2014, ഒക്‌ടോബർ 27, തിങ്കളാഴ്‌ച

റെസിഡന്റ്‌സ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തില്‍ ത്രിവത്സര ഭക്ഷ്യ ആരോഗ്യസ്വരാജ് യജ്ഞം


തലപ്പുലം പഞ്ചായത്ത് ഭക്ഷ്യ ആരോഗ്യ സ്വരാജ് കര്‍മ്മസമിതി

'ഭക്ഷണം കഴിക്കുന്നരെല്ലാം ഭക്ഷ്യോത്പാദന പ്രക്രിയയില്‍ പങ്കാളികളാവുക'


അടുത്ത മൂന്ന് വര്‍ഷംകൊണ്ട് 50 മുതല്‍ 75 ശതമാനം വരെ ഭക്ഷ്യസ്വയം പര്യാപ്തത നേടിയെടുക്കുന്നതിന് ഓരോ വാര്‍ഡിലും 10 കുടുംബങ്ങളെയെങ്കിലും സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഭക്ഷ്യ - ആരോഗ്യസ്വരാജ് കാമ്പയിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ തുടങ്ങിയിട്ടുള്ള ഊര്‍ജ്ജിത പ്രവര്‍ത്തനകേന്ദ്രങ്ങളില്‍ ഒന്ന് തലപ്പുലം പഞ്ചായത്തിലാണ്. പഞ്ചായത്തിലെ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തിലാണ് ഈ യജ്ഞം സമാരംഭിച്ചിട്ടുള്ളത്. നരിയങ്ങാനം, പനയ്ക്കപ്പാലം, തലപ്പുലം, മേലമ്പാറ ദീപ്തി, മേലമ്പാറ ചൈതന്യം, കളത്തൂക്കടവ് ഗ്രീന്‍വാലി, എന്നീ അസോസിയേഷന്‍ പ്രതിനിധികളുടെ മൂന്നാമത്തെ യോഗം ഒക്ടോബര്‍ 26 ഞായറാഴ്ച രാവിലെ 10 മണിക്ക് ശ്രീ. ജെയിംസ് മേല്‍വെട്ടത്തിന്റെ വസതിയില്‍ വച്ച് അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഫെഡറല്‍ ബാങ്ക് ഭരണങ്ങാനം ബ്രാഞ്ച് മാനേജരായ അദ്ദേഹം ആരോഗ്യ സംരക്ഷണത്തിന് ജൈവകൃഷി പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി തന്റെ ബാങ്കില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കോട്ടയം ജില്ലയിലെ ഏറ്റവും നല്ല ജൈവകര്‍ഷകയ്ക്കുള്ള അവാര്‍ഡ് ലഭിച്ച തലപ്പുലം പഞ്ചായത്തില്‍ത്തന്നെയുള്ള ശ്രീമതി മോളി പോളിന്റെ മാതൃക അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ വീട്ടില്‍ ജൈവ പച്ചക്കറി കൃഷി തുടങ്ങിയതിനെത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ക്കും തനിക്കും ഉണ്ടായിട്ടുള്ള പ്രത്യേക ഉന്മേഷവും ബന്ധങ്ങളിലുണ്ടായിട്ടുള്ള ഊഷ്മളതയും അനുസ്മരിച്ചുകൊണ്ട് ഈ സംരംഭത്തില്‍ പങ്കെടുക്കുന്നവരുടെ ജീവിതമാതൃകകളിലൂടെ തലപ്പുലം പഞ്ചായത്ത് ഒരു ജൈവ-ആരോഗ്യ പഞ്ചായത്തായി മാറട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. തുടര്‍ന്ന് പഞ്ചായത്തില്‍ ഇങ്ങനെ ഒരു സംരംഭം തുടങ്ങാന്‍ മുന്‍കൈയെടുത്ത ശ്രീ ജോണി തോപ്പില്‍ ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. എത്രയും വേഗം പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ സഹകരിക്കുന്ന കര്‍ഷകര്‍ക്ക് പച്ചക്കറി തൈകള്‍ 28 ചൊവ്വാഴ്ച ഡോ. വി. . ജോസിന്റെ വസതിയില്‍ വച്ച് വിതരണം ചെയ്യാന്‍ ഏര്‍പ്പാടു ചെയ്തിട്ടുണ്ടെന്നും അന്നേദിവസം റിട്ട. കൃഷിവകുപ്പ് ഉദ്യോഗസ്ഥനും ഭക്ഷ്യ - ആരോഗ്യസ്വരാജ് പ്രവര്‍ത്തകനുമായ ശ്രീ സി. കെ. ഹരിഹരന്‍ ജൈവകര്‍ഷകര്‍ പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി ക്ലാസ്സ് എടുക്കുന്നതുമാണെന്ന് അദ്ദേഹം അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന കര്‍ഷകര്‍ ഓരോ റെസിഡന്റ്‌സ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ എല്ലാ മാസവും ഓരോ അസോസിയേഷനിലെയും ഏതെങ്കിലും വീട്ടില്‍വച്ച് ആ കുടുംബനാഥന്റെ അധ്യക്ഷതയില്‍ ഒത്തു കൂടേണ്ടതാണെന്നും ആ യോഗങ്ങളില്‍ പരസ്പരം അനുഭവങ്ങളും വിത്തും വളവും കൈമാറ്റം ചെയ്യുന്നതിലൂടെ പ്രസ്ഥാനത്തെ ചൈതന്യപൂര്‍ണമാക്കണം എന്നും യോഗം തീരുമാനിച്ചു. തുടര്‍ന്നു നടന്ന കാര്‍ഷികാനുഭവങ്ങള്‍ പങ്കുവയ്ക്കലില്‍ ശ്രീ രാജീവ് മുതലക്കുഴി, ചാക്കോച്ചന്‍ വടക്കേമുളഞ്ഞനാല്‍, മുതലായവര്‍ ജീവാമൃതനിര്‍മാണം, കീടനിയന്ത്രണം മുതലായവയില്‍ നടപ്പിലാക്കി വിജയിച്ചിട്ടുള്ള പല കാര്യങ്ങളും വിശദീകരിച്ചു. ഒരു നാടന്‍ പശുവിന്റെ ചാണകവും മൂത്രവും, ജീവാമൃതവും മറ്റുമാക്കി സംസ്‌കരിച്ചെടുത്താല്‍ മുപ്പത് ഏക്കറോളം സ്ഥലത്തേക്ക് തികയും എന്നതിനാല്‍ പങ്കുവയ്ക്കല്‍ മനോഭാവം വളര്‍ത്തിയെടുത്താല്‍ കൃഷിച്ചെലവ് വളരെയേറെ കുറയ്ക്കാന്‍ കഴിയും എന്ന് ചിലര്‍ വ്യക്തമാക്കി. ജീവാമൃതവും മറ്റും ഉണ്ടാക്കാന്‍ വേണ്ടിവരുന്ന ചെലവ് മാത്രം പങ്കുവച്ചാല്‍ പ്രസ്ഥാനത്തോടു സഹകരിക്കുന്നവര്‍ക്കെല്ലാം അവ പങ്കുവയ്ക്കാന്‍ തയ്യാറാണെന്ന് നാടന്‍ പശുവുള്ള ഒരു കര്‍ഷകന്‍ വ്യക്തമാക്കി. സ്വന്തമായി നാടന്‍ പശുക്കളുള്ള കര്‍ഷകര്‍ അവര്‍ ഉണ്ടാക്കുന്ന ജീവാമൃതം, ഘനജീവാമൃതം, പഞ്ചഗവ്യം മുതലായവ ഇതര കര്‍ഷകര്‍ക്ക് പങ്കുവയ്ക്കാന്‍ സന്നദ്ധരാകുന്നത് ഉദാത്തമായ ഒരു മാതൃകയാണെന്ന് യോഗം വിലയിരുത്തി.
കഴിഞ്ഞ സെമിനാറില്‍ പങ്കെടുത്ത തന്റെ വാര്‍ഡിലെ ഒരു വീട്ടമ്മ കുടുംബാംഗങ്ങളുടെ സമ്മതത്തോടെ സ്വന്തം റബര്‍തോട്ടത്തിലെ നൂറോളം റബ്ബര്‍മരങ്ങള്‍ അടങ്ങുന്ന ഒരു ഭാഗം പച്ചക്കറികൃഷി തുടങ്ങാനായി വെട്ടിക്കളയാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് ശ്രീ മനോജ് വരിക്കപ്ലാക്കല്‍ അറിയിച്ചു.
ഭക്ഷ്യ ആരോഗ്യ സ്വരാജ് പ്രസ്ഥാനത്തിന്റെ ലക്ഷ്യവും പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്ന ലഘു നോട്ടീസും പ്രവര്‍ത്തകരുടെ കുടുംബങ്ങളിലുണ്ടാകുന്ന നേട്ടങ്ങള്‍ സ്വയം വിലയിരുത്താന്‍ സഹായകമായ സര്‍വേ ഫോറവും കൈപ്പുസ്തകവും പ്രവര്‍ത്തകര്‍ക്കിടയില്‍ വിതരണം ചെയ്തു.ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും പൂഞ്ഞാര്‍ ഗ്രാമ പഞ്ചായത്തിന്റെയും ക്ഷീരവികസനവകുപ്പിന്റെയും പൂഞ്ഞാര്‍ ഭൂമികയുടെയും ഭക്ഷ്യ ആരോഗ്യ സ്വരാജ് സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഒക്ടോബര്‍ 30 വ്യാഴാഴ്ച നടക്കുന്ന സെമിനാറില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന ശ്രീ പി. കെ. ലാലും (നാടന്‍ പശുക്കളും ഭക്ഷ്യ ആരോഗ്യ സ്വരാജും) ശ്രീ എം. എം. ജോസഫ മടിക്കാങ്കലും (ഭക്ഷ്യകൃഷിയുടെ പ്രസക്തി) ഭക്ഷ്യ-ആരോഗ്യസ്വരാജ് പ്രസ്ഥാനത്തിന്റെ പ്രമുഖ പ്രവര്‍ത്തകരാണ്. അതിനാല്‍ അതില്‍ ഏതാനും പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് യോഗം തീരുമാനിച്ചു.
മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് പഠനയാത്രകള്‍നടത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