2014, സെപ്റ്റംബർ 1, തിങ്കളാഴ്‌ച

മലയാളിക്ക് ഭക്ഷ്യ-സ്വാശ്രയത്വം സാധ്യമാണ്!

ഭക്ഷ്യ-ആരോഗ്യസ്വരാജ് ത്രിവത്സര ഊര്‍ജ്ജിത പ്രവര്‍ത്തന കേന്ദ്രങ്ങള്‍ ആരംഭിക്കുക

ബഹുമാന്യരേ,

ഭക്ഷണ-ആരോഗ്യകാര്യങ്ങളില്‍ കമ്പോളാശ്രിതത്വത്തില്‍ നിന്ന് മലയാളിക്ക് മോചനമില്ല എന്ന മുന്‍വിധിയോടെയുള്ള സുരക്ഷിതഭക്ഷണ ചിന്തയോ ഭക്ഷ്യസുരക്ഷാചിന്തയോ അല്ല ഭക്ഷ്യആരോഗ്യ സ്വരാജ് കാമ്പയിന്‍ എന്ന് വ്യക്തമാണല്ലോ. അക്ഷരാര്‍ത്ഥത്തില്‍ കമ്പോളമുക്തി സാധ്യമല്ലെങ്കിലും വലിയൊരളവുവരെ ഭക്ഷ്യ-ആരോഗ്യസ്വാശ്രയത്വം നേടിയെടുക്കാന്‍ ഏതൊരു കുടുംബത്തിനും സാധിക്കുമെന്നത് കേരളത്തിലെ നൂറുകണക്കിന് കുടുംബങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ഒരു പക്ഷെ ഭക്ഷ്യസ്വാശ്രത്വത്തിന്റെ അളവ് ഓരോ കുടുംബങ്ങളുടെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കാം. ഒറ്റപ്പെട്ടനിലയില്‍ അവിടവിടെയായി നിരവധി കുടുംബങ്ങള്‍ ഏറിയും കുറഞ്ഞും ഭക്ഷ്യസ്വശ്രയത്വത്തിന്റെ വഴിയില്‍ ഇങ്ങനെ സഞ്ചരിക്കുന്നതിനെ കൂടുതല്‍ ആസൂത്രിതവും ഏകോപിതവും വ്യാപകവുമായി വികസിപ്പിച്ചെടുത്താല്‍ അത് സര്‍ക്കാര്‍ നയങ്ങളിലും പരിപാടികളിലും പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകളിലും സ്വാധീനം ചെലുത്തും. ഈയൊരു സാധ്യത മുന്നില്‍കണ്ടാണ് അടുത്ത ഒരു വര്‍ഷം കൊണ്ട് കേരളത്തിലെ എല്ലാ ജില്ലകളിലുമായി നൂറുസ്ഥലങ്ങളില്‍ കഴിയുമെങ്കില്‍ നൂറ് സംഘടനകളുടെ ആഭിമുഖ്യത്തില്‍ ത്രിവത്സര ഊര്‍ജ്ജിത പ്രവര്‍ത്തന കേന്ദ്രങ്ങളാരംഭിക്കാന്‍ ഭക്ഷ്യ-ആരോഗ്യസ്വരാജ് കാമ്പയിന്റെ ഭാഗമായി പ്ലാന്‍ ചെയ്യുന്നത്.

ഇക്കഴിഞ്ഞ ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) തുടക്കം കുറിച്ച ഈ പരിപാടിക്ക് ഇതിനോടകം തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍,കോഴിക്കോട്,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളില്‍ പ്രവര്‍ത്തനകേന്ദ്രങ്ങള്‍ നിശ്ചയിച്ച് കഴിഞ്ഞു. ചില ജില്ലകളില്‍ ഗ്രാമപഞ്ചായത്തും മറ്റുചില ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും, പ്രദേശിക സംഘടനകളുമൊക്കെ ഈ പ്രവര്‍ത്തനപരിപാടി ഏറ്റെടുക്കാന്‍ സന്നദ്ധമായി മുന്നോട്ടു വന്നിട്ടുണ്ട്. ബാക്കി ജില്ലകളിലും ഈ പരിപാടി ഏറ്റെടുക്കാന്‍ സന്നദ്ധതയുള്ള സംഘടനകളെ/സ്ഥാപനങ്ങളെ ബന്ധപ്പെടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോന്നിലും ഇതിനോടകം തന്നെ അരഡസണിലധികം സ്ഥലങ്ങളില്‍ ഈ പരിപാടി ഏറ്റെടുക്കാനുള്ള പ്രദേശിക സംഘാടകരായി.

