(തലപ്പുലം
പഞ്ചായത്തിലെ ഭക്ഷ്യ-ആരോഗ്യ
സ്വരാജ് കര്‍മ്മസമിതിയുടെ
ആഭിമുഖ്യത്തില്‍ നടത്തിയ പച്ചക്കറി തൈ വിതരണത്തോടനുബന്ധിച്ച്
റിട്ട.
കൃഷി
ആഫീസറും ഭക്ഷ്യ-ആരോഗ്യ
സ്വരാജ് റിസോഴ്‌സ് പേഴ്‌സണുമായ
ശ്രീ. സി. കെ. ഹരിഹരന്‍ നടത്തിയ ക്ലാസ്സില്‍ നിന്ന്)
പോളിഹൗസുകളിലും പ്രിസിഷന്‍ ഫാമിങ്ങിലും (സൂക്ഷ്മകൃഷി) കീടനാശിനികള്‍ ഒഴിവാക്കാറുണ്ടെങ്കിലും രാസവളങ്ങള്‍ ഒഴിവാക്കാറില്ല. 19: 19: 19 എന്ന രാസവളവും പൊട്ടാസ്യം നൈട്രേറ്റും യൂറിയയും ഒക്കെ വെള്ളത്തിന്റെ കൂടെ അവര്‍ വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ വേണ്ടത്ര പച്ചക്കറികള്‍ ഉത്പാദിപ്പിക്കപ്പെടുന്നില്ലാത്ത സാഹചര്യത്തിലാണ് കൃഷി വകുപ്പ് ഇതൊക്ക പ്രോത്സാഹിപ്പിക്കുന്നത്. വിഷാംശമില്ലാത്തതും ആരോഗ്യകരവും രുചികരവുമായ ആഹാരസാധനങ്ങള്‍ സ്വയം ഉത്പാദിപ്പിച്ച് ഉപയോഗിക്കാനും പങ്കുവയ്ക്കാനും ഉദ്ദേശിച്ച് രൂപീകരിച്ചിട്ടുള്ള ഭക്ഷ്യ-ആരോഗ്യ സ്വരാജ് കൂട്ടായ്മകളില്‍ രാസവളങ്ങളും രാസ കീടനാശിനികളും പൂര്‍ണമായും ഉപേക്ഷിക്കേണ്ടതാണ്.
പോളിഹൗസുകളിലും പ്രിസിഷന്‍ ഫാമിങ്ങിലും (സൂക്ഷ്മകൃഷി) കീടനാശിനികള്‍ ഒഴിവാക്കാറുണ്ടെങ്കിലും രാസവളങ്ങള്‍ ഒഴിവാക്കാറില്ല. 19: 19: 19 എന്ന രാസവളക്കൂട്ടും പൊട്ടാസ്യം നൈട്രേറ്റും യൂറിയയും ഒക്കെ വെള്ളത്തിന്റെ കൂടെ അവര്‍ വലിയ തോതില്‍ ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ വേണ്ടത്ര പച്ചക്കറികള്‍ ഉത്പാദിപ്പിക്കപ്പെടുന്നില്ലാത്ത സാഹചര്യത്തിലാണ് കൃഷി വകുപ്പ് ഇതൊക്ക പ്രോത്സാഹിപ്പിക്കുന്നത്. വിഷാംശമില്ലാത്തതും ആരോഗ്യകരവും രുചികരവുമായ ആഹാരസാധനങ്ങള്‍ സ്വയം ഉത്പാദിപ്പിച്ച് ഉപയോഗിക്കാനും പങ്കുവയ്ക്കാനും ഉദ്ദേശിച്ച് രൂപീകരിച്ചിട്ടുള്ള ഭക്ഷ്യ-ആരോഗ്യ സ്വരാജ് കൂട്ടായ്മകളില്‍ രാസവളങ്ങളും രാസ കീടനാശിനികളും പൂര്‍ണമായും ഉപേക്ഷിക്കേണ്ടതാണ്.
