2021, ഫെബ്രുവരി 23, ചൊവ്വാഴ്ച

നേട്ടമുണ്ടാക്കാൻ നാട്ടുകൂട്ടങ്ങൾ

 



നാട്ടുകൂട്ടങ്ങളിലൂടെ നേട്ടമുണ്ടാക്കിയ നാടിന്റെ നേരനുഭവങ്ങൾ പങ്കുവച്ച, പൂഞ്ഞാറിന്റെ സാധ്യതകളെ ആലോചനാവിഷയമാക്കിയ അതിഗംഭീരമായ ഒരു പരിപാടി

2021 ഫെബ്രുവരി 22 തിങ്കൾ ഉച്ചകഴിഞ്ഞ് 4.30 ന് പൂഞ്ഞാർ ഭൂമിക സെന്ററിൽ, കേരളത്തിന്റെ ഭാവി എങ്ങനെയാകണം എന്നു വ്യക്തമായ ബോധ്യമുള്ള ഒരു കർഷകക്കൂട്ടായ്മ (ഭൂമിക പൂഞ്ഞാർ) അതേ കാഴ്ചപ്പാടോടെ പ്രവർത്തിക്കുന്ന മറ്റൊരു കർഷകക്കൂട്ടായ്മ (കണമല സർവീസ് സഹകരണ ബാങ്ക്) യുടെ അമരക്കാരനുമായി സംവദിച്ച  ഒരു പരിപാടി

കണമല കാന്താരി വിപ്ലവം, പമ്പാവാലി പോത്തുഗ്രാമം, എരുത്വാപ്പുഴ തേൻ ഗ്രാമം, മുക്കൂട്ടുതറ മീൻഗ്രാമം, റേഷൻ കിറ്റിൽ ഉണക്കക്കപ്പ (നിർദ്ദേശം) ..... തുടങ്ങിയ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനതലത്തിൽ ശ്രദ്ധനേടിയ കണമല സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റും പ്രമുഖ കാർഷികജീവിത പരിശീലകനുമായ അഡ്വ.ബിനോയി മങ്കന്താനം നേതൃത്വം നല്കിയ ഒരു ക്ലാസ്സ്.

ഭൂമികയുടെ പ്രസിഡന്റ് ക്ലമന്റ് കരിയാപുരയിടത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഭൂമികയുടെ എല്ലാമെല്ലാമായ എബിയുടെ സ്വാഗതമായിരുന്നു ആദ്യം.

സ്ഥലത്തെ പഴം പച്ചക്കറി വിപണിയുടെ പ്രവർത്തനത്തിലൂടെയും  സൗജന്യമായി വിത്തുകൾ വിതരണം ചെയ്യുന്നതിലൂടെയും (വിത്തുകൊട്ട) കർഷകർക്കു ലഭ്യമാകുന്ന പ്രയോജനങ്ങളെയും അതിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും കിട്ടുന്ന ചാരിതാർഥ്യത്തെയും പറ്റിയാണ് അധ്യക്ഷൻ പറഞ്ഞത്. തുടർന്ന് പൂഞ്ഞാറ്റിലെ വനിതകളുടെ കൂട്ടായ്മയായ ജാക്ക് അപ് പ്രവർത്തകയായ ശ്രീമതി ലില്ലിക്കുട്ടി ചക്കയുടെ മൂല്യവർധിത ഉത്പന്നങ്ങളുടെ ഉത്പാദനത്തിലൂടെ സ്ത്രീകൾ ഉണ്ടാക്കുന്ന നേട്ടങ്ങൾ വിശദമാക്കി. യുവതലമുറയിൽപ്പെട്ടവരുടെ സഹകരണം വേണ്ടത്ര കിട്ടുന്നില്ലെന്ന വസ്തുതയും അവർ ചൂണ്ടിക്കാട്ടി. മുന്നൂറിലേറെ വരുന്ന ചക്ക ഉത്പന്നങ്ങൾ നിർമിക്കുന്നതിൽ പ്രത്യേകപരിശീലനം നേടിയിട്ടുള്ള ലില്ലിക്കുട്ടിച്ചേച്ചിയും മറ്റും, ചക്ക ഉത്പന്നങ്ങളുടെ ഡിമാൻഡ് നാമുദ്ദേശിക്കുന്നിലധികമായതിനാൽ പരിശീലനം ആവശ്യമുള്ളവർക്കൊക്കെ നല്കാൻ സന്നദ്ധരാണെന്ന് എബി പൂണ്ടിക്കുളം വ്യക്തമാക്കി. 