ഈ പശ്ചാത്തലത്തിലാണ് ത്രിവത്സര ഊര്‍ജ്ജിത പ്രവര്‍ത്തനകേന്ദ്രങ്ങളില്‍ പൊതുവായി സ്ഥീകരിക്കാവുന്ന കര്‍മ്മപരിപാടികള്‍ ഇവിടെ സൂചിപ്പിക്കുന്നത് ഇവിടെ പറയുന്ന ക്രമത്തിലോ രീതിയിലോ ആവണം ഓരോ പ്രദേശത്തെയും പ്രവര്‍ത്തനങ്ങള്‍ എന്ന ഉദ്ദേശത്തോടെയല്ല മറിച്ച്, ഓരോ പ്രദേശത്തെയും കര്‍മ്മപരിപാടികളെക്കുറിച്ചുള്ള ആലോചനക്ക് സഹായകരമായ ഒരു മാതൃക എന്ന നിലയില്‍ മാത്രമാണ് താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത്.

1. ഈ പ്രവര്‍ത്തന പദ്ധതിയില്‍ ചേരുന്ന കുടുംബങ്ങളുടെ രജിസ്‌ട്രേഷ്‌നും സര്‍വ്വേയും.
ഓരോ ഊര്‍ജ്ജിത പ്രവര്‍ത്തന കേന്ദ്രത്തിലും 50 മുതല്‍ 100 വരെ കുടുംബങ്ങളെ ഈ പദ്ധതിയില്‍ ചേര്‍ക്കുന്നത് ഉചിതമായിരിക്കും. എണ്ണം കുറയുന്നതോ കൂടുന്നതോ വലിയ പ്രശ്‌നമല്ലെങ്കിലും കുടുംബങ്ങളുടെ എണ്ണം തീരെകുറയുന്നത് ഈ പ്രവര്‍ത്തനത്തിന് ആ പ്രദേശത്ത് ലഭിക്കേണ്ട സാമൂഹിക ശ്രദ്ധ കുറക്കും. എണ്ണം ഏറെ കൂടുന്നത് പ്രാദേശിസംഘാടകരുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കും. സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ആളുകളെ ഈ പദ്ധതിയില്‍ ചേര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നത് ഇതിന് സാമൂഹികാംഗീകാരം ലഭിക്കുന്നതിന് സഹായിക്കും.  സര്‍വ്വേഫോറത്തിന്റെ മാതൃക ഇതോടൊന്നിച്ചുള്ളത് പ്രയോജനപ്പെടുത്താവുന്നതാണ്.

2. ഗ്രൂപ്പ് തിരിക്കല്‍
ഒരു പ്രദേശത്ത് ഈ പരിപാടിയില്‍ അംഗമായി ചേര്‍ന്നിരിക്കുന്ന കുടുംബങ്ങളില്‍ അടുത്തടുത്തുള്ള 10 കുടുംബങ്ങളെ ഒരു ഗ്രൂപ്പായി കണക്കാക്കുകയും അവരില്‍ നിന്ന് ഒരു പുരുഷനെയും സ്ത്രീയെയും ഗ്രൂപ്പ് ലീഡര്‍മാരായി നിശ്ചയിക്കുകയും ചെയ്യുക. എല്ലാഗ്രൂപ്പ് ലീഡര്‍മാരും സംഘാടക സംഘടനയുടെ മുഖ്യപ്രവര്‍ത്തകരും ചേര്‍ന്ന കോര്‍ഗ്രൂപ്പാവണം ഈ പരിപാടിയുടെ മുന്നോട്ടുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍ക്കാന്‍. മാത്രവുമല്ല ഓരോ ഗ്രൂപ്പിലും ഉള്‍പ്പെട്ടിട്ടുള്ള കുടുംബങ്ങള്‍ക്ക് ചില കാര്യങ്ങളില്‍ കൂട്ടായ ചില പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനാവും. ഉദാഹരണത്തിന്, കുറച്ച് കൃഷി സ്ഥലം പാട്ടത്തിനെടുത്ത് എല്ലാവരും ചേര്‍ന്ന് കൃഷി ചെയ്യാനുള്ള സാധ്യത, ഒരു ഗ്രൂപ്പില്‍ ഒരാളെങ്കിലും നാടന്‍ പശുവിനെ വളര്‍ത്തി എല്ലാവര്‍ക്കും ജീവാമൃതവും മറ്റും വിലക്ക് എത്തിക്കാനുള്ള സാധ്യത, തുടങ്ങിയ നിരവധി കാര്യങ്ങള്‍ കാര്യക്ഷമതയോടെ നിര്‍വ്വഹിക്കാന്‍ ഈ വികേന്ദ്രീകരണം ആവശ്യമാണ്. മാത്രവുമല്ല പ്രാദേശിക സംഘാടകര്‍ക്ക് സംഘാടന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ഇത് സഹായിക്കും.

