ച നാട്ടുഗവ്യ എന്ന വളക്കൂട്ടിന്റെ കരുത്തില്‍ ഇവയൊക്കെ ഒന്നാംതരം വിളവ് നല്കുന്നു.

തിരുവനന്തപുരം മാരായമുട്ടം സ്വദേശി ശ്യാംകുമാറിന് കിഴങ്ങുവര്‍ഗങ്ങളുടെ കൃഷി ആവേശമായിട്ട് 15 വര്‍ഷമായി. ഈ മുന്‍ സൈനികന്‍ ഇന്ന് ചേന, ചേമ്പ്, കാച്ചില്‍, നനക്കിഴങ്ങ്, മുക്കിഴങ്ങ്, മരച്ചീനി എന്നിവ രണ്ടേക്കര്‍ പറമ്പില്‍ നട്ടുവളര്‍ത്തുന്നുണ്ട്.

ഒരുകാലത്ത് മലയാളിയുടെ ബദല്‍ ഭക്ഷ്യവിളയായിരുന്നു കിഴങ്ങുകള്‍. എന്നാല്‍, കാലക്രമേണ ഇവയുടെ പ്രാധാന്യം കുറഞ്ഞതോടെ മികച്ച ഒട്ടേറെയിനങ്ങള്‍ കൃഷിയിടങ്ങളില്‍നിന്ന് അപ്രത്യക്ഷമായി. ഇവയെ നിലനിര്‍ത്താനുള്ള ഒറ്റയാള്‍ പോരാട്ടമാണ് ശ്യാമിന്റേത്. ചേനയില്‍ ശ്രീപത്മ, ഗജേന്ദ്ര എന്നിവയ്ക്കു പുറമേ പീരുമേട് നിന്ന് ശേഖരിച്ച കുഴിമുണ്ടന്‍ എന്നയിനമുണ്ട്. മൂന്നടി മാത്രം ഉയരം വെക്കുന്ന ഈ ഇനം 25 മുതല്‍ 50 കിലോഗ്രാം വിളയുമ്പോള്‍ ശ്രീപത്മ, ശ്യാമിന്റെ പറമ്പില്‍ 10 അടി ഉയരത്തില്‍ വരെ വളര്‍ന്നിട്ടുണ്ട്. 102 കിലോഗ്രാം വരെ ചേന ഒരു ചുവടില്‍ നിന്ന്‌വിളവെടുത്തിട്ടുണ്ടെന്ന് ശ്യാം പറഞ്ഞു.

കാച്ചിലില്‍ മുറംചാരി, കടുവാകൈയന്‍, മലതാങ്ങി, മലമുട്ടന്‍, കൊടിതൂക്കി, ആനക്കാലന്‍, പാറപൊട്ടന്‍, വള്ളിക്കിഴങ്ങ്, ആഫ്രിക്കന്‍ കാച്ചില്‍ എന്നീ ഇനങ്ങളുണ്ട്. നേരിയ നീല നിറമുള്ള കിഴങ്ങുണ്ടാകുന്ന മുറംചാരിക്ക് 20 കിലോഗ്രാം വരെ ഒരു ചുവടില്‍നിന്ന് ലഭിക്കുമ്പോള്‍ ആനക്കാലന്റെ വിളവ് 25 കിലോഗ്രാം കവിയും. കറുത്ത നിറത്തില്‍ പാറപോലെ തൊലിയുള്ള രുചികരമായ ഇനമാണ് പാറപൊട്ടന്‍, ചുവട്ടില്‍ ധാരാളം കിഴങ്ങുകളുണ്ടാകുന്ന കടുവാകൈയനും വള്ളിയില്‍ത്തന്നെ ധാരാളം കിഴങ്ങുണ്ടാകുന്ന കൊടിതൂക്കിയും അപൂര്‍വ ഇനങ്ങളാണ്.

മരച്ചീനിയില്‍ നേരിയ മഞ്ഞ നിറത്തിലുള്ള രുചികരമായ കിഴങ്ങുകള്‍, ഒരു ചുവടില്‍ 80 കിലോഗ്രാം വരെ വിളയുന്ന കയ്യാലചാടിയും ആമ്പക്കാടനും ആനക്കൊമ്പനും മലയന്‍ഫോറുമുണ്ട്. 35 കിലോഗ്രാം വരെ വിളയുന്ന ഇനമാണ് സുമോ. ആദിവാസി ഊരില്‍നിന്നും ശേഖരിച്ചു നട്ട തൊടലിമുള്ളന്‍ എന്നയിനം മുക്കിഴങ്ങിന്റെ പ്രത്യേകത, മാവും രുചിയും കൂടുതലാണെന്നതാണ്. കാരിമുള്ളന്‍ എന്ന ഇനവും ഇതിലുണ്ട്. ചെറുകിഴങ്ങില്‍ ചെറുമുള്ളനും കരിമുള്ളനുമാണ് ഇനങ്ങള്‍. നനക്കിഴങ്ങില്‍ നീണ്ടു വെളുത്ത, പശിമ കുറഞ്ഞ കിഴങ്ങ് വിളയുന്ന വെള്ളാന്‍ കിഴങ്ങ് ഏറെ മെച്ചമാണെന്ന് ശ്യാംകുമാര്‍ വെളിപ്പെടുത്തി. ചേമ്പില്‍ പാല്‍ചേമ്പ്, വാഴച്ചേമ്പ്, മുട്ടച്ചേമ്പ് തുടങ്ങിയവയുണ്ട്.

കഴിയുന്ന വിസ്താരത്തില്‍ത്തന്നെ കിഴങ്ങുവര്‍ഗങ്ങള്‍ നടാനുള്ള കുഴിയെടുക്കണമെന്നാണ് ശ്യാംകുമാറിന്റെ അഭിപ്രായം. സ്വന്തമായി ഒരു പശുവിനെയും 75-ഓളം കോഴികളെയും വളര്‍ത്തുന്നതിനാല്‍ ജൈവവളം അത്യാവശ്യത്തിന് ലഭിക്കും. പക്ഷേ, ഇതിനൊക്കെ പുറമേ, ചേര്‍ക്കുന്ന 'നാട്ടുഗവ്യ' എന്ന വളക്കൂട്ടാണ് തന്റെ വിളവിന്റെ രഹസ്യമെന്ന് ശ്യാംകുമാര്‍ പറയുന്നു. 28 കൂട്ടുകള്‍ ചേരുന്ന ഈ വളം ശ്യാം സ്വയം വികസിപ്പിച്ചതാണ്. ചാണകം, എല്ലുപൊടി, നെയ്യ്, കടലപ്പിണ്ണാക്ക്, ഗോമൂത്രം, ശര്‍ക്കര, പാല്, തൈര്, പൂവന്‍പഴച്ചാറ്, തേങ്ങാവെള്ളം, മുട്ട, മുരിങ്ങയില ഉള്‍പ്പെടെ പത്തിനം ഇലകള്‍ എന്നിവ മണ്‍കലത്തിലിട്ട് പുളിപ്പിച്ചാണ് നാട്ടുഗവ്യ ഉണ്ടാക്കുന്നത്. ഇത് ഒരു ലിറ്റര്‍, 20 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് വിളക്കാലത്ത് മൂന്നുതവണ ചുവട്ടില്‍ ചേര്‍ത്ത് നനയ്ക്കുന്നു. ഈ വളക്കൂട്ടിനെ കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണ കേന്ദ്രത്തില്‍ ശ്യാം പരിശോധിപ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടനുസരിച്ച് ഇതില്‍ 3.14 ശതമാനം പൊട്ടാസ്യവും 1.839 ശതമാനം ഫോസ്ഫറസ്സും 1.129 ശതമാനം നൈട്രജനും അടങ്ങിയിരിക്കുന്നു. കൂടാതെ കോപ്പര്‍, സിങ്ക്, മഗ്‌നീഷ്യം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളും. ഇതു ചേര്‍ത്താല്‍ മണ്ണിന്റെ വളക്കൂറ് പെട്ടെന്നു മെച്ചപ്പെടുമെന്നും പരീക്ഷണത്തില്‍ തെളിഞ്ഞു.ശ്യാംകുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണ കേന്ദ്രത്തിലെ ഡോ. സി.എസ്. രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞരുടെ പിന്തുണയുണ്ട്. കേന്ദ്രം സംഘടിപ്പിച്ച വിള മത്സരങ്ങളില്‍ പലതവണ ശ്യാമിന് പുരസ്‌കാരവും ലഭിച്ചു. (ശ്യാംകുമാര്‍ ഫോണ്‍: 8281869885.)