വേദിയിലെത്തി പൂഞ്ഞാറ്റിലെ പ്രവർത്തനങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരുന്ന അഡ്വ. ബിനോയ് എരുമേലിയിൽ കർഷകർക്കിടയിൽ ഉണ്ടാക്കാൻകഴിഞ്ഞ കൂട്ടായ്മകളുടെ നേട്ടങ്ങൾ ഇവിടെയും എങ്ങനെ ഉണ്ടാക്കാനാവും എന്നു വിശദീകരിച്ചുകൊണ്ടാണ് സംസാരിച്ചത്. എരുമേലിയിൽ നടത്തി വിജയിച്ച പ്രവർത്തനങ്ങൾതന്നെ പൂഞ്ഞാറ്റിലും നടത്തിയാൽ വിജയിക്കണമെന്നില്ല എന്നുമാത്രമല്ല, ഇരുകൂട്ടർക്കും പരാജയത്തിനും അതു വഴിവച്ചേക്കാം എന്ന് ബിനോയ് ആദ്യംതന്നെ വ്യക്തമാക്കി. വിപണന സാധ്യതകളെപ്പറ്റിയുള്ള വ്യക്തമായ പഠനത്തിനുശേഷമായിരിക്കണം, ഓരോ ഉത്പന്നത്തിന്റെയും ഉത്പാദനം. സർക്കാരിന്റെയും കൃഷിവകുപ്പിൻരെയുമൊക്കെ പ്രവർത്തനങ്ങളിൽ വക പഠനങ്ങളുടെ പിൻബലമില്ലാതെപോകുന്നതുകൊണ്ട് അമിതോത്പാദനവും ഉത്പന്നങ്ങളുടെ ഴിലയിടിവും ഉണ്ടാകാറുള്ളത് ബിനോയ് ചൂണ്ടിക്കാട്ടി. പൂഞ്ഞാറിലെ മണ്ണിന്റെ സ്വഭാവവും മനുഷ്യസ്വഭാവവും വിഭവലഭ്യതയും കണക്കിലെടുത്തുള്ള പ്രവർത്തനങ്ങളാണ് ഇവിടെ നടത്തേണ്ടത്. മത്സ്യക്കൃഷിനടത്താനാഗ്രഹിക്കുന്നവർക്ക് മീൻകുഞ്ഞുങ്ങളെയും ചക്കയുത്പന്നങ്ങളുണ്ടാക്കാൻ താത്പര്യമുള്ളവർക്ക് പരിശീലനവും നല്കുന്നതിന് ഇവിടെയുള്ളവർ തയ്യാറാണെന്നത് വളരെ നല്ല കാര്യമാണ്. പഞ്ചായത്തിന്റെ സഹകരണത്തോടെ കർഷകക്കൂട്ടായ്മകളുണ്ടാക്കിയാൽ കാർഷികോപകരണങ്ങളും മറ്റും 80ശതമാനം വിലക്കിഴിവോടെ കർഷകർക്ക് ലഭ്മാക്കാൻസാധിക്കും. ഈവിധത്തിലുള്ള വിവര്ങ്ങൾ സാധാരണക്കാരിലെത്തിക്കുന്നതുതന്നെ വലിയ സേവനമായിരിക്കും. പഞ്ചായത്തിലെ തന്നെ ഓരോ പ്രദേശത്തെ സജീവപ്രവർത്തകരടങ്ങുന്ന ഒരു കർമസമിതി രൂപീകരിച്ച് തുടർപ്രവർത്തനങ്ങൾ മുമ്പോട്ടുകൊണ്ടുപോകുക എന്ന തീരുമാനത്തോടെ യോഗം സമംഗളം പര്യവസാനിച്ചു.

പരിപാടിയിൽ ഒരു നിരീക്ഷകനായി പങ്കെടുത്ത എനിക്ക് മടങ്ങുമ്പോൾ ഇങ്ങനെകൂടി തോന്നി. പ്രകൃതിഭംഗിയുടെ വിഭിന്നമുഖങ്ങളുള്ള നാട്ടിൽ ഹോംസ്റ്റേകളുണ്ടാക്കി കൃഷി ആരോഗ്യമേഖലകളെക്കൂടി കൂട്ടിയിണക്കി  ഉത്തരവാദിത്വടൂറിസം പ്രോത്സാഹിപ്പിക്കുന്നതും ഔഷധസസ്യങ്ങളും മറ്റും കൃഷിചെയ്യുന്നതും വിദേശങ്ങളിലേക്ക് മൂല്യവർധിത ഉത്പന്നങ്ങൾ കയറ്റിയയച്ച് അവയ്ക്ക് കർഷകർ അർഹിക്കുന്ന വില ലഭ്യമാക്കുന്നതിനും ഉള്ള പ്രവർത്തനങ്ങൾകൂടി ചെയ്യുന്നതും നന്നായിരിക്കില്ലേ?