3. മുന്‍ഗണന നിശ്ചയിക്കല്‍
പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള കുടുംബങ്ങളുടെ കൃഷി ചെയ്യാനുള്ള സ്ഥലലഭ്യതയും കുടുംബാംങ്ങളുടെ എണ്ണവും കണക്കിലെടുത്ത് ഓരോ കുടുംബത്തിന്റെയും മുന്‍ഗണനാ പ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കപ്പെടണം. എല്ലാ കുടുംബങ്ങളിലും നിര്‍ബന്ധമായും ഉണ്ടാവേണ്ട വിളകള്‍ (ഉദാ: മുരിങ്ങ,കോവല്‍, കാന്താരി, ഇഞ്ചി, കറിവേപ്പ്), ഏവയെല്ലാമെന്ന്  നിശ്ചയിക്കപ്പെടണം. എല്ലാ കുടുംബങ്ങളിലും നിര്‍ബന്ധമായും സ്വീകരിക്കേണ്ട ചില ശീലങ്ങള്‍ (ഉദാ: കൊപ്രായുണ്ടാക്കി മില്ലില്‍ ആട്ടിയെടുത്ത എണ്ണ ഉപയോഗിക്കുക, മഞ്ഞള്‍. മുളക്, മല്ലി തുടങ്ങിയവ കൃഷി ചെയ്തുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും സ്വന്തമായി വാങ്ങി ശുദ്ധമാക്കി പൊടിച്ച് ഉപയോഗിക്കുക, മൈദ ഉല്‍പന്നങ്ങള്‍ പായ്ക്കറ്റ് ഭക്ഷണങ്ങള്‍ തുടങ്ങിയവ കഴിയുന്നത്ര ഒഴിവാക്കല്‍) ഏവയെല്ലാമെന്ന് നിശ്ചയിക്കുക.

4. ഭക്ഷ്യയോഗ്യമായ ഇലവര്‍ഗ്ഗങ്ങള്‍ ഏവയെല്ലാമെന്നും അവയുടെ രുചികരമായ പാചകരീതികളും എല്ലാ കുടുംബങ്ങളെയും പരിചയപ്പെടുത്തുക. അവയുടെ പോഷക-ഔഷധമൂല്ല്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക. ഏറ്റവും എളുപ്പത്തില്‍ എല്ലാവര്‍ക്കും സ്വീകരിക്കാവുന്ന ഈ പ്രവര്‍ത്തനത്തിന് ആദ്യഘട്ടത്തില്‍ തന്നെ ശ്രമങ്ങളുണ്ടാവുക.

5. സ്ഥലലഭ്യതയനുസരിച്ച് കഴിയുന്നത്ര നാടന്‍ ഫലവര്‍ഗ്ഗങ്ങള്‍ (പ്ലാവ്,മാവ്, പേര, പപ്പയ, പൈനാപ്പിള്‍ ലരേ..) നട്ടുപിടിപ്പിക്കാന്‍ പ്രേരണ നല്‍കുക.

6. വിവിധയിനം പച്ചക്കറികള്‍ കാലാവസ്ഥയുടെയും മണ്ണിന്റെയും പ്രത്യേകതകള്‍ക്ക് അനുസൃതമായി കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുക. ജൈവരീതിയില്‍ പച്ചക്കറികൃഷി ചെയ്യുമ്പോള്‍ അനുഭവപ്പെടേക്കാവുന്ന പ്രായോഗികപ്രശ്ങ്ങള്‍ക്ക് കൂട്ടായി പരിഹാരം തേടുക.

7. കിഴങ്ങുവര്‍ഗ്ഗവിളകള്‍ സ്ഥലലഭ്യതയനുസരിച്ച് കുടുംബങ്ങള്‍ ഒറ്റയ്‌ക്കോ അല്ലെങ്കില്‍ ഗ്രൂപ്പടിസ്ഥാനത്തിലോ കൃഷിചെയ്യാനുള്ള ആസൂത്രണവും തയ്യാറെടുപ്പുകളും മുന്‍കൂട്ടിതന്നെ ചെയ്യുക.