നമ്മുടെ
അനുദിനാഹാരത്തില്‍ ദിവസവും
300
ഗ്രാമെങ്കിലും
പച്ചക്കറികള്‍ വേണമെന്നും
അതില്‍ 80
ഗ്രാമെങ്കിലും
ഇലക്കറികളായിരിക്കണമെന്നും
പോഷകാഹാരവിദഗ്ധര്‍ പറയുന്നു.
കേരളകാര്‍ഷിക
സര്‍വകലാശാല ഇപ്പോള്‍
പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന
ചേമ്പ് വീടുകളില്‍ വളരെ
എളുപ്പം വളര്‍ത്താവുന്നതും
വളരെ രുചികരമായ ഇലയും തണ്ടും
ഉള്ളതുമായ ഒരിനം ഇലക്കറിയാണ്.
കിഴങ്ങിനായി
കൃഷിചെയ്യുന്ന ചേനയുടെയും
കായ്ക്കായി കൃഷി ചെയ്യുന്ന
മുരിങ്ങയുടെയും ഇലകളും നല്ല
ഇലക്കറികളാണ്.
നാം
നട്ടുവളര്‍ത്താറുള്ള വിവിധയിനം
ചീരകള്‍,
തഴുതാമ
മുതലായവ പോലെ കാട്ടുചെടികളായി
അവഗണിക്കാറുള്ള തകരയിലയും
ചൊറിയണങ്ങിലയും വരെ വേണ്ടതുപോലെ
സംസ്‌കരിച്ച് പാകംചെയ്താല്‍
രുചികരവും നല്ല പോഷകഗുണമുള്ളതും
ആണ്.
പൂഞ്ഞാര്‍
സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍നിന്നു
പ്രസിദ്ധീകരിക്കുന്ന
പൂഞ്ഞാര്‍ബ്ലോഗ് എന്ന
വെബ്‌സൈറ്റില്‍ ഇത്തരത്തിലുള്ള
അമ്പതിലേറെ ഇലക്കറികളെപ്പറ്റി,
അവ
സംസ്‌കരിച്ച് പാകം ചെയ്യുന്ന
രീതികള്‍ ഉള്‍പ്പെടെ ഭക്ഷ്യ
ആരോഗ്യ സ്വരാജ് പ്രവര്‍ത്തകനായ
സജീവന്‍ കാവുംകര തയ്യാറാക്കിയ ഇലയറിവ്
എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജൈവകൃഷിയുടെ
പ്രാധാനത്തെപ്പറ്റി പാശ്ചാത്യര്‍
ആദ്യം മനസ്സിലാക്കുന്നത്
ഇന്ത്യാക്കാരെ ആധുനിക കൃഷിരീതി
പഠിപ്പിക്കാന്‍ ഇവിടെയെത്തി
1905
മുതല്‍
1924
വരെ
ഇവിടെ ജീവിച്ച പാശ്ചാത്യ
കൃഷിശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട്
ഹോവാര്‍ഡ് എഴുതിയ 'ആന്‍
അഗ്രിക്കള്‍ച്ചര്‍ ടെസ്റ്റാമിന്‍'
എന്ന
പുസ്തകത്തിലുടെയാണ്.
ആധുനിക
കൃഷരീതികളെക്കാള്‍ മാതൃകാപരം
ഇന്ത്യയിലെ ഗ്രാമീണ കര്‍ഷകരുടെ
കൃഷിരീതികളാണെന്നും ഇത്
വ്യാപകമായി പ്രചരിപ്പിക്കേണ്ടതുമാണ്
എന്ന് ഇംഗ്ലണ്ടില്‍
തിരിച്ചെത്തിയശേഷം അദ്ദേഹം
എഴുതിയ ആ പുസ്തകത്തില്‍
വ്യക്തമാക്കിയിരുന്നു.