ജി.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍

Mathrubhumi - Agriculture - കിഴങ്ങിനങ്ങള്‍ക്ക് കര്‍ഷകന്റെ ജീന്‍ ബാങ്ക്‌ -:

'via Blog this'

2013 നവംബർ 29, വെള്ളിയാഴ്‌ച

ഇത് ലംബമാന കൃഷിരീതി : ആട്, കോഴി, മുയല്‍, മീന്‍ എല്ലാം ഒരു കൂരയ്ക്കുകീഴില്‍


Posted on: 29 Nov 2013


കണ്ണൂര്‍: ചെറിയ സ്ഥലത്ത് പലതരം കൃഷിചെയ്യാന്‍ സാധിക്കുന്ന ലംബമാന കൃഷിരീതിയുമായി പന്നിയൂര്‍ കൃഷിവിജ്ഞാന്‍ കേന്ദ്രം. ഒരു സെന്റ് സ്ഥലത്ത് പലതരം കൃഷി വിജയകരമായിചെയ്യാന്‍ സാധിക്കുന്ന കണ്ടുപിടിത്തത്തിന് ഹൈടെക് തീവ്രസംയോജിത ലംബമാന കാര്‍ഷിക-മൃഗസംരക്ഷണ ഫാം യൂണിറ്റെന്നാണ് പേരിട്ടിരിക്കുന്നത്.

കൃഷിചെയ്യാന്‍ ജലമില്ലെന്ന് മുറവിളിയുയരുന്ന കേരളത്തില്‍ ഈ കൃഷിരീതി പ്രതീക്ഷ നല്കുന്നതാണ്. ചുരുങ്ങിയ സ്ഥലത്ത് ആട്, മുയല്‍, കോഴി, മീന്‍ തുടങ്ങിയവയെല്ലാം കൃഷിചെയ്യാനാകും. പരസ്പരം താങ്ങായിനില്ക്കുന്ന രണ്ട് ഗാലറികള്‍ ചേര്‍ന്നുള്ള ഒരു പിരമിഡ് ആകൃതിയിലാണ് ലംബമാനകൃഷിയുടെ രൂപകല്പന. പന്നിയൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ ഇതിന്റെ മാതൃക പരീക്ഷിച്ച് വിജയകരമെന്ന് തെളിഞ്ഞു. 384 ചതുരശ്ര അടിയാണ് കൂടിന്റെ തറ വിസ്തീര്‍ണം. തറയിലും തട്ടുകളിലും രണ്ട് ഗാലറികളിലുമായി 944 ചതുരശ്ര അടി ജലം ലഭിക്കുംവിധത്തിലാണ് കൂടിന്റെ രൂപകല്പന.

കൂടുതല്‍പേര്‍ക്ക് താമസിക്കാന്‍ ഫ്ലാറ്റ് നിര്‍മിക്കുന്നതുപോലെ തട്ടുതട്ടായാണ് മൃഗങ്ങളെ വളര്‍ത്തുക. മുകള്‍ഭാഗത്ത് തീറ്റപ്പുല്ലോ പച്ചക്കറിയോ കൃഷിചെയ്യാം. കൂട് ലംബമാന രീതിയിലായതിനാല്‍ ഉള്ളില്‍ ചൂട് അധികം ഉണ്ടാവില്ല. അതുകൊണ്ട് ഉത്പാദനവും കൂടും. ഗാലറികളില്‍ സൂര്യപ്രകാശത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനാല്‍ ഗ്രോബാഗുകളില്‍ എന്തുചെടിയും വളര്‍ത്താം. വളര്‍ത്തുമൃഗങ്ങള്‍ക്കാവശ്യമായവയും കൃഷി ചെയ്യാം.

അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് അസോസിയേഷനും പന്നിയൂര്‍ കൃഷിവിജ്ഞാന്‍ കേന്ദ്രവും ചേര്‍ന്നാണ് പുതിയ സംവിധാനം വികസിപ്പിച്ചത്.

ആത്മ സഹായധനം നല്കി. പഠനഗവേഷണങ്ങള്‍ കൃഷിവിജ്ഞാന്‍ കേന്ദ്രയും നടത്തി. മൃഗങ്ങളില്‍ ചൂട് കൂടുന്നതുമൂലമുള്ള ഉത്പാദനക്കുറവിന് പരിഹാരം കാണുക, ചുരുങ്ങിയസ്ഥലത്ത് കൂടുതല്‍ കൃഷി നടത്തുക തുടങ്ങിയ കൃഷിരീതി രൂപകല്പന ചെയ്തത്. പുതിയരീതിയില്‍ പലതരം മൃഗങ്ങളെ വളര്‍ത്താം. ഉത്പാദനവും കൂടുതലാണ്. കൂടിനോടൊപ്പം അസോള ടാങ്കുകള്‍, ആട്ടിന്‍കാഷ്ഠം, മൂത്രം, മുയല്‍കാഷ്ഠം എന്നിവ ശേഖരിക്കാനും പ്രത്യേക സംവിധാനമുണ്ട്. വിജ്ഞാനകേന്ദ്രത്തിലെ അസി. പ്രൊഫസര്‍ ഡോ. ടി.ഗിഗ്ഗിന്‍ ആണ് ഇത് രൂപകല്പന ചെയ്തത്. കൂട് നിര്‍മിക്കാന്‍ മൃഗങ്ങള്‍ക്കായി അഞ്ചുലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം രണ്ടുമുതല്‍ രണ്ടര ലക്ഷം വരെ ഓരോ യൂണിറ്റില്‍നിന്ന് വരുമാനമുണ്ടാക്കാനാകും. ഹൈടെക് ലംബമാന കാര്‍ഷിക മൃഗസംരക്ഷണ യൂണിറ്റിന്റെ ഉദ്ഘാടനം നവംബര്‍ 30ന് രണ്ടുമണിക്ക് പന്നിയൂര്‍ കൃഷിവിജ്ഞാന്‍ കേന്ദ്രത്തില്‍ മന്ത്രി കെ.പി.മോഹനന്‍ നിര്‍വഹിക്കുമെന്ന് കൃഷിവിജ്ഞാന്‍ കേന്ദ്രത്തിലെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി.ജയരാജ്, ഡോ. ടി.ഗിഗ്ഗിന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.സി. ധനരാജന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് ഫോണ്‍: 0460-2226087.