8. നെല്‍കൃഷി ചെയ്യാന്‍ വയലുകള്‍ ലഭ്യമായ മേഖലകളില്‍ അവ തരിശിടാതെ കൃഷിചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുക. പാടങ്ങള്‍ ഇല്ലാത്ത മേഖലകളില്‍ കരനെല്‍കൃഷിക്ക് സാധ്യതകളുണ്ടെങ്കില്‍ (ഉദാ: റബ്ബര്‍ തോട്ടങ്ങളും മറ്റും വെട്ടിമാറ്റുന്ന അവസരത്തില്‍) അത് പ്രയോജനപ്പെടുത്തുക.

9. ചെറുധാന്യങ്ങള്‍ സ്ഥല ലഭ്യതയനുസരിച്ച് കൃഷി ചെയ്യുന്നതിന് പരിശ്രമങ്ങളുണ്ടാക്കുക. അവ ഉപയോഗിക്കുന്ന ഭക്ഷ്യശീലം വളര്‍ത്തിയെടുക്കുക.

10. നാടന്‍ പശുവളര്‍ത്തലിന് സാധ്യതയുള്ള കുടുംബങ്ങളെ അക്കാര്യത്തില്‍ സഹായിക്കുക. നാടന്‍ കോഴികള്‍ വളര്‍ത്തി അവയുടെ മുട്ടയും മാംസവും ഉപയോഗിച്ച് ഹോര്‍മോണ്‍ കോഴികളുടെ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കുക.

11. ശുദ്ധജലമത്സ്യംവളര്‍ത്തലിന് പ്രേരണനല്‍കുക. പടുതാകുളം നിര്‍മ്മിച്ച് മത്സ്യം വളര്‍ത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് ബോധ്യപ്പെട്ട് ആളുകള്‍ അക്കാര്യത്തില്‍ മുന്നോട്ടുവന്നാല്‍ മത്സ്യത്തിനായി കമ്പോളത്തെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കാനാവും.

12. മാംസഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നതിനും കഴിക്കുന്ന മാംസ ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുമുള്ള എല്ലാപരിശ്രമങ്ങള്‍ക്കും മുന്‍ഗണന നല്‍കേണ്ടതുണ്ട്.(ഉദാ: മുയല്‍ വളര്‍ത്തല്‍,പന്നി വളര്‍ത്തല്‍ തുടങ്ങിയവ)

13. പാചക പരിശീലനം
ഭക്ഷ്യയോഗ്യമായ ഇലവര്‍ഗ്ഗങ്ങളുടെ രുചികരമായ പാചകം, വിവിധ ഫലവര്‍ഗ്ഗങ്ങളുടെയും കിഴങ്ങുവര്‍ഗ്ഗങ്ങളുടെയും, ചെറുധാന്യങ്ങളുടെയും പാചകം, ആരോഗ്യകരമായ ലഘുപാനീയങ്ങളുടെ തയ്യാറാക്കല്‍, വേവിക്കാത്ത ഭക്ഷണകൂട്ടുകള്‍ തയ്യാറാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഓരോ ഗ്രൂപ്പിലും പരിശീലനം നല്‍കുക. ഇത്തരം കാര്യങ്ങളില്‍ ഓരോ ഗ്രൂപ്പില്‍ നിന്നും ഒന്നോ രണ്ടോ പേര്‍ക്ക് പരിശീലകരാകാനുള്ള പരിശീലനം നല്‍കുക.

14. ഭക്ഷണ സംസ്‌കരണം
മിക്ക ഭക്ഷ്യവിളകളും ഓരോ സീസണുകളിലാണ് ലഭ്യമാകുക. ഓഫ് സീസണുകളിലേക്ക് അവ ഉണക്കിയും ഉപ്പിലിട്ടും സംസ്‌കരിച്ച് സൂക്ഷിക്കുന്നതിനുള്ള പരിശീലനം നല്‍കുക.