എന്നാല്‍,
നാം
അത് ഉള്‍ക്കൊള്ളാനും
ജൈവകൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കാനും
തയ്യാറാകുന്നത് കഴിഞ്ഞ
നൂറ്റാണ്ടിന്റെ അവസാനത്തോടെ
മാത്രമാണ്.
ഇപ്പോള്‍
ലോകത്തെല്ലായിടത്തും ജൈവകൃഷിയുടെ
പ്രാധാന്യം ജനങ്ങള്‍ക്ക്
മനസ്സിലായിട്ടുണ്ട്.
അത്
വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
ജപ്പാനില്‍
ഒക്കിനോവാ യൂണിവേഴ്‌സിറ്റിയില്‍
നടത്തപ്പെട്ട പഠനങ്ങളിലൂടെയാണ്
ജൈവകൃഷിയില്‍ ഉപയോഗിക്കാവുന്ന
നിരവധി കാര്യങ്ങളെപ്പറ്റിയുള്ള
അറിവുകള്‍ ലോകത്തില്‍ വ്യാപകമായി
പ്രചരിച്ചുതുടങ്ങിയത്.
അവിടത്തെ
ഗവേഷണത്തിന് നേതൃത്വം വഹിച്ച
മസനോബു ഫുക്കുവോക്കയുടെ
'ഒറ്റ
വൈക്കോല്‍ വിപ്ലവം'
എന്ന
പുസ്തകം മലയാളത്തിലേക്ക്
വിവര്‍ത്തനം ചെയ്തത് ഇതിനോടകം
പല പതിപ്പുകള്‍ ഇറങ്ങിക്കഴിഞ്ഞു.
ഇന്ത്യയെ
സംബന്ധിച്ചിടത്തോളം ആധുനിക
ജൈവകൃഷിയുടെ വ്യാപനത്തിന്
ഏറ്റവും വലിയ സംഭാവന
നല്കിയിട്ടുള്ളത് മഹാരാഷ്ട്രക്കാരനായ
സുഭാഷ് പാലേക്കര്‍ എന്ന
കൃഷിശാസ്ത്രജ്ഞനാണ്.
അദ്ദേഹത്തെ
ഒരു ജനകീയ കൃഷിശാസ്ത്രജ്ഞനാക്കിയത്
ഭൂദാനപ്രസ്ഥാനത്തിലൂടെ ഒരു
കാലത്ത് ഭാരതത്തെ ഇളക്കിമറിച്ച
ഗാന്ധിശിഷ്യനായ വിനോബാഭാവേ
ആയിരുന്നു.
അഗ്രിക്കള്‍ച്ചര്‍
ബി.
എസ്.
സി.
പാസ്സായശേഷം
എം.
എസ്.
സി.
ക്കു
പഠിക്കാന്‍ പഞ്ചാബിലേക്കു
പോകുംവഴി വിനോബാഭാവേയെ
സന്ദര്‍ശിച്ചപ്പോള്‍
സര്‍വകലാശാലകളിലല്ല,
സ്വന്തം
ഭൂമിയില്‍ത്തന്നെയാണ്
കാര്‍ഷികഗവേഷണം നടത്തേണ്ടതെന്ന്
വിനോബാഭാവേ നിര്‍ദ്ദേശിച്ചു.
അതനുസരിച്ച്
സുഭാഷ് പാലേക്കര്‍ മഹാരാഷ്ട്രയില്‍
സ്വന്തം ഭൂമിയില്‍ നടത്തിയ
ഗവേഷണങ്ങളിലൂടെ സീറോ ബജറ്റ്
നാച്ചുറല്‍ ഫാമിങ്ങ് എന്ന്
ഇന്ന് അറിയപ്പെടുന്ന കൃഷി
രീതിയുടെ ഉപജ്ഞാതാവും
പ്രചാരകനുമായി മാറുകയുമായിരുന്നു.ഒരു
നാടന്‍ പശുവിന്റെ ചാണകവും
മൂത്രവുമുയോഗിച്ച് മുപ്പതേക്കറോളം
സ്ഥലത്ത് ജൈവകൃഷി ചെയ്യാനാവും
എന്ന കണ്ടെത്തലാണ് അദ്ദേഹത്തിന്റെ
കൃഷിരീതി ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കാന്‍
കാരണം.