2013 നവംബർ 22, വെള്ളിയാഴ്‌ച

ചെറുവയല്‍ രാമന്‍: നെല്‍വിത്ത് സംരക്ഷണത്തിന് ഒരു ഗോത്ര മാതൃക


Posted on: 10 Oct 2013
http://www.mathrubhumi.com/agriculture/story-397480.html
കാര്‍ഷിക പെരുമയുടെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്നത് പോലെ പോയകാലത്തിന്റെ നെല്‍വിത്തുകളാണ് വയനാട്ടിലെ മാനന്തവാടിയിലെ ചെറുവയല്‍ രാമനെന്ന ആദിവാസി കര്‍ഷകന്റെ സമ്പാദ്യം. ചാണകം മെഴുകിയ തറയും പുല്ലുമേഞ്ഞ മേല്‍ക്കൂരയുമുളള വീടിന്റെ വരാന്തയില്‍ വയനാടിന്റെ കാര്‍ഷിക പെരുമയറിയാന്‍ എത്തുന്നവര്‍ക്കെല്ലാം തന്റെ കാര്‍ഷിക ജീവിതം കൊണ്ട് ഉത്തരം പറയാന്‍ ഇന്ന് രാമനുണ്ട്. തൊണ്ടിയും ചോമാലയും തുടങ്ങി വയനാട്ടില്‍ നിന്നും അനൃമായിപ്പോയ നൂറ്റിയമ്പതില്‍പ്പരം നെല്‍വിത്തുകളില്‍ മുപ്പത്തിയഞ്ചോളം നെല്‍വിത്തുകള്‍ ആറുപതിറ്റാണ്ടായി ഈ കര്‍ഷകന്‍ കൃഷിചെയ്ത് സംരക്ഷിക്കുകയാണ്.നാടിന്റെ നന്മയും നാട്ടുരുചുയുമുളള തനത് ഭക്ഷണ രീതികളും പാരമ്പരൃഅറിവുകളുമെല്ലാം ചേര്‍ന്ന് ചെറുവയല്‍ കുറിചൃത്തറവാട് വരച്ചിടുന്നത് പോയകാല വയനാടിന്റെ സമൃദ്ധിയാണ്.

നെല്‍കൃഷി നഷ്ടമാണ് എന്ന് ആവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ ലാഭനഷ്ട കണക്കുകളൊന്നുമില്ലാതെ നെല്‍കൃഷിയുടെ പെരുമ മാത്രമാണ് ഈ മാതൃകാ കര്‍ഷകന് പറയാനുളളത്.സ്വന്തം പാടത്തുവിളഞ്ഞ കുത്തരിചോറിന്റെ സ്വാദും സ്വയം പരൃാപ്തവുമായ ഭക്ഷൃസംസ്‌കാരത്തിന്റെ ശീലങ്ങളുമാണ് രാമനെ പാരമ്പരൃകര്‍ഷകനാക്കുന്നത്.കൃഷി വൃവസായമല്ല ജീവിതം തന്നെയാണെന്നാണ് അനുഭവത്തില്‍ നിന്നും രാമന്‍ പറയുന്നത്.

രാവിലെ മുതല്‍ അന്തിയാവുന്നത് വരെ കുടുംബത്തോടെ കൃഷിയിടത്തില്‍ ചെലവിടുന്ന രാമനെന്ന കര്‍ഷകന് പ്രതികൂലമാകുന്ന കാലാവസ്ഥയെക്കുറിച്ചാണ് ഇപ്പോള്‍ വേവലാതി. പണ്ടൊക്കെ മഴയ്ക്ക് മഴ വെയിലിന് വെയില്‍ ഇന്ന് വയനാടും മാറി വഴിമാറിയ ഞാറ്റുവേലയും തിരുവാതിരയെക്കുറിച്ചുമെല്ലാം വിലപിക്കുന്ന മറ്റു കര്‍ഷകര്‍ക്കൊപ്പം രാമനും പറയാനുളളത് ഇതൊക്കെ തന്നെയാണ്.

വിശാലമായ നെല്‍വയലുകളും തിമിര്‍ത്തുപെയ്യുന്ന മഴയും കൊടുംതണുപ്പും മഞ്ഞുമായിരുന്നു വയനാടിന്റെ ചിത്രം.കാര്‍്ഷിക ജീവിതത്തിന്റെ ആരവങ്ങള്‍ നിലയ്ക്കാത്ത ഗ്രാമങ്ങള്‍ മുതിര്‍ന്നവരുടെ ഓര്‍മ്മകളില്‍ ഇപ്പോഴുമുണ്ട്. വൃശ്ചികം കഴിയുന്നതിന് മുമ്പ് കര്‍ഷക തറവാട്ടിലെ ധാന്യപ്പുരകള്‍ സമൃദ്ധമാകും.പത്തായത്തിലെ അറകളില്‍ തൊണ്ടി,വെളിയന്‍,ഗന്ധകശാല ചോമാല തുടങ്ങി വേറെ വേറെ നെല്ലുകള്‍ ഒരു വര്‍ഷത്തെ ആവശ്യത്തിനായി മുന്‍ തലമുറ ശേഖരിച്ചുവെക്കും.ഭക്ഷ്യസുരക്ഷയുടെ ഈ സമ്പാദ്യമായിരുന്നു കര്‍ഷകരുടെയും ലക്ഷ്യം.കൃഷിനടത്താന്‍ പണിയാളുകളും ധാരാളമുണ്ടായിരുന്നു.കന്നുകാലികലളും കര്‍ഷക ഭവനങ്ങളില്‍ യഥേഷ്ടമുണ്ട്.ജൈവരീതയിലുളള കൃഷിനടത്താന്‍ ഇതൊക്കെ ധാരാളമായി.കടം കൊടുത്തും തിരിച്ചുവാങ്ങിയും നെല്ല് എന്ന സമ്പാദ്യത്തെ ജീവിതത്തിലേക്ക് കൂട്ടിയിണക്കിയിരുന്നു.ഗ്രാമങ്ങള്‍ തോറും ജന്മികള്‍ കടം കൊടുക്കാനും കടം കൊടുത്തത് തിരികെ വാങ്ങാനും കൂറ്റന്‍ അറപ്പുരകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു.ഒരു വേലിക്കെട്ടിനകത്ത് രാത്രി കാലങ്ങളില്‍ കന്നുകാലികളെ സൂക്ഷിക്കുന്ന പിടാവുകളും വയനാടിന്റെ സ്വന്തം കാഴ്ചയായിരുന്നു.കുടുംബത്തിലെ അംഗങ്ങളെല്ലാം കൃഷി തൊഴിലാക്കിയവരാണ.് കൊയ്‌തൊഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ പച്ചക്കറികൃഷിയും മുടങ്ങാതെ നടന്നിരുന്നു.നെല്‍ക്കളങ്ങളും അഭിവൃദ്ധിയുടെ പെരുമയായി മാറി. ഇതൊക്കയും എവിടെപ്പോയി.പുല്ലുമേഞ്ഞ വീടുകള്‍ പോലും ആഢംബരത്തിന്റെ ആധുനികത തേടിവഴിമാറി.ഇതിനെല്ലാം ഒരു തിരുത്തായി ചെറുവയല്‍ രാമന്റെ തറവാടിനെ ചൂണ്ടിക്കാണിക്കാം.ലളിത ജീവിത പാഠങ്ങളുമായി പോയകാലത്തിന്റെ കാര്‍ഷിക ചരിത്രമൊക്കെ രാമന്‍ വിശദീകരിക്കുമ്പോള്‍ പുതിയ തലമുറകള്‍ അമ്പരപ്പോടെ നില്‍ക്കും.