15. ഓരോ കുടുംബത്തിലെയും കുട്ടികള്‍ ആ കുടുംബത്തിന്റെ ഭക്ഷണക്രമം നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു എന്നു മനസ്സിലാക്കി കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭക്ഷ്യ സംസ്‌കാരം നല്‍കുന്നതിനുള്ള ക്യാമ്പുകള്‍ അവധിക്കാലങ്ങളില്‍ സംഘടിപ്പിക്കുക. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ച് അവര്‍ക്ക് ബോധ്യം നല്‍കുന്നതോടൊപ്പം ആരോഗ്യകരവും രുചികരവുമായ ഭക്ഷണവിഭവങ്ങള്‍ അവരെ പരിചയപ്പെത്തുകയും ചെയ്യുക.

16. വിവിധ ഭക്ഷ്യവിളകളുടെ ഉല്‍പാദനം വര്‍ദ്ധിക്കുന്നമുറക്ക് കുടുംബാവശ്യം കഴിഞ്ഞുള്ളത് മാന്യമായ വിലക്ക് വില്‍ക്കുന്നതിന് സൗകര്യമുള്ള ആഴ്ചചന്തകള്‍ സംഘടിപ്പിക്കുക.

17. എല്ലാവീടുകളിലും ചില ഔഷധസസ്യങ്ങളെങ്കിലും നട്ടുവളര്‍ത്തുകയും സാധാരണയായി എല്ലാവര്‍ക്കും വരാനിടയുള്ള ലഘുരോഗങ്ങള്‍ക്ക് ഔഷധസസ്യങ്ങള്‍ ഏതുവിധത്തില്‍ ഉപയോഗിക്കാമെന്ന അറിവ് ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും ഉണ്ടാവുന്നതിനുള്ള പരിശീലനം നല്‍കുക. കൂടാതെ മരുന്നില്ലാ ചികിത്സാ രീതികളായ പ്രകൃതി ജീവനം, പ്രാണിക്ക് ഹീലിംഗ് തുടങ്ങിയവയെക്കുറിച്ച് അറിവുള്ള ഒരാളെങ്കിലും ഒരു ഗ്രൂപ്പില്‍ ഉണ്ടാവണമെന്ന ലക്ഷ്യത്തോടെ പരിശീലന പരിപാടികളും മറ്റും സംഘടിപ്പിക്കുക.

18. മേല്‍ സൂചിപ്പിച്ച പ്രവര്‍ത്തന പരിപാടികളില്‍ ചിലതിന് ഔദ്യോഗിക സംവിധാനങ്ങളില്‍ നിന്ന് സാങ്കേതിക സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാണ്. കൃഷിഭവന്‍, പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍,ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി കെ. എല്‍.ഡി ബോര്‍ഡ്, നബാര്‍ഡ് തുടങ്ങിയവ അത്തരം ഏജന്‍സികളില്‍ ചിലതാണ്. ഇവയുടെ പദ്ധതികളുമായി ഭക്ഷ്യ-ആരോഗ്യ സ്വരാജ് ത്രിവത്സര ഊര്‍ജ്ജിത പ്രവര്‍ത്തന കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങളെ ബന്ധപ്പെടുത്തിയാല്‍ അത് പ്രയോജനകരമാവും.

19. ഓരോ വര്‍ഷവും ഈ പരിപാടിയില്‍ ചേര്‍ന്നിട്ടുള്ള കുടുംബങ്ങളുടെ കൃഷി-ഭക്ഷണ-ആരോഗ്യ സര്‍വ്വേ നടത്തി ഭക്ഷ്യസ്വാശ്രയരംഗത്ത് ഉണ്ടാവുന്ന പുരോഗതി വിലയിരുത്തുക.

20. ത്രിവത്സര ഊര്‍ജ്ജിത പ്രവര്‍ത്തനകേന്ദ്രങ്ങള്‍ക്കിടയില്‍ കൂട്ടായ്മ വളര്‍ത്തുന്നതിന് ജില്ലാടിസ്ഥാനത്തില്‍ മൂന്നു മാസത്തിലൊരിക്കലും സംസ്ഥാനതലത്തില്‍ വര്‍ഷത്തിലൊരിക്കലും കൂടിച്ചേരലുകള്‍ സംഘടിപ്പിക്കുകയും അനുഭവങ്ങളും അറിവുകളും കൈമാറുകയും ചെയ്യുക.ഓരോ ഊര്‍ജ്ജിത പ്രവര്‍ത്തന കേന്ദ്രത്തിലും നടന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും സര്‍വ്വേ ഫലങ്ങളും ഇത്തരം കൂടിച്ചേരലുകളില്‍ വച്ച് സമാഹരിക്കുകയും വിലയിരുത്തുകയും, പൊതുസമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്യുക.