കേരളത്തിലെ
സീറോ ബജറ്റ് ഫാമിങ്ങില്‍
ഏര്‍പ്പെട്ടിട്ടുള്ള കര്‍ഷകരുടെ
അനുഭവങ്ങള്‍ പങ്കുവച്ച ഒരു
കൂട്ടായ്മ നവംബര്‍ 22
ന്
കോട്ടയത്തുവച്ച് കൂടുകയുണ്ടായി.
അതില്‍
രാമപുരത്ത് കൊണ്ടാട് എന്ന
സ്ഥലത്തെ മൂന്നേക്കര്‍ പാടത്ത്
രാമപുരത്തെയും ഉഴവൂരിലെയും
കോളേജുകളില്‍നിന്നും
സ്‌കൂളുകളില്‍ നിന്നുമുള്ള
വിദ്യാര്‍ഥികളുടെയും നമ്മുടെ
പഞ്ചായത്തില്‍നിന്നുള്ള
ഏതാനും ഭക്ഷ്യാരോഗ്യസ്വരാജ്
പ്രവര്‍ത്തകരുടെയും സഹകരണത്തോടെ
പാലേക്കര്‍ മാതൃകയില്‍ ഒരു
കൂട്ടുകൃഷി നടത്തുന്നതിന്
നേതൃത്വം വഹിക്കുന്ന ശ്രീ
സി.
എന്‍.
മധു
ചൂരവേലില്‍ പങ്കെടുത്തെന്നും
അറിയുന്നു.
നമ്മുടെ
പഞ്ചായത്തില്‍ത്തന്നെയുള്ള
ഏതാനും കൃഷിക്കാര്‍ നാടന്‍പശുവിനെ
വളര്‍ത്തുന്നുണ്ടെന്നും
ഭക്ഷ്യാരോഗ്യസ്വരാജ്
പ്രവര്‍ത്തകര്‍ക്ക് നാടന്‍
നെല്‍വിത്തുകളും നാടന്‍
പശുവിന്റെ ചാണകവും മൂത്രവും
കൊണ്ട് ഉണ്ടാക്കുന്ന ജീവാമൃതവും
ഘനജീവാമൃതവും ആഗ്നേയാസ്ത്രവും
മറ്റും പങ്കുവയ്ക്കാന്‍
തയ്യാറായിട്ടുണ്ടെന്നും
കഴിഞ്ഞദിവസം അറിയാനിടയായി.
ഇന്നിവിടെ
പച്ചക്കറി തൈകള്‍ വാങ്ങാനും
ഈ ക്ലാസ്സില്‍ പങ്കെടുക്കാനും
സംഘാടകര്‍ പ്രതീക്ഷിച്ചതിലുമേറെ
ആളുകള്‍ എത്തിയിട്ടുണ്ട്.
ഇതെല്ലാം
വളരെ സന്തോഷകരമായ കാര്യങ്ങളാണ്.
ഈ
ക്ലാസ്സില്‍ പാലേക്കര്‍
മാതൃകയിലുള്ള ആധുനിക ജൈവകൃഷി
സമ്പ്രദായത്തോടൊപ്പം സര്‍ക്കാര്‍
പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന
ജൈവകൃഷി രീതികളെയും
പരിചയപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ട്.
ഏതു
രീതിയിലാണെങ്കിലും ആരോഗ്യകരവും
രുചികരവുമായ സസ്യാഹാരം സ്വയം
ഉത്പാദിപ്പിക്കുക എന്നതാണ്
നമ്മുടെ ലക്ഷ്യം.
(തുടരും)