കൂട്ടുകുടുംബത്തിന്റെ ആകെ സ്വത്തായി ഇന്നും ഇവ പരിഗണിക്കപ്പെടുന്നു.ചെറുവയല്‍ തറവാടിനും ഇരുപത്തിരണ്ട് ഏക്കര്‍ വയലും പതിനെട്ട് ഏക്കറോളം കരയുമുണ്ട്.കൃഷിപ്പണി ഈ തറവാടിന്റെ നിഷ്ഠയാണ്.നെല്ല് വിളയേണ്ട പാടം തരിശിടാന്‍ കാരണവന്‍മാര്‍ ഇന്നും അനുവദിക്കില്ല.ചെറുപ്പക്കാരായ പുതുതലമുറയോടും ഈചിട്ടകള്‍ പറഞ്ഞ് നല്‍കാന്‍ രാമനെ പോലുളള കര്‍ഷകരും പരിശ്രമിക്കുന്നു.
പൈതൃക നെല്‍വിത്ത് സംരക്ഷകനായ രാമനെ വയനാട്ടുകാര്‍ക്കെന്ന പോലെ മറുന്നാട്ടിലുളളവര്‍ക്കും അറിയും.കേരളത്തിലും പുറത്തുമായി വിവിധ ഏജന്‍സികളും കൃഷിവകുപ്പും സര്‍ക്കാരുമൊക്കെ സംഘടിപ്പിക്കുന്ന പ്രദര്‍ശന മേളയില്‍ ചെറുവയല്‍ രാമന്റെ സാന്നിദ്ധ്യമുണ്ട്. പാടത്ത് പണിയെടുക്കുന്നതിന്റെ ഇടവേളകള്‍ മുഴുവനും കൃഷിയറിവുകള്‍ പങ്ക് വെക്കുന്നതിനായി ചെലവഴിക്കുകയാണ്.കൃഷിപാഠത്തിന്റെ ഒരു സര്‍വകലാശലയായി ചെറുവയല്‍ തറവാടിനെ വിശേഷിപ്പിച്ചാല്‍ ഒരു പ്രൊഫസറായി തന്നെ രാമനെ പരിഗണിക്കേണ്ടി വരും.

കൃഷി ഗവേഷണം നടത്തുന്നവരും ലാന്റ് സ്‌കേപ്പിങ്ങ് എന്‍ജിനീയറിങ്ങ് പഠിക്കുന്നവരും കാലാവസ്ഥയെ കുറിച്ച് പഠിക്കുന്നവരും തുടങ്ങി നിയമസഭയുടെ പബ്‌ളിക്ക് അക്കൗണ്ട്‌സ് കമ്മിററിയും രാമന്റെ കൃഷി പരീഷണങ്ങള്‍ നേരിട്ടറിയാന്‍ ചെറുവയലിലെത്തി.ഒരു ഗവേഷകന്റെ പരിചയ സമ്പന്നതയോടെയാണ് ഈ കര്‍ഷകന്‍ തന്റെ അറിവുകള്‍ ഇവര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചത്.സമൂഹത്തിന്റെ നാനാമേഖലയിലുളളവര്‍ നാട്ടുവഴികള്‍ താണ്ടി കമ്മനയിലെ ഗ്രാമത്തിലെത്താറുണ്ട്.

ചെളിയിലും ചേറിലുമൊക്കെ പണിയെടുക്കാന്‍ ആളില്ലാത്ത കാലത്ത് അങ്ങ് ഡല്‍ഹിയില്‍ ജെഎന്‍.യു. വിലെ കാമ്പസില്‍ നിന്നു പോലും വിദ്യാര്‍ത്ഥികള്‍ ഈ ആദിവാസി കര്‍ഷകന്റെ വീട്ടില്‍ നാട്ടുജീവിത ത്തിന്റെ താളം തേടിയെത്തുന്നു.ഇതെല്ലാം കര്‍ഷകനാടിന് ഒരു പ്രതീക്ഷയാണ്.ഒട്ടനവധി അവാര്‍ഡുകളും അംഗീകാരങ്ങളും തേടിവരുമ്പോഴും രാമന്‍ സ്വന്തം കൃഷിയിടത്തില്‍ വിയര്‍പ്പൊഴുക്കുന്ന തിരക്കിലാണ്.നെല്‍കൃഷി വേണ്ട എന്നു തീരുമാനിക്കുന്ന പുതിയ തലമുറയ്ക്ക് ഇതൊരു പാഠമാണ്.


രമേഷ്‌കുമാര്‍ വെളളമുണ്ട

2013 നവംബർ 19, ചൊവ്വാഴ്ച

പറയൂ... ഏതിനോടാണ് എതിര്‍പ്പ്; ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തരൂപം