ഇവിടെ സൂചിപ്പിക്കപ്പെട്ട 20 പരിപാടികളും ഓരോ സ്ഥലത്തെയും സാഹചര്യങ്ങള്‍ക്ക് ചേര്‍ന്നവിധത്തില്‍ വേണം നടപ്പിലാക്കാന്‍ അവയില്‍ ചിലത് ഒഴിവാക്കുന്നതും മറ്റ് ചിലതുകൂടിക്കൂട്ടിച്ചേര്‍ക്കുന്നതുമെല്ലാം പ്രാദേശിക സംഘാടകരുടെ ഭാവനക്കും പ്രവര്‍ത്തനശേഷിക്കും അനുഭവങ്ങള്‍ക്കും അടിസ്ഥാനത്തിലായിരിക്കണം. ഈ പ്രവര്‍ത്തനപരിപാടി ആരുടെയും കേന്ദ്രീകൃതമായ നിയന്ത്രണത്തിനോ മേല്‍നോട്ടത്തിനോ വിധേയമായല്ല മറിച്ച്, സമഭാവത്തോടെയുള്ള ഒരു കൂട്ടായ്മാബോധത്തോടെയാവും ഏകോപിപ്പിക്കപ്പെടുക. അതിന് സഹായകരമായി ചില ഉപകരണങ്ങള്‍ (Tools) ഇപ്പോള്‍ തയ്യാറായിട്ടുണ്ട്.

1. ഭക്ഷ്യ-ആരോഗ്യസ്വരാജ് എന്ന പുസ്തകം ഫെയര്‍ട്രേഡ് അലയന്‍സ് കേരള പ്രസിദ്ധീകരിച്ചിരിക്കുന്നത് എല്ലാ ജില്ലകളിലും എത്തിയിട്ടുണ്ട്. ഏതു രോഗവും മാറ്റുവാന്‍ പോഷണം ശരിയാക്കിയാല്‍ മതി എന്ന പുസ്തകം നല്ല ഭൂമി പ്രകൃതികര്‍ഷക സംഘം പ്രസിദ്ധീകരിച്ചതും ലഭ്യമായിട്ടുണ്ട്.

2. കോട്ടയം ജില്ലയിലെ ഏന്തയാര്‍ ജെ.ജെ. മര്‍ഫി മെമ്മോറിയല്‍ ഹൈസ്‌ക്കൂള്‍ നേച്ചര്‍ക്ലബ്ബ്  ഭക്ഷ്യ-ആരോഗ്യസ്വരാജ് പോസ്റ്റര്‍-ബാനര്‍ സെറ്റ് തയ്യാറാക്കിയിട്ടുണ്ട്.

3. തിരുവനന്തപുരം ശാന്തിഗ്രാം, ഭക്ഷണത്തിലെ മായം സംബന്ധിച്ചും, പനിചികിത്സയുടെ പേരിലുള്ള നട്ടിപ്പുകള്‍ സംബന്ധിച്ചും തയ്യാറാക്കിയിരിക്കുന്ന സി.ഡികളും ഭക്ഷ്യയോഗ്യമായ ഇലവര്‍ഗ്ഗങ്ങള്‍ സംബന്ധിച്ചുള്ള പോസ്റ്റര്‍സെറ്റും മറ്റു ചില പോസ്റ്റര്‍ സെറ്റുകളും ലഘുലേഖകളും സിഡികളും തയ്യറായിവരുന്നു.

ഒരു പ്രസ്ഥാനത്തിന്റെയും കേന്ദ്രീകൃത നിയന്ത്രണങ്ങളില്ലാതെ ചെറുതും വലുതുമായ എല്ലാ പ്രസ്ഥാനങ്ങളുടെയും ഐഡന്റിറ്റി അംഗീകരിച്ചുകൊണ്ടും, സമഭാവനയോടെ കൊടുക്കല്‍ വാങ്ങല്‍ നടത്താനുള്ള സമീപനത്തോടെയും തുടക്കം കുറിച്ചിരിക്കുന്ന ജീവിത സ്പര്‍ശിയായ ഈ വേറിട്ട യജ്ഞത്തില്‍ പങ്കാളിയാവാന്‍ ഓരോ പ്രദേശത്തും പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളോടും സ്ഥാപനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.
                                                        സണ്ണി പൈകട
ഫോണ്‍ 9446234997
കണ്‍വീനര്‍
കൊന്നക്കാട്
01.09.2014

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