2013, നവംബർ 8, വെള്ളിയാഴ്‌ച

നമ്മുടെ കുട്ടികള്‍ നമ്മെ രക്ഷിക്കും എന്നു നമുക്കു പ്രത്യാശിക്കാം -. ഡോ. എസ്. രാമചന്ദ്രന്‍


.
നവംബര്‍ ഒന്നിന് തൊടുപുഴയില്‍നടന്ന ഭക്ഷ്യ ആരോഗ്യസ്വരാജ് ഇടുക്കിജില്ലാ കണ്‍വന്‍ഷനില്‍ ഉദ്ഘാടനപ്രഭാഷണം നടത്തുകയായിരുന്നു, പ്രമുഖ ഗാന്ധിയനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ. എസ്.  രാമചന്ദ്രന്‍ .
കോട്ടയം ജില്ലയില്‍ പാലാ  സെന്റ് തോമസ് ഹൈസ്‌കൂളില്‍ നിന്നുള്ള കുട്ടികള്‍ നെല്‍കൃഷിചെയ്യാന്‍  ചേര്‍പ്പുങ്കല്‍ ഒരു പാടം പാട്ടത്തിനെടുത്ത് ഒരു സംരംഭം തുടങ്ങിയിട്ടുള്ളതിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തശേഷം വരേണ്ടിവന്നതിനാല്‍ യോഗത്തില്‍ യഥാസമയം എത്താന്‍ കഴിയാതെ പോയ ഡോ. രാമചന്ദ്രന്‍ പല സ്‌കൂളുകളിലും നല്ല ചില അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ വളരെ മാതൃകാപരമായ പല പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഓരോ സ്‌കൂളിലും ഒരധ്യാപകനെങ്കിലും നേതൃത്വം കൊടുക്കാനുണ്ടായാല്‍ കേരളത്തിലെ എല്ലാ സ്‌കൂളുകളിലുമുള്ള കുട്ടികള്‍ മത്സരബുദ്ധിയോടെ മുമ്പോട്ടുവന്ന് കേരളത്തെ രക്ഷിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നാണ് അദ്ദേഹം പ്രത്യാശിച്ചത്. 

തുടര്‍ന്ന് കോട്ടയം ജില്ലയിലെ ഒരു നാടന്‍ കര്‍ഷകനും ഗ്രാമവൈദ്യനുമായ ശ്രീ ലൂക്കാ കൊച്ചമ്പഴത്തില്‍ തന്റെ അനുഭവങ്ങള്‍ വിശദീകരിക്കുകയും താന്‍ നട്ടു വളര്‍ത്തുന്ന നാടന്‍ പാവലിന്റെയും വെണ്ടയുടെയും മറ്റും വിത്തുകള്‍ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു. 

തുടര്‍ന്ന് സംസാരിച്ചത് എസ് എല്‍ പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തിന്റെയും കേരള ഗാന്ധി സ്മാരക നിധിയുടെയും സെക്രട്ടറിയായ ശ്രീ കെ. ജി ജഗദീശനായിരുന്നു. ഭക്ഷ്യ ആരോഗ്യസ്വരാജുമായി സ്ഥാപിത താത്പര്യങ്ങളില്ലാത്ത എല്ലാവരും സഹകരിക്കേണ്ടത് നാടിന്റെ ആരോഗ്യപരമായ നിലനില്പിനുതന്നെ അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
തുടര്‍ന്ന് പ്രസംഗിച്ചത് വ്യവസ്ഥാപിത കൃഷിരീതികളുടെ തകരാറുകളും ചെലവില്ലാ പ്രകൃതികൃഷിയുടെ സാധ്യതകളും കണ്ടറിഞ്ഞ് തനിക്കുള്ള വെറും പത്തുസെന്റില്‍ തനിക്കു വേണ്ടതെല്ലാം കൃഷിചെയ്ത് മാതൃക കാണിക്കുന്ന റിട്ട. കൃഷി വകുപ്പുദ്യോഗസ്ഥനായ ശ്രീ ശ്രീകുമാര്‍ ആയിരുന്നു. തന്റെ പ്രവര്‍ത്തനത്തിന്റെ വീഡിയോ യു ട്യൂബില്‍ പോസ്റ്റു ചെയ്തിട്ടുണ്ട് എന്നദ്ദേഹം വ്യക്തമാക്കി. (ഈ ബ്ലോഗില്‍ കഴിഞ്ഞ ദിവസം അത് ലിങ്കുചെയ്തിരുന്നു.കാണുക: zerobudget vegitable cultivation in 10 cents by a magician )

ചെലവില്ലാ  പ്രകൃതികൃഷിക്ക്  അനിവാര്യമായ നാടന്‍ പശുക്കളെ ലഭ്യമാക്കാനുള്ള കൃഷിക്കാരുടെ ശ്രമങ്ങളെ നിയമപരമായി തടസ്സപ്പെടുത്താന്‍ ചില കൃഷിവകുപ്പുദ്യോഗസ്ഥരുടെ ബോധപൂര്‍വകമായ ശ്രമം നടക്കുന്നുണ്ടെന്ന് ഇടുക്കിജില്ലയിലെ ഭക്ഷ്യആരോഗ്യ സ്വരാജിന്റെ ഇടുക്കിജില്ലാ വൈസ് ചെയര്‍മാനായ ശ്രീ  ഷാജി തുണ്ടത്തില്‍ സ്വാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പ്രസ്താവിച്ചു. കേരളത്തിലെ നാടന്‍ പശുവിനെ സംരക്ഷിക്കുന്നവരുടെ കൂട്ടായ്മയായ വെച്ചൂര്‍ കൗ കണ്‍സര്‍വേഷന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 18ന് തൃശൂര്‍ ടൗണ്‍ഹാളില്‍വച്ച് ഈ പ്രശ്‌നത്തെപ്പറ്റി ഒരു തുറന്ന ചര്‍ച്ച സംഘടിപ്പിച്ചുട്ടുണ്ടെന്നും സംസ്ഥാന കൃഷിവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരും യോഗത്തില്‍ പങ്കെടുക്കുന്നതാണെന്നും ശ്രീ ഷാജി അറിയിച്ചു.

ഹെല്‍ത്തി ലിവിങ്ങ് ഫൗണ്ടേഷനുമായി സഹകരിച്ച് ഫൗണ്ടേഷന്‍ ഹാളില്‍ ഫൗണ്ടേഷന്‍  ചെയര്‍മാനായ അഡ്വ. മാത്യു ജോസഫിന്റെ അധ്യക്ഷതയില്‍ നടത്തിയ കണ്‍വന്‍ഷനില്‍  ഭക്ഷ്യ ആരോഗ്യസ്വരാജ് പ്രസ്ഥാനത്തിന്റെ ഇടുക്കിജില്ലാ ചെയര്‍മാന്‍ ശ്രീ. എന്‍ .യു. ജോണ്‍ ആണ് സ്വാഗതം പറഞ്ഞത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