പരിസ്ഥിതി ലോല മേഖലകളില്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതും നിരോധിക്കേണ്ടതുമായ പ്രവര്‍ത്തനങ്ങള്‍
1. പശ്ചിമഘട്ടത്തില്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ പാടില്ല.
(കേരള സംസ്ഥാനത്തിന്റെ നേരത്തെയുള്ള നയവും സ്വാമിനാഥന്‍ കമ്മിറ്റിയുടെ ശുപാര്‍ശയും ഇതു തന്നെയാണ്)
2. കടകളില്‍ നിന്നും ടൂറിസ്റ്റ് സ്ഥലങ്ങളില്‍ നിന്നും കച്ചവട സ്ഥാപനങ്ങളില്‍ നിന്നും 3 വര്ഷം കൊണ്ട്, ഘട്ടം ഘട്ടമായി, മുന്‍ഗണനാ ക്രമത്തില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കുക.
(പ്ലാസ്റ്റിക് നിരോധനമല്ല)
3. പുതിയ പ്രത്യേക സാമ്പത്തിക മേഖലകളും ഹില്‍ സ്‌റ്റേഷനുകളും അനുവദിക്കരുത്.
4. പൊതു ഉടമസ്ഥതയിലുള്ള ഭൂമി ഇനി സ്വകാര്യ ഭൂമിയാക്കരുത്.
(അതിനര്‍ത്ഥം 1977 വരെയുള്ള കയ്യേറ്റ/കുടിയേറ്റക്കാര്‍ക്ക്, നേരത്തെ പട്ടയം കൊടുക്കാന്‍ തീരുമാനിച്ചിരുന്നവര്‍ക്ക് പട്ടയം കൊടുക്കേണ്ടതില്ല എന്നല്ല. പുതുതായി കയ്യേറ്റങ്ങള്‍ അനുവദിക്കരുത് എന്നാണ്)
5. വനഭൂമി വനേതര ആവശ്യങ്ങള്‍ക്കും കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും വകമാറ്റരുത്. എന്നാല്‍ കൃഷി ഭൂമി വനമാക്കുന്നതിനോ, നിലവിലുള്ള പ്രദേശങ്ങളിലെ ജനസംഘ്യാ വര്‍ധനവിന് ആവശ്യമാകുന്ന വിധത്തില്‍ വികസനം കൊണ്ടുവരുന്നതിനോ വീടുകള്‍ വെയ്ക്കുന്നതിനോ ഈ നിയന്ത്രണം ബാധകമല്ല.
(വികസനം മുരടിക്കും, കുടിയോഴിപ്പിക്കും എന്ന ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല)
6. ഭൗതിക വികസനം പാരിസ്ഥിതിക മൂല്യതകര്‍ച്ചയെയും  പൊതുഗുണത്തെയും ആസ്പദമാക്കി നടത്തുന്ന പാരിസ്ഥിതിക ആഘാത പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം.
7.പരിസ്ഥിതി സൗഹൃദ നിര്‍മ്മാണ വസ്തുക്കളുടെയും, നിര്‍മ്മാണ രീതികളുടെയും, മഴവെള്ള സംഭരണിയുടെയും, പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെയും മാലിന്യ സംസ്‌കരണത്തിന്റെയും എല്ലാം അടിസ്ഥാനത്തില്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി കെട്ടിടനിര്‍മ്മാണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാക്കേണ്ടതാണ്.
(അതിനര്‍ത്ഥം കമ്പിയും സിമന്റും നിരൊധിക്കുമെന്നല്ല, ലഭ്യത കുറയുന്ന വിഭവങ്ങള്‍ ബുദ്ധിപരമായ അളവിലുള്ള ഉപയോഗമേ പാടുള്ളൂ എന്നാണ്)
8. മാരകമോ വിഷലിപ്തമോ ആയ രാസപദാര്‍ഥങ്ങള്‍ സംസ്‌കരിക്കുന്ന പുതിയ ശാലകള്‍ സോണ്‍ ഒന്നിലും രണ്ടിലും പാടില്ല. ഇപ്പോള്‍ ഉള്ളവ, 2016 നുള്ളില്‍ ഒഴിവാക്കപ്പെടെണ്ടതാണ്.
മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് അവ മൂന്നാം സോണില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
9.പ്രാദേശിക ജൈവ വിഭവങ്ങള്‍ ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ നിര്‍ബന്ധമായും പ്രോത്സാഹിപ്പിക്കണം.
10. നിയമവിരുദ്ധ ഖനനം അടിയന്തിരമായി നിര്‍ത്തലാക്കണം.
11.  ജല വിഭവ പരിപാലനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ വരെ വികേന്ദ്രീകരിക്കണം.
(ജലം ഒരു മൂലധന ചരക്കായി കാണണമെന്നും പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വില്‍പ്പന നടത്താമെന്നും ഉള്ള നിലവിലെ ദേശീയ ജല നയത്തിന്റെ വെളിച്ചത്തില്‍ ഈ നിര്‍ദ്ദേശം ജനോപകാരപ്രദമാണ് )
12.  ഉയര്‍ന്ന പ്രദേശങ്ങളിലുള്ള സ്വാഭാവിക ജല സംഭരണികളും മറ്റും സംരക്ഷിക്കുക.
13. ശാസ്ത്രീയ പരിഹാര സംവിധാനങ്ങളുടെ സഹായത്തോടെ, ജനകീയ പങ്കാളിത്തത്തില്‍ ജല ത്തിന്റെ ഗുണവും പുഴയുടെ ഒഴുക്കും മെച്ചപ്പെടുത്തുക.
14. രാസകീടനാശിനികളുടെയും കളനാശിനികളുടെയും ഉപയോഗം സോണ്‍ ഒന്നില്‍ 5 വര്‍ഷത്തിനകവും സോണ്‍ രണ്ടില്‍ 8 വര്‍ഷത്തിനകവും സോണ്‍ മൂന്നില്‍ 10 വര്‍ഷത്തിനകവും പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് ജൈവകൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കുക.
(സംസ്ഥാനത്തിന്റെ ജൈവകൃഷി നയം തന്നെയാണ് ഇത്. ദേശീയ ദാരിദ്രനിര്‍മ്മാര്‍ജന മിഷന്റെ സഹായത്തോടെ ആന്ധ്രയില്‍ 35 ലക്ഷം ഏക്കറില്‍ രാസകീടനാശിനി ഇല്ലാതെ കൃഷി നടത്തുന്നത് ഉത്തമ മാതൃകയാണ്)
15. രാസകൃഷിയില്‍  നിന്നും ജൈവ കൃഷിയിലേക്ക് മാറുന്ന ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് സാമ്പത്തികവും സാങ്കേതികവുമായ എല്ലാ സഹായവും ലഭ്യമാക്കണം.
16. കാലിത്തീറ്റ ആവശ്യകത പരിപാലിക്കുന്നതിനും അതിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഉള്ള ആസൂത്രണത്തിന് പ്രാദേശിക സമൂഹങ്ങള്‍ക്ക് സഹായം നല്‍കുക.
17.രണ്ടു കന്നുകാലിയെങ്കിലും ഉള്ള കുടുംബത്തിനു ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാന്‍ ആവശ്യമായ സഹായം നല്‍കുക. ഗ്രാമതലത്തില്‍ വലിയ ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കാവുന്ന സാധ്യതകള്‍ അന്വേഷിക്കണം. (പേജ് 47) (രണ്ടിലധികം കന്നുകാലികളെ അനുവദിക്കില്ല എന്ന ആശങ്ക അടിസ്ഥാന രഹിതമാണ്)
18. തീവ്ര അതിതീവ്ര മലിനീകരണമുള്ള വ്യവസായങ്ങള്‍ സോണ്‍ ഒന്നിലും രണ്ടിലും പാടില്ല. നിലവിലുള്ള വ്യവസായങ്ങള്‍ 2016 നുള്ളില്‍ മലിനീകരണം പൂര്‍ണ്ണമായി ഒഴിവാക്കുകയും സോഷ്യല്‍ ഓഡിറ്റിനു വിധേയമാക്കുകയും ചെയ്യുക.
19. സോഷ്യല്‍ ഓഡിറ്റിനും കര്‍ശന നിയന്ത്രണങ്ങള്‍ക്കും വിധേയമായി സോണ്‍ മൂന്നില്‍ പുതിയ വ്യവസായങ്ങള്‍ അനുവദിക്കാം.
20.  സൗരോര്‍ജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
21. സോണ്‍ ഒന്നില്‍ പ്രാദേശിക ഊര്‍ജ്ജാവശ്യം കണക്കിലെടുത്ത്, പാരിസ്ഥിതികാഘാത പഠനം നടത്തി, പരമാവധി 3 മീറ്റര്‍ വരെ ഉയരമുള്ള റണ്‍ ഓഫ് ദി റിവര്‍ പദ്ധതിയും,
സോണ്‍ രണ്ടില്‍ 10 മുതല്‍ 25 വരെ മെഗവാട്ട് വൈദ്യുതി (പരമാവധി 10 മീറ്റര്‍ ഉയരം) ഉത്പാദിപ്പിക്കാവുന്ന പുതിയ ജലവൈദ്യുത പദ്ധതികളും,
സോണ്‍ മൂന്നില്‍ പാരിസ്ഥിതികാഘാത്ത പഠനത്തിനു ശേഷം വന്‍കിട ഡാമുകളും അനുവദിക്കാവുന്നതാണ്.
സോണ്‍ രണ്ടില്‍ ജനങ്ങളുടെ ഉടമസ്ഥതയില്‍ ഓഫ് ഗ്രിഡ് ആയി ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പ്രോല്‌സാഹിപ്പിക്കപ്പെടെണ്ടതാണ്.
22. വികേന്ദ്രീകൃത ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ജൈവ മാലിന്യ/സോളാര്‍ ഉറവിടങ്ങള്‍ പ്രോത്സാഹിപ്പിക്കുക.
23.എല്ലാ പദ്ധതികളും ജില്ലാതല പരിസ്ഥിതി സമിതിയുടെ മേല്‍നോട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഊര്‍ജ്ജ ബോര്‍ഡുകളുടെയും സംയുക്ത ശ്രമത്തില്‍ പ്രവര്‍ത്തിപ്പിക്കേണ്ടതാണ്.
24. സ്വാഭാവിക ജീവിതകാലം അതിക്രമിച്ചുകഴിഞ്ഞ താപനിലയങ്ങളും ഡാമുകളും (ഡാമുകളുടെ സാധാരണ കാലാവധി 30- 50 വര്‍ഷമാണ്) ഘട്ടം ഘട്ടമായി ഡീക്കമ്മീഷന്‍ ചെയ്യണം. (പേജ് 46, ഭാഗം 1)
അംഗീകരിക്കാന്‍ കഴിയുന്ന പരിധിയിലധികം ചെളി അടിഞ്ഞതോ പ്രവര്‍ത്തന ക്ഷമം അല്ലാത്തതോ ഉപയോഗശൂന്യമായതോ കാലഹരണപ്പെട്ടതോ ആയ ഡാമുകള്‍ ഘട്ടം ഘട്ടമായി ഡീക്കമ്മീഷന്‍ ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്നു.
(മുല്ലപ്പെരിയാര്‍ പോലുള്ള ദുരന്ത ആശങ്ക വരുന്നതുവരെ കാക്കാതെ കാര്യങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ സമീപിക്കുന്നു)
25. മത്സ്യ സഞ്ചാര പാതകള്‍ തടസ്സപ്പെട്ടിട്ടുണ്ടെങ്കില്‍ മത്സ്യ പ്രജനനം നടക്കാന്‍ അവിടെയൊക്കെ മത്സ്യ ഏണി പ്രദാനം ചെയ്യുക.
26. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കുക.
27. വനാവകാശ നിയമത്തിനു കീഴില്‍ ചെറുകിട, പാരമ്പര്യ ഭൂവുടമകളുടെ അവകാശം അംഗീകരിക്കുക.
28. വനാവകാശ നിയമം അതിന്റെ ആത്മാവ് സംരക്ഷിക്കുന്ന രീതിയില്‍ സാമുദായിക വനപരിപാലനത്തോടെ നടപ്പാക്കുക.
29. ഒന്നും രണ്ടും സോണുകളില്‍ പുതുതായി ഖനനത്തിന് അനുമതി നല്‍കാതിരിക്കുക. നിലവിലുള്ളവ 2016 ഓടെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക. സോണ്‍ രണ്ടില്‍ ഓരോരോ കേസുകളായി പുനപ്പരിശോധിക്കാവുന്നതാണ്. പ്രാദേശിക ആദിവാസി സമൂഹങ്ങളുടെ മുന്‍കൂര്‍ അനുമതിയും സോഷ്യല്‍ ഓഡിറ്റും കര്‍ശന മാനദണ്ഡങ്ങളും അനുസരിച്ച് മറ്റിടങ്ങളില്‍ ലഭ്യമല്ലാത്ത ധാതുക്കള്‍ക്കായി സോണ്‍ മൂന്നില്‍ ഖനനം പുതുതായി അനുവദിക്കാം.
30. വളരെ അത്യാവശ്യത്തിനല്ലാതെ, സോഷ്യല്‍ ഓഡിറ്റിനും കര്‍ശന നിയന്ത്രണത്തിനും പരിസ്ഥിതി ആഘാത പഠനത്തിനും ശേഷമല്ലാതെ, ഒന്നും രണ്ടും സോണുകളില്‍ പുതിയ വന്‍കിട റോഡുകളോ റെയില്‍വേ പാതകളോ അനുവദിക്കരുത്. സോണ്‍ മൂന്നില്‍ അനുവദിക്കാം.
31. എല്ലാ പുതിയ ഡാം, ഖനന, ടൂറിസം, പാര്‍പ്പിട പദ്ധതികളുടെയും സംയുക്ത ആഘാത പഠനം നടത്തി, ജലവിഭവങ്ങള്‍ക്ക് മേലുള്ള അവയുടെ ആഘാതം അനുവദനീയമായ അളവിനകത്തു മാത്രം ആണെങ്കിലേ അനുവാദം നല്‍കാവൂ.
32. തൊഴിലുറപ്പ് പദ്ധതിയുടെ ഗുണം ചെറുകിട ഇടത്തരം  കര്‍ഷകര്‍ക്ക് ലഭ്യമാക്കണം. (പേജ് 40 ഭാഗം 2).
33. വന്‍കിട തോട്ടങ്ങളില്‍ കള നിയന്ത്രണത്തിനുള്ള യന്ത്രങ്ങള്‍ക്കു സബ്‌സിഡി ലഭ്യമാക്കുക. (പേജ് 40 ഭാഗം 2).
34. പാവപ്പെട്ടവന്റെ ജീവനോപാധി നിലനിര്‍ത്തുകയും എല്ലാവര്‍ക്കും സുസ്ഥിര വികസനം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ ഊന്നല്‍ .
35. താഴെ പറയുന്ന കാര്യങ്ങള്‍ക്ക്  ‘സംരക്ഷണ സേവന വേതനം’ (പണമായി) നടപ്പാക്കുക.
മ). പാരമ്പര്യ വിത്തുകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക്.
യ).  പാരമ്പര്യ കന്നുകാലി വര്‍ഗ്ഗങ്ങളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക്
ര).  നാടന്‍ മത്സ്യ വര്‍ഗ്ഗങ്ങളെ ടാങ്കില്‍ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക്
റ).  കാവുകള്‍ സംരക്ഷിക്കുന്നവര്‍ക്ക്
ല).    30% ലധികം ചരിവുള്ള ഭൂമിയില്‍ ഹ്രസ്വകാല കൃഷിയില്‍ നിന്നും ദീര്‍ഘകാല കൃഷിയിലേക്ക് മാറുന്നവര്‍ക്ക്, പ്രത്യേകിച്ചും ചെറുകിട ഭൂവുടമകള്‍ക്ക്.
ള).  സ്വാഭാവിക പ്രകൃതി സംരക്ഷിക്കുന്നവര്‍ക്ക്
36. വികസന പദ്ധതികള്‍ തീരുമാനിക്കുന്നത് ഗ്രാമാസഭകളിലൂടെയുള്ള പങ്കാളിത്ത സംവിധാനത്തിലൂടെ ആയിരിക്കണം (പേജ് 32, ഭാഗം 2)
37. പരിസ്ഥിതി പരിപാലനത്തിനുള്ള കഴിവുണ്ടാക്കുന്നതില്‍ പഞ്ചായത്തുകളെ ശക്തരാക്കുക.
38. ഖനനത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം പ്രാദേശിക പഞ്ചായത്തുകളുമായി പങ്കുവെയ്ക്കുക.
39.  തങ്ങളുടെ സ്ഥലത്തിന്റെ നല്ലൊരു ശതമാനം ഭാഗം വനസംരക്ഷണത്തിനായി നീക്കി വെയ്ക്കുന്ന പശ്ചിമഘട്ട സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേകം സംവിധാനമൊരുക്കുക.
40. കൃഷിഭൂമിയില്‍ പിടിച്ചു വെച്ച്  അന്തരീക്ഷ കാര്‍ബണ്‍ കുറയ്ക്കുന്ന ജൈവകൃഷിയിലേക്ക് മാറുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുക.
line
അധിക വായനക്ക്

