2013, നവംബർ 29, വെള്ളിയാഴ്‌ച

ഇത് ലംബമാന കൃഷിരീതി : ആട്, കോഴി, മുയല്‍, മീന്‍ എല്ലാം ഒരു കൂരയ്ക്കുകീഴില്‍


Posted on: 29 Nov 2013


കണ്ണൂര്‍: ചെറിയ സ്ഥലത്ത് പലതരം കൃഷിചെയ്യാന്‍ സാധിക്കുന്ന ലംബമാന കൃഷിരീതിയുമായി പന്നിയൂര്‍ കൃഷിവിജ്ഞാന്‍ കേന്ദ്രം. ഒരു സെന്റ് സ്ഥലത്ത് പലതരം കൃഷി വിജയകരമായിചെയ്യാന്‍ സാധിക്കുന്ന കണ്ടുപിടിത്തത്തിന് ഹൈടെക് തീവ്രസംയോജിത ലംബമാന കാര്‍ഷിക-മൃഗസംരക്ഷണ ഫാം യൂണിറ്റെന്നാണ് പേരിട്ടിരിക്കുന്നത്.

കൃഷിചെയ്യാന്‍ ജലമില്ലെന്ന് മുറവിളിയുയരുന്ന കേരളത്തില്‍ ഈ കൃഷിരീതി പ്രതീക്ഷ നല്കുന്നതാണ്. ചുരുങ്ങിയ സ്ഥലത്ത് ആട്, മുയല്‍, കോഴി, മീന്‍ തുടങ്ങിയവയെല്ലാം കൃഷിചെയ്യാനാകും. പരസ്പരം താങ്ങായിനില്ക്കുന്ന രണ്ട് ഗാലറികള്‍ ചേര്‍ന്നുള്ള ഒരു പിരമിഡ് ആകൃതിയിലാണ് ലംബമാനകൃഷിയുടെ രൂപകല്പന. പന്നിയൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ ഇതിന്റെ മാതൃക പരീക്ഷിച്ച് വിജയകരമെന്ന് തെളിഞ്ഞു. 384 ചതുരശ്ര അടിയാണ് കൂടിന്റെ തറ വിസ്തീര്‍ണം. തറയിലും തട്ടുകളിലും രണ്ട് ഗാലറികളിലുമായി 944 ചതുരശ്ര അടി ജലം ലഭിക്കുംവിധത്തിലാണ് കൂടിന്റെ രൂപകല്പന.

കൂടുതല്‍പേര്‍ക്ക് താമസിക്കാന്‍ ഫ്ലാറ്റ് നിര്‍മിക്കുന്നതുപോലെ തട്ടുതട്ടായാണ് മൃഗങ്ങളെ വളര്‍ത്തുക. മുകള്‍ഭാഗത്ത് തീറ്റപ്പുല്ലോ പച്ചക്കറിയോ കൃഷിചെയ്യാം. കൂട് ലംബമാന രീതിയിലായതിനാല്‍ ഉള്ളില്‍ ചൂട് അധികം ഉണ്ടാവില്ല. അതുകൊണ്ട് ഉത്പാദനവും കൂടും. ഗാലറികളില്‍ സൂര്യപ്രകാശത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനാല്‍ ഗ്രോബാഗുകളില്‍ എന്തുചെടിയും വളര്‍ത്താം. വളര്‍ത്തുമൃഗങ്ങള്‍ക്കാവശ്യമായവയും കൃഷി ചെയ്യാം.

അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് അസോസിയേഷനും പന്നിയൂര്‍ കൃഷിവിജ്ഞാന്‍ കേന്ദ്രവും ചേര്‍ന്നാണ് പുതിയ സംവിധാനം വികസിപ്പിച്ചത്.

ആത്മ സഹായധനം നല്കി. പഠനഗവേഷണങ്ങള്‍ കൃഷിവിജ്ഞാന്‍ കേന്ദ്രയും നടത്തി. മൃഗങ്ങളില്‍ ചൂട് കൂടുന്നതുമൂലമുള്ള ഉത്പാദനക്കുറവിന് പരിഹാരം കാണുക, ചുരുങ്ങിയസ്ഥലത്ത് കൂടുതല്‍ കൃഷി നടത്തുക തുടങ്ങിയ കൃഷിരീതി രൂപകല്പന ചെയ്തത്. പുതിയരീതിയില്‍ പലതരം മൃഗങ്ങളെ വളര്‍ത്താം. ഉത്പാദനവും കൂടുതലാണ്. കൂടിനോടൊപ്പം അസോള ടാങ്കുകള്‍, ആട്ടിന്‍കാഷ്ഠം, മൂത്രം, മുയല്‍കാഷ്ഠം എന്നിവ ശേഖരിക്കാനും പ്രത്യേക സംവിധാനമുണ്ട്. വിജ്ഞാനകേന്ദ്രത്തിലെ അസി. പ്രൊഫസര്‍ ഡോ. ടി.ഗിഗ്ഗിന്‍ ആണ് ഇത് രൂപകല്പന ചെയ്തത്. കൂട് നിര്‍മിക്കാന്‍ മൃഗങ്ങള്‍ക്കായി അഞ്ചുലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം രണ്ടുമുതല്‍ രണ്ടര ലക്ഷം വരെ ഓരോ യൂണിറ്റില്‍നിന്ന് വരുമാനമുണ്ടാക്കാനാകും. ഹൈടെക് ലംബമാന കാര്‍ഷിക മൃഗസംരക്ഷണ യൂണിറ്റിന്റെ ഉദ്ഘാടനം നവംബര്‍ 30ന് രണ്ടുമണിക്ക് പന്നിയൂര്‍ കൃഷിവിജ്ഞാന്‍ കേന്ദ്രത്തില്‍ മന്ത്രി കെ.പി.മോഹനന്‍ നിര്‍വഹിക്കുമെന്ന് കൃഷിവിജ്ഞാന്‍ കേന്ദ്രത്തിലെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി.ജയരാജ്, ഡോ. ടി.ഗിഗ്ഗിന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.സി. ധനരാജന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് ഫോണ്‍: 0460-2226087.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