പറയൂ... ഏതിനോടാണ് എതിര്‍പ്പ്; ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തരൂപം:

'via Blog this'

2013 നവംബർ 13, ബുധനാഴ്‌ച

Mathrubhumi - Agriculture - സണ്‍ഡേ ഫാമിങ്:വിരല്‍ തുമ്പിലെ കൃഷിപാഠം -

സണ്‍ഡേ ഫാമിങ്:വിരല്‍ തുമ്പിലെ കൃഷിപാഠം
Posted on: 03 Nov 2013

യൗവനം വെറുതെ പാഴാക്കുന്നവര്‍ക്കായി സണ്‍ഡേ ഫാമിങ്ങ് എന്ന ഇന്റര്‍നെറ്റ് അധിഷ്ഠിത കാര്‍ഷിക വിജ്ഞാന വിനിമയ ശൃംഖലയാണ് കാര്‍ഷിക സര്‍വലാശാല കൃഷി വിജ്ഞാനകേന്ദ്രം വികസിപ്പിച്ചെടുത്തത്.പുതിയ തലമുറകളെ പാടത്തും ചെളിയിലും ഒഴിവുവേളകളില്‍ പണിയെടുക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.അറുപതിലധികം സണ്‍ഡേ ഫാമിങ്ങ് ക്‌ളബ്ബുകളാണ് കേരളത്തില്‍ നിശബ്ദ വിപ്ലവത്തിന് ചുക്കാന്‍ പിടിക്കുന്നത്.

ഫെയ്‌സ്ബുക്കിന്റെയും മൊബൈല്‍ ഫോണിന്റെയും ആപ്‌ളിക്കേഷന്‍സ് വഴി കൃഷിപാഠങ്ങള്‍ ഇനി പുതുതലമുറയുലെത്തും.ഓരോ വിളയും കൃഷിചെയ്യാനുള്ള സമയവും വിളപരിചരണവും വളപ്രയോഗവും മറ്റും മുടങ്ങാതെ വിരല്‍ തുമ്പിലെത്തും.

സസ്റ്റെന്‍സ് ത്രൂ നര്‍ച്ചറിങ്ങ് ആന്‍ഡ് ഡിഗ്നിഫൈയിങ്ങ് അപ്രോച്ചസ് ഫോര്‍ യൂത്ത്‌സ് ഇന്‍ ഫാമിങ്ങ് എന്നാണ് സണ്‍ഡേ ഫാമിങ്ങിന്റെ പൂര്‍ണ്ണരൂപം.യുവാക്കള്‍ വിദ്യാര്‍ത്ഥികള്‍ ബിസിനസ് പ്രൊഫഷണലുകള്‍ എന്നിവരുടെ ഇടയിലെല്ലാം കൃഷിയുടെ മഹത്ത്വം പ്രചരിപ്പിക്കുന്ന സംരഭത്തിന് തുടക്കത്തില്‍ തന്നെ മികച്ച പ്രചാരണമാണ് ലഭിക്കുന്നത്.കൃഷി മുന്‍ പരിചയമില്ലാത്തവര്‍ക്കും സോഷ്യല്‍ സൈറ്റുകള്‍ വഴിയുള്ള നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമാണ്.ഫെയ്‌സുബുക്കിലും മറ്റും കണ്ണുംനട്ടിരിക്കുന്നവര്‍ക്കിടയുലേക്ക് നിങ്ങള്‍ക്ക് ഇന്നൊരു വാഴ നടാം എന്ന പോസ്റ്റ് കയറിവരുമ്പോള്‍ അിറയാതെ കൃഷിയിടത്തിലേക്ക് പോകുന്ന യുവാക്കളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.കൃഷി വിജ്ഞാനം പങ്കുവെക്കാനും അനുഭവങ്ങളിലൂടെ കൃഷി പ്രോത്സാഹിപ്പിക്കാനും പിതിയ തലമുറകള്‍ കാണിക്കുന്ന ഉത്സാഹമാണ് ഈ പദ്ധതിയുടെ വിജയം.

യുവകര്‍ഷകരടെ കൂട്ടായ്മകള്‍

കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിനു കീഴില്‍ 20 അംഗങ്ങളുള്ള സണ്‍ഡേ ഫാമിങ്ങ് ക്‌ളബ്ബുകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്.കൃഷിയോട് താല്‍പ്പര്യമുള്ള ആര്‍ക്കും ഈ കൂട്ടായ്മയില്‍ പങ്കുചേരാം.ഫീല്‍ഡുതല പരിശീലനം ,രോഗകീട നിയന്ത്രണങ്ങള്‍ ,ജൈവകൃഷി രീതികള്‍ ,ജലക്രമീകരണം തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങള്‍ക്കും കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ ക്‌ളാസ്സുകള്‍ നല്‍കും.ജലസാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ,വളര്‍ച്ചാത്വരകങ്ങള്‍ ,ഉറവിട മാലിന്യ സംസ്‌കരണം എന്നിവയും ഈ ക്‌ളാസ്സുകളില്‍ നിന്നും പഠിക്കാം.പരമ്പരാഗത നാട്ടറിവുകളും കൃഷിയറിവുകളും കോര്‍ത്തിണങ്ങിയ തുറന്ന പാഠശാലകള്‍ ഏവരെയും ആകര്‍ഷിക്കും.കര്‍ഷകരുടെ പൈതൃക അറിവുകള്‍ പുതിയ തലമുരകളില്‍ എത്തിക്കാനും സണ്‍ഡേ ഫാമിങ്ങിന് കഴിയുന്നു.ആവശ്യമായ സമയങ്ങളില്‍ തുടര്‍ സേവനങ്ങള്‍ നല്‍കുന്നതിനാല്‍ ഒരു മുഴുവന്‍ സമയ ക്‌ളാസ്സ് മുറിയായി ഇതിനെ കരുതാം.കോളേജ് വിദ്യാര്‍ത്ഥികള്‍ മുതല്‍ ബാങ്കുകള്‍ മറ്റു സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം സണ്‍ഡേ ഫാമിങ്ങ് ഒരു പ്രചോദനമാണ്.കൃഷി പരിപാലനം ഒരു സിലബസ്സായി മാറുന്ന നൂതന പഠന രീതിയിലേക്കുള്ള ചുവടുവെപ്പായും കാര്‍ഷിക സര്‍വകലാശാല ഇതിനെ കാണുന്നു.

2014 കുടുംബകൃഷി വര്‍ഷം

ഐക്യരാഷ്ട്ര സഭയുടെ കുടുംബ കൃഷിവര്‍ഷമാണ് 2014.ഇതുനു പിന്തുണയായാണ് കൃഷി വിജ്ഞാന കേന്ദ്രം സണ്‍ഡേ ഫാമിങ്ങ് പ്രചരിപ്പിക്കുന്നത്.വയനാട് ജില്ലയിലെ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനു കീഴിലും ഇന്റര്‍നെറ്റ് വഴിയുള്ള കൃഷിപാഠം വ്യാപിക്കുകയാണ്.വില്ലേജ് റിസോഴ്‌സ് സെന്റര്‍ വഴി കുടുംബശ്രീ യൂണിറ്റുകള്‍ക്കും ബാലസഭകള്‍ക്കും കൃഷി സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.ഒട്ടേറേ വിദ്യാഭാസ സ്ഥാപനങ്ങളും ഇവരുടെ ഉദ്യമങ്ങളില്‍ പങ്കാളിയാവുകയാണ്.

sundayfarming@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് കൃഷി സംബന്ധമായ എല്ലാ സംശങ്ങള്‍ക്കും ഉത്തരം തേടാം.മികവാര്‍ന്ന പ്രവര്‍ത്തനശൈലിക്ക് ദേശീയ അവാര്‍ഡും ഒയിസ്‌കാ പുരസ്‌കാരവും ഇതിനകം സണ്‍ഡേ ഫാമിങ്ങിനെ തേടിയെത്തി.വരും തലമുറയെ കൃഷിയുടെ നല്ല പാഠങ്ങള്‍ പഠിപ്പിക്കുന്നതിനുള്ള അംഗീകാരമാണിത്.സോഷ്യല്‍ വെബ്‌സൈറ്റുകളില്‍ സണ്‍ഡേ ഫാമിങ്ങ് എന്ന പ്രെഫൈല്‍ തിരഞ്ഞാല്‍ ഇതില്‍ വിജയം കാണുന്നവരുടെ അനുഭവങ്ങള്‍ കാണാം.

നന്മകളുറങ്ങുന്ന നാട്ടിന്‍ പുറങ്ങള്‍ മുതല്‍ മഹാനഗരങ്ങളിലെ ടെറസുകള്‍ വരെ കൃഷി പരീക്ഷിക്കുന്ന കാലഘട്ടമാണിത്.ഭൂമിശാസ്ത്രമനുസരിച്ചുള്ള കൃഷി പരിപാലനത്തിനാണ് ഇനി പ്രസക്തി.ഒഴിവു വേളകളില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്ന സണ്‍ഡേ ഫാമിങ്ങ് ഇതാണ് അടയാളപ്പെടുത്തുന്നത്.

സണ്‍ഡേ ഫാമിങ്ങിനെക്കുറിച്ച് കൂടുതലറിയാന്‍..പി.കെ.അബ്ദുള്‍ജബ്ബാര്‍.അസി. പ്രൊഫസര്‍.കാര്‍ഷിക ഗവേഷണ കേന്ദ്രം.അമ്പലവയല്‍.വയനാട്.ഫോണ്‍ 9447228022.

\Mathrubhumi - Agriculture - സണ്‍ഡേ ഫാമിങ്:വിരല്‍ തുമ്പിലെ കൃഷിപാഠം -:

'via Blog this'

2013 നവംബർ 11, തിങ്കളാഴ്‌ച

'എന്റെ ഭക്ഷണത്തിനായി എന്റെ കൃഷി' - ഇവിടെ മണ്ണിനെ അറിയുവാനും സ്നേഹിക്കുവാനും ഒരു കൂട്ടം കുരുന്നുകള്‍..


പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അന്റോണിയന്‍ ക്ലബ് നേതൃത്വം നല്‍കുന്ന  'എന്റെ കൃഷി.. എന്റെ ഭക്ഷണം' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച സിനിമാതാരവും ഭക്ഷ്യ-ആരോഗ്യ സ്വരാജ് സംസ്ഥാന ചെയര്‍മാനുമായ അനൂപ് ചന്ദ്രന്‍, ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസ്, അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം..
പൂഞ്ഞാര്‍ : കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യവും പരിസ്ഥിതിസ്നേഹവും കുട്ടികളില്‍ വളര്‍ത്തുവാനും ഭക്ഷ്യ-ആരോഗ്യ സ്വരാജ് എന്ന ആശയം കുട്ടികളിലൂടെ സമൂഹത്തിലേയ്ക്ക് പകര്‍ന്നുനല്‍കുവാനുമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ രംഗത്തിറങ്ങുന്നു. പരിസ്ഥിതി സംഘടനയായ ശ്രദ്ധയുടെ പിന്തുണയോടെ,  ഗ്രീന്‍ ടീം അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ ഭാഗമായി  നടത്തുന്ന, 'എന്റെ കൃഷി.. എന്റെ ഭക്ഷണം' പദ്ധതിയുടെ ഉദ്ഘാടനം സിനിമാതാരം അനൂപ് ചന്ദ്രന്‍ നിര്‍വ്വഹിച്ചു.  
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അന്റോണിയന്‍ ക്ലബ് നേതൃത്വം
 നല്‍കുന്ന 'എന്റെ കൃഷി.. എന്റെ ഭക്ഷണം'  പദ്ധതിയുടെ ഉദ്ഘാടനം
സിനിമാതാരം അനൂപ് ചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. ക്ലബ് കോ-ഓര്‍ഡിനേറ്റര്‍
ടോണി തോമസ്, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര,
പരിസ്ഥിതി പ്രവര്‍ത്തകന്‍ എബി പൂണ്ടിക്കുളം, സ്കൂള്‍ മാനേജര്‍
ഫാ.ചാണ്ടി കിഴക്കയില്‍ തുടങ്ങിയവര്‍ സമീപം.
        വിഷലിപ്തവും ഗുണമേന്മയില്ലാത്തതുമായ ഭക്ഷണശീലങ്ങള്‍ നമ്മെ രോഗികളാക്കി മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ പോഷകസമൃദ്ധവും വിഷവിമുക്തവുമായ നിരവധി പച്ചക്കറികള്‍ നമ്മുടെ വീട്ടുപരിസരങ്ങളില്‍ കൃഷിചെയ്യുവാന്‍ സാധിക്കും എന്ന സന്ദേശം നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സെമിനാറുകള്‍, ബോധവത്ക്കരണ സന്ദേശവുമായി നോട്ടീസുകള്‍, ഭക്ഷ്യമേള, സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയാകള്‍ ഉപയോഗിച്ചുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കൂടാതെ മികച്ച കുട്ടിക്കര്‍ഷകരെ കണ്ടെത്തുവാനുള്ള മത്സരവും തുടങ്ങിക്കഴിഞ്ഞു.

         പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ തങ്ങളുടെ വീടുകളില്‍ പച്ചക്കറിത്തോട്ടം ഒരുക്കുന്നു. അതിന്റെ ആദ്യ ഘട്ടം മുതലുള്ള ഡയറിക്കുറിപ്പും അവര്‍ തയ്യാറാക്കും. കുട്ടികളുടെതന്നെ നേതൃത്വത്തില്‍ പൂര്‍ണ്ണമായും ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി നടത്തുക. നിശ്ചിത സമയത്തിനു ശേഷം, രക്ഷിതാക്കളുടെ സാക്ഷ്യപത്രത്തിന്റെയും കുട്ടികളുടെ ഡയറിക്കുറിപ്പിന്റെയും അടിസ്ഥാനത്തില്‍ അവസാന റൗണ്ടിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന കൃഷിത്തോട്ടങ്ങള്‍ വിദഗ്ദ്ധ സമിതി സന്ദര്‍ശിക്കും. അവരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മികച്ച കുട്ടിക്കര്‍ഷകരെ കണ്ടെത്തി ആദരിക്കും.
         പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങും പുതുമനിറഞ്ഞതായിരുന്നു. കൃഷിയിടത്തില്‍നിന്നു ശേഖരിച്ച മണ്ണ് നനച്ചതിനുശേഷം അതില്‍ കൈ അമര്‍ത്തി മണ്ണിനെ അറിയുകയും തുടര്‍ന്ന് വെളുത്ത പ്രതലത്തിലേയ്ക്ക് കൈപ്പത്തി പതിപ്പിച്ച് പേരെഴുതി ഒപ്പും രേഖപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് അനൂപ് ചന്ദ്രന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളും പ്രതീകാത്മകമായ ഈ രീതി പിന്തുടര്‍ന്നു. ഭക്ഷ്യസുരക്ഷ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്യുമ്പോള്‍ സുരക്ഷിത ഭക്ഷണത്തിലേയ്ക്കും ആരോഗ്യപരമായ ഭക്ഷ്യശീലങ്ങളിലേയ്ക്കും പുതു തലമുറ നയിക്കപ്പെടണമെങ്കില്‍ നമുക്കാവശ്യമായ ഭക്ഷണത്തിന്റെ ഒരു ഭാഗമെങ്കിലും നാം കൃഷിചെയ്തുണ്ടാക്കേണ്ടിയിരിക്കുന്നുവെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ഭക്ഷ്യ-ആരോഗ്യ സ്വരാജിന്റെ സംസ്ഥാന ചെയര്‍മാന്‍കൂടിയായ അനൂപ് ചന്ദ്രന്‍ ഓര്‍മ്മിപ്പിച്ചു. സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര, ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
 
VISIT : http://poonjarblog.blogspot.in/2013/11/blog-post_7.html